കോവിഡ് വന്നവരിലേറെയും 60 വയസ്സിനു താഴെയുള്ളവർ!

Man-1
SHARE

‘വയോജനങ്ങൾ വീട്ടിൽ സുരക്ഷിതരായിരിക്കണ’മെന്ന സർക്കാരിന്റെ പരസ്യവാചകം മുതിർന്ന പൗരന്മാരിലുണ്ടാക്കുന്ന അങ്കലാപ്പ് ചെറുതൊന്നുമല്ല. കോവിഡ് എന്ന ഭൂതം തങ്ങളെ എപ്പോഴാണു വന്നു പിടികൂടുക എന്ന ബേജാറിലാണവർ. ചെറിയൊരു ജലദോഷം വരുമ്പോഴേക്കും അവർ വല്ലാതെ തളർന്നുപോകുന്നു. പിന്നാലെ ഒരുതരം വിമ്മിഷ്ടം, മരിച്ചുപോകുമോയെന്ന ആധി!

ആധി വന്നാൽ ശരിക്കു ശ്വാസമെടുക്കാനാവില്ല. അതോടെ, ശരീരത്തിലെ ഓക്സിജന്റെ അളവു കുറയുന്നു. പകരം കാർബൺ ഡയോക്സൈഡ് കൂടുന്നു. ഇടയ്ക്കിടെ ദീർഘശ്വാസം വലിക്കുന്നു. മാനസിക സമ്മർദവും കൂടുന്നു. വിമ്മിഷ്ടം കലശലാകുന്നു. ആശുപത്രിയിലെത്തുന്നു. പരിശോധനയിൽ കോവിഡ് പോസിറ്റീവ്. അതുകൂടി അറിയുന്നതോടെ ഒരു ആന്തൽ! കോവിഡിന്റെ പേരിൽ ഓരോ സീനിയർ സിറ്റിസണിനും അങ്ങനെ നാം എല്ലാവരും ചേർന്ന് അന്ത്യയാത്രയൊരുക്കുന്നു.

കടുത്ത പനിയും നിർത്താതെയുള്ള ചുമയും ശ്വാസതടസ്സവും ആർക്കുണ്ടായാലും ചികിത്സ അനിവാര്യമാണ്. എന്നാൽ, മഴക്കാലത്ത് ഒരു ജലദോഷത്തിന്റെ പേരിൽ കോവിഡ് ടെസ്റ്റ് നടത്തിയാൽ ഏതു പ്രായക്കാർക്കും മിക്കവാറും പോസിറ്റീവാകും. അതേസമയം ജലദോഷം മാത്രമാണെങ്കിൽ വീട്ടിലിരുന്ന് ആവി പിടിക്കുകയും ചൂടുള്ള കട്ടൻകാപ്പിയും ചെറുനാരങ്ങയിട്ട ചൂടുവെള്ളവും കുടിക്കുകയും ചെയ്താൽ ആ ജലദോഷം മാറിയെന്നിരിക്കും. കാരണം ഏതാണ്ട് 80 ശതമാനം പേർക്കും രോഗപ്രതിരോധ ശക്തിയുണ്ട്. കോവിഡ് വന്നുപോയാലും പലപ്പോഴും അവർതന്നെ അറിയുന്നതേയില്ല. പക്ഷേ, 20 ശതമാനം പേർക്കു പ്രതിരോധശക്തി കുറവാകും. എന്നാൽ ഇവരിൽ 2 ശതമാനം പേർക്കു കോവിഡ് ഗുരുതരമാകും. അവർക്കാണു നല്ല പനിയും കടുത്ത ചുമയും കനത്ത ശ്വാസം മുട്ടലുമുണ്ടാകുന്നത്. അവർക്ക് വിദഗ്ധ ചികിത്സ കിട്ടിയേ പറ്റൂ.

നമ്മുടെ ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ചു 4542 പേർക്കു രോഗം വന്നതിൽ സീനിയർ സിറ്റിസൺസ് 274 പേർ മാത്രം! ബാക്കി 4268 പേരും 60 വയസ്സിനു താഴെയുള്ളവരാണെന്ന് അറിയുക. 30 – 39 വയസ്സിന് ഇടയിൽമാത്രം 1180 കോറോണ രോഗികളുണ്ടായിരുന്നു. 20 – 29 ഇടയിലുള്ളവർ 1168 പേരും! അതെ സാർ, 50 വയസ്സുവരെ പ്രായമുള്ളവരിൽ 3657 കൊറോണ രോഗികളെ കണ്ടെത്തി.

ഇതു സർക്കാരിന്റെ കണക്ക്. പിന്നെന്തിനു സീനിയർ സിറ്റിസൺമാരെ മാത്രം സർക്കാർ പേടിപ്പിക്കുന്നു? സത്യത്തിൽ, മുതിർന്ന പൗരന്മാർ രോഗപ്രതിരോധ ശക്തി കൂട്ടാൻ ശരിക്കും അധ്വാനിക്കുന്നവരാണ്. വയോജനങ്ങളിൽ നല്ലൊരു പങ്കും നിത്യേന പ്രഭാതനടത്തവും വ്യായാമവും യോഗയും മുടക്കാത്തവരാണ്. ആരോഗ്യം കളയുന്ന ഒരു പരിപാടിക്കും അവരില്ല. നല്ലൊരു വിഭാഗം വയോജനങ്ങൾക്കും ഒരു അച്ചടക്കവുമില്ലാതെ േതരാപാരാ നടക്കുന്ന ചെറുപ്പക്കാരെക്കാൾ രോഗപ്രതിരോധശക്തി കൂടുതലുമാണ്. അതേസമയം കാലപ്പഴക്കംമൂലം തങ്ങളുടെ അവയവങ്ങൾക്കു പ്രശ്നങ്ങളുണ്ടെന്ന് അറിയാവുന്നതുകൊണ്ട് അവർ കഴിയുന്നതും സൂക്ഷിച്ചും കണ്ടുമാണു കാര്യങ്ങൾ ചെയ്യുന്നത്. കിഡ്നി, കാൻസർ തുടങ്ങിയ രോഗമുള്ള പ്രായമുള്ളവരാകട്ടെ, കോവിഡ് വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ ഊന്നുന്നുമുണ്ട്. പക്ഷേ, ഇതൊന്നും നോക്കാതെ വയോജനങ്ങളെ വീട്ടുതടങ്കലിലാക്കാനാണു കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നത്. അതാണു പ്രതിഷേധാർഹം. 

മാത്രമല്ല, മറ്റൊരു അനീതി കൂടിയുണ്ട്: മുഖ്യമന്ത്രിയും ആരോഗ്യപ്രവർത്തകരും പുറത്തുവിടുന്ന കണക്കനുസരിച്ചു പ്രവാസികൾക്കാണു കൂടുതൽ കോവിഡ് പോസിറ്റീവ്. വിമാനം ഇറങ്ങുന്ന പ്രവാസികളെയും മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവരെയും മാത്രമാണു കോവിഡ് ടെസ്റ്റിനു വിധേയമാക്കുന്നത്. അതാണു മുഖ്യമന്ത്രി 6 മണി ഷോയിൽ വിവരിക്കുന്നത്. ഹോട്ട്സ്പോട്ടുകളും ട്രിപ്പിൾ ലോക്കിട്ടു പൂട്ടിയ ഇടങ്ങളും പ്രവാസികളെ ചെയ്യുന്നതുപോലെ കോവിഡ് ടെസ്റ്റ് ചെയ്താൽ കിട്ടുന്നതു ഞെട്ടിക്കുന്ന കണക്കുകളാകും. നമുക്കതിനുള്ള കിറ്റുകളുമില്ല, അതു വാങ്ങാനുള്ള പണവുമില്ല. അതൊക്കെ ജനത്തിനും അറിയാം. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കൈകൾ കഴുകിയും സൂക്ഷിച്ചു ജീവിക്കുക മാത്രമേ തരമുള്ളൂവെന്ന് ആർക്കാണ് അറിയാത്തത്?

ഇതിനിടയിൽ ഓഗസ്റ്റ് 15നു കോവി‍ഡിനു വാക്സിൻ കണ്ടെത്തി എന്ന മേനി പറച്ചിലിനാണു മോദിജി ഒരുങ്ങുന്നത്. ഒരു വാക്സിൻ വേണ്ടത്ര പരീക്ഷണ–നിരീക്ഷണം നടത്താതെ പ്രയോഗിച്ചാലുള്ള ഭവിഷ്യത്തുകളെപ്പറ്റി പല ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഇപ്പോഴേ ആശങ്കയിലാണ്. കോവിഡിന്റെ പേരിൽ നടത്തുന്ന രാഷ്ട്രീയ കളികൾ ആരു നടത്തിയാലും ജനം അതു തിരിച്ചറിയും. അതോടൊപ്പം പ്രായമായവർക്കു മാത്രമാണു കോവിഡ് വരികയെന്ന പ്രചാരണംവഴി 50 ലക്ഷം വയോജനങ്ങളാണു കേരളത്തിൽ വീട്ടുതടങ്കലിലുള്ളതെന്ന കാര്യവും ആരും മറന്നുപോകേണ്ട. ബന്ധനം കാഞ്ചന കൂട്ടിലായാലും അതു ബന്ധനംതന്നെയെന്ന കവിശകലമാണ് അവരുടെയെല്ലാം ചുണ്ടുകളിലുള്ളതെന്ന് അധികാരികളും ഓർക്കുക.

ഇതോടൊപ്പം ഒരു ചാർട്ടുണ്ട്. ജൂലൈ 5 വരെ കോവിഡ് വന്നവരുടെ കണക്കുകൂടി നോക്കാം.

article

English Summary: Impact of Covid‐19 pandemic on elderly mental health

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.