മുള്ളുകൾ

kadhayillaymakal-column-by-devi-js-about-pepole
Representative image. Photo Credits: GBALLGIGGSPHOTO/ Shutterstock.com
SHARE

നമ്മൾ മലയാളികളുടെ ഇഷ്ടഭക്ഷണമാണ് മത്സ്യം. മീൻ കറി, മീൻ പൊരിച്ചത്, വറുത്തത്, പൊളളിച്ചത്, മീൻ പീര അങ്ങനെ തുടങ്ങി നൂറു നൂറ് മീൻ വിഭവങ്ങൾ നമ്മുടെ തീൻ മേശകളിൽ നിരക്കാറുണ്ട്. പക്ഷേ സ്വാദിഷ്ഠമായ ഈ പ്രിയ വിഭവത്തിൽ പതിയിരിക്കുന്ന ഒരപകടമുണ്ട്. എന്താണെന്നോ? മുള്ളുകൾ തന്നെ. റോസാച്ചെടിയിൽ പുറത്താണ് മുള്ള്. അത് കൊള്ളാതെ സൂക്ഷിക്കാനാവും. മീനിൽ അകത്തല്ലേ? മീൻ കഴിക്കുന്നവർക്കറിയാം ഈ മുള്ളുണ്ടാക്കുന്ന പ്രശ്നങ്ങൾ. എങ്ങനെയൊക്കെ ശ്രദ്ധിച്ചാലും മീൻ കൂട്ടുമ്പോൾ തൊണ്ടയിൽ മുള്ള് കൊള്ളും. പിന്നെ കറിയൊന്നും കൂട്ടിക്കുഴയ്ക്കാത്ത പച്ചച്ചോറ് വായിൽ നിറച്ച് അങ്ങ് വിഴുങ്ങുക എന്നൊരു ചികിത്സയുണ്ട്. മിക്കവാറും ആ ചോറിന്റെ കൂടെ മുള്ളിറങ്ങിപ്പോകും. രക്ഷപ്പെട്ടു. പക്ഷേ ചിലപ്പോൾ മുള്ള് അവിടെ തന്നെ കുത്തി തറച്ചിരിക്കും. പിന്നെ എന്തു പാടാണെന്നോ അതൊന്ന് എടുത്തുകളയാൻ. അവിടെ ഇരുന്നാലുള്ള അസ്വസ്ഥത അസഹ്യമാണുതാനും.

എന്നു മത്സ്യം കഴിച്ചാലും തൊണ്ടയിൽ മുള്ളു കുത്തിക്കേറുന്ന കാര്യത്തിൽ ഒരു അവാർഡ് കിട്ടാൻ യോഗ്യതയുള്ളയാളാണ് ഞാൻ. കുട്ടികാലം മുതലേ ഞാൻ മീനുമായി ഭക്ഷണം കഴിക്കാനിരുന്നാൽ മുതിർന്നവർക്ക് ടെൻഷൻ ആണ്.

"കുട്ടീ സൂക്ഷിച്ച് ","ശ്രദ്ധിച്ച് തിന്നണേ",  "നോക്കി കഴിക്ക് ", ഇങ്ങനെയുള്ള മുന്നറിയിപ്പുകൾ വന്നു കൊണ്ടിരിക്കും. എന്നാലും "അയ്യോ മുള്ളു കേറീ " എന്നുള്ള എന്റെ നിലവിളിയും പിന്നെ പച്ചച്ചോറുരുട്ടി വിഴുങ്ങിക്കലും, 'പോയോ പോയോ' എന്ന ചോദ്യങ്ങളും ഒക്കെയായി ഊണ് മുറി ആകെ ശബ്ദായമാനമാകും. ഓക്കാനവും ഛർദ്ദിയുമൊക്കെ എന്റെ വകയായി ഉണ്ടാവും. അതിന്റെ കൂടെ മുള്ളും പോയിക്കിട്ടും. ആശ്വാസമാകും.

"എന്നുമിങ്ങനെ മുള്ളു വിഴുങ്ങുമെങ്കിൽ പിന്നെ മീൻ കൂട്ടാതിരുന്നുകൂടെ?" എന്നൊരു ചോദ്യം.

"അതെങ്ങിനെ, മീൻ എനിക്ക് വളരെ ഇഷ്ടം. എന്റെ വീട്ടിൽ എല്ലാവരും മത്സ്യ ഭുക്കുകൾ. എന്നും എല്ലാ ഭക്ഷണ നേരത്തും മീനുണ്ടാകും. അപ്പോൾ പിന്നെ ഒഴിവാക്കാനാവുമോ?" എന്നു തന്നെ എപ്പോഴും ഉത്തരം.

വലിയ കുട്ടിയായി, വലിയ പെണ്ണായി, വലിയ സ്ത്രീയായി. പക്ഷേ മുള്ളും ഞാനുമായുള്ള സമരം ഒത്തു തീർപ്പാകാതെ തുടർന്നു. അപ്പോൾ പിന്നെ എന്റെ  മക്കൾക്കായി ടെൻഷൻ. "മോനേ മുള്ളു ശ്രദ്ധിക്കണേ ", മോളേ സൂക്ഷിക്കണേ "എന്നവരോട് ഞാൻ പറഞ്ഞു തീരും മുൻപേ എന്റെ തൊണ്ടയിൽ മുള്ളു കേറിക്കഴിയും. പിന്നെയുള്ള കോലാഹലം പറയേണ്ടല്ലോ.

അക്കാലത്തൊരുനാൾ രാത്രി ആസ്വദിച്ച് അത്താഴം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു മക്കളും ഞാനും. കരിമീൻ എല്ലാ മലയാളികൾക്കുമെന്നപോലെ ഞങ്ങൾക്കും പ്രിയങ്കരം. അങ്ങനെ  രുചിയുടെ പാരമ്യത്തിൽ "ഹൌ " എന്നു ഞാൻ ഒച്ചയിട്ടു.  സംശയിക്കേണ്ട, എന്റെ തൊണ്ടയിൽ മുള്ളു തറഞ്ഞതു തന്നെ. പച്ച ചോറ്  വലിയ ഉരുളകളാക്കി നാലഞ്ചു തവണ വിഴുങ്ങി. വയറു നിറയുന്നതല്ലാതെ മുള്ള് താഴേയ്ക്ക് ഇറങ്ങിപ്പോയില്ല. ആശുപത്രിയിൽ പോയേ പറ്റൂ. അടുത്തു  തന്നെ മകന്റെ കൂട്ടുകാരൻ ബാലു ഉണ്ട്‌. അവൻ അന്ന് കോട്ടയം  മെഡിക്കൽ കോളേജിൽ പഠിക്കുകയാണ്. ബാലുവിനെയും കൂട്ടി ഞങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി. അവിടെ ഇ. എൻ. ടി യിൽ ഡ്യൂട്ടി യിലുണ്ടായിരുന്ന ഡോക്ടർ ബാലുവിന്റെ സുഹൃത്താണ്. ആ ഡോക്ടർ എന്നെ ഒരു ഉയർന്ന കസേരയിൽ ഇരുത്തി, ലൈറ്റുകൾ തെളിച്ച്, ആയുധങ്ങൾ എടുത്ത് മുള്ളെടുക്കാൻ തയാറായി. എന്നോട് വായ തുറക്കാൻ പറഞ്ഞു. ഞാൻ വായ തുറന്നതും എൽ ഷേപ്പിൽ വളഞ്ഞ  ഒരു സ്റ്റീൽ സാധനം വായിലേക്കിട്ട് നാക്ക്‌ താഴ്ത്തിപ്പിടിച്ചു. എന്നാലല്ലേ തൊണ്ടയ്ക്കകവും മുള്ളും കാണാൻ പറ്റൂ. അതല്ലേ പ്രശ്നം. നാക്ക്‌ താഴ്ത്തുന്നതും ഞാൻ ഓർക്കാനിക്കാൻ തുടങ്ങി. വായ് അടഞ്ഞു. വീണ്ടും ഡോക്ടർ ശ്രമിച്ചു. സ്വതവേ എനിക്ക് ഓർക്കാനം കൂടുതലാണ്. ഒരു സാധനം വായുടെ ഉള്ളിൽ കടത്തിയാൽ  പിന്നെ പറയാനുണ്ടോ? 'മുള്ള് തൊണ്ടയ്ക്കകത്ത് കുറുകെ തറഞ്ഞിരിക്കുകയാണ്. എടുത്തേ പറ്റൂ 'എന്നു ഡോക്ടർ. എന്തിനേറെ ഓർക്കാനിച്ച് ഞാൻ വശം കെട്ടു. കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം ചാടി. ഡോക്ടറും തളർന്നു. പക്ഷേ ഒടുവിൽ എങ്ങനെയോ ആ മിടുക്കൻ മുള്ള് പിടിച്ചെടുത്തു. രണ്ടിഞ്ചു നീളത്തിൽ കരിമീനിന്റെ ഒരു മുള്ള്!

ബാലു ജോലിയായി അകലെ പോയിക്കഴിഞ്ഞ് ഞാൻ കരിമീൻ വിളമ്പുമ്പോഴൊക്കെ എന്റെ മകൻ ഓർമിപ്പിക്കും -'ബാലു സ്ഥലത്തില്ല കേട്ടോ അമ്മേ.'

പിന്നീടും മുള്ള് കൊള്ളുന്നത് കുറഞ്ഞില്ല. ഇപ്പോഴും ഇടയ്ക്കുണ്ട്. പക്ഷേ മീൻ മുള്ളും എന്റെ തൊണ്ടയും രമ്യതയിലായി. ചോറുരുട്ടി വിഴുങ്ങിയാലുടൻ മുള്ള് ഇറങ്ങിപ്പോകും.

ജീവിതത്തിലും ഇതുപോലെ നമ്മളെ കുടുക്കുന്ന  ചില മുള്ളുകളുണ്ട്. തൊണ്ടയിൽ മാത്രമല്ല, ഉടലാകെയും മനസ്സിനെയും ആത്മാവിനെയും കുത്തിനോവിക്കുന്ന ചില കൂർത്ത മുള്ളുകൾ. അവ പലരൂപത്തിൽ കടന്നു വരാം. ബന്ധുക്കളുടെ, സഹപ്രവർത്തകരുടെ, സുഹൃത്തുക്കളുടെ, കാമുകന്റെ, ഭർത്താവിന്റെ, ഒക്കെ വേഷത്തിൽ. ഇവരുടെ വാക്കുകളും പ്രവർത്തികളും ചിലപ്പോൾ ക്രൂരമായ മുള്ളുകളാകും. ഈ മുള്ളുകൾ പറിച്ചെറിയാൻ സ്വയം കരുത്തു നേടിയേ പറ്റൂ. വലിച്ചു പറിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന നീറ്റൽ ദുസ്സഹമാണ്. ജീവിതത്തിൽ ഉണ്ടാകുന്ന ദുരനുഭവങ്ങളും ദുരന്തങ്ങളും കരളിൽ പടരുന്നു മുൾചെടികളാണ്. അവയുണ്ടാക്കുന്ന വേദനകളും മുറിവുകളും കാലം തുടച്ചു മാറ്റിയേക്കാം. എന്നാലും വടുക്കൾ അവശേഷിക്കും. മുള്ളുകൾ എപ്പോഴും മുള്ളുകൾ തന്നെയാണ്. റോസിലായാലും മീനിലായാലും ജീവിതത്തിലായാലും.

Content Summary : Kadhayillaymakal- Column by Devi JS about pepole

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS