ഇന്നത്തെ കുട്ടികൾക്ക് ലക്ഷ്യമുണ്ട്, ഒന്ന് കിട്ടിയില്ലെങ്കിൽ മറ്റൊന്ന് എന്നൊരു ഓപ്ഷൻ അവർക്കില്ല

career-choice
Representative Image. Photo Credit : Maridav / Shutterstock.com
SHARE

ഇപ്പോഴത്തെ കുട്ടികളോട് പഠിത്തം ഏതുവരെയായി എന്ന് ചോദിച്ചാൽ കിട്ടുന്ന ഉത്തരങ്ങൾ നമ്മളെ അദ്‌ഭുതപ്പെടുത്തും. ഡൽഹിയിൽ പഠിക്കുന്നു, പൂനയിലാണ് , ഹൈദരാബാദിൽ ഉപരിപഠനം, ഇങ്ങനെയൊക്കെയാവും ഉത്തരങ്ങൾ. അതിൽ അത്ര അതിശയമില്ല. എല്ലാംഇന്ത്യയിൽ തന്നെയല്ലേ ? പക്ഷേ ഓസ്‌ട്രേലിയയിൽ ഡിഗ്രി പഠിക്കുന്നു, യു എസിൽ പി ജി പഠിക്കുന്നു, റഷ്യയിൽ അല്ലെങ്കിൽ ചൈനയിൽ എം ബി ബി എസ് പഠിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ പഴയ തലമുറയിൽ പെട്ട എന്നെപ്പോലെയുള്ളവർ അന്തം വിടും . അതുപോലെ ഇന്ത്യയിൽ തന്നെയാണ്  പഠിക്കുന്നതെങ്കിലും അവർ പഠിക്കുന്ന കോഴ്‌സുകൾ, വിഷയങ്ങൾ, പഠനരീതികൾ ഒക്കെ എനിക്ക് അപരിചിതമാണ് . എത്ര മാറിയിരിക്കുന്നു വിദ്യാഭ്യാസത്തിന്റെ  രീതികളും നിലവാരവും. തിരഞ്ഞെടുക്കാൻ വ്യത്യസ്തമായ എത്രയോ ഐച്ഛികങ്ങൾ ! 

പണ്ട് കാലത്ത് ഇതൊന്നും ഉണ്ടായിരുന്നില്ല. അപൂർവമായി ഉണ്ടായിരുന്നു എങ്കിൽ തന്നെ എന്നെപ്പോലെയുള്ളവർ അവ തെരഞ്ഞെടുത്തിരുന്നില്ല. 

ഇന്റർമീഡിയറ്റ് (ഇന്നത്തെ പ്ലസ് ടു ) ഫസ്റ്റ് ക്ലാസ്സിൽ പാസ്സായവരാണ് എന്റെ അമ്മയും അച്ഛനും. അമ്മ പറഞ്ഞിട്ടുണ്ട്.

‘‘മെഡിസിന് പഠിക്കണമെങ്കിൽ അന്ന് മദ്രാസിൽ പോകണം. വീടും വീട്ടുകാരെയും വിട്ട്  അത്രയും ദൂരം പോകുന്നത് ഓർക്കാൻ തന്നെ കഴിയുമായിരുന്നില്ല. അതു കൊണ്ട് വേണ്ടാന്ന് വച്ചു.’’ അമ്മയുടെ നാടായ വക്കം എന്ന ഗ്രാമത്തിൽ (ഇപ്പോൾ ഗ്രാമമൊന്നുമല്ല ) നിന്ന് തിരുവനന്തപുരത്തെ വിമൻസ് കോളജ് ഹോസ്റ്റലിൽ നിന്ന് ഇന്റർമീഡിയറ്റ് പഠിച്ച രണ്ടു വർഷം അനുഭവിച്ച ഹോം സിക്‌നെസ്സിനെ പറ്റി അമ്മ പറയുമായിരുന്നു. ഒരുമണിക്കൂർ യാത്ര ചെയ്യാനുള്ള ദൂരമേയുള്ളൂ. പരീക്ഷാക്കാലമൊഴികെ എല്ലാ ആഴ്ചാവസാനവും ഒഴിവു ദിവസങ്ങളിലും വീട്ടിൽ പോയിരുന്നു. എന്നിട്ടും. അതുകൊണ്ട് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ ബിഎയ്ക്ക് ചേർന്നു. അതുകഴിഞ്ഞ് ബി എല്ലിനു ചേർന്നു. അക്കാലത്ത് അത് വലിയ ഒരു ഓപ്ഷൻ ആയിരുന്നു. ഇടയിൽ വിവാഹിതയാവുകയും എന്നെ പ്രസവിക്കുകയും ചെയ്തു എങ്കിലും അമ്മ പഠനം പൂർത്തിയാക്കി. നിയമ ബിരുദം നേടി എങ്കിലും വക്കീലാകാനൊന്നും പോകാതെ സെക്രട്ടേറിയറ്റിൽ ജോലി നേടി. അന്നത് ഒരു സൗഭാഗ്യമായി കരുതിയിരുന്ന കാലമാണ്. (ഇന്നും അതെ). അമ്മ അഡി. ലോ സെക്രട്ടറി ആയാണ് റിട്ടയർ ചെയ്തത്.

അച്ഛനാകട്ടെ , ഇന്റർമീഡിയറ്റ് കഴിഞ്ഞയുടനെ എയർ ഫോഴ്സിൽ ചേരുകയാണുണ്ടായത്. പെട്ടന്നൊരു ജോലിയുടെ ത്രിൽ! .പക്ഷേ അവിടെ ഒന്നുരണ്ടു കൊല്ലമേ നിന്നുള്ളൂ. അപ്പോൾ നമുക്ക് സ്വാതന്ത്ര്യം കിട്ടി. ബ്രിട്ടീഷ് ആർമി പിരിച്ചു വിട്ടു. അച്ഛൻ നാട്ടിലേയ്ക്ക് പോന്നു. ഇന്ത്യൻ ആർമി രൂപീകരിച്ചപ്പോൾ വിളി വന്നു എങ്കിലും പോയില്ല. അപ്പോഴേയ്ക്ക് യൂണിവേഴ്സിറ്റി കോളേജിൽ ബിഎയ്ക്ക് ചേർന്നിരുന്നു. അത് കഴിഞ്ഞപ്പോൾ   ഇവിടെ ഒരു സർക്കാരോഫീസിൽ ക്ലാർക്കിന്റെ പണി കിട്ടി. പിന്നെ വിവാഹം കഴിച്ചു. എന്റെ ജനനശേഷം ലീവെടുത്ത് എം.എ ചെയ്തു എങ്കിലും അധ്യാപകനാകാൻ ശ്രമിച്ചില്ല. ആ  ജോലിയിൽ തുടരുകയാണുണ്ടായത്. പടിപടിയായി ഉയർന്ന് ഡിപ്പാർട്മെന്റ് ഹെഡ് ആയാണ് അച്ഛൻ റിട്ടയർ ചെയ്തത്.

എന്റെ കുട്ടിക്കാലത്താണ് മെഡിസിൻ, എഞ്ചിനീറിങ്ങ് തരംഗം ശക്തമായത്. പ്രീ ഡിഗ്രി കഴിഞ്ഞാൽ മെഡിസിന് അല്ലെങ്കിൽ എഞ്ചിനീറിംഗിന് അഡ്‌മിഷൻ കിട്ടണം. അതിനു വേണ്ടി ഭയങ്കരമായ പഠിപ്പിക്കൽ ആണ് മാതാപിതാക്കൾ ചെയ്തിരുന്നത്. (ഇന്നും അത് തുടരുന്നവരുണ്ട്). അന്ന് എൻട്രൻസ് ഇല്ല. പന്ത്രണ്ടാം ക്ലാസ്സിലെ മാർക്ക് വച്ചാണ് അഡ്മിഷൻ. അത് കിട്ടാതെ വന്നാൽ പിന്നെ ഡിഗ്രിക്ക് ചേരും. ബി എസ് സി അല്ലെങ്കിൽ ബി എ. അതുകഴിഞ്ഞാൽ വേണമെങ്കിൽ ജോലിക്കു ശ്രമിക്കാം. ഇന്നത്തെ പോലെ വീണ്ടും വീണ്ടും എൻട്രൻസ് എഴുതി ഭാഗ്യം പരീക്ഷിക്കുകയും വർഷങ്ങൾ കളയുകയും ചെയ്യാൻ അന്ന് പറ്റുമായിരുന്നില്ല . ബി എസ് സി  കഴിഞ്ഞും ചിലർ മെഡിസിന് പോയിരുന്നു. പെൺകുട്ടികളിൽ ചിലർ ഡിഗ്രി കഴിയുന്നതും വിവാഹിതരാകും. അതോടെ തീർന്നു കരിയർ. അന്നത്തെക്കാലത്ത്  പെൺകുട്ടികളുടെ പിന്നെയുള്ള കരിയർ, അടുക്കള, കുട്ടികൾ, കുടുംബം. അതിനിടയിൽ ജോലിനേടുന്ന ചില മിടുക്കികളുമുണ്ട്. ആൺകുട്ടികൾ അങ്ങനെയല്ല. ജോലി കിട്ടിയില്ലെങ്കിൽ പഠിത്തം തുടരും. ചിലപെൺകുട്ടികളും. എം എസ് സിയോ എംഎ യോ  ചെയ്യും. പിന്നെ ബി എഡ്. ചിലർ എൽ എൽ ബി ക്കു പോകും. ഐ എ എസ് അന്നും ഹരം തന്നെ. പക്ഷേ അന്ന് അത് മിക്കവർക്കും ഒരു ബാലി കേറാമലയായിരുന്നു. വളരെ കുറച്ചു പേര് മാത്രമേ അഡ്മിനിസ്‌ട്രേറ്റീവ് സർവീസുകളിലേയ്ക്ക് തെഞ്ഞെടുക്കപ്പെട്ടിരുന്നുള്ളു. 

ബാങ്കുകളിൽ, സെക്രട്ടറിയേറ്റ്, യൂണിവേഴ്സിറ്റി ഓഫീസുകൾ, വേരിയസ് ഡിപ്പാർട്ട്മെന്റുകൾ ഇവയിലൊക്കെ ജോലി, സ്കൂളിലോ കോളേജിലോ അധ്യാപകർ, ഏതെങ്കിലും സീനിയറിന്റെ കീഴിൽ വക്കീലായി പ്രാക്ടീസ്. ഇതൊക്കെയായിരുന്നു അന്നത്തെ ഉദ്യോഗാർഥികളുടെ സ്വപ്നങ്ങൾ.

ഇന്ന് കാലം മാറി. ആയിരക്കണക്കിന് ഐച്ഛികങ്ങളാണ് വിദ്യാർഥികൾക്കുള്ളത്.. കേരളത്തിന് പുറത്തു പോയി, അല്ലെങ്കിൽ ഇന്ത്യയ്ക്കു തന്നെ വെളിയിൽ പോയി പഠിക്കുക എന്നതാണ് ആൺപെൺ ഭേദമന്യെ ഇപ്പോഴത്തെ ട്രെൻഡ്. പുതിയ പുതിയ കോഴ്‌സുകൾ തെരഞ്ഞെടുക്കാനാണ് അവർ നോക്കുന്നത്. അത് അവർ തന്നെ കണ്ടെത്തിക്കോളും. അതിനവരെ സഹായിക്കാൻ എത്രയോ ആപ്പുകൾ, സൈറ്റുകൾ, സ്ഥാപനങ്ങൾ !  പഠിച്ചിറങ്ങിയാലുടനെ ഉന്നത നിലവാരമുള്ള ഒരു ജോലി, അതെവിടെയായാലും, അതാണവരുടെ സ്വപ്നം. കരിയറുകളെ കുറിച്ച് അവർ പറയുന്നത് കേൾക്കുമ്പോൾ നമ്മൾ അദ്‌ഭുതപ്പെട്ടു പോകും. 

ഇന്നത്തെ കുട്ടികൾക്ക് ലക്ഷ്യമുണ്ട്. ഒന്ന് കിട്ടിയില്ലെങ്കിൽ മറ്റൊന്ന് എന്നൊരു ഓപ്ഷൻ അവർക്കില്ല. ജോലിക്കാര്യത്തിലും അവർക്കു വ്യക്തമായ  പ്ലാനുകളുണ്ട്.

അത് പോലെ വിദ്യ അഭ്യസിക്കുന്നതിൽ മാത്രമല്ല ജോലികളിലും ഇന്ന് ആൺപെൺ വ്യത്യാസമില്ല. ചില ജോലികൾ ആണുങ്ങളെ ചെയ്യൂ, ചിലതു പെണ്ണുങ്ങൾക്ക് പറ്റിയത് എന്നൊക്കെയുള്ള ചിന്തകളും മാറിയിരിക്കുന്നു. ഏതു ജോലിയും ചെയ്യാം എന്നൊരു മനോഭാവവും ചെറുപ്പക്കാർക്കുണ്ട്. നല്ലത്. നല്ലതു തന്നെ.  

Content Summary: Kadhayillaimakal, Column on Career Options

                           

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA