അടുക്കള വിശേഷം

mokjc-shuttershock-kalyanam
Representative image. Photo Credit: mokjc/Shutterstock.com
SHARE

അടുക്കള  ആരുടേതാണ്? സംശയമേ വേണ്ട. പണ്ടു  പണ്ടേ അടുക്കള സ്ത്രീകൾക്കു സ്വന്തം. നേരം വെളുത്താൽ ഇരുട്ടുന്നതു  വരെ അടുക്കളയിൽ കിടന്ന് പുകയും ചൂടും കരിയുമേറ്റ്, അരയ്ക്കുകയും ഇടിക്കുകയും ആട്ടുകയും ചെയ്ത്, പച്ചക്കറികളും മീനും ഇറച്ചിയുമൊക്കെ കഴുകുകയും അരിയുകയും വേവിക്കുകയും ചെയ്ത്  പെണ്ണുങ്ങൾ വലയും. വിശ്രമമില്ലാത്ത, ശമ്പളമില്ലാത്ത ജോലി. ഇതിനിടയിൽ മുറ്റമടിക്കണം, വീടിനകം അടിച്ചു വാരണം അലക്കണം. ചിലർക്ക് ഇതിനൊക്കെ സഹായികളുണ്ടാവും. അക്കാലത്ത് പണിക്കാരെ കിട്ടാൻ ഇത്രയും പ്രയാസമില്ല. വലിയ ചെലവുമില്ല. 

"ദേവിയമ്മ ഇത് എന്നത്തെ കാര്യമാണ് പറയുന്നത്?" യുവതലമുറ ചോദിക്കുന്നു.

ശരിയാണ്. കാലം മാറി. സ്ത്രീകൾ പഠിക്കാനും പുറത്തു പോയി തൊഴിലെടുക്കാനും തുടങ്ങി.  അടുക്കളയും മാറി. ഗ്യാസ്, മിക്സി, ഫ്രിഡ്ജ്, ഓവൻ എന്നു  വേണ്ട വാഷിംഗ് മെഷീനും, ഡിഷ് വാഷറും. നിന്നു  കൊണ്ട് സ്വിച്ചുകൾ അമർത്തി പെട്ടെന്ന് പണികൾ തീർക്കാം. അപ്പോഴും അടുക്കള സ്ത്രീയുടേതു തന്നെ. അലാറം വച്ച് വെളുപ്പിനേ എഴുന്നേറ്റ് വീട്ടിലുള്ള എല്ലാവർക്കും (അണു കുടുംബമാണെങ്കിൽ ആളുകളുടെ എണ്ണം കുറവായിരിക്കും. അല്ലെങ്കിൽ പറയാനില്ല.) പ്രാതലും ഉച്ചഭക്ഷണവും തയാറാക്കി, ലഞ്ചു ബോക്സ് കൾ പായ്ക്ക് ചെയ്ത്, ഭർത്താവിനെയും മക്കളെയും യാത്രയാക്കി, പിന്നെ സ്വയം കുളിച്ചെന്നും കഴിച്ചെന്നും വരുത്തി, ശരിക്കൊന്ന് ഉടുത്തൊരുങ്ങാൽ പോലും പറ്റാതെ സ്വന്തം ജോലിസ്ഥലത്തേയ്ക്ക് ഓടുന്ന വീട്ടമ്മമാർ നമുക്ക് സുപരിചിതരാണ്. നമ്മളിൽ പലരും അതുപോലെ തന്നെയാണ്.

പക്ഷേ വ്യത്യസ്തരായവർ ഉണ്ട് കേട്ടോ? രണ്ടും മൂന്നും ജോലിക്കാരെ വയ്ക്കാൻ നിവർത്തിയുള്ളവർ നമ്മുടെ ഇടയിലുണ്ട്. വീടും പരിസരവും വൃത്തിയാക്കാൻ ഒരാൾ. കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ ഒരു ആയ. പാചകം ചെയ്യാൻ ഒരു കുക്ക്. എന്താ സുഖം അല്ലേ? തിരക്കുള്ള കമ്പനികളിൽ രാവിലെ മുതൽ രാത്രി വരെ പണിയെടുത്തിട്ട് , പിന്നെ ബസിലോ, കാറിലോ, ടൂ വീലറിലോ ഒരു യാത്രയും കഴിഞ്ഞ്  വീട്ടിലെത്തുന്നവർക്ക് പിന്നെ വീട്ടുജോലി ചെയ്യാൻ പറ്റുകയില്ല. ഇപ്പോഴുള്ള മിക്ക ജോലികളും അങ്ങനെ തന്നെ. ജോലിയോടനുബന്ധിച്ചുള്ള ടെൻഷൻ വേറെ. അവരെ കുറ്റം പറയാനാവില്ല.

"നമ്മൾ ജോലിചെയ്യുന്നതും പണമുണ്ടാക്കുന്നതും നമുക്കു  കൂടി വേണ്ടിയിട്ടല്ലേ? അതിൽ കുറച്ച് നമുക്കായി ചെലവിടുന്നു. അത്രേയുള്ളു." വലിയ സ്ഥാപനത്തിൽ ജോലിയുള്ള, ഒന്നിലധികം സഹായികളുള്ള ഒരു യുവതി എന്നോട് പറഞ്ഞു. കാര്യം ശരിതന്നെയാണ്.

"ഫാമിലി രണ്ടുപേരുടേതും കൂടിയാണ്. തുല്യ പങ്കാളിത്തം എന്ന് പറഞ്ഞാൽ മതിയോ? എല്ലാകാര്യത്തിലും പരസ്പരം സഹായിക്കണം."എന്നു  പറയുന്ന മിടുക്കികളുമുണ്ട്. 

ഭാര്യയും ഭർത്താവും പുറത്തു പോയി അദ്ധ്വാനിക്കുന്നവരാണ്. പഠിപ്പിലും ഔദ്യോഗിക പദവിയിലും ശമ്പളത്തിന്റെ കാര്യത്തിലും ഒരുപോലെ തന്നെ. അതറിഞ്ഞ്   കുടുംബ കാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും വീട്ടുജോലികളും പങ്കിടാൻ ഇന്നത്തെ യുവാക്കളും തയാറാവുന്നുണ്ട്.

"ഞങ്ങൾക്ക് രണ്ടുപേർക്കും സമയത്ത്  ഓഫീസിലെത്തണം. ഭക്ഷണമുണ്ടാക്കലും കുട്ടിയുടെ കാര്യവും ഒക്കെ ചെയ്തു തീർക്കണ്ടേ? ഞാൻ കൂടെ സഹയിക്കും.അല്ലാതെ പറ്റില്ല ദേവിയമ്മേ ?" ഒരു യുവസുഹൃത്തിന്റെ വാക്കുകളാണ്.  ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. വീട്ടിലെ അടുക്കളജോലി മുതൽ, വീട്ടിലേയ്ക്ക് ആവശ്യ മുള്ള സാധനങ്ങൾ വാങ്ങുന്നതും കുട്ടിയുടെ കാര്യങ്ങളും അവർ ഒരുമിച്ചാണ് ചെയ്യുന്നത്. നല്ല കാര്യം.

"ഞാൻ കുക്ക് ചെയ്യാറില്ല. ഇത്രയും പഠിച്ച ഞാൻ മാന്യമായ ഒരു തൊഴിൽ ഉള്ള ഞാൻ അടുക്കളയിൽ വെറുതെ സമയം പാഴാക്കുന്നതെന്തിന്? വേറെ എന്തെല്ലാം എനിക്ക് ചെയ്യാനുണ്ട്. ഞാൻ ഉണ്ടാക്കുന്നതിനേക്കൾ എത്രയോ നന്നായി എന്റെ കുക്ക് ഗൗരി ഉണ്ടാക്കും. നമുക്ക് നല്ല ഭക്ഷണം കഴിച്ചാൽ പോരെ? ഗൃഹനായിക തന്നെ ഉണ്ടാക്കണമെന്ന് എന്താ നിർബന്ധം?"

ഗാഥയുടെ അഭിപ്രായമാണിത്. അവളുടെ ഭർത്താവു രാജുവിനും അതിൽ വിഷമമില്ല. 

"ഒരു ദിവസം ഗൗരി വന്നില്ലെങ്കിൽ ഞാൻ പുറത്തു നിന്ന് ഭക്ഷണം വരുത്തും. എന്തിനാണ് റിസ്ക് എടുക്കുന്നത്? പിന്നെ ഒരു ചെയ്ഞ്ച് കുട്ടികൾക്കും  ഇഷ്ടമാണ്. അതുകൊണ്ട്  ശനി ഞായർ ഒക്കെ ജംഗ് ഫുഡ് തന്നെ" രാജു ചിരിച്ചു കൊണ്ടാണ് പറയുക.

വളരെ യാദൃശ്ചികമായാണ് പ്രായമുള്ളവരും ചെറുപ്പക്കാരുമായ ചില കൂട്ടുകാർ എന്റെ വീട്ടിൽ കൂടിയത്. സംസാരം, ചിരി, ചായ, സ്‌നാക്‌സ് ഒക്കെയായി നല്ല ഒരു മദ്ധ്യാഹ്നം. സൂര്യന് താഴെയുള്ള എന്തും ചർച്ച ചെയ്യാൻ തയാറുള്ള ഒരു ഗാങ് ! സിനിമ, പ്രണയം, സെക്സ്, സാഹിത്യം ഒക്കെ കടന്ന്  ഒടുവിൽ വർത്തമാനം അടുക്കളയിൽ ചെന്നെത്തി. ആ കൂട്ടത്തിൽ വീട്ടു ജോലികൾ എല്ലാം സ്വയം ചെയ്യാൻ ഇഷ്ടപ്പെടുന്നവരുണ്ട്. പാചകം മാത്രമല്ലല്ലോ വീട്ടു ജോലി. ഗാർഹിക അലങ്കാരം മുതൽ ഗാർഡനിങ് വരെ ചെയ്യും. അതിനിടെ പാട്ടോ  ഡാൻസോ  ഒക്കെ പഠിക്കും. ഒപ്പം ഉദ്യോഗത്തിനും പോകും. എന്നെപ്പോലെ ഒരുപാടു വായിക്കുകയും വല്ലപ്പോഴും എഴുതുകയും ഒക്കെ ചെയ്യുന്നവരും കൂട്ടത്തിലുണ്ട്.  ഇവരെയെല്ലാം അത്ഭുത നാരികൾ എന്നാണ് ഞാൻ  പറയുക.

ഇനി മറ്റൊരു കൂട്ടർ. എല്ലാ ജോലികളും ഞാൻ ചെയ്താൽ മാത്രമേ ശരിയാകൂ എന്നു  ധരിച്ച്  വശായവർ. മകൾക്കോ മരുമകൾക്കോ അടുക്കളഭരണം വിട്ടു കൊടുക്കില്ല .  പണിയെടുക്കൽ  ഒരു ബാധയായി മാറിയവർ. അവരെക്കുറിച്ചു പറഞ്ഞിട്ട് കാര്യമില്ല.

"നമുക്ക് കഴിക്കാൻ ഇഷ്ടമുള്ളത് സ്വയം ഉണ്ടാക്കുക, പട്ടിണിയാവരുതല്ലോ. അതു നല്ലകാര്യം തന്നെയാണ്." ഇത് പറയുന്നത് ഒരു  ടീനേജ് കുട്ടിയാണ് .    

"വച്ചു വിളമ്പാൻ ഒരു ജോലിക്കാരി പോരെ? തുണി അലക്കാനും  വീട് വൃത്തിയാക്കാനും ബാത് റൂം  കഴുകാനുമൊക്കെ ജോലിക്കാർ മതി. ഒരു മിച്ചു ജീവിക്കാനും സുഖവും ദുഃഖവും ചുമതലകളും പങ്കിട്ട്  അനുഭവിക്കാനുമല്ലേ വിവാഹിതരാകുന്നത് ?" പാർവതി ഫെമിനിസ്റ്റൊന്നുമല്ല. എന്നാലും അവളുടെ ആദർശം അതാണ്.   

ഒരു പഴയ പാട്ട് മൂളാതിരിക്കാൻ എനിക്കായില്ല. 

സ്വപ്നങ്ങളൊക്കെ പങ്കു വയ്ക്കാം 

ദുഃഖഭാരങ്ങളും പങ്കു വയ്ക്കാം 

ആശതൻ  തേനും നിരാശ തൻ കണ്ണീരും 

ആത്മദാഹങ്ങളും പങ്കു വയ്ക്കാം." ദജഗല

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA