നിദ്ര ..അഥവാ ഉറക്കം

1562062522
Representative Image. Photo Credit : fizkes / Shutterstock.com
SHARE

ഈശ്വരൻ മനുഷ്യന് നൽകിയിട്ടുള്ള എണ്ണമറ്റ അനുഗ്രഹങ്ങളിലൊന്നാണ് ഉറക്കവും. എല്ലാം മറന്നുള്ള ഗാഢമായ നിദ്ര ഏറ്റവും നല്ല വിശ്രമമാണ്.  ശരീരത്തിന് മാത്രമല്ല മനസ്സിനും. സ്വപ്‌നങ്ങൾ കണ്ടു കണ്ട്  നിദ്രയുടെ ആഴങ്ങളിൽ  ആണ്ടു  കിടക്കുന്നത് ഏറ്റവും സുഖകരമായ ഒരനുഭൂതിയാണ്. ഉണർന്നെഴുന്നേൽക്കുമ്പോൾ ലഭിക്കുന്ന ഉന്മേഷവും ഉണർവ്വും പ്രസന്നതയും  സുഖപ്രദമാണ്.

 ഉറക്കമില്ലായ്മ   എന്ന അവസ്ഥ അനുഭവിച്ചാൽ മാത്രമേ അതിൻറെ ഭീകരത്വം മനസ്സിലാകൂ.

ഏയ് അത്   അത്ര ഭയങ്കരമായ അവസ്ഥയാണോ?

'ഉറക്കം വരാത്ത പ്രായം' എന്നല്ലേ മനോഹരമായ ആ ഗാനം തുടങ്ങുന്നത്?

അത് പക്ഷേ  യൗവനകാലത്തെക്കുറിച്ചാണ്. പ്രണയവും ,മോഹങ്ങളും സ്വപ്നങ്ങളും ഉറക്കം കെടുത്തുമ്പോൾ പാടിപ്പോകുന്ന പാട്ട്. ആ ഉറക്കമില്ലായ്മ മനോഹരമായ ഒരവസ്ഥയാണ് .

രോഗങ്ങളും ചിന്തകളും ഉത്ക്കണ്ഠകളും ഉറക്കം കെടുത്തുന്നത് ഒരു ദുരവസ്ഥായാണ്.

കാരണം എന്തു  തന്നെ ആയാലും ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കുന്ന ഒരു രാത്രിക്കു ശേഷം വരുന്ന പ്രഭാതം ഒട്ടും സുഖകരമാവുകയില്ല. തല  വേദന, ക്ഷീണം, ഓർമക്കുറവ്, മടി ഇതൊക്കെ അതിനെ  തുടർന്നുണ്ടാകും. ഗാഢനിദ്ര ഒരു ആരോഗ്യ ലക്ഷണം കൂടിയാണ്. നല്ല ആരോഗ്യമുള്ളവർ,കായികാദ്ധ്വാനം ചെയ്യുന്നവർ, എക്സർ സൈസുകൾ ചെയ്യുന്നവർ ഒക്കെ കിടക്ക കണ്ടാൽ മതി ഉറക്കത്തിലേക്ക് വഴുതി വീഴുകയായി. സുഖ സുഷുപ്തി ഒരനുഗ്രഹം തന്നെയാണ്.     

 ഉറക്കം ഏറ്റവും വലിയ അനുഗ്രഹമായിട്ടുള്ളത് കുട്ടികൾക്കാണ്. ആകുലതകളൊന്നുമില്ലാതെ പത്തോ അതിലധികമോ മണിക്കൂറുകൾ ഉറങ്ങാൻ ശൈശവത്തിന് സാധിക്കുന്നു. മുതിർന്നവരും കുറഞ്ഞത് ഏഴോ എട്ടോ മണിക്കൂറുകൾ എങ്കിലും ഉറങ്ങണം എന്നാണ് ഡോക്ടർമാർ പറയുന്നത്. വയസ്സാകുന്തോറും ഉറക്കം കുറയും എന്ന് വൃദ്ധർ പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ?

'പുസ്തകം എടുത്താലുടൻ   ഉറക്കം വരും.' വിദ്യാർത്ഥികളായ കുട്ടികളുടെ പ്രശ്നം അതാണ്. 

ഒരു നോവലിൽ മുഴുകിയിരിക്കുമ്പോൾ ഒരു  ലേറ്റ് നൈറ്റ് മൂവി കാണുമ്പൊൾ നിങ്ങൾക്ക് ഉറക്കം വരാറുണ്ടോ? ഇല്ല അതിന്റെ കാരണം താൽപര്യമാണ്.  പഠനത്തിന്റെ വിരസത ഉറക്കത്തെ ക്ഷണിച്ചു വരുത്തും. 

 അതേസമയം ഉറക്കമിളച്ചിരുന്ന് പഠിക്കുന്നവരില്ലേ?

'പരീക്ഷ അടുക്കുമ്പോൾ ചൂട് കേറും. അപ്പോൾ ഉറക്കമൊക്കെ പമ്പ കടക്കും' ഒരു കുഴി മടിയൻ പറയുന്നു.

അതിന്റെ കാരണമോ?  മാർക്ക് കിട്ടണമെന്ന ആഗ്രഹം, മാർക്ക് കുറഞ്ഞാൽ  കിട്ടാൻ പോകുന്ന ശാസനകൾ.  അച്ഛനമ്മമാരുടെ ,അധ്യാപകരുടെ ഒക്കെ ശകാരം.             

  'ആരെങ്കിലും വരുമെന്നറിയിച്ചാൽ പിന്നെ എനിക്ക് ഉറക്കം വരില്ല. ഞാൻ കാത്തിരിക്കും. കിടന്നോളു ഞങ്ങൾ വരാൻ വൈകും .വന്നിട്ട് വിളിക്കാം .എന്നവർ പറഞ്ഞാലും എനിക്കു ഉറങ്ങാനാവില്ല.'   

സരള പറയുന്നു.ഇത് മിക്കവരുടെയും പ്രശ്നമാണ്. ഈ കാത്തിരിപ്പ് എനിക്കുമുണ്ട്. 

മക്കൾ എവിടെയ്‌ക്കെങ്കിലും യാത്രപുറപ്പെട്ടാൽ അവരവിടെ എത്തി എന്നറിയിക്കും വരെ എനിക്കുറക്കം വരാറില്ല. അങ്ങനെ പാതിരാത്രിവരെയോ വെളുപ്പാങ്കാലം വരെയോ ഞാൻ ഉറക്കം വരാതെ മുറിയിൽ ഒരു വെരുകിനെപ്പോലെ നടക്കാറുണ്ട്.എന്തിന്? ഞാനുണർന്നിരിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?  ഉണ്ടല്ലോ. എന്റെ ടെൻഷൻ കൊണ്ടാണ് ഞാൻ ഉറങ്ങാതിരിക്കുന്നത്. പക്ഷേ അപ്പോഴെല്ലാം ഞാൻ പ്രാർഥനകൾ ഉരുവിട്ട് കൊണ്ടിരിക്കും. ആപത്തുകളൊന്നുമില്ലാതെ അവരുടെ യാത്ര സുഗമമാകാൻ ഈ പ്രാർഥന  ഉതകും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

ഉറങ്ങാതിരിക്കുന്നത് ആരോഗ്യത്തിനു ഒട്ടും നല്ലതല്ല എന്ന് പറഞ്ഞു കൊണ്ട് എന്റെ ഒരു കൂട്ടുകാരി ഉപദേശിച്ചു. ഉറങ്ങാതെ കിടന്നാൽ അസുഖകരമായ ചിന്തകൾ മനസ്സിനെ അലട്ടും. അപ്പോൾ പിന്നെ ഉറക്കം തീരെ  വരില്ല. ഒരു പുസ്തകമെടുത്തു വായിക്കൂ. അല്ലെങ്കിൽ പാട്ടു കേൾക്കൂ. അതുമല്ലെങ്കിൽ ടി വി കാണൂ. ചിന്തകളെ അകറ്റി നിറുത്താനുള്ള വഴികളാണിവ.

മറ്റൊരു കൂട്ടുകാരി പതിവായി രണ്ട് ഉറക്കഗുളികകൾ കഴിച്ചാണ് ഉറങ്ങുന്നത്. ഇത് നല്ലതാണോ എന്ന് ചോദിച്ചാൽ ഡോക്ടറുടെ ഉപദേശപ്രകാരം തന്നെയാണ് അവരത് കഴിക്കുന്നത്. അല്ലാതെ രക്ഷയില്ല എന്നാണവർ പറയുക. രാത്രിയുടെ നിശബ്ദതയിൽ മറ്റെല്ലാവരും ഉറങ്ങുമ്പോൾ ഉണർന്നിരുന്ന് അസ്വസ്ഥപ്പെടുന്നത് ഒട്ടും ആശാസ്യകരമല്ല തന്നെ .   

 ഉറക്കം വരാനുള്ള ചില നുറുങ്ങു വിദ്യകൾ പറയട്ടെ .

അക്കങ്ങൾ  കീഴോട്ട് എണ്ണുക. 100, 99, 98 ...അങ്ങനെയങ്ങനെ. ഒന്നിൽ എത്തിക്കഴിയുമ്പോൾ ഉറക്കം വന്നാൽ ഭാഗ്യം. ചിലപ്പോൾ എണ്ണിത്തീരുമ്പോൾ നിദ്ര  എവിടെയോ നിന്ന്  എണ്ണിക്കോ എണ്ണിക്കോ എന്ന്  നമ്മളെ പരിഹസിക്കും.   

ഇനി ആകാശത്തിലെ വെണ്മേഘങ്ങളെ സങ്കൽപ്പിക്കാം. ഉണർന്നിരിക്കുമ്പോൾ പലപ്പോഴും വെയിൽ മിന്നുന്ന ആകാശത്ത് അലഞ്ഞു നടക്കുന്ന മേഘങ്ങളേ നമ്മൾ നോക്കിയിരുന്നിട്ടില്ലേ? അവയ്ക്കിടയിൽ ഒരു വെൺമേഘമായി പറക്കാൻ കൊതിച്ചിട്ടില്ലേ? ആ ചിത്രം മനസ്സിൻറെ സ്‌ക്രീനിൽ പതിപ്പിക്കാൻ നമ്മുടെ ഭാവനയ്ക്ക് കഴിയും. അങ്ങനെ മേഘങ്ങൾക്കിടയിൽ ഒഴുകിയൊഴുകി നമ്മൾ മയങ്ങിപ്പോകാം.   ചിലപ്പോൾ കിടക്കയ്ക്കു പിന്നിൽ നിന്ന് നിദ്രയുടെ പൊട്ടിച്ചിരി കേൾക്കാം.

 ഇനി ഏറ്റവും രസകരമായ ഒരു സങ്കൽപ്പം കൂടി. പറ്റം  പറ്റമായി  നീങ്ങുന്ന ചെമ്മരിയാട്ടിൻ  കൂട്ടങ്ങളെ കണ്ടിട്ടില്ലേ? പടങ്ങളിലെങ്കിലും? ആ പടം വരയ്ക്കാം.  മനസ്സിന്റെ കാൻവാസിൽ. തിങ്ങി നിറഞ്ഞ് ഞെങ്ങി ഞെരുങ്ങി നീങ്ങുന്ന ആട്ടിൻകൂട്ടത്തെ ഒരു ചലച്ചിത്രത്തിലെന്നപോലെ  കാണാം. വേണമെങ്കിൽ ഒരാട്ടിടയനായി കയ്യിൽ ഒരു നീണ്ട വടിയുമായി അവയെ തെളിക്കാം.  നിദ്രയെ ഒരു കുഞ്ഞ് ആട്ടിൻകുട്ടിയായി വാരിപ്പുണരാൻ കഴിഞ്ഞേക്കും. ചിലപ്പോൾ ആടുകൾ ഓടി മറഞ്ഞേക്കാം. 

എന്നാലും ഈ വിദ്യകൾ പരീക്ഷിക്കാം.ഒരു പക്ഷേ ഫലവത്തായാലോ!                                   

  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS