ആണും പെണ്ണും

1924459676
Representative Image. Photo Credit : Dmitry Demidovich / Shutterstock.com
SHARE

ആണും പെണ്ണും തുല്യരാണോ? അല്ല. ശാരീരികമായും മാനസികമായും വ്യത്യാസങ്ങളുണ്ട്. രണ്ടു ജെൻഡർ -ലിംഗം -അല്ലേ? പക്ഷേ ജീവിതത്തിന്റെ എല്ലാ തുറകളിലും ആണും പെണ്ണും തുല്യരായിരിക്കണ്ടേ? സ്ത്രീയില്ലാതെ പുരുഷനും പുരുഷനില്ലാതെ സ്ത്രീയും അപൂർണമായിരിക്കെ ഈ സമത്വം അത്യാവശ്യമല്ലേ? സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി എത്രയോ കാലങ്ങളായി നമ്മൾ ശ്രമിക്കുന്നു, വാദിക്കുന്നു, മുറവിളികൂട്ടുന്നു, സമരം ചെയ്യുന്നു. എന്നിട്ട് നേടിയോ? ഇല്ല.

തൊഴിൽ മേഖലകളിൽ, രാഷ്ട്രീയത്തിൽ, ബിസിനസ്‌ രംഗത്ത് ഓക്കെ ഈ അസമത്വം നിലനിൽക്കുന്നു എന്നല്ലേ അനുഭവസ്ഥർ പറയുന്നത്! അത്  ഏറെക്കുറേ സത്യവുമാണ്.

ഒരു സർക്കാർ ഓഫീസിൽ മോശമല്ലാത്ത പദവി വഹിക്കുന്ന ഒരു യുവതി എന്നോട് പറയുകയുണ്ടായി.

 "ഞങ്ങളുടെ ഡിപ്പാർട്മെന്റിന്റെ തലപ്പത്തുള്ളവർ പുരുഷ മേധാവികളാണ്. ഞങ്ങൾ സ്ത്രീകൾ അത്രയ്ക്കങ്ങ് പൊങ്ങിപ്പോകണ്ട എന്ന മട്ടാണ്. പരസ്യമായി തന്നെ അതു പ്രകടിപ്പിക്കാൻ അവർക്ക് മടിയില്ല. നന്നായി പ്രവർത്തിച്ച് ഷൈൻ ചെയ്യാൻ കിട്ടുന്ന അവസരങ്ങളിൽ നിന്ന് ഞങ്ങൾ സ്ത്രീകളെ ഒതുക്കാൻ പരോക്ഷമായി അവർ നടത്തുന്ന നീക്കങ്ങൾ ഞങ്ങൾക്ക് മനസ്സിലാവാറുണ്ട്. പക്ഷേ എന്തു ചെയ്യാൻ?"

രാഷ്ട്രീയത്തിൽ സ്ത്രീ പുരുഷ അസമത്വങ്ങൾ പത്രവാർത്തകളിൽ നിന്ന് സാമാന്യ ജനങ്ങൾക്ക്‌ പോലും മനസ്സിലാവാറുണ്ട്. വലിയ ഒരു ബിസിനസ്‌ സാമ്രാജ്യത്തിന്റെ ഉടമയായ ഒരു വനിത, അവരുടെ കീഴിൽ പണിയെടുക്കുന്ന പുരുഷന്മാർക്കുള്ള നീരസത്തേക്കുറിച്ച് പറഞ്ഞു ചിരിക്കാറുണ്ട്.

ഈ മേഖലകളിൽ വിജയക്കൊടി നാട്ടിയ സ്ത്രീകൾ ഇല്ലെന്നല്ല, അവർക്ക് വലിയ കടമ്പകൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പലരുടെയും അനുഭവ കഥകൾ വ്യക്തമാക്കുന്നുണ്ട്.

അതൊക്കെ വലിയ വലിയ കാര്യങ്ങൾ. നമുക്ക് ചെറിയ കാര്യങ്ങൾ എടുക്കാം.വീട്ടിൽ നിന്ന് തുടങ്ങാം. കുട്ടി ജനിക്കുമ്പോൾ "ആൺകുട്ടിയാണ്" എന്ന് പറയുമ്പോഴുള്ള ഗമ "പെൺകുട്ടിയാണ് " എന്ന് പറയുമ്പോൾ അപൂർവമായേ കാണാറുള്ളു.മൂന്ന് ആൺകുട്ടികളുള്ള ഒരു കൂട്ടുകാരിയോട്,''മൂന്നാമതൊരു പെണ്ണിനെ മോഹിച്ചില്ലേ ''എന്ന് ഞാൻ ചോദിച്ചപ്പോൾ,

''ഏയ്‌ ഇല്ല. അങ്ങനെ ആശിച്ചിട്ടേയില്ല ''എന്ന് അവർ പറഞ്ഞത്, ഞാനെന്തോ  മോശം കാര്യം പറഞ്ഞതു പോലെയാണ് .''എനിക്ക് ആൺമക്കളെയാണിഷ്ടം' എന്നവർ കൂട്ടിച്ചേർത്തു.

മൂന്നു പെണ്മക്കളുള്ള ഒരമ്മ, 'ഒരാണിനു വേണ്ടിയാണ് മൂന്നാമതും  ഞാനീ സഹസത്തിനു മുതിർന്നത് ' എന്നാണ് വിഷമത്തോടെ പറഞ്ഞത്.അമ്മമാരുടെ മനോഭാവം തന്നെ ഇതായിരിക്കെ വീട്ടിൽത്തന്നെ ആണും പെണ്ണും തുല്യരാകുമോ?' എന്റെ ദേവീ ഞങ്ങളുടെ കൂട്ടർക്ക് ഈ മകൻ എന്ന് പറഞ്ഞാൽ ഒരു സംഭവമാണ്. മകൾ വല്ല വീട്ടിലേയ്ക്കും പറഞ്ഞു വിടേണ്ട വളല്ലേ?'എന്നു പറഞ്ഞ  സ്നേഹിതയോട് ഞാൻ തർക്കിച്ചു."അതൊക്കെ പണ്ടല്ലേ? ഇപ്പോൾ പെൺകുട്ടികളും പഠിക്കുന്നു. ജോലി നേടുന്നു, കുടുംബം നോക്കുന്നു. എന്താണാവർക്കൊരു കുറവ്?' അതങ്ങു സമ്മതിച്ചു തരാൻ ആ സ്നേഹിത മടിച്ചു.

അതു പറഞ്ഞിട്ടെന്തിനാ? വീട്ടിലെ ഒരേ ഒരു പുത്രനോടുള്ള അതിരു കവിഞ്ഞ പക്ഷഭേദം കണ്ടു വളർന്നതാണ് ഞാനും എന്റെ രണ്ടനുജത്തിമാരും. ഞങ്ങൾ  മൂന്നു പെൺകുട്ടികൾക്കിടയിൽ ഒരാൺ തരി പിറന്നപ്പോൾ എന്റെ അമ്മയ്ക്ക് അവൻ കഴിഞ്ഞിട്ടേ ഉള്ളൂ എന്തും എന്നായി. പെണ്മക്കളെ സൈഡിൽ ഒതുക്കിക്കളഞ്ഞു, വിദ്യാസമ്പന്നയായ എന്റെ അമ്മ. ഞങ്ങൾ പരാതിപ്പെട്ടില്ല. പരാതിപ്പെട്ടിട്ടും കാര്യമില്ല. പുത്ര വാത്സല്യം കൊണ്ട് അന്ധയായിരുന്നു അമ്മ.

ഇന്നും അത്തരം കുടുംബങ്ങൾ എന്റെ അറിവിൽ ഉണ്ട്‌.മിക്സഡ് സ്കൂളിൽ പഠിക്കുന്ന ഒരു കൊച്ചു കൂട്ടുകാരി പറയുന്നു. 'ദേവിയമ്മയ്ക്കറിയ്യോ ഞങ്ങളുടെ ക്ലാസ്സിൽ ടീച്ചേർസ്ന്  പോലും ആൺകുട്ടികളിൽ ചിലരോട് പാർഷ്യാലിറ്റിയാണ്  ''അങ്ങനെ വരാൻ വഴിയില്ല. അവർ നന്നായി പഠിക്കുന്നവരാകും അപ്പോൾ ഒരിഷ്ടം തോന്നും. അത് പാർഷ്യാലിറ്റി ഒന്നുമല്ല."

ഒരു അധ്യാപികയായിരുന്ന അനുഭവം വച്ച് ഞാൻ വാദിച്ചു.''അങ്ങനെയല്ല. അവർ വെറും ആവറേജ് സ്റ്റുഡന്റസ്. പക്ഷേ അവർ എന്തു കാണിച്ചാലും ടീച്ചർസ് അവരുടെ വശത്താണ്. അവർ ബഹളം വച്ചാൽ കുറ്റമില്ല. പെൺകുട്ടികളുമായി വഴക്കും തല്ലുമൊക്കെ ഉണ്ടായാൽ കുറ്റം പെൺകുട്ടികൾക്ക്.''

പത്തു വർഷം ആ സ്കൂളിൽ പഠിച്ചപ്പോഴുള്ള നിരീക്ഷണമല്ലേ അവൾ പങ്കു വച്ചത്. തെറ്റെന്ന് പറയാനാവുമോ?

'എന്താ പെണ്ണിന് വേണ്ടി ഇങ്ങനെ വാദിക്കുന്നത്?'ചോദ്യം ന്യായം. ഞാനും ഒരു പെണ്ണല്ലേ? അച്ഛനെയും ആങ്ങളയേയും  അമ്മാവനെയും അങ്ങേയറ്റം പരിഗണിച്ചു കൊണ്ടു തന്നെ വളർന്നു വന്ന പെണ്ണ്! പെണ്ണായിപ്പോയതു കൊണ്ടു മാത്രം ചില അവഗണനകളും അന്യായങ്ങളും  അവമാനങ്ങളും അനുഭവിക്കേണ്ടി വന്നവൾ തന്നെ ഞാനും. വാദിക്കാതിരിക്കുന്നതെങ്ങിനെ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA