കെയർ ഗിവിങ് അഥവാ പരിചരണം

kadhaillayimakal-column-by-devi-js-about-caregiving
Representative Image, Credit: Shutterstock
SHARE

ഇംഗ്ലീഷിൽ കെയർ ഗിവിങ് എന്ന് പറയുന്നതിനെ മലയാളത്തിൽ പരിചരണം എന്ന് പറയാം. പരിചരിക്കുന്നയാൾ പരിചാരകൻ അല്ലെങ്കിൽ പരിചാരിക. പണ്ട് വീട്ടിൽ ജോലിചെയ്യുന്നവരെയാണ് അങ്ങനെ വിവക്ഷിച്ചിരുന്നത്.  കിടപ്പിലായവരെ, അവർ ചെറുപ്പക്കാരോ വൃദ്ധരോ ആയിക്കോട്ടെ അവരെ വീട്ടിലുള്ളവർ ആരെങ്കിലും നോക്കുകയാണ് പണ്ട് കാലത്ത് പതിവ്. രോഗികളെ ശ്രദ്ധാപൂർവം ശുശ്രുഷിക്കാൻ, അതായതു കെയർ ഗിവിങ്ങിന്  പുറത്തു നിന്നൊരാളെ വയ്ക്കുകയെന്നത്  അത്ര സാധാരണമായിരുന്നില്ല. ഇന്ന് അതൊരു തൊഴിൽ ആയി മാറിയിട്ടുണ്ട്.  ഉപജീവനാർത്ഥം ഈ  ജോലി സ്വീകരിക്കുന്നവർ ഇന്ന് ഏറെയുണ്ട്. അതിനായി പരിശീലനം നൽകുന്ന ഇടങ്ങളുമുണ്ട്.

ഹോം നഴ്‌സ് എന്ന പേരിൽ രോഗിയെ നോക്കാനെത്തുന്നവർ എല്ലാവരും ഇത്തരം പരിശീലനം നേടിയവർ ആകണമെന്നില്ല. പലപല രോഗികളെ നോക്കിയും ആ വീട്ടിലുള്ളവർ പറയുന്നത് പോലെ രോഗിയെ ശ്വശ്രുഷിച്ചും ഇവർ തഴക്കം നേടുന്നു. പ്രവൃത്തി പരിചയം ഏതു ജോലിക്കും അഭികാമ്യമാണല്ലോ. ഒരു നല്ല ഹോം നഴ്‌സിനെ ഒത്തു കിട്ടുക മിക്കപ്പോഴും പ്രയാസമാകും. അവർക്കു കൊടുക്കേണ്ട ശമ്പളം ചിലപ്പോൾ വീട്ടുകാർക്ക് താങ്ങാനാവില്ല. ഇങ്ങനെയൊക്കെയാകുമ്പോൾ   

ചിലപ്പോൾ പുറമെ നിന്ന് ആളെടുക്കാതെ വീട്ടിലെ ഒരംഗം തന്നെ രോഗിയെ പരിചരിക്കുക എന്ന സാഹചര്യം ഉണ്ടാവാറുണ്ട്. മിക്കവാറും പെട്ടെന്ന്, ഓർക്കാപ്പുറത്ത്, അപ്രതീക്ഷിതമായാണ് വീട്ടിൽ ഒരാൾക്ക് ഒരാപത്ത് ഉണ്ടാവുന്നത്. ഒരു ആക്സിഡന്റ് പറ്റി അല്ലെങ്കിൽ മാറാരോഗം പിടിപെട്ട്  ചെറുപ്പമായ  ഒരാൾ കിടപ്പിലാകുക. വയസ്സായ ഒരാൾ ഒരു സ്ട്രോക്ക് അല്ലെങ്കിൽ ഹൃദയാഘാതം സംഭവിച്ച് വീണു പോവുക. അത്തരം അവസരങ്ങളിലാണ് കുടുംബാംഗങ്ങളിൽ ഒരാൾ - അമ്മ, സഹോദരി, ഭാര്യ , മകൾ, മകൻ അല്ലെങ്കിൽ സഹോദരൻ കെയർ ഗിവർ ആയി മാറുന്നത്. രോഗിയെ പല്ലു തേയ്പ്പിക്കുക, കുളിപ്പിക്കുക, കിടക്ക വിരിയും വസ്ത്രങ്ങളും മാറ്റുക, സമയം തോറും ഭക്ഷണം കൊടുക്കുക, മരുന്നുകൾ കൊടുക്കുക, രോഗിയുടെ വിസർജ്ജ്യങ്ങൾ അപ്പപ്പോൾ വൃത്തിയാക്കുക, ഇങ്ങനെ നോക്കിയാൽ രോഗിയെ പരിചരിക്കുന്നയാളെപ്പോഴും ജാഗരൂകരായിരിക്കണം. തളർന്നു പോകും. മടുത്തു പോകും. പക്ഷേ  വേറെ നിവർത്തിയില്ല. ഈ പരിചരണം തുടരുകയേ നിവർത്തിയുള്ളു. ഇതിൽ തന്നെ മുഴുകിപ്പോയാൽ മാനസിക നില തകരാറിലാകും. എന്നാലും രോഗിയെ ഉപേക്ഷിക്കാൻ ആവുകയില്ലല്ലോ. 

ഏതാനും ദിവസങ്ങൾ, മാസങ്ങൾ, ചിലപ്പോൾ വർഷങ്ങൾ തന്നെ കഴിയുമ്പോൾ  ഈ രോഗി രക്ഷപ്പെട്ടേക്കും എന്ന പ്രതീക്ഷ അസ്ഥാനത്താകും. അതൊരു പ്രായം കുറഞ്ഞ രോഗിയാണെങ്കിൽ അയാളെ പരിചരിക്കുന്നയാൾ അമ്മയോ ഭാര്യയോ ആരു തന്നെയായാലും നിസ്സഹായതയിലാണ്ടു പോകും. ഇനി എത്രനാൾ എന്നറിയാതെ കുഴയും. വൃദ്ധരായ അച്ഛനോ അമ്മയോ ആണ് കിടപ്പു രോഗി എങ്കിൽ ഇനി ജീവിതത്തിലേക്കൊരു തിരിച്ചു വരവില്ലെന്നു ഉറപ്പായാൽ പ്രിയപ്പെട്ടൊരാളുടെ അന്ത്യം കാത്തിരിക്കുന്നത് അങ്ങേയറ്റം നിരാശാജനകമാണ്. എന്നാലും ഇതെല്ലാം  അംഗീകരിച്ച് ഒരു സാധാരണ ജീവിതം നയിക്കുക എന്നത് പരിചരിക്കുന്നയാൾക്ക് (അത് വീട്ടിലെ ഒരംഗമാകുമ്പോൾ. പുറത്തു നിന്നുള്ള പരിചാരകരെ  ഇത് ബാധിക്കില്ല.കാരണം അവർ ജോലി ചെയ്യാൻ വരുന്നതാണ്.) ശ്രമസാധ്യമാണ്.

ഇത്രയും ഞാൻ പറഞ്ഞത് എന്റെ സ്വന്തം അനുഭവത്തിൽ നിന്നാണ്. ഒരപകടത്തിനു ശേഷം പത്തു വർഷമായി ഒരു ജീവച്ഛവമായി കിടക്കുന്ന മകന്റെ കെയർ ഗിവറാണ് ഈ അമ്മ. 24 മണിക്കൂറുകൾ x 7ദിവസങ്ങൾ  x 4 ആഴ്ചകൾ x 12 മാസങ്ങൾ x 10 വർഷങ്ങൾ അങ്ങനെ കണക്കുകൂട്ടാനാവുമോ ഒരമ്മയുടെ ദുരിതകാലം? എന്താണ് ഇതിനൊരു പോംവഴി ? രോഗിയെ പരിചരിക്കുന്നതിനൊപ്പം സ്വന്തമായി കുറച്ചു സമയം കണ്ടെത്തുക എന്നത് ഓരോ കെയർ  ഗിവറും മനസ്സിലാക്കേണ്ട ഒരു പ്രധാനകാര്യമാണ്. ഈ പാഠം എന്നെ ബോധ്യപ്പെടുത്താൻ ആദ്യം ശ്രമിച്ചത് എന്റെ മരുമകൻ സജയ് ആണ്. ഇങ്ങനെ പോയാൽ അമ്മ സ്വയം നഷ്ടപ്പെട്ടു പോകും എന്ന് മനസ്സിലായപ്പോൾ, മരിച്ചു ജീവിക്കുന്ന ഒരു ജന്മമായി മാറിയ എന്നെ, ജീവിക്കാൻ അത്യാവശ്യമായ സന്തോഷവും  ആശ്വാസവും ധൈര്യവും നല്കാൻ കഴിയുന്ന വഴികളിലൂടെ എന്നെ നയിക്കാൻ സജയ് യോടൊപ്പം എന്റെ മകൾ രശ്മിയും ശ്രമം തുടങ്ങി. എന്തു തന്നെ സംഭവിച്ചാലും ജീവിതം മുന്നോട്ടു പോയേ തീരൂ. രോഗിയെ പരിചരിക്കുന്നതിനിടയിലും, ഒരുപക്ഷേ  രോഗി എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു പോയതിനു ശേഷവും, ആ രോഗി എത്രപ്രിയപ്പെട്ടൊരാൾ ആണെങ്കിലും ജീവിതം തുടർന്നേ  പറ്റൂ. എന്ന സത്യം എന്നെ മനസ്സിലാക്കിക്കാൻ  അവർക്കു കഴിഞ്ഞു. അങ്ങനെ പതുക്കെ പതുക്കെ ഞാൻ ചിരിക്കാൻ തുടങ്ങി. വീടിനു പുറത്തിറങ്ങി. യാത്രകൾ പോയി, സിനിമകൾ കണ്ടു. നല്ല ഭക്ഷണം ആസ്വദിച്ചു. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിച്ചു.  കഥകളും ലേഖനങ്ങളും വീണ്ടും എഴുതിത്തുടങ്ങി.  മകനെ പരിചരിക്കുന്നതിൽ ഒരു വീഴ്ചയും വരുത്താതെ തന്നെ ഞാൻ എന്റെ താത്പര്യങ്ങളും സംരക്ഷിച്ചു.  

എത്ര വലിയ സങ്കടമാണെങ്കിലും ദിവസങ്ങളും മാസങ്ങളും ഒരു പക്ഷേ  വർഷങ്ങളും കടന്നുപോകുമ്പോൾ നമ്മൾ അതുമായി പൊരുത്തപ്പെടും. ആ സങ്കടം നമ്മുടെ ഉള്ളിൽ തന്നെയുണ്ടാവും. അത് വിടാതെ തന്നെ ജീവിതം തുടരാൻ നമുക്ക്  കഴിയും . ഇത് പ്രിയപ്പെട്ട ഒരു രോഗിയെ പരിചരിക്കുന്ന അടുത്ത ബന്ധുവായ ഓരോരുത്തരും മനസ്സിലാക്കണം.   

Content Summary: Kadhaillayimakal column by Devi J S about caregiving

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA