ഡിസംബറിന്റെ കുളിര് !

kadhayillaimakal-december
Representative Image. Photo Credit: MARYIA SAMALEVICH / Shutter Stock
SHARE

ഒരു വർഷത്തിൽ എത്രമാസങ്ങളുണ്ട് ? പന്ത്രണ്ടു മാസങ്ങൾ. ആർക്കാ അതിലിപ്പൊ ഒരു സംശയം?

ഈ പന്ത്രണ്ടു മാസങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട - അല്ലെങ്കിൽ ഏറ്റവും നല്ല മാസമേത് ? 

ഒട്ടും ആലോചിക്കാതെ ഉത്തരം പറയും ഞാൻ - ഡിസംബർ !

ഈ മാസത്തോട് എനിക്കുള്ള പലവിധത്തിലുള്ള ആത്മബന്ധം പലവുരു എഴുതിയിട്ടുണ്ട് ഞാൻ. ഡിസംബറിന്റെ മനോഹാരിതയെക്കുറിച്ചും മറ്റു പലരെയും പോലെ ഞാനും വർണിച്ചിട്ടുണ്ട്. പക്ഷേ  അതിന്റെയൊന്നും ആവർത്തനമല്ല ഈ ചിന്താഗതി.

ഡിസംബർ ആയതേയുള്ളു, ഞങ്ങളുടെ എതിർവശത്തുള്ള പടുകൂറ്റൻ ബഹുനില ഫ്ലാറ്റ് കെട്ടിടങ്ങളിലെ പല ജനാലകളിലും സിറ്റൗട്ട് കളിലും നക്ഷത്രവിളക്കുകൾ തെളിഞ്ഞിട്ടുണ്ട്. ക്രിസ്തുമസിനെ വരവേല്ക്കാൻ ഉള്ള ഒരുക്കം തുടങ്ങിയോ? ഡിസംബർ മാസം തുടങ്ങുമ്പോൾ മുതൽ സ്റ്റാർ തൂക്കുന്ന രീതി ചിലർക്കുണ്ടത്രെ. പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് ആഹ്ളാദകരം തന്നെ, ഏത് പ്രതികൂലാവസ്ഥയിലും. 

മഞ്ഞും കുളിരും തെളിഞ്ഞ പകലുകളും ക്രിസ്തുമസ് രാത്രികളും കരോളും ആശംസാകാർഡുകളും പ്ലം കേക്കും. (അന്നൊക്കെ ക്രിസ്തുമസ്സിനേ കേക്ക് ഉള്ളൂ.. പിന്നെ വല്ലപ്പോഴും. ഇപ്പോൾ എല്ലാവീടുകളിലും എന്നുമുണ്ടാവും കേക്ക്, അതും എത്രയോ തരത്തിലുള്ളവ. എന്നാലും ആ പ്ലം കേക്ക് ഒന്ന് വേറെ തന്നെ ഇന്നും). അങ്ങനെ നീളുന്നു കുട്ടിക്കാലത്തെ ക്രിസ്തുമസ് ഓർമകൾ. അവയെക്കുറിച്ചൊക്കെ എത്രയോ തവണ എഴുതിയിട്ടുണ്ട്, എങ്കിലും ഓർക്കാതിരിക്കാനാവുമോ.? വയലറ്റ് കലർന്ന നീല നിറമുള്ള നീല കനകാംബര പൂക്കൾ -ഡിസംബർ ഫ്‌ളവേഴ്‌സ് -ഇപ്പോൾ കാണാനേയില്ല. എവിടെയെങ്കിലും ഉണ്ടാവും. അതോ മണ്മറഞ്ഞു പോയോ ?

മഞ്ഞും തണുപ്പും വ്രതവും - വൃശ്ചികം, മലയാളികൾക്ക് ഏറെ പ്രിയം തന്നെ. ശബരിമലക്കാലമല്ലേ? അകലെനിന്നുയരുന്ന ശരണം വിളികളും ഇന്ന് ഓർമയിൽ മാത്രം. ഗ്രാമങ്ങളിൽ ഉണ്ടോ എന്നറിയില്ല. ഇവിടെ ഈ നഗരത്തിൽ ഇല്ല തന്നെ.

മഞ്ഞുകാലത്തിന്റെ തുടക്കം കുറിക്കുന്ന ഈ സുന്ദര മാസം പണ്ട് പത്താമത്തെ മാസമായിരുന്നത്രെ . അന്ന് മാർച്ച്  മുതൽ ഡിസംബർ വരെ ആയിരുന്നു ഒരു കൊല്ലം. ഡിസം എന്നാൽ തന്നെ ലാറ്റിനിൽ പത്ത് എന്നാണർഥം. അങ്ങനെയാണ് ആ പേരുണ്ടായത്. പിന്നീട്, പണ്ട് പണ്ട് തന്നെ ജനുവരിയും ഫെബ്രുവരിയും കൂടിച്ചേർന്നപ്പോൾ പന്ത്രണ്ടാമനായി ഡിസംബർ. എന്നാലും പ്രാധാന്യത്തിന് കുറവുണ്ടായില്ല. ദൈവപുത്രൻ പിറന്നതിന്റെ ആഘോഷവും പുതുവത്സരപ്പിറവിയെക്കുറിച്ചുള്ള പ്രതീക്ഷകളുമായി പുതുവത്സരത്തലേന്നാളും (ന്യു ഇയർ ഈവ്) ഡിസംബറിന് സ്വന്തം. പുതുവർഷത്തിൽ നടപ്പിലാക്കേണ്ട തീരുമാനങ്ങൾ മിക്കവാറും പലരും മനസ്സിലുറപ്പിക്കുന്നത് ഡിസംബറിലാണ്. (അത് നടപ്പിലാകുമോ എന്നത് കണ്ടു തന്നെ അറിയണം .)

‘ഏപ്രിൽ ഈസ് ദ് മോസ്റ്റ് ബ്യുട്ടിഫുൾ മന്ത്’ -എന്ന എന്റെ പൊങ്ങച്ചത്തെ - അവധിക്കാലം , പൂക്കാലം, ഞാൻ പിറന്ന മാസം അതെല്ലാം കൊണ്ട് മാത്രം - രണ്ടു ഡിസംബർ ബേബികൾ തിരുത്തി. ഒരു ഡിസംബർ 14 നു ജനിച്ച എന്റെ മകനും വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു ഡിസംബർ 14 നു ജനിച്ച എന്റെ മകളും. ‘‘ഡിസംബർ ഈസ് ദ് മോസ്റ്റ് ബ്യുട്ടിഫുൾ മന്ത് - ഞങ്ങൾ ജനിച്ചത് കൊണ്ട് മാത്രമല്ല, ഒരുപാടു മഹത് വ്യക്തികൾ ഡിസംബറിൽ ജനിച്ചിട്ടുണ്ട് -ജീസസ് മുതൽ സഞ്ജയ് ഗാന്ധി വരെ -അത് മാത്രമല്ല വല്ലാത്തൊരു മനോഹാരിത ആ മാസത്തിനുണ്ട്. അതൊരു ഹരമാണമ്മേ’’ അവർ പറഞ്ഞിരുന്നു. സജിറ്റേറിയസ് എന്ന സോഡിയാക്ൽ ജനിച്ചവർ അങ്ങേയറ്റം മഹാമനസ്കരും ആദർശവാദികളും ആഹ്ളാദിക്കുന്നവരുമാണത്രെ. ഡിസംബറിൽ ജനിക്കുന്നവർക്ക് ആയുസ്സു കൂടുതലുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.   

കോട്ടയത്ത് ടൗൺ പരിസരത്താണെങ്കിലും വളരെ ശാന്തമായ ഒരിടത്താണ് മക്കളും ഞാനും പാർത്തിരുന്നത്. ചുറ്റുമുള്ള പുരയിടങ്ങളിൽ ധാരാളം വൃക്ഷങ്ങൾ ! അവയ്ക്കിടയിൽ ഒരു കൊച്ചു പറമ്പിൽ ഞങ്ങളുടെ ‘സൂര്യരശ്മി’ എന്ന കൊച്ചു വീട് ! കാട്ടിനു നടുവിൽ താമസിക്കുന്നതു പോലെ . പോരാത്തതിന് അത്യാവശ്യം കാടൊക്കെ ഗാർഡൻ എന്നപേരിൽ ഞാനും വച്ച് പിടിപ്പിച്ചിരുന്നു. അന്ന് ഡിസംബർ മാസങ്ങളിൽ അവിടെ അനുഭവപ്പെട്ടിരുന്ന കുളിര് ഇപ്പോൾ ഇവിടെ കൊച്ചിയിൽ ഇല്ല തന്നെ. നാട് മാറിയില്ലേ, കാലം മാറിയില്ലേ, കാലാവസ്ഥ മാറിപ്പോയില്ലേ?

ക്രിസ്തുമസ് പരീക്ഷ. തുടർന്ന് അവധിക്കാലം. ബന്ധുക്കളുമായി ഉള്ള കൂടിച്ചേരലുകൾ - അതായിരുന്നു അന്നും ഇന്നും കുട്ടികൾക്ക് ഡിസംബർ. നിറങ്ങൾ, സമ്മാനങ്ങൾ, അലങ്കാരങ്ങൾ എല്ലാമെല്ലാം അന്തരീക്ഷത്തിൽ നിറച്ചുകൊണ്ടു ക്രിസ്തുമസുമായെത്തുന്ന ഡിസംബർ! രണ്ടു വർഷമായി എല്ലാത്തിനും ഒരു നിയന്ത്രണം വന്നു. കളിച്ചു തിമിർക്കാനോ പ്രിയപ്പെട്ടവരുമായി ഉല്ലസിക്കാനോ ആഘോഷം പൊടിപൊടിക്കാനോ ഈ വർഷവും നമുക്കാവില്ല. മഹാമാരി നമ്മളെ വിട്ടു പോയിട്ടില്ല പുതിയ രൂപത്തിലും ഭാവത്തിലും വന്നു പേടിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഡിസംബർ ഇടയ്ക്ക് എന്നെ നടുക്കാറുമുണ്ട്. ഒരു വർഷം  കൂടി കടന്നു പോകുന്നു. ആയുസ്സിൽ നിന്ന് ഒരു കൊല്ലം കൂടി കുറയുന്നു. വേനലും വർഷവും ഓണവും വിഷുവും ക്രിസ്തുമസ്സുമറിയാതെ ഒൻപതു വർഷമായി  കിടക്കുന്ന എന്റെ മകനും ഒരുവയസ്സു കൂടി കൂടുന്നു. ഇങ്ങനെ ഇങ്ങനെ ഇനിയും എത്ര നാൾ ?

‘‘ഒരു വർഷം കൂടി നഷ്ടപ്പെട്ടു എന്നല്ല ,ഒരു വർഷം കൂടി ജീവിച്ചല്ലോ എന്നോർത്ത് സന്തോഷിക്കുകയും കാലത്തിനും പ്രകൃതിക്കും ഈശ്വരനും നന്ദി പറയുകയും, ഇനിയും ആയുസ്സു നീട്ടി തരണേ എന്ന് പ്രാർഥിക്കുകയും ചെയ്യുകയാണ് വേണ്ടത്’’ എന്നു  പറഞ്ഞ് എനിക്ക് ധൈര്യം തരാൻ എന്റെ അമ്മ ഇന്നില്ലല്ലോ. അമ്മയുടെ ആ ശുഭചിന്ത ഞാൻ എന്റെ വായനക്കാരുമായി പങ്കിടട്ടെ. 

Content Summary: Kadhayillaimakal column written by Devi J.S about the month of December

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA