ജി.ആർ. മണി എന്ന ഡീപ് ത്രോട്ട്

HIGHLIGHTS
  • വാട്ടർഗേറ്റ് സംഭവത്തിൽ വിവരങ്ങൾ നൽകിയാളെ ഡീപ് ത്രോട്ട് എന്നാണ് വിശേഷിപ്പിച്ചിരുന്നത്
  • കേരള വിദ്യാഭ്യാസ ചട്ടങ്ങൾ വ്യഖ്യാനിച്ച് തെറ്റില്ലാതെ ഒരു നോട്ട് എഴുതാൻ മണിക്കേ കഴിഞ്ഞിരുന്നുള്ളൂ
kerala-politician-k-chandrasekharan
കെ. ചന്ദ്രശേഖരൻ
SHARE

പത്രപ്രവർത്തകനെ സംബന്ധിച്ച് അവന്റെ ജീവശ്വാസമാണ് സോഴ്സ് അഥവാ വാർത്താ ഉറവിടം. സുപ്രധാന സംഭവങ്ങൾ സംബന്ധിച്ച് സൂചനകളോ വിവരങ്ങളോ രഹസ്യമായി തരുന്നവരാണ് സോഴ്സ്. സോഴ്സിനെ സംബന്ധിക്കുന്ന വിവരങ്ങൾ എന്തു വില കൊടുത്തും രഹസ്യമാക്കി വയ്ക്കുക എന്നത് പതപ്രവർത്തനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നാണ്. കോളിളക്കം സൃഷ്ടിച്ച വാട്ടർഗേറ്റ് സംഭവത്തിൽ വിവരങ്ങൾ നൽകിയാളെ ഡീപ് ത്രോട്ട് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. വാഷിങ്‌ടൻ പോസ്റ്റിന്റെ രണ്ടു റിപ്പോർട്ടർമാർക്ക് താനാണ് വിവരങ്ങൾ ചോർത്തി നൽകിയിരുന്നതെന്നു ഡീപ് ത്രോട്ടിന്റെ ഉടമ മാർക്ക് ഫെൽറ്റ് വെളിപ്പെടുത്തിയതു തൊണ്ണൂറ്റിയൊന്നാം വയസ്സിലാണ്. അന്വേഷണാത്മക പത്രപ്രവർത്തകരുടെയെല്ലാം ജീവിതത്തിൽ ഇത്തരം ഡീപ് ത്രോട്ടുകൾ ഉണ്ടാവും. എന്നാൽ കാലം കഴിയുമ്പോൾ ചില ഡീപ് ത്രോട്ടുകളെ രഹസ്യമാക്കി വയ്ക്കേണ്ട സാഹചര്യം ഇല്ലാതാവും. അപ്പോൾ അത് കൗതുകകരവും വിജ്ഞാനപ്രദവുമാകും.

thalakkuri-column-news-john-mundakayam-g-r-mani
ജി.ആർ. മണി

ചില കൊച്ചുകൊച്ച് സ്കൂപ്പുകൾ സെക്രട്ടേറിയറ്റിൽനിന്നു നൽകിയ ഒരു ഡീപ് ത്രോട്ടിന്റെ കഥ പറയാനാണ് ഈ ആമുഖം. 87- 91 ലെ നായനാർ സർക്കാരിന്റെ കാലം. അക്കാലത്ത് വിദ്യാഭ്യാസമന്ത്രി എടുത്ത ചില സുപ്രധാന തീരുമാനങ്ങൾ സ്കൂപ്പായി മനോരമയ്ക്ക് നേരത്തേ കൊടുക്കാൻ കഴിഞ്ഞു. ജനതാദൾ നേതാവ് കെ. ചന്ദ്രശേഖരനാണു വിദ്യാഭ്യാസ മന്ത്രി. എന്തോ അഡ്മിഷൻ പ്രശ്നത്തെച്ചൊല്ലി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളോട് കടുത്ത വിദ്വേഷമുണ്ട് ചന്ദ്രശേഖരന്.

തൊട്ടുമുമ്പത്തെ യുഡിഎഫ് സർക്കാരിന്റെ അവസാന നാളുകളിൽ 91 അൺഎയ്ഡഡ് സ്കൂളുകൾക്കു നൽകിയ അനുമതി റദ്ദാക്കി ചന്ദ്രശേഖരൻ ആദ്യ വെടിപൊട്ടിച്ചു. കേന്ദ്ര സിലബസിൽ പ്രവർത്തിച്ചിരുന്ന അൺ എയ്ഡഡ് സ്കൂളുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ നൽകുന്ന ഒരു പെർമിറ്റുണ്ട്. ആ പെർമിറ്റ് റദ്ദാക്കിക്കൊണ്ടുള്ളതായിരുന്നു അടുത്ത ബോംബ്. മന്ത്രി ലക്ഷ്യം വച്ചത് തിരുവനന്തപുരത്തെ പ്രശസ്ത ഗേൾസ് സ്കൂളായ ഹോളി ഏയ്ഞ്ചൽസ് ഉൾപ്പെടെ, ചില ഉന്നതരുടെ മക്കൾ പഠിക്കുന്ന സ്കൂളുകളെ. വാർത്ത വന്നതോടെ ഉത്തരവിനെതിരെ കടുത്ത പ്രതിഷേധമുയർന്നു. ഏറ്റവും ശക്തമായി മുഖപ്രസംഗമെഴുതി രംഗത്തുവന്ന പത്രം കേരള ‌കൗമുദിയായിരുന്നു. അതു മന്ത്രിയെ ഞെട്ടിച്ചു. ഒടുവിൽ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കി മന്ത്രി ഉത്തരവു റദ്ദാക്കി.

സർക്കാർ ഉത്തരവ് ഇറങ്ങുംമുമ്പ് മനോരമയിൽ വാർത്ത വരുന്നത് മന്ത്രിയെ ചൊടിപ്പിച്ചു. മന്ത്രിയുമായി നല്ല ബന്ധമായിരുന്നെങ്കിലും വാർത്ത ചോർത്തുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഓരോ തവണയും കാണുമ്പോൾ മന്ത്രി പറയും. ‘നിങ്ങൾക്ക് വാർത്ത തരുന്ന ആളെ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അയാൾ നാളെ മുതൽ ആ കസേരയിൽ കാണില്ല.’ കുറച്ചു ദിവസം കഴിഞ്ഞ് മറ്റൊരു വാർത്ത വരും. മന്ത്രി വീണ്ടും ക്ഷുഭിതനാകും. വീണ്ടും വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ കൂടി കസേര മാറും. ഇങ്ങനെ പലരെ മാറ്റിമാറ്റിക്കൊണ്ടിരുന്നെങ്കിലും സ്കൂപ്പുകളും വന്നുകൊണ്ടിരുന്നു. മന്ത്രി ചന്ദ്രശേഖരൻ ഇങ്ങനെ ഇറക്കിയ ചില ഉത്തരവുകൾ മഷി ഉണങ്ങും മുമ്പ് പിൻവലിക്കേണ്ടിയും വന്നു. പലതും ചട്ടവിരുദ്ധവുമായിരുന്നു.

എനിക്കു വാർത്ത തന്നിരുന്നത് അന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ ഒരു അണ്ടർ സെക്രട്ടറിയാണ്. ജി.ആർ. മണി എന്ന, സ്ഥാപിത താൽപര്യങ്ങളില്ലാത്ത ആ ഉദ്യാഗസ്ഥനെ മന്ത്രി ഉൾപ്പെടെ ആരും സംശയിച്ചില്ല. രാഷ്ട്രീയ ലക്ഷ്യമുള്ള സംഘടനാ പ്രവർത്തകരെയാണ് അദ്ദേഹം സംശയിച്ചതും മാറ്റിയതും. സാധാരണ, വാർത്തകൾ ചോർത്തിത്തരിക അവരാണ്. അതുകൊണ്ടുതന്നെ ഭരണം മാറുമ്പോൾ എതിർ സംഘടനയിൽ പെട്ടവരെ സുപ്രധാന ഫയലുകൾ കൈകാര്യ ചെയ്യുന്ന പദവികളിൽനിന്നു ഭരിക്കുന്ന സർക്കാർ മാറ്റിയിരിക്കും. മണി സെക്രട്ടറിയേറ്റിലെ ഏതെങ്കിലും സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നില്ല. കെഇആർ ചട്ടങ്ങളിൽ വിദഗ്ധൻ എന്ന നിലയിൽ മന്ത്രിക്കു പ്രിയപ്പെട്ടവൻ, സത്യസന്ധൻ. അതേസമയം അനീതിയോടു സന്ധിചെയ്യുകയുമില്ല. മണിയെ സംശയിക്കാതിരിക്കാൻ ഇതാണു കാരണം.

സെക്രട്ടേറിയറ്റിൽ ഓൾഡ് ബ്ലോക്കിന്റെ രണ്ടാം നിലയിൽ ഒരു മൂലയിൽ ഒതുങ്ങിയിരുന്നിരുന്ന മണിയുടെ കാബിനിലേക്ക് ഒരു സംശയം ചോദിക്കാനെന്ന മട്ടിൽ ഒരിക്കൽ കയറിച്ചെന്നു ചങ്ങാത്തം കൂടിയ ഞാൻ അവിടെ നിത്യസന്ദർശകനായി. താരതമ്യേന ജൂനിയറായ എന്നെ ആരും ശ്രദ്ധിച്ചുമില്ല. വാർത്തയ്ക്കായാണ് സംസാരിക്കുന്നതെന്ന് മണിക്കറിയില്ലായിരുന്നു. സൗഹൃദ സംഭാഷണത്തിനിടയിൽ മണിമണി പോലെ പറയുന്ന കാര്യങ്ങൾ ഓർമയിൽ കുറിച്ചു വയ്ക്കും. പിന്നീടാണ് എഴുതുക. മറ്റുള്ളവരുമായി അധികം ഇടപഴകാത്തതിനാൽ അത് മനോരമയിൽ വാർത്തയാകുന്നതും മണി അറിഞ്ഞിരുന്നില്ല എന്നെനിക്കു തോന്നി. കാരണം പത്രത്തിൽ വാർത്ത കണ്ടതിനെക്കുറിച്ച് മണി ഒരിക്കലും എന്നോടു ചോദിച്ചില്ല. മണി മനോരമ പത്രം വായിക്കുന്നില്ല എന്നു തന്നെ ഞാൻ വിശ്വസിച്ചു. അദ്ദേഹം വീട്ടിൽ ഹിന്ദുവാണ് വരുത്തിയിരുന്നതെന്ന് ഒരിക്കൽ പറഞ്ഞിരുന്നു..

thalakkuri-column-news-john-mundakayam-paper-cutting

നായനാർ സർക്കാർ മാറി കരുണാകരൻ സർക്കാർ വന്നപ്പോഴും ജി.ആർ. മണി വിദ്യാഭ്യാസവകുപ്പിൽത്തന്നെ തുടർന്നു. ഇതിനിടെ അണ്ടർ സെക്രട്ടറിയായ മണി ഡപ്യൂട്ടി സെക്രട്ടറിയായി എന്ന മാറ്റം മാത്രം. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ വ്യഖ്യാനിച്ച് തെറ്റില്ലാതെ ഒരു നോട്ട് എഴുതാൻ മണിക്കേ കഴിഞ്ഞിരുന്നുള്ളൂ എന്നതുകൊണ്ട് എല്ലാ വിദ്യാഭ്യാസ മന്ത്രിമാർക്കും മണി വേണം. സുപ്രധാന ഫയലുകളെല്ലാം മണി കണ്ടാണ് മന്ത്രിക്കു പോയിരുന്നത് എന്നതിനാൽ അപ്പോഴും എനിക്ക് വാർത്ത കിട്ടിക്കൊണ്ടിരുന്നു.

കരുണാകരൻ സർക്കാരിന്റെ കാലത്ത് ലാഭകരമല്ലാത്ത സ്കൂളുകൾ നിർത്തലാക്കാനുള്ള തീരുമാനം വലിയ ഒച്ചപ്പാടുണ്ടാക്കിയ വാർത്തയായിരുന്നു. പട്ടം താണുപിള്ള മുതൽ പനമ്പിള്ളി വരെ പഠിച്ച സുപ്രധാന സർക്കാർ സ്കൂളുകൾ ലാഭകരമല്ല എന്ന കാരണത്താൽ നിർത്തുന്നതിൽ മണി രോഷം കൊണ്ടപ്പോൾ ആ വരികൾക്കിടയിൽ വലിയൊരു വാർത്തയുണ്ടായിരുന്നു. വാർത്തയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചു. അധ്യാപക അവാർഡിന്റെ മറവിൽ ഏതാനും അധ്യാപകരുടെ സർവീസ് നീട്ടാനുള്ള ഒരു അധ്യാപക സംഘടനയുടെ നീക്കത്തിനെതിരെയും മണി ധാർമികരോഷം കൊണ്ടപ്പോൾ അതിലും വാർത്ത കണ്ടു.

റിട്ടയർമെന്റിനു ശേഷവും മണിയുമായുള്ള ബന്ധം മുറിഞ്ഞില്ല. അനീതിക്കെതിരായ മണിയുടെ ധാർമികരോഷം കത്തുകളായി എനിക്ക് എത്തിക്കൊണ്ടിരുന്നു. കാൽ നൂറ്റാണ്ടിലേറെയായി പോസ്റ്റ് കാർഡിലാണ് അതു വരിക. ചിലതൊക്കെ പ്രസിദ്ധീകരിച്ചു പ്രസിദ്ധീകരിക്കാത്തവയെക്കുറിച്ച് മണി ഒരിക്കൽ പോലും എന്നെ വിളിച്ചു ചോദിച്ചില്ല.

എന്റെ ഡീപ് ത്രോട്ടായ മണിയെക്കുറിച്ച് എഴുതുമ്പോൾ മണിയോടു കൂടി ചോദിക്കണമല്ലോ? വട്ടിയൂർക്കാവിൽ സ്വസ്ഥമായി റിട്ടയർമെന്റ് ജീവിതം നയിക്കുന്ന മണിയെ കഴിഞ്ഞ ദിവസം ഞാൻ ഫോണിൽ വിളിച്ചു. പഴയ കഥകളല്ലേ, എഴുതുന്നതിൽ മണിക്കു വിരോധമില്ല. എന്നാൽ മണി സൂക്ഷിച്ചുവച്ച ഒരു സ്കൂപ്പ് അപ്പോഴാണ് എന്റെ മുന്നിൽ വീണത്. ഞാൻ മനോരമയിൽ എഴുതിയതൊക്കെ മണി അറിയുന്നില്ലായിരുന്നു എന്ന എന്റെ ധാരണയെ മണി തിരുത്തി. മണിയെല്ലാം അറിയുന്നുണ്ടായിരുന്നു. ആരും കാണാതെ സെക്രട്ടേറിയേറ്റ് ലൈബ്രറിയിൽ പോയി മനോരമ നോക്കുമായിരുന്നു. അതു പറയാതിരുന്നത് ആർക്കും സംശയം തോന്നാതിരിക്കാൻ. ഞാൻ മണിയെ മനസ്സു കൊണ്ടു നമിച്ചു. മന്ത്രി കെ. ചന്ദ്രശേഖരൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതുപറഞ്ഞ മണിയെ നമിച്ചേനേ.

Content Summary : Thalakkuri Column by John Mundakkayam - Deep Throat G. R. Mani

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.