Premium

വിമാനം റാഞ്ചുന്ന ഏകാധിപതി

HIGHLIGHTS
  • ബെലാറസിനെതിരെ പാശ്ചാത്യ വ്യോമനിരോധനം
  • പ്രസിഡന്‍റ് ലുകഷെന്‍കോ വീണ്ടും പ്രതിക്കൂട്ടില്‍
BELARUS-OPPOSITION-POLITICS-AVIATION
A Belarusian dog handler checks luggages off a Ryanair Boeing 737-8AS (flight number FR4978) parked on M International Airport's apron in Minsk, on May 23, 2021. Photo Credit : AFP
SHARE

ബെലാറസിലെ പ്രസിഡന്‍റ് അലക്സാന്‍ഡര്‍ ലുകഷെന്‍കോ അധികാരം നിലനിര്‍ത്താനായി എന്തും ചെയ്യാന്‍ മടിക്കാത്ത ആളാണെന്നത് നേരത്തെതന്നെ കുപ്രസിദ്ധമാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച (മേയ് 23) അദ്ദേഹം അതിനൊരു പുതിയ അടിവര ചേര്‍ത്തു. തന്നെ വിമര്‍ശിച്ചുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനെ പിടികൂടാന്‍ ഒരു വിമാനം റാഞ്ചി-നേരിട്ടല്ലെന്നുമാത്രം.

വിമാനത്തിലെ 126 യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുമായിരുന്ന ഈ സംഭവം വ്യോമഗതാഗത രംഗത്തു ഞെട്ടലുണ്ടാക്കിയതു സ്വാഭാവികം. ഉടന്‍തന്നെ തിരിച്ചടിയുമുണ്ടായി. ബെലാറസിന്‍റെ വ്യോമാതിര്‍ത്തിയും അവരുടെ വിമാനങ്ങളും രാജ്യാന്തര ബഹിഷ്ക്കരണം നേരിടുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ 27 അംഗ യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും അമേരിക്കയും ബെലാറസിനെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു.  

BELARUS-OPPOSITION-POLITICS-AVIATION
Belarusian activist Roman Protasevich. Photo Credit: AFP

മുന്‍പ് സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന വിശാലമായ ഈ കിഴക്കന്‍ യൂറോപ്യന്‍ രാജ്യം (രണ്ടു ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റര്‍) 27 വര്‍ഷമായി അടക്കി ഭരിക്കുകയാണ് ലുകഷെന്‍കോ. 'യൂറോപ്പിലെ അവസാനത്തെ ഏകാധിപതി' എന്നറിയപ്പെടുന്നു.  എങ്കിലും അദ്ദേഹം സ്ഥാനമൊഴിയണമെന്നും സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള മുറവിളിയുമായി ഒന്‍പതു മാസമായി ബഹുജന പ്രക്ഷോഭം നടന്നുവരുന്നു. അതിനെ സര്‍വശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതില്‍ മുഴുകിയിരിക്കുകയുമാണ് ഈ അറുപത്താറുകാരന്‍. 

ഒട്ടേറെ പേര്‍ ജയിലിലാവുകയും കഠിനമായി പീഢിപ്പിക്കപ്പെടുകയും ചെയ്തു. മറ്റു പലരും അറസറ്റില്‍നിന്നു രക്ഷപ്പെടാനായി വിദേശരാജ്യങ്ങളില്‍, വിശേഷിച്ച് അയല്‍ രാജങ്ങളായ ലിത്വാനിയയിലും പോളണ്ടിലും അഭയം പ്രാപിച്ചു. അവരില്‍ ഒരാളായിരുന്നു പ്രക്ഷോഭം ഏകോപിപ്പിക്കുന്നതില്‍ കാര്യമായ പങ്കു വഹിച്ചിരുന്ന ഓണ്‍ലൈന്‍ ജേണലിസ്റ്റ് റോമന്‍ പ്രോട്ടസേവിച്ച് (26). അദ്ദേഹം സഞ്ചരിക്കുകയായിരുന്ന വിമാനമാണ് റാഞ്ചപ്പെട്ടത്. 

ഇക്കഴിഞ്ഞ ഞായറാഴ്ച റയാന്‍എയര്‍ എന്ന ഐറിഷ് യാത്രാവിമാനത്തില്‍ ഗ്രീസിലെ ആതന്‍സില്‍നിന്നു ലിത്വാനിയയിലെ വില്‍നിയസിലേക്കു മടങ്ങുകയായിരുന്നു പ്രോട്ടസേവിച്ച്. ബെലാറസിന്‍റെ മുകളിലൂടെ പറക്കുകയായിരുന്ന വിമാനം ലിത്വാനിയയുടെ അതിര്‍ത്തിയിലേക്കു  കടക്കാന്‍ ഒരുങ്ങുമ്പോള്‍ ബെലാറസിന്‍റെ തലസ്ഥാനമായ മിന്‍സ്ക്കിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്നു പൈലറ്റിന് അടിയന്തര സന്ദേശം കിട്ടി. 

വിമാനത്തില്‍ ബോബുള്ളതായി വിവരം ലഭിച്ചുവെന്നും അതിനാല്‍ വില്‍നിയസിലേക്കു പോകാതെ വിമാനം മിന്‍സ്ക്കിലേക്കു തിരിക്കണമെന്നുമായിരുന്നു നിര്‍ദേശം.  വില്‍നിയസിനേക്കാള്‍ അധികമായിരുന്നു അപ്പോള്‍ മിന്‍സ്ക്കിലേക്കുള്ള ദൂരം. നിര്‍ദേശം പൈലറ്റ് അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ബെലാറസിന്‍റെ റഷ്യന്‍ നിര്‍മിത മിഗ്-29 പോര്‍ വിമാനങ്ങള്‍ റയാന്‍എയര്‍ വിമാനത്തിന് ഒപ്പം പറക്കുകയും ചെയ്തു. 

BELARUS-POLITICS-AVIATION
Belarusian President Alexander Lukashenko speaks during his meeting with parliamentarians, members of Constitutional Commission and representatives of public administration bodies in Minsk on May 26, 2021. Photo Credit : Maxin Guchek / AFP

വിവരമറിഞ്ഞപ്പോള്‍ പ്രോട്ടസേവിച്ച് പരിഭ്രാന്തനായെന്നും തന്നെ പിടികൂടി കൊല്ലാന്‍ കൊണ്ടുപോവുകയാണെന്നു പറഞ്ഞുവെന്നും അടുത്തിരുന്ന യാത്രക്കാര്‍ പറയുന്നു. തന്‍റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും അദ്ദേഹം കൂടെയുണ്ടായിരുന്ന റഷ്യന്‍ യുവതി സോഫിയ സപേഗയ്ക്കു കൈമാറുകയും ചെയ്തുവത്രേ. വിമാനത്തില്‍ബോംബൊന്നും ഉണ്ടായിരുന്നില്ല. ഏഴു മണിക്കൂറിനുശേഷം വിമാനം യാത്ര പുനരാരംഭിക്കുന്നതിനു മുന്‍പ് മിന്‍സ്ക്ക് വിമാനത്താവളത്തില്‍ പ്രോട്ടസെവിച്ചും വനിതാ സുഹൃത്തും അറസ്റ്റിലാവുകയും ചെയ്തു. 

രാജ്യത്തിനെതിരെ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നതാണ് പ്രോട്ടസേവിച്ചിന്‍റെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റം. വധശിക്ഷവരെ കിട്ടാവുന്ന കുറ്റമാണ്. ബെലാറസാണെങ്കില്‍ യൂറോപ്പില്‍ വധശിക്ഷ നിലനില്‍ക്കുന്ന ഒരേയൊരു രാജ്യവും. 

പ്രോട്ടസേവിച്ചിനെ പിടികൂടാനായി വിമാനം റാഞ്ചാന്‍ ഉത്തരവിട്ടത് ലുകഷെന്‍കോ തന്നെയാണെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്ര ഭീകരത എന്നാണ് യൂറോപ്യന്‍ യൂണിയനും (ഇയു) അമേരിക്കയും ഇതിനെ മുദ്രകുത്തിയത്. വിമാന റാഞ്ചലിന്‍റെ ചരിത്രത്തില്‍ ഇതുപൊലൊരു സംഭവം മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല. 

POLAND-BELARUS-POLITICS-UNREST-PROTASEVICH-DEMO
Belarusians living in Poland and Poles supporting them hold up a placard reading 'Freedom to Roman Protasevich' during a demonstration in front of the European Commission office in Warsaw on May 24, 2021, demanding freedom for Belarus opposition activist Roman Protasevich. Photo Credit : Wojtek Radwanski / AFP

യാത്രക്കാരില്‍ അധികപേരും ഇയു രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു. തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ പറക്കുന്നതിനു ബെലാറസ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചത് ഇയുവില്‍ ഉണ്ടായ രോഷത്തിന്‍റെ ആഴം വ്യക്തമാക്കുന്നു. ഈ രാജ്യങ്ങളുടെ വിമാനങ്ങള്‍ ബെലാറസിലേക്കു യാത്രചെയ്യുന്നതു നിരോധിക്കുകയും ചെയ്തു. അങ്ങനെ വ്യോമയാന രംഗത്തു ബെലാറസ് ഒറ്റപ്പെട്ടു. ഇയുവും അമേരിക്കയും ബെലാറസിനെതിരെ പുതിയ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കാനും വൈകിയില്ല.  

ലുകഷെന്‍കോവിന്‍റെ ജനാധിപത്യവിരുദ്ധ നടപടികളും എതിര്‍പ്പുകളെ അദ്ദേഹം അടിച്ചമര്‍ത്തുന്ന രീതിയും നേരത്തെതന്നെ പാശ്ചാത്യരാജ്യങ്ങളുടെ വിമര്‍ശനങ്ങള്‍ക്കുംഉപരോധങ്ങള്‍ക്കും പാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പോടെ വിമര്‍ശനം രൂക്ഷമായി. അഞ്ചു തവണയായി 26 വര്‍ഷംഅധികാരത്തിലിരുന്ന അദ്ദേഹം ആറാം തവണയും പ്രസിഡന്‍റായത് ആ തിരഞ്ഞെടുപ്പിലൂടെയാണ്. 80 ശതമാനം വോട്ടുകള്‍ നേടി വിജയിച്ചുവെന്നായിരുന്നു അവകാശവാദം. 

പക്ഷേ, ജനങ്ങളില്‍ വലിയൊരു വിഭാഗം അതു സമ്മതിച്ചില്ല. തിരഞ്ഞെടുപ്പില്‍ വ്യാപകമായ തിരിമറി നടന്നുവെന്നാണ് ആരോപണം. മുന്‍പും അദ്ദേഹം ജയിച്ചിരുന്നത് ഇതു പോലെയാണെന്നും ആക്ഷേപമുണ്ട്. ലുകഷെന്‍കോ രാജിവയ്ക്കണമെന്നും രാജ്യാന്തര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള ആവശ്യവുമായി സമരം നടന്നുവരുന്നു. 

POLAND-BELARUS-ARREST-DIPLOMACY-RIGHTS-MEDIA
Parents of Belarusian journalist Roman Protasevich, Natalia and Dmitry Protasevich pose for a photo after press conference in the Belarusian House Foundation in Warsaw, Poland on May 27, 2021. Photo Credit : Wojtek Radwanski / AFP

മുഖ്യ പ്രതിപക്ഷ സ്ഥാനാര്‍ഥിയായിരുന്ന സ്വെറ്റ്ലാന ടിഖനോവ്സ്ക്കായ എന്ന വനിതയായിരുന്നു സമരത്തിന്‍റെ മുന്നില്‍. അവരുടെ ഭര്‍ത്താവായ പ്രശസ്ത ബ്ളോഗര്‍ സിയാര്‍ഹി ടിഖനോവ്സ്ക്കിയാണ് മല്‍സരിക്കാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നത്. അദ്ദേഹം അറസ്റ്റിലായപ്പോള്‍ പകരക്കാരിയാവാന്‍ സ്വെറ്റ്ലാന മുന്നോട്ടുവരികയായിരുന്നു.

തിരഞ്ഞെടുപ്പിനു ശേഷം വധഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് അവര്‍ തൊട്ടടുത്ത ലിത്വാനയിലേക്കു രക്ഷപ്പെടാന്‍ നിര്‍ബന്ധിതയായി. അവിടെയിരുന്നുകൊണ്ടും വിഡിയോകളിലൂടെ നാട്ടിലെ സമരത്തിന് ആവേശം പകര്‍ന്നുകൊണ്ടിരിക്കുന്നു. അവര്‍കൂടി സന്നിഹിതയായിരുന്ന ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആതന്‍സിലേക്കു പോയതായിരുന്നു റാഞ്ചപ്പെട്ട വിമാനത്തിലുണ്ടായിരുന്ന ഓണ്‍ലൈന്‍ ജേണലിസ്റ്റ് റോമന്‍ പ്രോട്ടസേവിച്ച്.   

റഷ്യയ്ക്കു സമീപം സ്ഥിതിചെയ്യുന്ന ബെലാറസ് മുന്‍പ് റഷ്യയോടൊപ്പം സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്നു. സോവിയറ്റ് കാലത്ത് ഒരു കൂട്ടുകൃഷിയിടത്തിന്‍റെ സാരഥിയായിരുന്ന ലുകഷെന്‍കോ സൈന്യത്തിലും പ്രവര്‍ത്തിച്ചു. സോവിയറ്റ് യൂണിയനില്‍നിന്നു ബെലാറുസ് സ്വതന്ത്രമായതിന്‍റെ നാലാം വര്‍ഷം (1994ല്‍) നടന്ന തിരഞ്ഞെടുപ്പിലൂടെ അതിന്‍റെ ആദ്യത്തെ പ്രസിഡന്‍റാവുകയും ചെയ്തു. പിന്നീടു നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ജയിക്കാനായി ലുകഷെന്‍കോ കുതന്ത്രങ്ങള്‍ പ്രയോഗിച്ചുവെന്നാണ് ആരോപണം.  

BELARUS-POLITICS
Opposition blogger and activist Roman Protasevich, who is accused of participating in an unsanctioned protest at the Kuropaty preserve, arrives for a court hearing in Minsk, Belarus April 10, 2017. (File), Photo : Reuters

ഇയു അംഗരാജ്യങ്ങളില്‍നിന്നും അമേരിക്കയില്‍നിന്നും ശക്തമായ എതിര്‍പ്പ്നേരിടുന്ന ലുകഷെന്‍കോ പക്ഷേ ഒറ്റയ്ക്കല്ല. അധികാരത്തില്‍ തുടരാനും പാശ്ചാത്യരെ ചെറുക്കാനും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ പിന്തുണയ്ക്കുന്നു. അതേ മേഖലയിലെ മറ്റൊരു രാജ്യമായ യുക്രെയിനിലെപ്പോലെ ബെലാറസിലും റഷ്യയുടെ താല്‍പര്യങ്ങള്‍ അട്ടിമറിക്കാന്‍ പാശ്ചാത്യര്‍ ശ്രമിക്കുകയാണെന്നും അവരുടെ ആത്യന്തികലക്ഷ്യം റഷ്യയെ ക്ഷീണിപ്പിക്കലാണെന്നും പുടിന്‍ കരുതുന്നു.

റഷ്യയുടെ പിന്തുണയുള്ളിടത്തോളംകാലം ആരെയും ഒന്നിനെയും ഭയപ്പെടേണ്ടതില്ല എന്ന വിശ്വാസത്തിലാണത്രേ ലുകഷെന്‍കോ. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം.

English Summary : Videsharangom Column - Western powers voice outrage as Belarus accused of hijacking plane

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.