പ്രായം വെറുമൊരു സംഖ്യ !

kadhaillayimakal-column-by-devi-js-about-age
Photo Credit : pixelheadphoto digitalskillet / Shutterstock.com
SHARE

എത്ര വയസ്സായി എന്നു ചോദിച്ചാൽ പ്രായം പറയാൻ നിങ്ങൾ മടിക്കാറുണ്ടോ? എന്തിന്?  പ്രായം ഒരു സത്യമല്ലേ?

ചിലർ രണ്ടു വയസ്സെങ്കിലും കുറച്ചേ പറയാറുള്ളൂ. എന്തിനാണ് ? ശരിക്കുള്ള പ്രായം പറഞ്ഞാലെന്താ?

കണ്ടാൽ പ്രായം തോന്നുകയേ ഇല്ല എന്ന് കേൾക്കുന്നത് നിങ്ങൾക്ക്  സന്തോഷമല്ലേ? എന്തുകൊണ്ട്?

തീർച്ചയായും അതൊരു ക്രെഡിറ്റ് തന്നെയാണ്. ആരോഗ്യവും സൗന്ദര്യവും പരിരക്ഷിച്ച് ഒരാൾ  വാർദ്ധക്യത്തിലും ചെറുപ്പമായിരിക്കുന്നു എങ്കിൽ നല്ലത്. എന്നാൽ പ്രായം കുറച്ചു പറഞ്ഞതു  കൊണ്ട് പ്രായം തോന്നാതിരിക്കുമോ?

പ്രായം ഒന്നിനും ഒരവസാനമല്ല, അല്ലെങ്കിൽ തടസ്സമല്ല എന്ന് പറയുന്നവരുണ്ട്. ഇഷ്ടമുള്ള വേഷം ധരിക്കാം, അണിഞ്ഞൊരുങ്ങാം, ആരോഗ്യം അനുവദിക്കുമെങ്കിൽ ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒക്കെ കഴിക്കാം, യാത്രകൾ ചെയ്യാം. പ്രണയത്തിനും പ്രായം ഒരു തടസ്സമല്ല. എല്ലാം ശരി തന്നെ.

പക്ഷേ ഏതാണ് പ്രായത്തിനനുസരിച്ച വേഷം? സാരിയോ , മുണ്ടും നേര്യതുമോ, ചുരിദാറോ? ചുരിദാറിപ്പോൾ കേരളത്തിൽ പ്രായം ചെന്നവരുടെ വേഷമായി മാറിയിട്ടുണ്ട്. കുട്ടികൾ, ചെറുപ്പക്കാർ ഒക്കെ ചുരിദാറിനെ  മുതിർന്നവരുടെ വേഷമായാണ് കാണുന്നത്. ചെറുപ്പക്കാർ മോഡേൺ വസ്ത്രങ്ങൾക്കാണ് മുൻഗണന കൊടുക്കുന്നത്. പ്രായം പ്രശ്നമല്ല എന്നു  കരുതി കൗമാരക്കാരും ചെറുപ്പക്കാരും ധരിക്കുന്ന അത്യാധുനിക വേഷങ്ങൾ വയസ്സായവർ ധരിച്ചാൽ അത്  അരോചകം തന്നെയാണ്. 

അണിഞ്ഞൊരുങ്ങുന്നതിനും പരിധിയുണ്ട്. ചുളിവുകൾ വീണ മുഖത്ത് ചായങ്ങൾ പൂശിയാൽ ,പഴയൊരു സിനിമയിൽ മോഹൻലാൽ പറഞ്ഞത് പോലെ 'ചില വയസ്സായ നാടക നടിമാർ ഒരുങ്ങിയത് പോലെയുണ്ടാവും'. ചേരുന്ന മേക്ക് അപ്പുകൾ തെരഞ്ഞെടുക്കാൻ വിദഗ്ദ്ധർ ഉപദേശിക്കാറില്ലേ ?  

പുരുഷന്മാർക്കുമുണ്ട് ചെറുപ്പമാകാൻ ശ്രമിക്കുന്ന പ്രവണത. ചില പടു വൃദ്ധരായ അങ്കിൾ മാർ കടും ചുവപ്പു ടീ ഷർട്ടും പിന്നിക്കീറിയ ജീൻസുമൊക്കെ ഇട്ട് താടിയും മുടിയുമൊക്കെ കറുപ്പിച്ച് മുഖത്ത് ക്രീമും പൂശി  നടക്കുന്നത് കാണുമ്പൊൾ ചെറുപ്പക്കാർ ചിരി അമർത്തുന്നത് സ്വാഭാവികം. ഇഷ്ടമുള്ളത് പോലെ നടക്കാൻ അവർക്ക്‌ അവകാശമുള്ളതു പോലെ ഉള്ളിൽ ചിരിക്കാൻ നമുക്കും അവകാശമുണ്ട്. അവരെയൊക്കെ വിട്ടേക്കൂ.

എന്റെ പല കൂട്ടുകാരുമുണ്ട്, പ്രായം കൂടുന്നത് സഹിക്കാൻ വയ്യാത്തവർ. ആണും പെണ്ണും ഇതിൽ പെടും. പിറന്നാൾ പോലും അവർക്കു സങ്കടദിവസമാണ്.

  അതിൽ ഒരാളാണ് നന്ദിത. ഓരോ വയസ്സ് കൂടുമ്പോഴും അവൾ അസ്വസ്ഥയാകും. വയസ്സ് തീരെ കുറച്ചേ പറയൂ. പൊക്കവും തടിയും കുറവുള്ള അവൾ ഒരു ചെറിയ സ്ത്രീയാണ്. പ്രായം തോന്നാത്തത് ഒരു പരിധിവരെ  അതു  കൊണ്ടാണ്. അവളോട് പ്രായം എപ്പോൾ ചോദിച്ചാലും പത്തു വയസ്സ് കുറച്ചേ പറയൂ അമ്പത്തഞ്ചായപ്പോൾ നാല്പത്തഞ്ച് എന്നാണവൾ പറഞ്ഞിരുന്നത്. അന്ന് അവളുടെ മകന് വയസ്സ് മുപ്പത്തഞ്ച്. അപ്പോൾ പത്തു വയസ്സിൽ പ്രസവിച്ചോ എന്ന് ഞങ്ങളാരും ചോദിക്കില്ല .കാരണം അവളുടെ ഈ തലതിരിവ് ഞങ്ങൾക്ക്  അറിയാവുന്നതല്ലേ?

"ദേവിച്ചേച്ചിയെന്തിനാണ് എഴുപതു കഴിഞ്ഞു എന്നൊക്കെ കണ്ടവരോടെല്ലാം പറയുന്നത്? അൻപത്തൊൻപതേ തോന്നൂ . അത്രയും പറഞ്ഞാൽ പോരെ?" നന്ദിത എന്നെ ശാസിക്കും. ഞാൻ ചിരിക്കും. എന്റെ മകന്റെ പ്രായം എനിക്ക് മറച്ചു വയ്ക്കാനാകുമോ?

വളരെ വർഷങ്ങൾക്കു മുൻപ്  ജോലിയിൽ ഇരിക്കുന്ന കാലം. ഒരു സഹപ്രവർത്തകൻ, അവരുടെ മുറിയുടെ മുന്നിലൂടെ പോകുമ്പോൾ എന്നെ ഉച്ചത്തിൽ പേര് വിളിച്ചു. അതും പേരിന്റെ പാതി .

ഞാൻ ഞെട്ടിപ്പോയി. കാര്യം ചെറുപ്പക്കാരാരും അന്ന് എന്നെ അങ്ങനെ വിളിക്കാറില്ല.

"നോക്കൂ എന്നെ അങ്ങനെ വിളിക്കരുത്. എനിക്ക് ഒരു പാട് വയസ്സുണ്ട്." ഞാൻ പറഞ്ഞു.

"ഒരാളെ പേര് വിളിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്. പ്രധാനമന്ത്രിയെപ്പോലും നമ്മൾ പേരല്ലേ പറയാറ്" അയാൾ വിടാൻ ഭാവമില്ല.

"ഒരു തെറ്റുമില്ല. പക്ഷേ  അവരുടെ മുഴുവൻ പേര്, ഒഫിഷ്യൽ നെയിം. നരസിംഹറാവു (അന്നദ്ദേഹമായിരുന്നു പ്രധാനമന്ത്രി) എന്ന് നമ്മൾ പറയും. നരസിംഹം എന്ന് പറയുമോ ?"

ആ മുറിയിൽ ഉണ്ടായിരുന്ന ബാക്കി സഹപ്രവർത്തകർ അമ്പരന്നു .

"പ്രായം കുറച്ചല്ലേ എല്ലാവരും പറയാറുള്ളൂ. മാഡമെന്താ ഒരുപാടു വയസ്സുണ്ട് എന്ന് പറഞ്ഞത്."

 ഞാൻ പിന്തിരിഞ്ഞപ്പോൾ ആരോ  ചോദിച്ചു.

ഞാൻ തിരിഞ്ഞു നിന്നു പറഞ്ഞു. 

"വയസ്സ് ഉള്ളത് കൊണ്ട് തന്നെ. പ്രായത്തെ ബഹുമാനിക്കുന്നതാണ് എനിക്കിഷ്ടം."  

പരിചയപ്പെടുമ്പോൾ തന്നെ പ്രായം ചെന്ന സ്ത്രീയാണ്, അമ്മയാണ് ,എന്നാണ് ഞാൻ എന്നെ പരിചയപ്പെടുത്താറ്. പ്രത്യേകിച്ചും സോഷ്യൽ മീഡിയയിലും മറ്റും വന്നു നേരിട്ട് കാണാതെ പരിചയപ്പെടുന്നവർ, എന്റെ 'കഥയില്ലായ്മകൾ' വായിച്ചു മറുപടി അയച്ചു ക്രമേണ സുഹൃത്തുക്കളാകുന്നവർ. ദേവി എന്ന ചെറിയ പേര് കേട്ട് പലരും  ഞാനൊരു യുവതിയാണെന്ന് ധരിച്ചിട്ടുണ്ട്. അതിരു വിട്ടു സംസാരിച്ചിട്ടുമുണ്ട്. പിന്നീട് വിലക്കേണ്ടി വരുന്നതിനേക്കാൾ ആദ്യമേ പറയുന്നതല്ലേ നല്ലത്. എന്നാലും വിടാറില്ല ചില വിരുതന്മാർ. അവരുടെ വിരസത മാറ്റാനുള്ള ഒരു എന്റർടൈൻമെന്റ് ചാനൽ ആണ് സുഹൃത്തായ സ്ത്രീകൾ എന്ന് വിചാരിക്കുന്നവർ. അവരെ അവഗണിക്കുകയേ നിവർത്തിയുള്ളു.

"ദേവി എന്തിനാണ് പ്രായം പറഞ്ഞ് ഒരു മുൻ‌കൂർ ജാമ്യമെടുക്കുന്നത് ?" ഒരു കൂട്ടുകാരിയുടെ സംശയം. കൂട്ടുകാരന്മാർക്കുമുണ്ട് ഈ സംശയം.

"പ്രായമായവരെ ബഹുമാനിക്കാനാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്. കാലം എത്ര മാറി എന്ന് പറഞ്ഞാലും എന്റെ രീതി അതാണ്. തിരിച്ചും ഞാനതു പ്രതീക്ഷിക്കുന്നു ."

എന്നാണ് എന്റെ മറുപടി.

''ദേവിയെക്കണ്ടാൽ പ്രായം തോന്നുകയില്ല "എന്ന് കൂട്ടുകാർ. സംഗതി ശരിയാണ്.(തള്ളല്ല . ഇപ്പോഴത്തെക്കാലത്ത്  ഏറെക്കൂറെ എല്ലാവരും അങ്ങനെ തന്നെയല്ലേ?)

അഭിനന്ദനം എന്നെ ഒരുപാടങ്ങ് സന്തോഷിപ്പിക്കാറില്ല. കാരണം അതെന്റെ മിടുക്കല്ല . അതിനു വേണ്ടി ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല .കാരണം അതെനിക്ക് പാരമ്പര്യമായി ലഭിച്ച അനുഗ്രഹമാണ് എന്നാണ് എന്റെ വിശ്വാസം. എന്റെ അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളും അങ്ങനെയായിരുന്നു. വാർദ്ധക്യത്തിലും ചെറുപ്പം നിലനിർത്തിയിരുന്നവർ. അവരുടെ മനസ്സും ചെറുപ്പമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സിനിമാഗാനങ്ങളും, പ്രണയ കഥകളും റൊമാന്റിക് സിനിമകളും തമാശകളും എന്റെ അച്ഛനമ്മമാർ എൺപതു കഴിഞ്ഞിട്ടും ആസ്വദിച്ചിരുന്നു. 'ഓൾഡ് പീപ്പിൾ ആർ നോട്ട് ആസ് ഓൾഡ് ആസ് യൂ തിങ്ക് ദേ ആർ (വയസ്സായ ആളുകൾ നിങ്ങൾ കരുതുന്നത്ര വയസ്സായതല്ല ) എന്ന് പറയുന്നത് അവരെ സംബന്ധിച്ച് ഏറ്റവും ശരിയായിരുന്നു. 

വയസ്സ് ഒരു സംഖ്യ മാത്രമാണെന്ന് പറയുന്നതിനോട് നമുക്ക് യോജിക്കാം. ഭൂമിയിൽ നമ്മൾ എത്ര വർഷം ജീവിച്ചു എന്നതിന്റെ ഒരു കണക്ക്. കാലം ശരീരത്തെ ബാധിക്കും. ജരാനരകൾ ഉണ്ടാവും .നിറം മങ്ങും മുടി കൊഴിയും. എന്നാലും നമ്മൾ വൃദ്ധരായിപ്പോയി എന്ന് നിരാശപ്പെടേണ്ട. ജീവിക്കാനുള്ള ആശ നശിക്കാത്തിടത്തോളം, മോഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും നിലനിൽക്കുന്നിടത്തോളം,  ജീവിതം വച്ച് നീട്ടുന്നതെല്ലാം സ്വീകരിക്കാൻ കഴിയുന്നിടത്തോളം,  ഉറപ്പിച്ചു പറയാം. വയസ്സ് ഒരു സംഖ്യ മാത്രമാണ് !                    

Content Summary : Kadhaillayimakal Column by Devi J S about Age    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS