തിരിച്ചറിയാമോ ?

different-types-of-human-behaviour
SHARE

ഭാവങ്ങളിൽ നിന്ന്, പെരുമാറ്റരീതികളിൽ നിന്ന്, സംഭാഷണ ശൈലികളിൽ നിന്ന് ആളുകളെ മനസ്സിലാക്കാം, സ്വഭാവം തിരിച്ചറിയാം എന്ന് പറയപ്പെടുന്നു. ശരിയാണ് എന്ന് പറയാനാവില്ല. കാരണം അകത്തൊന്ന് പുറത്ത് മറ്റൊന്ന് എന്ന മട്ടിൽ പെരുമാറുന്നവർ ഏറെ. അപ്പോൾ എങ്ങനെ തിരിച്ചറിയും അവരുടെ തനിസ്വരൂപം?

ഉച്ചത്തിൽ സംസാരിക്കുന്നവരുടെ ഉള്ളിൽ ഒന്നും ഉണ്ടാവില്ല .തോന്നുന്നത് വിളിച്ചു പറയും. പക്ഷേ അത് അപ്പോൾ തീരും. മനസ്സിൽ ദേഷ്യമോ പരിഭവമോ വിരോധമോ തങ്ങി നിൽക്കുകയില്ല. എന്റെ അമ്മ അങ്ങനെ ഒരാളായിരുന്നു. ഇഷ്ടപ്പെടാത്തത് കണ്ടാൽ അപ്പോൾ പൊട്ടിത്തെറിക്കും. തെറ്റുകുറ്റങ്ങൾക്ക് ഞങ്ങൾ വീട്ടിലുള്ളവരെല്ലാം ശകാരങ്ങൾ ഒരുപാട്  കേൾക്കേണ്ടി വരും പക്ഷേ അത്രയേ ഉള്ളൂ. പിന്നെ ഇല്ല. അമ്മയുടെ അതേ സ്വഭാവമുള്ള കൂട്ടുകാരി ത്രേസിയാമ്മ മനസ്സിൽ വിരോധം ഒട്ടും സൂക്ഷിക്കുന്നില്ല എന്നെനിക്കു പറയാനാവില്ല. മറ്റുള്ളവരുമായി വലിയ വഴക്കുകൾക്ക് ശേഷം കാലം ഏറെ കഴിഞ്ഞാലും അവരെപ്പറ്റി സ്പർദ്ധയോടെയാണ് ത്രേസിയാമ്മ സംസാരിക്കാറുള്ളത്.

ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്നല്ലേ ? അങ്ങനെയുള്ളവരുടെ മനസ്സിൽ ഒന്നും ഇരിക്കുകയില്ല. ഏതു രഹസ്യവും പുറത്തു പറയും. ശുദ്ധഗതി കൊണ്ടാണെന്നാണ് വയ്പ്പ്. പക്ഷേ പിന്നീടുണ്ടാകുന്ന പുകിൽ പറയാനാവില്ല. സിന്ധുവിനെപ്പറ്റി അവളുടെ അമ്മ തന്നെ പറയും ‘‘അവളോട് എന്തെങ്കിലും പറയുന്നത് പത്രത്തിൽ ഇടുന്നതു പോലെയാണ്.’’

മറ്റുള്ളവരെ എപ്പോഴും കളിയാക്കുന്ന രീതി ചിലർക്കുണ്ട്. നമ്മൾ എന്ത് പറഞ്ഞാലും പരിഹസിക്കും. എന്നിട്ടു ‘ഹെഹെഹെ’ എന്നൊരു വൃത്തികെട്ട ചിരിയും. ഇത് ഒരു പരിധി വരെ ഉള്ളിലുള്ള കുശുമ്പു കൊണ്ടു തന്നെ എന്ന്   എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഷൈലയെപ്പറ്റി പരക്കെ ഒരു അഭിപ്രായമുണ്ട് . ‘ഷൈലയ് ക്കേ മറ്റുള്ളവരെ ആക്കുന്ന ഒരു സ്വഭാവമുണ്ട്.’ പരിഹാസത്തിന്റെ ചെറിയൊരു പതിപ്പാണ് ‘ആക്കൽ’.

അതെന്താ? ഇതെന്താ? എന്തിനാ? എങ്ങോട്ടാ? എവിടെ? ഇങ്ങനെ ഇപ്പോഴും ചോദ്യങ്ങൾ ചോദിക്കുന്നവരെ കണ്ടിട്ടില്ലേ ? എല്ലാം അറിയണം. എല്ലാത്തിലും ഇടപെടണം .വീട്ടിലെ മറ്റു അംഗങ്ങളെ ഇത് അസ്വസ്ഥരാക്കും. ‘‘എന്റെ അമ്മായിയമ്മ, ഹോ, അനങ്ങാൻ സമ്മതിക്കില്ല’’ സുമ പറയുന്നു. ‘‘എല്ലാകാര്യത്തിലും തലയിടും. അവരറിയാതെ ഒരില പോലും അനങ്ങാൻ പാടില്ല.’’ കുറെയൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചാൽ അവനവനും മറ്റുള്ളവർക്കും സ്വൈരം എന്നിവർക്ക് മനസ്സിലാവുകയേ ഇല്ല . 

ചിലർ സ്നേഹം പ്രകടിപ്പിക്കുന്നത് ചുമലിലോ പുറത്തോ കൈത്തണ്ടയിലോ ശക്തിയായി ഒരടി തന്നിട്ടാവും. ഇതു സ്നേഹമാണെന്ന് എനിക്ക് തോന്നാറില്ല. കുട്ടിക്കാലം മുതൽ നിരാശയും അസൂയയും മനസ്സിൽ അമർത്തി വയ്ക്കുന്നവരാണ് മറ്റുള്ളവരെ ഇങ്ങനെ നോവിച്ചു രസിക്കുന്നത് എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. എന്റെ സ്നേഹിതയുടെ മകൻ അപ്പു അവന്റെ കസിൻ അമ്മുവിനെ കാണുമ്പോഴൊക്കെ അടിക്കുകയും പിച്ചുകയും ഇടിക്കുകയുമൊക്കെ ചെയ്യും. സ്നേഹം കൊണ്ടാണെന്നാ പറയാറ്. അവൾ തിരിച്ച് അവനെ അടിക്കുകയില്ല. കുട്ടിക്കാലം മുതലേയുള്ള ഈ ശീലം അവർ പി ജി പഠിക്കുമ്പോഴും തുടർന്നു. ‘‘എന്താ അപ്പൂ  ഇങ്ങനെ .പാവം .അവൾക്കു നോവുകയില്ലേ ?’’ ഞാൻ ഒരിക്കൽ ചോദിച്ചു.’’ ‘‘അവൾ പണ്ടേ എനിക്കൊരു പാരയാണ്.’’ അവൻ പറഞ്ഞു ‘‘നല്ല കുട്ടി നന്നായി പഠിക്കും .കുരുത്തക്കേട് തീരെയില്ല .ഇതിനൊക്കെ ശകാരം കിട്ടുന്നത് എനിക്കാണ് ..’’ താരതമ്യം . അപ്പോൾ മനസ്സിലായില്ലേ മനസ്സിൽ അമർത്തുന്ന പകയും അസൂയയുമാണ് ഈ സ്നേഹപ്രഹരങ്ങൾക്കു പിന്നിൽ .

മിത ഭാഷികൾ പൊതുവെ ശാന്തശീലരാണ് എന്നാണ് കരുതപ്പെടുന്നത്. എന്ന് വച്ച് അവർ സദ്സ്വാഭാവികൾ ആവണമെന്നുണ്ടോ? ഇടുങ്ങിയ മനഃസ്ഥിതിക്കാരും സ്വാർഥരുമായ ചിലരും മിതമായേ സംസാരിക്കാറുള്ളു. വളരെ കുറച്ചു മാത്രം സംസാരിക്കുക എന്നത് അവരുടെ ശീലമാണ്. ‘‘വാ തോരാതെ സംസാരിക്കുന്നത് നല്ലതാണോ ?’’ എന്ന് ചോദിച്ചപ്പോൾ മീന പറഞ്ഞു. ‘‘കുറച്ചു പറഞ്ഞാൽ നല്ലത്. അത്രയും കുറച്ചു വിഡ്ഢിത്തമല്ലേ വിളമ്പൂ ..പേശാമയിരുന്തും പഴകൂ.എന്ന് കേട്ടിട്ടില്ലേ .’’

‘കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്’ എന്നൊരു ചൊല്ലുണ്ട് . ഉയരം തീരെ കുറഞ്ഞവർ കുബുദ്ധികളാണ്, വിശ്വസിക്കാൻ പറ്റുകയില്ല എന്നാണ് പറയപ്പെടുന്നത്. ഇത് കേട്ടാൽ തോന്നും ഉയരമുള്ളവരൊക്കെയങ്ങ് നല്ലവരാണെന്ന്. ഈ പഴഞ്ചൊല്ല് പറയുന്നവരോടെല്ലാം ഞാൻ ചോദിക്കാറുണ്ട് - ഈ ലോകത്ത് പൊക്കമുള്ളവരാരും വിശ്വാസവഞ്ചന കാട്ടാറില്ലേ, പൊക്കം കുറവുള്ളവരൊക്കെ ചതിക്കുന്നവരാണോ ?- ഇതൊന്നും ഉറപ്പുള്ള കാര്യങ്ങളല്ല .

പണം വളരെ സൂക്ഷിച്ചു ചെലവാക്കുകയും അനാവശ്യ ചെലവുകൾ ഒഴിവാക്കുകയും എല്ലാത്തിനും കണക്കു വയ്ക്കുകയും ചെയ്യുന്നവർ പിശുക്കരാണെന്നു കരുതൻ വയ്യ. ഒരു പക്ഷേ അതവരുടെ പാരമ്പര്യമാവാം. അല്ലെങ്കിൽ എപ്പോഴോ അനുഭവിക്കേണ്ടി വന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നൊരു പാഠം പഠിച്ചതാവാം.

എപ്പോഴും ചിരിക്കുന്നവർ സന്തുഷ്ടരാണെന്ന് ഉറപ്പിക്കരുത്. ചിരി കൊണ്ട് അവർ ദുഃഖഭാവം മറയ്ക്കുന്നതാവാം. ഞാൻ തന്നെയാണ് ഉദാഹരണം. എന്റെ ദുരന്തങ്ങളുടെ പരമ്പര ആരെയും ഞെട്ടിക്കുന്നതാണ്. പക്ഷേ ചിരി കൊണ്ട് കണ്ണീർ മറയ്ക്കാനുള്ള പാടവം എനിക്ക് സ്വായത്തം.

ചുരുക്കി പറഞ്ഞാൽ പുറമെയുള്ള ലക്ഷണങ്ങൾ കൊണ്ട് ആളുകളെ എങ്ങനെയാണൊന്നു തിരിച്ചറിയുക ! 

English Summary: Web Column Kadhaillayimakal on different types of human behaviour

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.