വിട്ടുപോകാതെ

kadhayillaymakal-fever
Representative image. Photo Credit: Milos Dimic/istockphoto.com
SHARE

നമ്മൾ അങ്ങേയറ്റം സ്നേഹിക്കുന്ന ആളുകളെക്കുറിച്ചല്ല, ഒന്നിനു മേൽ ഒന്നായി വരുന്ന ദുർവിധികളെക്കുറിച്ചല്ല, ആനന്ദത്തിലാറാടിക്കുന്ന സുവർണാവസരങ്ങളെക്കുറിച്ചുമല്ല പറയാൻ പോകുന്നത്. കാരണം ഇതെല്ലാം ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ നമ്മളെ വിട്ടു പോകും .

അപ്പോൾ പിന്നെ വിട്ടുപോകാതെ നിൽക്കുന്നതെന്താണ്. ഉത്തരം ലളിതം. 'പനി' എന്ന രോഗം. പനി  ഒരു രോഗമല്ലെന്നും രോഗലക്ഷണം മാത്രമാണെന്നും പറയാറുണ്ട്. എന്തായാലും  പനി പിടിച്ചാൽ കഷ്ടപ്പെട്ടതു തന്നെ.

പണ്ടത്തെപ്പോലെയൊന്നുമല്ല ഇപ്പോൾ. അന്ന് പനി  ഒരു സാധാരണ അസുഖം. ഇടയ്ക്കിടെ വന്നുപോകും. വലിയ പ്രശ്‌നമൊന്നുമില്ല. എന്നാലും പനി പിടിച്ചാൽ പണി കിട്ടും. ആശുപത്രിയിൽ നിന്ന് കിട്ടുന്ന 'മിക്സ്ചർ ' എന്ന്  പേരുള്ള കയ്പുള്ള കുപ്പി മരുന്നും  കുടിച്ച് കിടക്കണം. ആഹാരം തരുന്ന പ്രശ്നമേയില്ല. കട്ടൻകാപ്പി, അല്ലെങ്കിൽ കട്ടൻ ചായ, അതുമല്ലെങ്കിൽ ചൂടുവെള്ളം. പനി  ഒന്നു കുറഞ്ഞാൽ മാത്രമേ പാലു ചേർത്ത കാപ്പിയോ ചായയോ പോലും  കിട്ടുകയുള്ളു. പനിയുളളപ്പോൾ ആഹാരം ദഹിക്കുകയില്ല, അങ്ങനെ പനി  കൂടും എന്നാണ് അന്നത്തെ വിശ്വാസം. പണി മാറിയാൽ  പിന്നെ കഞ്ഞി. പതുക്കെ പതുക്കെ എല്ലാം സാധാരണ പോലെയാകും.

എന്റെ സഹോദരങ്ങളും ഞാനും പനിയെ വെറുക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നു. പൊള്ളുന്ന ചൂട്, തലവേദന, മേലുവേദന, ഇതിനൊക്കെ പുറമെ ആഹാരവുമില്ല. വിശന്നാലും കൊതിവന്നാലും വാശിപിടിച്ചാലും രക്ഷയില്ല. പനി  വിടാതെ ഭക്ഷണമില്ല. സ്കൂളിൽ പോകണ്ട എന്ന സന്തോഷവുമില്ല. അന്ന് പഠിപ്പിച്ചതെല്ലാം പഠിക്കണം, നോട്ടുകൾ എഴുതിയെടുക്കണം. അത് എന്റെ വീട്ടിൽ നിർബന്ധമാണ്. 

പിൽക്കാലത്ത് കുപ്പി മരുന്ന് മാറി. പനിയെ പിടിച്ചു നിറുത്തുന്ന ഗുളികകൾ വന്നു. കുറേശ്ശേ ആഹാരങ്ങൾ കൊടുക്കണം എന്ന് ഡോക്ടർമാർ തന്നെ നിർദ്ദേശിക്കുകയും ചെയ്തു. എന്റെ കുട്ടിക്കാലത്ത് 'ഇൻഫ്ളുവൻസാ എന്നും ഫ്‌ളൂ എന്നുമൊക്കെ പേരുള്ള ഒരു തരം  പനി പടർന്നു പിടിച്ചു. അറുപതുകളിലാണെന്നാണ് എന്റെ ഓർമ്മ. പഴയ തലമുറയിൽപെട്ടവർ ഓർക്കുന്നുണ്ടാവും. അന്ന് ആ പനി  പിടിച്ചു കഷ്ടപ്പെടാത്തവർ ഞങ്ങളുടെ നാട്ടിൽ ആരുമുണ്ടായിരുന്നില്ല. അത്രപെട്ടെന്നു പടർന്നു പിടിക്കുന്ന ഒരു പകർച്ചവ്യാധിയായിരുന്നു അത്.  പക്ഷേ  മരണകാരണമാകുമായിരുന്നില്ല ആ പനി എന്നത് ആശ്വാസകരമായിരുന്നു. മാത്രമല്ല ടൈഫോയിഡ്, മഞ്ഞപ്പിത്തം, വസൂരി തുടങ്ങിയ വലിയ രോഗങ്ങളേ അന്ന് ജീവൻ കവർന്നെടുത്തിരുന്നുള്ളു.

എന്നാലും പിന്നെ  ഫ്‌ളൂവിന്റെ ആ വൈറസ് ഇവിടം വിട്ടു പോയിട്ടില്ല എന്നാണു തോന്നുന്നത്. രൂപം മാറി, വേഷം മാറി, ലക്ഷണങ്ങൾ മാറി വന്നു കൊണ്ടേയിരിക്കുന്നു .                      

എത്ര തരം പനികൾ പിന്നീട് നമ്മൾ കണ്ടു, അനുഭവിച്ചു. വെറും പനി - വൈറൽ പനി, ഡെങ്കിപ്പനി - മങ്കിപ്പനി, പന്നിപ്പനി - പക്ഷിപ്പനി. തീർന്നില്ല. മെനിഞ്ചൈറ്റിസ്, നിപ്പ, കൊറോണ, അങ്ങനെ ആപൽക്കരമായ എത്രയോ പനികൾ കടന്നു വന്നു, അനേകം പേരുടെ ജീവനെടുത്തു.

'ഒരു പക്ഷെ ലോകാവസാനം എന്നൊക്കെ പറയുന്നത് ഇതാവാം അല്ലേ ?.' എന്നു ചില പഴമക്കാർ പറയുന്നുണ്ട്.

സ്വന്തം അനുഭവം പറയുകയാണെങ്കിൽ കുട്ടിക്കാലം മുതൽ എന്നെ വിട്ടു മാറാത്ത ഒരു കൂട്ടുകാരിയായിരുന്നു ഈ പനി. ഞാനെന്ന മകളുടെ നിത്യവുമുള്ള ഈ അസുഖവും, ഡോക്ടറെ കാണലും, മരുന്ന് കഴിപ്പിക്കലും ശുശ്രൂഷയുമൊക്കെ കൊണ്ട് എന്റെ അപ്പൂപ്പനും അമ്മുമ്മയും, അച്ഛനും, അമ്മയും വലഞ്ഞിട്ടുണ്ട്. വിളറി വെളുത്തു മെലിഞ്ഞ എനിക്ക് തീരെ ആരോഗ്യമില്ലാത്ത ഒരു കുട്ടി എന്ന പേരും കിട്ടി. തൊണ്ടയിൽ വീർക്കുന്ന ടോൺസിൽസ് ആണ് പനിക്കു കാരണം എന്ന് ഡോക്ടർമാർ വിധിച്ചതിനെ തുടർന്ന് നാലു വയസ്സിൽ അത് മുറിച്ചു മാറ്റുന്ന ശാസ്ത്രക്രിയയ്‌ക്ക്‌ ഞാൻ വിധേയയായി. എന്നിട്ടുണ്ടോ പനി മാറുന്നു? തൊണ്ടയിൽ ഇൻഫെക്‌ഷൻ, ഫരിഞ്ചൈറ്റിസ്‌, ലാരിൻജൈറ്റിസ്‌ ഇങ്ങനെ പല പേരുകളിൽ തൊണ്ട വിങ്ങി, ശബ്ദം അടച്ച്, പാട്ടുപഠിത്തം നിലച്ച്, സലൈൻ ഗാർഗിൾ ദിനചര്യയുടെ ഭാഗമായി എന്റെ ബാല്യകൗമാരങ്ങൾ കടന്നു പോയി.

ഒരുവിധം ആരോഗ്യവതിയായ ഒരു യുവതിയായിക്കഴിഞ്ഞിട്ടും പരിപൂർണമായങ്ങു വിട്ടു പോകാൻ കൂട്ടാക്കാതെ 'പനി 'എന്നെ പിടി കൂടിക്കൊണ്ടിരുന്നു. പ്രസവത്തോടനുബന്ധിച്ച് ഒരു എണ്ണതേച്ചു കുളിപ്പിക്കൽ നമ്മുടെ നാട്ടിലെ ഒരു ചടങ്ങാണല്ലോ. അതൊന്നും എനിക്ക് പറഞ്ഞിട്ടുള്ളതല്ല. ആദ്യത്തെ തേച്ചുകുളി കഴിഞ്ഞ ഉടനെ എത്തുകയായി കടുത്തപനി. 'ദേവീ ഇതൊന്നും നിനക്ക് പറ്റിയതല്ല  എന്ന് കർശനമായി വിലക്കി കൊണ്ടു തന്നെ. എന്തിനു പറയണം. രണ്ടു പ്രസവത്തിലും  എനിക്ക് എണ്ണ തേച്ചു കുളിപ്പിച്ചുള്ള ആ പ്രസവരക്ഷയ്ക്ക് പനി തടസ്സമായി .

പനി വന്നാൽ അത് വല്ലാതെയങ്ങു കൂടുകയും ഞാൻ പിച്ചും പേയും പറയുകയും ചെയ്യുന്ന അവസ്ഥ, മക്കൾ മുതിർന്ന ശേഷവും തുടർന്നു. അവർ വല്ലാതെ ഭയപ്പെടുമെങ്കിലും, ബോധമില്ലാതെ ഞാൻ പറയുന്ന കാര്യങ്ങൾ അവരെ ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പക്ഷേ  പനിക്കു ഞാൻ നന്ദി പറയണം. കാരണം രണ്ടാം  പ്രാവശ്യം എനിക്ക് കാൻസർ ബാധിച്ചപ്പോൾ ഒരു രോഗലക്ഷണവും ഉണ്ടായിരുന്നില്ല. പക്ഷേ വിട്ടുമാറാതെ പനി വന്നു കൊണ്ടിരുന്നു.  പല പ്രസിദ്ധ ഡോക്ടർമാരെയും കണ്ടെങ്കിലും വെറും പനി എന്നല്ലാതെ ഒന്നുമവർ കണ്ടുപിടിച്ചില്ല. ആദ്യം കാൻസർ വന്നു സുഖമായിട്ട് പതിനെട്ടു വർഷം കഴിഞ്ഞിരുന്നതു കൊണ്ട് ഞാനും സംശയിച്ചില്ല. അതു കൊണ്ട് കാൻസർ സ്പെഷ്യലിസ്റ്റ്നെ കാണുന്ന കാര്യവും ചിന്തിച്ചില്ല. പക്ഷേ  പനി എനിക്ക് ഒരു വാണിങ് തന്നു കൊണ്ടിരുന്നു. ഒടുവിൽ എന്താണിങ്ങനെ പനി വരാൻ കാരണമെന്ന ശ്രദ്ധാപൂർവമുള്ള പരിശോധനകളും ടെസ്റ്റുകളും നടത്തി, എന്റെ കൂട്ടുകാരി ഡോക്ടർ ലളിത എന്നിൽ കാൻസർ രോഗത്തിന്റെ സാന്നിധ്യം കണ്ടെത്തുക തന്നെ ചെയ്തു. പിന്നീടാണ് എന്റെ സുഹൃത്തും സഹോദരനും ഡോക്ടറുമായ, ഡോക്ടർ ഗംഗാധരന്റെ അടുത്ത് ഞാൻ ചെന്നത്. സത്യത്തിൽ ആ പനിയാണ് എന്നെ ദൈവതുല്യനായ ആ ഡോക്ടറുടെ അടുത്ത് എത്തിച്ചത്. അത് കൊണ്ടാണ് ഇതെഴുതാൻ ഞാനിന്നും ജീവിച്ചിരിക്കുന്നത് .

എനിക്ക് ഇപ്പോൾ ഉറപ്പിച്ചു പറയാൻ കഴിയും പനി ഒരു രോഗമല്ല. പല രോഗങ്ങളുടെയും ഒരു സിംപ്റ്റം ആണ് .

ഇനി എന്റെ വായനക്കാരോട് ഒരു തമാശ പറയട്ടെ. ഒരു പനിയുമായി കിടക്കുന്നതിനിടയിലാണ് ഞാൻ ഇതെഴുതുന്നത്. പനി  വിട്ടുപോകാതെ ഇപ്പോഴും കൂടെയുണ്ട് -ദേ ഞാൻ നിന്റെ കൂടെയുണ്ട് എന്നെന്നെ  ഇടയ്ക്കിടെ വന്ന് ഓർമിപ്പിച്ചു കൊണ്ട്! 

Content Summary: Kadhayillaymakal - Column by Devi JS about Fever

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS