നക്ഷത്രത്തിളക്കം

devi-js-remembering-her-doctors
Representative image. Photo Credits: PopTika/ Shutterstock.com
SHARE

ഡോക്ടർമാർ ദൈവതുല്യരാണ്‌, ദൈവങ്ങൾ തന്നെയാണ് എന്നൊക്കെ നമ്മൾ പറയുന്നത് എന്തുകൊണ്ടാണ്? രോഗങ്ങളിൽ നിന്ന്, തുടർന്നുള്ള യാതനകളിൽ നിന്ന്, എന്തിനു മരണത്തിൽ നിന്നു  പോലും നമ്മളെ രക്ഷിക്കുന്നവരാണ് ഡോക്ടർമാർ. ആയുസ്സു നീട്ടിത്തരാൻ ദൈവങ്ങൾക്കല്ലാതെ മറ്റാർക്കാണ് കഴിയുക !

എന്നെ അങ്ങനെ മരണത്തിന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി എനിക്ക് തന്നെ തിരികെ തന്ന ഡോക്ടർമാർ ഏറെയുണ്ട്. എന്റെ പിറന്നാളിനോടനുബന്ധിച്ച് അവരെയെല്ലാം ഓർത്തെടുക്കുകയാണ് ഞാൻ!

ഒന്നര വയസ്സിൽ അന്നോളം  അജ്ഞാതമായ ഏതോ രോഗം ബാധിച്ച് (കടുത്തപനിയും നിലയ്ക്കാത്ത വയറിളക്കവും തളർന്നുള്ള മയക്കവുമായിരുന്നത്രെ രോഗ ലക്ഷണങ്ങൾ) ആസന്നമരണയായി തീർന്ന എന്നെ വീണ്ടെടുത്ത് അമ്മയ്ക്ക് നൽകിയ ഡോക്ടർ. അച്യുതൻപിള്ളയെക്കുറിച്ച് അമ്മ ഒരുപാട് പറഞ്ഞിട്ടുണ്ട്. അന്നെന്റെ ഒപ്പം ആശുപത്രിയിൽ അതേ  രോഗവുമായി അഡ്‌മിറ്റായ  കുട്ടികളിൽ അഞ്ചു പേരെയും മരണം കൊണ്ടു പോകുന്നതു കണ്ട് അമ്മയും അമ്മുമ്മയും ഹൃദയം പൊട്ടിക്കരഞ്ഞത് അമ്മ മറന്നിരുന്നില്ല. ഞാൻ മാത്രം രക്ഷപ്പെട്ടു. 

ബാല്യത്തിലും കൗമാരത്തിലുമൊക്കെ എന്നും അസുഖങ്ങൾ പിടിപെട്ടിരുന്ന ഈ മകൾ കൈവിട്ടു പോകാതിരിക്കാൻ ആശ്രയിക്കേണ്ടി വന്ന ഡോക്ടർമാരെക്കുറിച്ച് അമ്മ ഇടയ്ക്കിടെ പറയുമായിരുന്നു.(അവരുടെ മുഴുവൻ പേരെടുത്തു പറയാൻ ഈ ലേഖനം പോരാതെ വരും.)

മകനെ പ്രസവിക്കുമ്പോൾ ഒരുപാട് കോംപ്ലിക്കേഷൻസ് ഉണ്ടായി. മകളെ പ്രസവിച്ചപ്പോൾ,അതൊരു നോർമൽ പ്രസവം ആയിരുന്നിട്ടും തുടർന്ന് വന്ന പ്രശ്നങ്ങൾ ഒരു വർഷത്തിലേറെ എന്നെ അലട്ടി. എത്രയോ ഡോക്ടർമാർ ആ സമയത്തൊക്കെ രക്ഷയ്‌ക്കെത്തി.

ഏറ്റവും ഒടുവിൽ ഓവറിയിലെ ഒരു ഗ്രോത്ത് എടുത്തു മാറ്റാനായി വയറിനകത്തുള്ള സ്ത്രീ അവയവങ്ങൾ മുറിച്ചു നീക്കി തിരുവനന്തപുരത്തെ പ്രശസ്തനായ ഡോക്ടർ വേലായുധൻ എന്നെ രക്ഷിച്ചു. കാരണം ആ വളർച്ച ഒരു കാൻസർ ആയിരുന്നു.

അതേത്തുടർന്ന് ആർ സി സി യിൽ കീമോതെറാപ്പി എന്ന അതികഠിന ചികിത്സയിലൂടെ മരണത്തിന്റെ പിടിയിൽ നിന്ന് എന്നെ മോചിപ്പിച്ച ഡോക്ടർ പദ്‌മനാഭനും ഡോക്ടർ ഗംഗാദേവിയും ഡോക്ടർ രാജനും ദൈവതുല്യർ തന്നെയാണ്. അന്ന് മുപ്പത്തിയെട്ടു വയസ്സ് മാത്രം പ്രായമുള്ള, ജീവിതപങ്കാളി നഷ്ടപ്പെട്ട, പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ ഞാൻ, കാൻസർ ചികിത്സ ഇന്നത്തെയത്ര പുരോഗമിച്ചിട്ടില്ലാത്ത അക്കാലത്ത് രക്ഷപ്പെട്ടത് ഈ ഡോക്ടർമാരുടെ ശ്രദ്ധാപൂർവമുള്ള പരിചരണം  കൊണ്ടു  തന്നെയാണ്.  

പതിനെട്ടു വർഷങ്ങൾക്കു  ശേഷം കാൻസർ വീണ്ടും ഭീഷണി  മുഴക്കി എത്തിയപ്പോൾ ഒരു ദൈവതുല്യൻ എന്റെ രക്ഷയ്‌ക്കെത്തി. കാൻസർ  രോഗികളായ ഞങ്ങളുടെ  ദൈവം തന്നെയായ  ഡോക്ടർ ഗംഗാധരൻ. അദ്ദേഹത്തെക്കുറിച്ചു പറയാൻ ഇനി വാക്കുകളില്ല. രോഗികളും രോഗവിമുക്തരും ആയിരം നാവുകൾ കൊണ്ട് അവർക്കറിയാവുന്ന എല്ലാ നല്ല വാക്കുകളും അവരുടെ ഈ സ്വന്തം ഡോക്ടറെ പ്രകീർത്തിക്കാനായി പ്രയോഗിച്ചു കഴിഞ്ഞിരിക്കുന്നു.

ഇനി പറയാനുള്ളത് നക്ഷത്ര തിളക്കമുള്ള മറ്റൊരു ഡോക്ടറെക്കുറിച്ചാണ്. ഡോക്ടർ ചിത്രതാര ! ഞങ്ങളുടെ ഡോക്ടർ ഗംഗാധരന്റെ പത്നി. സർജൻ, ഓങ്കോളൊജിസ്റ്റ്. ആദ്യമായി ഞാൻ ഡോക്ടർ ചിത്രതാരയെ കാണുന്നത് 2006 ലാണ്. എനിക്ക് രണ്ടാമതും കാൻസർ വന്ന സമയം. എന്റെ ടെസ്റ്റ്, സ്കാൻ റിപ്പോർട്ട് കളൊക്കെ  കണ്ട ശേഷം ഡോക്ടർ ഗംഗാധരൻ എന്നെ അമൃതാ ഹോസ്പിറ്റലിൽ ഡോക്ടർ ചിത്രതാരയുടെ അടുത്തേക്കയച്ചു. ഒരു ഗൈനക്കോളജിസ്റ്റിന്റെ  അഭിപ്രായത്തിനു വേണ്ടിയായിരുന്നു അത്. ഒരു സുഹൃത്തിനെയോ സഹോദരിയെയോ എന്നപോലെ ഡോക്ടർ ചിത്രതാര എന്നെ സ്വീകരിച്ചു. സുന്ദരമായ മുഖം, സൗമ്യമായ ഭാവം, സ്നേഹം സ്പുരിക്കുന്ന വാക്കുകൾ. ഞാൻ അവരെത്തന്നെ നോക്കിയിരുന്നു. ആന്തരികമായ പരിശോധനകൾ കഴിഞ്ഞപ്പോൾ പ്രത്യേകിച്ച് ഒന്നും കാണുന്നില്ലെന്നും ഡോക്ടർ ഗംഗാധരനോട് സംസാരിച്ചു കൊള്ളാമെന്നും പറഞ്ഞ് ആ നല്ല ഡോക്ടർ എന്നെ യാത്രയാക്കി.

പിന്നെ കീമോയും കഷ്ടപ്പാടുകളുമായി കുറേക്കാലം. ഞാൻ വീണ്ടും സുഖം പ്രാപിച്ചു. വർഷങ്ങൾ കടന്നു പോയി. ഇതിനിടെ കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സമ്മേളനങ്ങൾക്കൊക്കെ ഞാൻ ഡോക്ടർ ചിത്രതാരയെ കാണുമായിരുന്നു. അടുത്ത് ചെന്ന് സംസാരിക്കുമായിരുന്നു. കാൻസർ വിന്നേഴ്‌സിന്റെ ചില ടി വി പരിപാടികളിൽ ഞങ്ങൾ ഒരുമിച്ചു പങ്കെടുക്കുകയും ചെയ്തു. അല്ലറ ചില്ലറ പ്രശ്നങ്ങളുമായി എന്റെ മകളും ഞാനും ഡോക്ടർ ചിത്രതാരയെ  ആശുപത്രിയിൽ പോയി കാണുകയും ചെയ്തിട്ടുണ്ട്. ഓരോ തവണയും ഒരനുജത്തിയുടെ സാമീപ്യമാണ് എനിക്ക് അനുഭവപ്പെട്ടത്. 'ദേവിചേച്ചീ'എന്ന് ഒന്നോ രണ്ടോ തവണ  ഡോക്ടർ എന്നെ വിളിച്ചപ്പോൾ ഞാൻ കോരിത്തരിച്ചുപോയി.

കാൻസർ വന്നിട്ടുള്ളവർക്ക് ഒരു പ്രത്യേകതയുണ്ട്. എന്ത് ചെറിയ സുഖക്കേട് തോന്നിയാലും അതിനെ ക്യാൻസറുമായി ബന്ധിപ്പിച്ച് സംശയിക്കും. അങ്ങനെ ഒരു ഗൈനക്ക്  സംശയവുമായി കൊറോണക്കാലത്ത് ഒരിക്കൽ ഞാൻ ലേക്ക്ഷോർ ആശുപത്രിയിൽ ഡോക്ടർ ചിത്രതാരയെ കാണാനെത്തി .കൊറോണ ടെസ്റ്റ് ഒക്കെ കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷമാണ് ഡോക്ടറെ കാണാൻ ഒത്തത്. കണ്ടയുടനെ  എന്നെത്തന്നെ ആദ്യം വിളിച്ചു. പി പി ഇ കിറ്റൊക്കെ  ധരിച്ച് ഒരു വ്യോമസഞ്ചാരിയെപ്പോലെയാണ് ഡോക്ടർ നിന്നത്. ഞങ്ങൾ രണ്ടാളും ചിരിച്ചു പോയി. പതിവുപോലെ പരിശോധിച്ച്, രോഗമൊന്നുമില്ലെന്ന് പറഞ്ഞാശ്വസിപ്പിച്ച് ചെറിയപ്രശ്നങ്ങൾക്കുള്ള മരുന്നുകൾ  തന്ന്   ഡോക്ടർ എന്നെ പറഞ്ഞയച്ചു. 

ഈയിടെ വീണ്ടും എനിക്കൊരു വിഷമം ഉണ്ടായി. തുടയും ശരീരവുമായി ചേരുന്നിടത്ത്  ഒരു തടിപ്പ്. വേദന സഹിക്കവയ്യ. ഡോക്ടർ ചിത്രതാരയെത്തന്നെ അഭയം പ്രാപിച്ചു. ആ തടിപ്പിൽ  അണുബാധയുണ്ടെന്നും അത് കീറണമെന്നും പറഞ്ഞപ്പോൾ ഞാൻ ഞെട്ടി. ഒറ്റയ്ക്കാണ് ഞാൻ ചെന്നത്. മകൾ  കൂടെ വരാമെന്നു പറഞ്ഞതാണ്. 

'വേണ്ട .ഡോക്ടർ ചിത്രതാരയുടെ അടുത്തേക്കല്ലേ പോകുന്നത്.എനിക്ക് കൂട്ട് വേണ്ട.' എന്നാണ് ഞാൻ പറഞ്ഞത്. അത്രയ്ക്ക് അടുപ്പം എനിക്ക് ഡോക്ടറോട്‌ തോന്നിയിട്ടുണ്ട്. 

ലോക്കൽ കുത്തിയപ്പോഴും തടിപ്പ് കീറിയപ്പോഴും പ്രാണൻ പോകുന്ന വേദന തോന്നി. പാട് വച്ച് ഡ്രസ്സ് ചെയ്ത്  മരുന്നുകൾ തന്ന്  എന്നെ പറഞ്ഞയയ്ക്കും മുൻപ് ഞാൻ ഡോക്ടറുടെ കരം ഗ്രഹിച്ചു.

 ''നന്ദി" .ഞാൻ പറഞ്ഞു.  ''ഡോക്ടർ എന്റെ അനുജത്തിയല്ലേ , ഈ സ്നേഹത്തിന് , പരിഗണനയ്ക്ക്, ഒരുപാടു നന്ദി." 

"ഡോക്ടർ ഗംഗാധരനെക്കുറിച്ചു പലതവണ എഴുതിയിട്ടുണ്ട്. അടുത്ത തവണ ഈ  താര (നക്ഷത്രം ) യെക്കുറിച്ചാണ് ഞാൻ  എഴുതുക." ഞാൻ പറഞ്ഞു. 

"എന്നെപ്പോലെയുള്ളവർക്കായി ദൈവം പറഞ്ഞയച്ച ഒരു നക്ഷത്രം  തന്നെയാണ് ഡോക്ടർ ചിത്രതാര."   

അവർ തിളക്കമുള്ള പുഞ്ചിരിയോടെ എനിക്ക് വിട നൽകി

Content Summary : Devi JS remembering her doctors

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA