ബ്രിട്ടീഷ് നാവിക സേനയില്‍ ജോലിചെയ്തിരുന്ന ഒരു പാക്കിസ്ഥാന്‍കാരന്‍റെ മകനായ മാര്‍ട്ടിന്‍ ബഷീറാണ് ഇപ്പോള്‍ ബ്രിട്ടനെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന വിവാദത്തിലെ കേന്ദ്രബിന്ദു. ഒപ്പം ബിബിസി അഥവാ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ എന്ന ലോകപ്രശസ്ത റേഡിയോ-ടിവി പ്രക്ഷേപണ സ്ഥാപനുവുമുണ്ട്. കാല്‍ നൂറ്റാണ്ടുമുന്‍പ് ഡയാന രാജകുമാരിയുമായുള്ള അഭിമുഖത്തിലൂടെ പ്രക്ഷേപണ രംഗത്തു ചരിത്രം സൃഷ്ടിച്ച ഇവര്‍ അതിന്‍റെ പേരില്‍ത്തന്നെ നാലുഭാഗത്തുനിന്നും രൂക്ഷമായ വിമര്‍ശനത്തെ നേരിടുകയാണ്.
എലിസബത്ത് രാജ്ഞിയുടെ മകനും പിന്‍ഗാമിയുമായ ചാള്‍സ് രാജകുമാരനുമായുളള 14 വര്‍ഷംമാത്രം നീണ്ടുനിന്ന ദാമ്പത്യത്തിലെ വേദനയും സങ്കടവും ലോകത്തിനു മുന്നില്‍ ഡയാന വെളിപ്പെടുത്തിയത് ബഷീറുമായുള്ള ആ അഭിമുഖത്തിലായിരുന്നു. മൂന്നു വര്‍ഷമായി വേറിട്ടുകഴിയുകയായിരുന്ന അവരുടെ വിവാഹമോചനം അതിനെ തുടര്‍ന്നാണുണ്ടായത്. അടുത്ത വര്‍ഷം പാരിസിലെ കാറപകടത്തില്‍ ഡയാന (36) മരിക്കുകയുംചെയ്തു.
ചാള്‍സിനെപ്പോലെ ബഷീറും ബിബിസിയും അതിന് ഉത്തരവാദിയാണെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്. ബിബിസിക്കെതിരെ ആഞ്ഞടിച്ചവരില്‍ ഡയാനയുടെ മക്കളായ വില്യം, ഹാരി രാജകുമാരന്മാരുമുണ്ട്. ചാള്‍സിനുശേഷം ബ്രിട്ടീഷ് രാജാവാകേണ്ട ആളാണ് വില്യം.
ടിവി പ്രക്ഷേപണ രംഗത്തെ ഒരു ആഗോള മഹാസംഭവമായിരുന്നു 1995 നവംബര്‍ 20നു ബിബിസി അവരുടെ പാനോരമ പരിപാടിയില്‍ പ്രക്ഷേപണം ചെയ്ത അഭിമുഖം. ബ്രിട്ടനിലെ രണ്ടേകാല്‍ കോടി ജനങ്ങള്‍ (അന്നത്തെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന്) അതു കണ്ടു. അതിനേക്കാളേറെപേര്‍ കണ്ടതു 1997ല്‍ ഡയാനയുടെ ശവസംസ്ക്കാരമായിരുന്നു-250 കോടി ജനങ്ങള്‍. ലോകമൊട്ടുക്കും അത്രയും പ്രിയംകരിയായിരുന്നു ഡയാന.

ബിബിസിയിലെ ഒരു ജൂനിയര്‍ റിപ്പോര്‍ട്ടര്‍ മാത്രമായിരുന്ന ബഷീറിന് ഇത്തരമൊരു അത്യപൂര്‍വമായ അഭിമുഖം എങ്ങനെ തരപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് മാധ്യമരംഗത്തെ വമ്പന്മാര്‍ പോലും അല്‍ഭുതപ്പെടുകയായിരുന്നു. ബ്രിട്ടനിലെ ഒരു രാജകുമാരി ഇതുപോലൊരു പരിപാടിയില്‍ സംസാരിക്കുന്നതുതന്നെ അധികമാര്‍ക്കും സങ്കല്‍പ്പിക്കാന്‍പോലും കഴിയുമായിരുന്നുമില്ല. രാജകുമാരി വെട്ടിത്തുറന്നുപറഞ്ഞതാകട്ടെ കൊട്ടാരത്തില്‍ പൊട്ടിത്തെറിയുണ്ടാക്കുന്ന കാര്യങ്ങളും.
തന്‍റെ വിവാഹം തകര്‍ന്നതിനുള്ള കാരണമായി ഡയാന പറഞ്ഞത് അതില്‍ മൂന്നു പേരുണ്ടായിരുന്നുവെന്നാണ്. മുന്‍കാമുകിയായ കാമില്ല പാര്‍ക്കര്‍ ബൗള്‍സുമായുള്ള ബന്ധം ചാള്‍സ് തുടരുന്നതിനെക്കുറിച്ചായിരുന്നു അതിലെ വ്യംഗം. അതൊരു രഹസ്യമായിരുന്നില്ല. ചാള്‍സ്തന്നെ ഒരു വര്‍ഷം മുന്‍പൊരു ഡോക്യുമെന്‍ററിയില്‍ കാമില്ലയുമായുള്ള തന്‍റെ ബന്ധം വെളിപ്പെടുത്തിയിരുന്നു. എങ്കിലും, ഡയാന അതു പറഞ്ഞതു കേട്ടപ്പോള്‍ ജനം ഞെട്ടി. ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നു പോലും പലരും കരുതുകയും ചെയ്തു.

താന്‍ അനുഭവിച്ച ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍, ജീവിതത്തോടുതന്നെ മടുപ്പുതോന്നിയ സന്ദര്‍ഭങ്ങള്‍, രാജകുടുംബം തന്നോടു കനിവ് കാണിക്കുന്നില്ലെന്നതിലുള്ള നിരാശ, കൊട്ടാരത്തിനകത്തെ കുത്തിത്തിരിപ്പുകള്‍-എല്ലാം ഡയാന വെട്ടിത്തുറന്നു പറഞ്ഞു. ബഷീറിനു ഒന്നും കുത്തിച്ചോദിക്കേണ്ടിവന്നില്ല.
ഡയാന പറയാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ അവരെക്കൊണ്ടു പറയിച്ചുവെന്നല്ല ബഷീറിനെക്കുറിച്ചുള്ള പരാതി. ചോദ്യങ്ങളില്‍ വക്രത കാണിച്ചുവെന്നും ആരും കുറ്റപ്പെടുത്തുന്നില്ല. അഭിമുഖം സംഘടിപ്പിക്കാനായി ബഷീര്‍ തരികിട പ്രയോഗം നടത്തിയതാണ് പ്രശ്നമായത്. മാധ്യമ പ്രവര്‍ത്തനത്തിലെ ധാര്‍മികതയും ബിബിസി പുലര്‍ത്തിവന്ന അന്തസ്സും അങ്ങനെ അട്ടിമറിക്കപ്പെടുകയായിരുന്നു.
അഭിമുഖത്തിനുവേണ്ടി ഡയാനയെക്കൊണ്ടു സമ്മതിപ്പിക്കാന്‍ നടത്തിയ ശ്രമത്തിലായിരുന്നു കള്ളക്കളി. നേരത്തെ തന്നെ ഇതിനെക്കുറിച്ച് പരാതി ഉണ്ടായപ്പോള്‍ ബിബിസി സ്വന്തമായ അന്വേഷണം നടത്തിയിരുന്നുവെങ്കിലും കുറ്റകരമായതൊന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു നിഗമനം. അതില്‍ സംതൃപ്തനാകാതെ ഡയാനയുടെ ഇളയ സഹോദരന്‍ ചാള്‍സ് സ്പെന്‍സര്‍ പ്രഭു കഴിഞ്ഞ നവംബറില്‍ വീണ്ടും ബിബിസിയോടു പരാതിപ്പെട്ടു.
മുന്‍സുപ്രീംകോടതി ജഡ്ജി ജോണ്‍ ഡൈസന്‍ പ്രഭുവിനെക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്താന്‍ ബിബിസി നിര്‍ബന്ധിതരായി. ആറുമാസത്തെ അന്വേഷണത്തിനുശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ച (മേയ് 20) ഡൈസന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ബഷീറിനെയും ബിബിസിയെയും നിര്‍ത്തിപ്പൊരിച്ചിരുക്കുന്നത്. ബഷീര്‍ വിശ്വസിക്കാന്‍ പറ്റാത്ത ആളാണെന്നും നെറിയുള്ളവനല്ലെന്നും ബിബിസി അന്തസ്സ് പാലിച്ചില്ലെന്നും ഡൈസന്‍ കുറ്റപ്പെടുത്തുന്നു.
ഡയാനയുടെ വിശ്വാസം നേടിയെടുക്കാനായി ബഷീര്‍ ആദ്യം ചെയ്തത് അവരുടെ സഹോദരനുമായി പരിചയപ്പെടുകയായിരുന്നു. ചാള്‍സുമായി വേറിട്ടു കഴിയുകയായിരുന്ന ഡയാനയെപ്പറ്റിയുള്ള നിറംപിടിപ്പിച്ച കഥകള്‍ ബ്രിട്ടീഷ് ടാബ്ളോയ്ഡ് പത്രങ്ങളില്‍ തകൃതിയായി ആഘോഷിക്കപ്പെടുന്ന സമയമായിരുന്നു അത്. ഡയാനയ്ക്കും വിവാഹേതര ബന്ധങ്ങള്‍ ഉണ്ടെന്നതായിരുന്നു കഥകളുടെ ചുരുക്കം.
ഡയാന ഓരോ ദിവസവും എന്തെല്ലാം ചെയ്യുന്നു, ആരെയെല്ലാം കാണുന്നുവെന്ന് അറിയാനായി ടാബ്ളോേയിഡുകള്‍ ചാരപ്പണിക്ക് ആളുകളെ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന വിവരവുമായിട്ടാണ് സ്പെന്‍സറെ ബഷീര്‍ സമീപിച്ചത്. ഇതെല്ലാം തനിക്കു ചില ഉന്നത കേന്ദ്രങ്ങളില്‍നിന്നു കിട്ടിയതാണെന്നും പറഞ്ഞു. ചാള്‍സിന്‍റെയും ഡയാനയുടെയും പ്രൈവറ്റ് സെക്രട്ടറിമാര്‍പോലും ഇതിനുവേണ്ടി പത്രങ്ങളില്‍നിന്നു പണം പറ്റുന്നുവെന്നും സ്പെന്‍സറെ ബോധ്യപ്പെടുത്താന്‍ ബഷീര്‍ ശ്രമിച്ചു. അവരില്‍ ചിലര്‍ക്കും പണം കിട്ടിയതായി തെളിയിക്കുന്ന ബാങ്ക് രേഖകള്‍ സ്പെന്‍സറെ കാണിക്കുകയും ചെയ്തു.
ഈ രേഖകള്‍ ബിബിസിയിലെ ഗ്രാഫിക് ആര്‍ട്ടിസ്റ്റിന്‍റെ സഹായത്തോടെ കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു. ബഷീറിന്‍റെ ഉദ്ദേശ്യത്തെപ്പറ്റി സംശയമൊന്നും തോന്നാതിരുന്നതിനാല്‍ ആര്‍ട്ടിസ്റ്റ് അതാരോടും പറഞ്ഞിരുന്നില്ല. ഡയാനയെ സഹായിക്കുകയാണ് ബഷീറിന്‍റെ ഉദ്ദേശ്യമെന്നു പലതവണ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ബോധ്യപ്പെട്ട സ്പെന്‍സര്‍ ബഷീറിനെ ഡയാനയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തു. ബഷിറിനെ ഡയാനയ്ക്കു വിശ്വാസമായി. അഭിമുഖത്തിലേക്കു വഴിതുറയ്ക്കപ്പെട്ടത് അങ്ങനെയായിരുന്നു.

ഇതിനുവേണ്ടിയാണ് വ്യാജരേഖകള്‍ ചമക്കാന്‍ ബഷീര്‍ തന്‍റെ സഹായം തേടിയതെന്നു ഗ്രാഫിക് ആര്‍ട്ടിസ്റ്റിനു മനസ്സിലായത് അഭിമുഖം കണ്ടപ്പോഴാണ്. ഉടന്‍തന്നെ ബിബിസിയുടെ തലപ്പത്തിരിക്കുന്നവരെ അറിയിച്ചു. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെ ആ രേഖകള്‍ ഒരു വിധത്തിലും സ്വാധീനിച്ചിട്ടില്ലെന്നും അതിനാല്‍ നടപടിയൊന്നും ആവശ്യമില്ലെന്നുമായിരുന്നു അവരുടെ നിഗമനം.
ഡയാനതന്നെ ബഷീറിന്‍റെ രക്ഷയ്ക്കെത്തുകയുമുണ്ടായി. "മാര്‍ട്ടിന്‍ ബഷീര്‍ ഒരു രേഖയും എന്നെ കാണിച്ചിട്ടില്ല. ഞാന്‍ നേരത്തെ അറിഞ്ഞിട്ടില്ലാത്ത ഒരു വിവരവും എന്നെ അറിയിച്ചിരുന്നുമില്ല. പാനോരമയിലെ അഭിമുഖത്തിനു ഞാന്‍ സമ്മതിച്ചത് ഒരു സമ്മര്‍ദ്ദവും കൂടാതെയാണ്. അക്കാര്യത്തില്‍ ഞാന്‍ പശ്ചാത്തപിക്കുന്നുമില്ല." കെന്‍സിങ്ടണ്‍ കൊട്ടാരത്തിന്‍റെ പേരുള്ള ലറ്റര്‍ഹെഡില്‍ 1995 ഡിസംബറില്‍ 22നു സ്വന്തം കൈപ്പടയില്‍ ഡയാന എഴുതി അറിയിച്ചത് ഇങ്ങനെയായിരുന്നു.

ബിബിസി അഭിമുഖത്തിനുശേഷം ഡയാനയുടെ സ്വകാര്യതകളിലേക്കുള്ള ടാബ്ളോയിഡുകളുടെ ഒളിഞ്ഞുനോട്ടം വര്‍ധിക്കുകയാണ് ചെയ്തത്. അവരുടെ നിരന്തരമായ വേട്ടയാടലിന് ഇരയാവുകയായിരുന്നു ഡയാന. 1997 ഓഗസ്റ്റ് 31നു പാരിസില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ സുഹൃത്തായ ഈജിപ്ഷ്യന്‍ കോടീശ്വര പുത്രന്‍ ദോദി അല്‍ ഫായദും ഒപ്പമുണ്ടായിരുന്നു. ബൈക്കുകളില്‍ പിന്തുടരുന്ന ഫൊട്ടോഗ്രാഫര്‍മാരില്‍നിന്നു രക്ഷപ്പെടാനായി ഡ്രൈവര്‍ കാറിന്‍റെ വേഗം കൂട്ടിയപ്പോള്‍ കാര്‍ അപകടത്തില്‍ പെടുകയും അംഗരക്ഷകന്‍ ഒഴികെ മറ്റെല്ലാവരും മരിക്കുകയും ചെയ്തു.
വില്യം, ഹാരി രാജകുമാരന്മാര്‍ക്ക് അവരുടെ മാതാവും സ്പെന്‍സര്‍ പ്രഭുവിനു സഹോദരിയും നഷ്ടപ്പെട്ടതില്‍ ബഷീറിനും അഗാധമായ ദുഃഖമുണ്ട്. എങ്കിലും, ഡയാനയുടെ മരണത്തിനു താനും ഉത്തരവാദിയാണെന്ന കുറ്റപ്പെടുത്തല്‍ തിരസ്ക്കരിക്കുന്നു. "രാജകുടുംബവും മാധ്യമങ്ങളും തമ്മിലുള്ള മോശമായ ബന്ധത്തിന്‍റെ ഉത്തരവാദിത്തം എന്‍റെ തലയിലിടുന്നത് ശരിയല്ല. എല്ലാറ്റിനും ഉത്തരവാദി ഞാനാണെന്നു പറയുന്നത് അന്യായമാണ്." ബഷീര്‍ വിശദീകരിക്കുന്നു. പക്ഷേ, വിവാദം അവസാനിച്ചിട്ടില്ല.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videshrangom Column - Martin Bashir’s ‘deceitful’ interview with Princess Diana