പേശാമയിരുന്തും

Suprabhat Dutta-istock-amma
Representative image. Photo Credit: Suprabhat Dutta/istockphoto.com
SHARE

എന്തും തുറന്നു പറയുന്ന സ്വഭാവമാണ്, വിശാലമായ ചിന്താഗതിയാണ് എന്നൊക്കെ സ്വയം അഭിമാനിക്കുന്നുണ്ടോ? എന്നാൽ കേട്ടോളൂ. തിക്താനുഭവങ്ങൾ ഉണ്ടാകുമ്പോൾ അത്രയ്ക്കങ്ങു തുറക്കണോ, ഇത്രയും വിശാലമാകണോ എന്നൊക്കെ സ്വയം തന്നെ ചോദിച്ചു പോകും. കാരണം നമ്മുടെ തുറന്നു പറച്ചിൽ കേൾവിക്കാർക്ക് ചിലപ്പോൾ രസിച്ചെന്നു വരില്ല. നമ്മളെ പോലെ അത്ര വിശാലമായി മറ്റുള്ളവർ ചിന്തിക്കണമെന്നുമില്ല. ചില സന്ദർഭങ്ങളിൽ 'മൗനം വിദ്വാനു' മാത്രമല്ല  എല്ലാവർക്കും കുറേശ്ശെ ഭൂഷണമാണ് എന്നു  പറയേണ്ടി വരും.

എന്റെ അമ്മയും സഹോദരിമാരും ഞാനും 'റ്റാക്കറ്റിവ്' എന്ന കാറ്റഗറിയിൽ പെട്ടവരാണ്. ധാരാളം സംസാരിക്കും. വാ പൂട്ടിയിരിക്കുന്ന സ്വഭാവമല്ല. എന്നു വച്ച് കുത്തും കോമയുമിടാതെ വാതോരാതെ സംസാരിച്ച്  മറ്റുള്ളവരെ ബോറടിപ്പിക്കാറുമില്ല. അവർ പറയുന്നത് ശ്രദ്ധിക്കുന്ന നല്ല കേൾവിക്കാരുമാണ് ഞങ്ങൾ. വീട്ടിൽ ഒരു അതിഥി വന്നാൽ എന്തെങ്കിലും കുശലം ചോദിക്കണം. അവരുടെ ചോദ്യങ്ങൾക്ക് നേരെ ചൊവ്വേ മറുപടി പറയണം എന്നൊക്കെ കുട്ടിക്കാലം മുതൽക്കേ ശീലിച്ചിട്ടുണ്ട്. എന്റെ വീട്ടിലെ രീതി അതാണ്. എന്നാൽ പരദൂഷണമോ, അഹിതമായ വാക്കുകളോ, തർക്കുത്തരമോ ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല. പ്രസന്നമായ ഭാവം, നല്ല സംസാരം, സ്നേഹപൂർവമുള്ള പെരുമാറ്റം ഇതൊക്കെ  ആരാണ് ഇഷ്ടപ്പെടാത്തത്!

എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലപ്പോൾ അബദ്ധങ്ങൾ പറ്റിപ്പോകും. കാരണം നമ്മുടെ വാക്കുകൾ നമ്മൾ ഉദ്ദേശിക്കുന്ന അർത്ഥത്തിലായിരിക്കില്ല മറ്റൊരാൾ മനസ്സിലാക്കുന്നത്. പറയുന്ന അർത്ഥത്തിലേ എടുക്കാവൂ. വരികൾക്കിടയിൽ വായിച്ച് ദുരർത്ഥങ്ങൾ കണ്ടുപിടിക്കരുത് എന്ന് സ്വയം ഉപദേശിക്കാം. പക്ഷെ അന്യരോടു പറ്റുമോ?

പലതവണ ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെട്ട് വിഷമിച്ചു നിൽക്കേണ്ടി വന്ന സന്ദർഭങ്ങൾ എന്റെ  ജീവിതത്തിലുണ്ടായിട്ടുണ്ട്. 

"വളരെ ഫ്രാങ്കാണ്, ഓപ്പൺ മൈൻഡഡ്‌ ആണ് എന്നൊക്കെ നീ അഭിമാനിക്കുന്നുണ്ടെങ്കിൽ നിനക്ക് തെറ്റി." നവനീത ഒരിക്കൽ എന്നെ ഉപദേശിച്ചു. സങ്കടങ്ങൾ ഞാൻ അവളോടാണ് പറയാറുള്ളത്. വളരെ സൗമ്യമായി,ഒരു തമാശപോലെ ഞാൻ പറഞ്ഞ ചില  വാചകങ്ങൾ ഞാൻ സ്വപ്നേപി വിചാരിക്കാത്ത അർത്ഥമെടുത്ത് ഏറ്റവും അടുപ്പമുള്ളവർ പോലും എന്നെ കുറ്റപ്പെടുത്തുകയും പരിഭവിക്കുകയും ചെയ്തപ്പോൾ നവനീത പറഞ്ഞത് ശരിയാണ് എന്നെനിക്കു ബോധ്യമായി. 

ഉച്ചസമയത്ത് ആര് വീട്ടിൽ വന്നാലും ഊണു കൊടുക്കുക എന്നതാണല്ലോ രീതി.ചിലർ കഴിക്കാതെ പോകും."അയ്യോ വീട്ടിൽ എല്ലാം വച്ചിട്ടാണ് പോന്നത് " എന്ന് പറയുകയും ചെയ്യും. ഒരിക്കൽ ചില   ബന്ധുക്കൾ വന്നപ്പോൾ പതിവ് പോലെ ഞാൻ ക്ഷണിച്ചു ."ഊണ് കഴിക്കാം. സാധാരണ ഭക്ഷണം. വിഭവങ്ങൾ കുറവാണ് . എന്നാലും കഴിക്കാം." അവർ കഴിക്കാൻ നിന്നില്ല. പിന്നെ അവർ പറഞ്ഞതെന്താണെന്നോ? "അവൾ വെറുതെ ഫോർമാലിറ്റിക്കു പറഞ്ഞതാ. തരാൻ   ഉദ്ദേശ മൊന്നുമില്ലായിരുന്നു. നിർബന്ധിച്ചൊന്നു മില്ലല്ലോ."  ഞാൻ അമ്പരന്നു . ഫോർമാലിറ്റിക്കായി ഒന്നും ഞാൻ പറയാറില്ല. പിന്നെ നിർബന്ധിക്കുന്നത് എന്റെ രീതിയല്ല. കൊടുക്കാൻ പറ്റുകയില്ലെങ്കിൽ ഞാൻ മിണ്ടുകയില്ല.  ഉള്ളതു  കൊണ്ട് ഓണം പോലെ എന്നാണ് എന്റെ രീതി. ഇതൊക്കെ മറ്റുള്ളവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്. എന്റെ അമ്മയാണെങ്കിൽ നിർബന്ധിച്ചു കഴിപ്പിച്ചിട്ടേ വിടൂ.  'ചിലർ അങ്ങനെയാണ്. വേണ്ടെന്നേ  പറയൂ..കൊടുത്താൽ കഴിക്കും.നമ്മൾ നിർബ  ന്ധിക്കണം.' എന്റെ അമ്മ പറയാറുണ്ട്. 

എന്റെ ഒരു ബന്ധു വീട്ടിലെ മരുമകൾക്ക്  ഭർത്താവിന്റെ അമ്മയെയും സഹോദരിയെയും പറ്റി  എപ്പോഴും പരാതിയാണ്.   വീട്ടിലെ ഒറ്റ പുത്രനാണ് അവൻ. മാറി താമസിക്കാവുന്ന സാഹചര്യമല്ല. അച്ഛനും അമ്മയുമുണ്ട്. ഒരേ ഒരു ചേച്ചിയെ ഉള്ളൂ. അവൾ അവധിക്കാലത്ത് മക്കളുമായി വരും. കുറച്ചു ദിവസം നിൽക്കും. ''വച്ചു  വിളമ്പി ഞാൻ മടുത്തു . ഏഴെട്ടു പേർക്ക് നാലു നേരം വിളമ്പണ്ടേ?". പരാതി എന്നോടാണ്  വളരെ  സ്നേഹസമ്പന്നമായ നല്ല ഒരു കുടുംബമാണത്. ഞാൻ ആ പെൺകുട്ടിയെ ഉപദേശിച്ചു. 

"ഏക മകനെ വിവാഹം ചെയ്യുമ്പോൾ നിനക്കറിയില്ലായിരുന്നോ? അച്ഛനുമമ്മയും ഉള്ള വീടാകുമ്പോൾ മകൾ വരും, ബന്ധുക്കൾ വരും. നീ ഈ വീട്ടിലെ ഗൃഹനായികയല്ലേ? ചെയ്തേ പറ്റൂ." 

അവൾക്കത് തീരെ പിടിച്ചില്ല. അവൾ ഭർത്താവിനോട് പരാതി പറഞ്ഞു. "അമ്മയുടെയും ചേച്ചിയുടെയും പക്ഷം പിടിച്ച്  ദേവിച്ചേച്ചി എന്നെ കുറ്റം പറഞ്ഞു. "ഞാനവരുടെ അടുത്ത ബന്ധുവാണ്.ഞാൻ ഇടയ്ക്കവിടെ ചെല്ലുന്നതും മരുമകൾക്ക് പിടിക്കാതായി. എന്റെ സദുദ്ദേശം പാഴിലായി. 

നവനീത പറഞ്ഞു. "അടുത്ത തലമുറ വളരെ വ്യത്യസ്തമാണ് ദേവീ. മകൾക്ക്, മരുമകന്, കൊച്ചു മക്കൾക്ക് ഒക്കെ നമ്മൾ എന്ത് പറഞ്ഞാലും ഇഷ്ടമാവില്ല. ഒന്നും ചോദിക്കാൻ പാടില്ല. ഒരഭിപ്രായവും പറയരുത്. ഉപദേശം പോകട്ടെ, തമാശയ്ക്ക് എന്തെങ്കിലും പറഞ്ഞാലും ആർക്കും രസിക്കില്ല."

"അത് മനസ്സിലായാൽ പിന്നെ മിണ്ടാതിരിക്കണം. അവരായി  അവരുടെ പാടായി എന്ന് വിചാരിക്കണം." ഞാൻ നവനീതയെ ഉപദേശിച്ചു. എനിക്കും ഇതൊക്കെ അനുഭവത്തിലൂടെ ബോധ്യപ്പെട്ടിട്ടുള്ളതാണ്.

പേശുന്നതിനെ കുറിച്ച് തമിഴിൽ ചില ചൊല്ലുകൾ ഉണ്ട് . സഭയറിന്തു പേശൂ... സമയമറിന്ത് പേശൂ... മിതമായി പേശൂ. ഇങ്ങനെ കുറെയുണ്ട്. എല്ലാം ഓർമ്മയില്ല. എന്നാലും ആ ചൊല്ലുകൾ എല്ലാം അർത്ഥവത്താണെന്ന് തോന്നാറുണ്ട്. കേൾവിക്കാർ ആരാണെന്ന് മനസ്സിലാക്കിയേ സംസാരം തുടങ്ങാവൂ. അതുപോലെ സമയവും സന്ദർഭവും അവസരവും നോക്കിയേ സംസാരിക്കാവൂ. ഏതു തർക്കവിഷയവും സൗമ്യമായി അവതരിപ്പിക്കാൻ ശ്രമിക്കണം. നമ്മുടെ എല്ലാ വികാര വിചാര വിക്ഷോഭങ്ങളും സംസാരത്തിൽ (ശബ്ദത്തിൽ, വാക്കുകളിൽ, ധ്വനിയിൽ) ഒക്കെ പ്രതിഫലിക്കും എന്നോർക്കുക.

വല്ലാതെ എതിരഭിപ്രായങ്ങൾ ഉണ്ടായാൽ, നമ്മൾ വിശദീകരിച്ചാലും എതിരാളിക്ക് മനസ്സിലാവുകയില്ല എന്ന് ബോധ്യമായാൽ,(ഒരു പക്ഷെ നമ്മുടെ വാദം മനസ്സിലായില്ല എന്നു നടിക്കുന്നതാവാം, അംഗീകരിക്കാൻ  മടിക്കുന്നതാവാം ) പിന്നെ മിണ്ടാതിരിക്കുന്നതാണ് നല്ലത് എന്ന്  എനിക്ക് തോന്നിയിട്ടുണ്ട്. ന്യായം നമ്മുടെ ഭാഗത്താണ് എന്നുറപ്പുണ്ടെങ്കിൽ മൗനം പാലിക്കാം. അവിടെ നമ്മൾ തോൽക്കുകയല്ല. അല്ലെങ്കിൽ തന്നെ ഇതിലൊക്കെ എന്ത് ജയം എന്ത് തോൽവി.

'പേശാമയിരുന്തും പഴകൂ' - തമിഴ് ചൊല്ലുകളിൽ ഏറ്റവും ഉത്തമമായിട്ടുള്ളത് ഇതാണ്. ചിലപ്പോഴെങ്കിലും ഒന്നും മിണ്ടാതെ ഇരിക്കാൻ നമ്മൾ ശീലിക്കണം. (വടി കൊടുത്ത് അടി വാങ്ങുന്നതെന്തിന്?)   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS