ലോകശ്രദ്ധയില്‍ വീണ്ടും ടിബറ്റ്, ദലായ് ലാമ

HIGHLIGHTS
  • അമേരിക്കയ്ക്കെതിരെ ചൈനയുടെ രോഷം
  • പിന്‍ഗാമിയുടെ കാര്യവും ചര്‍ച്ചാവിഷയം
FILES-TIBET-INDIA-CHINA-POLITICS-RELIGION-HISTORY
ദലായ് ലാമ ചിത്രം : Philippe Lopez / AFP
SHARE

ടിബറ്റില്‍ പെട്ടെന്നു വീണ്ടും ലോകശ്രദ്ധ കേന്ദ്രീകരിക്കപ്പെടുകയാണ്. ടിബറ്റന്‍മാരുടെ പരമോന്നത ആത്മീയ നേതാവായ ദലായ് ലാമയുടെ പ്രതിനിധികളെ അമേരിക്കയുടെ പുതിയ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ളിങ്കന്‍ ന്യൂഡല്‍ഹിയില്‍വച്ച്  കാണുകയും അതിനെ ചൈന അപലപിക്കുകയും ചെയ്തതാണ് ഇതു സംബന്ധിച്ചുണ്ടായ ഏറ്റവും ഒടുവിലത്തെ സംഭവവികാസം. 

അതിന് ഒരാഴ്ച മുന്‍പായിരുന്നു ചൈനയുടെ പ്രസിഡന്‍റ് ഷി ചിന്‍പിങ്ങിന്‍റെ ടിബറ്റ് സന്ദര്‍ശനം. അവിടെ ചൈനയുടെ ഒരു രാഷ്ട്രത്തലവന്‍ എത്തുന്നത് മൂന്നു ദശകങ്ങള്‍ക്കു ശേഷം ആദ്യമായിരുന്നു. 

ഇന്ത്യയുമായുള്ള അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്ക് മേഖലയില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ ചൈനീസ് സൈന്യം നടത്തിയ കടന്നാക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ ഇനിയും അവസാനിച്ചിട്ടില്ല. അതിനിടയിലാണ് ചൈനീസ് നേതാവിന്‍റെ അപ്രതീക്ഷിത ടിബറ്റ് സന്ദര്‍ശനം. ആ നിലയിലും  ടിബറ്റ് ലോകശ്രദ്ധ ആകര്‍ഷിച്ചതില്‍  അല്‍ഭുതമുണ്ടായിരുന്നില്ല. 

ഇതോടൊപ്പം സ്വാഭാവികമായും ദലായ് ലാമയും സജീവ ചര്‍ച്ചാവിഷയമാവുന്നു. ആറു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ചൈനീസ് സൈന്യത്തിനു പിടികൊടുക്കാതെ അനുയായികളോടൊപ്പം ഇന്ത്യയില്‍ അഭയംപ്രാപിച്ചതു മുതല്‍ ലോകത്തിന്‍റെ സവിശേഷ ശ്രദ്ധയ്ക്കു പാത്രമാണ് പതിനാലാമത്തെ ദലായ് ലാമയായ ലോബ്സാങ് യെഷെ ടെന്‍സിന്‍ ഗ്യാറ്റ്സോ. 

ശ്രീ ബുദ്ധന്‍റെ അവതാരമെന്ന നിലയില്‍ അദ്ദേഹം ആഗോളതലത്തില്‍ ആദരിക്കപ്പെടുുമ്പോള്‍ ചൈന  അദ്ദേഹത്തെ കാണുന്നത് ടിബറ്റിനെ ചൈനയില്‍ നിന്നു വേര്‍പെടുത്താന്‍ ശ്രമിക്കുന്ന കുഴപ്പക്കാരനായിട്ടാണ്. ചൈനയുടെ ആരോപണങ്ങള്‍ ദലായ് ലാമ നിഷേധിക്കുന്നു.

USA-ICELAND/BLINKEN
ആന്‍റണി ബ്ളിങ്കന്‍. ചിത്രം : Saul Loeb / Reuters

ഇന്ത്യ അദ്ദേഹത്തിന് അഭയം നല്‍കിയതും ഹരിയാനയിലെ ധര്‍മശാല ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതും ചൈനയക്കു രസിക്കുകയുണ്ടായില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊന്നും ദലായ് ലാമയെയോ അനുയായികളെയോ ഇന്ത്യ അനുവദിക്കുന്നില്ല. എന്നിട്ടും, 1962ല്‍ ഇന്ത്യയെ ചൈന ആക്രമിക്കാന്‍ ദലായ് ലാമയും ഒരു കാരണമായിത്തീര്‍ന്നു. 

ദലായ് ലാമയുടെ 86ാം ജന്മദിന വാര്‍ഷികമായിരുന്നു ഇക്കഴിഞ്ഞ ജൂലൈ ആറിന്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളുള്ളതായി അറിവില്ലെങ്കിലും അദ്ദേഹത്തിന്‍റെ പ്രായാധിക്യം എത്രയും വേഗം ഒരു പിന്‍ഗാമിയെ കണ്ടെത്തല്‍ അനിവാര്യമാക്കുന്നു. തങ്ങള്‍ക്ക് ഇഷ്ടമുളള ഒരു പുതിയ ദലായ് ലാമയെ അവരോധിക്കാന്‍ ചൈനയും കരുനീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായ ശേഷം ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുകയായിരുന്നു ആന്‍റണി ബ്ളിങ്കന്‍. ന്യൂഡല്‍ഹിയില്‍ വച്ച് ഇക്കഴിഞ്ഞ ജൂലൈ 28ന് അദ്ദേഹം കണ്ടു സംസാരിച്ചവരില്‍ സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്ട്രേഷന്‍ എന്നറിയപ്പെടുന്ന ടിബറ്റ് അഭയാര്‍ഥി ഗവണ്‍മെന്‍റിലെ അംഗമായ എന്‍ഗോഡുപ് ഡോങ്ചുങ്ങും ഉള്‍പ്പെടുന്നു. സിവില്‍ സൊസൈറ്റി പ്രതിനിധികളുമായി ബ്ളിങ്കന്‍ നടത്തിയ പൊതു ചര്‍ച്ചയില്‍ ഡല്‍ഹിയിലെ ടിബ്റ്റ് ഹൗസ് ഡയരക്ടര്‍ ഗെഷെ ദോര്‍ജി ദാംദുലും പങ്കെടുക്കുകയുണ്ടായി. 

അവര്‍ സംസാരിച്ചത് എന്താണെന്നു വെളിപ്പെടുത്തപ്പെട്ടിട്ടില്ല. എങ്കിലും, ടിബറ്റില്‍ ചൈന നടത്തിവരുന്ന പൗരാവകാശ ധ്വംസനങ്ങള്‍, അവിടത്തെ ജനങ്ങളുടെ ബുദ്ധമത സംസ്ക്കാരവും പാരമ്പര്യവും നേരിടുന്ന ആക്രമണങ്ങള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ചകള്‍. സ്വാഭാവികമായി ദലായ് ലാമയുടെ പിന്‍ഗാമിയുടെ കാര്യവും ചര്‍ച്ചാവിഷയമായതായി അനുമാനിക്കപ്പെടുന്നു. 

പതിവുപോലെ ചൈന ചൊടിച്ചു. ടിബറ്റ് ചൈനയുടെ ആഭ്യന്തരകാര്യമാണെന്നും അതില്‍ വിദേശ ഇടപെടല്‍ അനുവദിക്കില്ലെന്നുമാണ് പിറ്റേന്നു ബെയ്ജിങ്ങില്‍ ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചത്. ടിബറ്റ് ചൈനയുടെ ഭാഗമാണെന്നും ടിബറ്റന്‍ സ്വാതന്ത്ര്യത്തെയും ടിബറ്റിനെ ചൈനയില്‍നിന്നു വേര്‍പെടുത്താനുള്ള ശ്രമത്തെയും അനുകൂലിക്കില്ലെന്നും അമേരിക്ക നല്‍കിയ ഉറപ്പിന്‍റെ ലംഘനമാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. പതിനാലാം ദലായ് ലാമ വെറുമൊരു മതനേതാവല്ല, ടിബറ്റിനെ ചൈനയില്‍നിന്ന് അടര്‍ത്തിയെടുക്കാനായി ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന ഒരു രാഷ്ട്രീയ അഭയാര്‍ഥിയാണ് എന്നും ചൈനീസ് വക്താവ് ആവര്‍ത്തിച്ചു. 

GERMANY-CHINA-POLITICS-DIPLOMACY-G20
ഷി ചിന്‍പിങ്. ചിത്രം : Steffi Loos / AFP

ദലായ് ലാമയുമായോ അദ്ദേഹത്തിന്‍റെ പ്രതിനിധികളുമായോ അമേരിക്ക സമ്പര്‍ക്കം പുലര്‍ത്തുന്നത് ഇതാദ്യമല്ല. സമീപകാലത്തെ എല്ലാ യുഎസ് പ്രസിഡന്‍റുമാരുടെ ഭരണത്തിലും ദലായ് ലാമ വൈറ്റ്ഹൗസിലേക്കു ക്ഷണിക്കപ്പെടുകയുണ്ടായി. നൊബേല്‍ സമാധാന സമ്മാന ജേതാക്കളായ പ്രസിഡന്‍റ് ബറാക് ഒബാമയും ദലായ് ലാമയും തമ്മില്‍ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തു. 

ടിബറ്റ് അഭയാര്‍ഥി ഗവണ്‍മെന്‍റിന്‍റെ തലവനായിരുന്ന ലോബ്സാങ് സാന്‍ഗായ് കഴിഞ്ഞ വര്‍ഷം നവംബറില്‍ വാഷിങ്ടണിലെത്തി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയുണ്ടായി. ഒബാമയുടെ പിന്‍ഗാമിയായ ഡോണള്‍ഡ് ട്രംപായിരുന്നു അപ്പോള്‍ അധികാരത്തില്‍.

ദലായ് ലാമയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടക്കുകയുണ്ടായില്ല. എങ്കിലും, ടിബറ്റ് പോളിസി ആന്‍ഡ് സപ്പോര്‍ട്ട് ആക്ട് എന്ന പേരുള്ള ഒരു സുപ്രധാന നിയമം യുഎസ് കോണ്‍ഗ്രസ് പാസ്സാക്കിയത് ട്രംപിന്‍റെ ഭരണകാലത്താണ്. അദ്ദേഹമാണ് അതില്‍ ഒപ്പിട്ടതും. ദലായ് ലാമയുടെ പിന്‍ഗാമിയെ കണ്ടെത്തുന്നതു പരമ്പരാഗത ബുദ്ധമത രീതിയിലായിരിക്കണമെന്നും അക്കാര്യത്തിലുള്ള അവസാനവാക്ക് പതിനാലാം ദലായ് ലാമയുടേതായിരിക്കണമെന്നും ചൈന ഇടപെടാന്‍ പാടില്ലെന്നും അതില്‍ ആവശ്യപ്പെടുന്നു. 

ഇതിനെയും ചൈന അപലപിക്കുകയുണ്ടായി. മാത്രമല്ല, ദലായ് ലാമയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്കു ബെയ്ജിങ്ങിലെ ഗവണ്‍മെന്‍റിന്‍റെ അംഗീകാരം ഉണ്ടായിരിക്കണമെന്നു വ്യക്തമാക്കുന്ന ഒരു ധവളപത്രം ഇക്കഴിഞ്ഞ മേയില്‍ പുറപ്പെടുവിക്കുകയും ചെയ്തു. 

ടിബറ്റിന്‍റെ കാര്യത്തിലുള്ള പുതിയ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ നയം അദ്ദേഹത്തിന്‍റെ മുന്‍ഗാമികളുടേതിനേക്കാള്‍ കര്‍ക്കശമായിരിക്കുമെന്നാണ് സൂചനകള്‍. അദ്ദേഹത്തിന്‍റെ സ്റ്റേറ്റ് സെക്രട്ടറി അഥവാ വിദേശമന്ത്രി ന്യൂഡല്‍ഹയില്‍വച്ച് ദലായ് ലാമയുടെ പ്രതിനിധികളുമായി നടത്തിയ കൂടുക്കാഴ്ചകള്‍ സാക്ഷ്യപ്പെടുത്തിയതും അതാണ്.  ചൈന എന്തുതന്നെ പറഞ്ഞാലും താന്‍ ദലായ് ലാമയെ കാണുമെന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

ടിബറ്റിലും ചൈനയുടെ മറ്റൊരു സ്വയംഭരണ മേഖലയായ സിന്‍ജിയാങ്ങിലും ചൈന നടത്തിവരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ ബൈഡന്‍ രൂക്ഷമായി വിമര്‍ശിക്കുകയുമുണ്ടായി. അടുത്ത കാലത്തായി കൂടുതല്‍ ടിബറ്റന്‍ അഭയാര്‍ഥികള്‍ക്ക് അമേരിക്കയില്‍ അഭയം ലഭിക്കാന്‍ തുടുങ്ങിയിരിക്കുകയുമാണ്. 

ചൈനയിലെ മനുഷ്യാവകാശ പ്രശ്നങ്ങളെപ്പറ്റി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തിറക്കിയ പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ടിബറ്റിനെ ചൈനയുടെ അവിഭാജ്യ ഘടകമായി വിശേഷിപ്പിക്കുന്നില്ലെന്നും പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ സംഭവിക്കുന്നത് ഇതാദ്യമാണത്രേ. 

എല്ലാ രാജ്യങ്ങളും ടിബറ്റിനെ ചൈനയുടെ ഭാഗമായി അംഗീകരിക്കണമെന്നതാണ് ബെയ്ജിങ്ങിലെ ഭരണകൂടത്തിന്‍റെ നയം. അത് അനുവദിക്കരുതെന്നും ടിബറ്റിനെ ചൈനീസ് അധിനവേശ പ്രദേശമായി മാത്രം കാണണമെന്നുമുള്ള വാദവും അമേരിക്കയില്‍ ഉയര്‍ന്നുവരുന്നുണ്ട്. നമ്മുടെ അതിര്‍ത്തിയില്‍ ചൈന പിന്തുടര്‍ന്നുവരുന്ന ശത്രുതാപരമായ നിലപാടിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും ഈ ആവശ്യത്തിനു പിന്തുണ കൂടിവരുന്നു. 

ഇതിനെല്ലാമിടയിലായിരുന്നു ജൂലൈ 21 മുതല്‍ മൂന്നു ദിവസം ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ് നടത്തിയ ടിബറ്റ് സന്ദര്‍ശനം. അതിനു മുന്‍പ് ഷി ടിബറ്റില്‍ എത്തിയത് പത്തുവര്‍ഷംമുന്‍പ് വൈസ് പ്രസിഡന്‍റായിരുന്നപ്പോഴാണ്.  1990ല്‍ പ്രസിഡന്‍റ് ജിയാങ് സെമിന്‍ വന്നുപോയശേഷം ആ പദവിയുളള ആരും സന്ദര്‍ശിച്ചിരുന്നുമില്ല. എന്തുകൊണ്ടാണെന്നറിയില്ല, ഷിയുടെ സന്ദര്‍ശന വിവരം ചൈന പുറത്തുവിട്ടത് അദ്ദേഹം മടങ്ങിപ്പോയതിനുശേഷമായിരുന്നു താനും.

ഇന്ത്യയുടെ അരുണാചല്‍പ്രദേശിന് അടുത്തുള്ള അതിര്‍ത്തി പട്ടണമായ ന്വിങ്ചിയും ഷി സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു. അരുണാചല്‍പ്രദേശ് ടിബറ്റിന്‍റെ ഭാഗമാണെന്നും അതിനാല്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും വാദിക്കുകയാണ്

ചൈന. ഇന്ത്യ അതു തള്ളിക്കളയുന്നു. 1962ല്‍ ചൈനീസ് സൈന്യത്തിന്‍റെ ആക്രമണത്തിന് ഇരയായ സ്ഥലങ്ങളില്‍ അരുണാചല്‍പ്രദേശും ഉള്‍പ്പെട്ടിരുന്നു. വടക്കു കിഴക്കന്‍ അതിര്‍ത്തി ഏജന്‍സി അഥവാ നേഫ എന്നായിരുന്നു അന്ന് അതിന്‍റെ പേര്. 

അതിനു മുന്‍പ് ചൈനയുമായി ദലായ് ലാമ ഇടയുകയും അദ്ദേഹത്തിന്‍റെ ജീവന്‍  അപകടത്തിലാകുമെന്ന ഭീതി ഉയരുകയുമുണ്ടായി. തന്‍റെ തലസ്ഥാനമായ ലാസയില്‍നിന്നുഒരു സംഘം അനുയായികളോടൊപ്പം 1959 മാര്‍ച്ചില്‍ രണ്ടാഴ്ചയോളം നടന്ന് അദ്ദേഹം എത്തിച്ചേര്‍ന്നത് അരുണാചല്‍ പ്രദേശിലെ തവാങ്ങിലാണ്.

പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു അദ്ദേഹത്തിന് രാഷ്ട്രീയാഭയം നല്‍കുകയും അദ്ദേഹത്തെയും സംഘത്തെയും ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ താമസിക്കാന്‍ അനുവദിക്കുകയും ചെയ്തു. ആറു ലക്ഷത്തിലേറെ ടിബറ്റന്മാര്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. 

ദലായ് ലാമയ്ക്ക് അന്നു 25 വയസ്സ് തികഞ്ഞിരുന്നില്ല. ഇപ്പോള്‍ 86ാം വയസ്സിലും തന്‍റെ നാട്ടിലെ ജനങ്ങളുടെ പൗരാവകാശങ്ങള്‍ക്കും ബുദ്ധമത പാരമ്പര്യങ്ങളുടെ നിലനില്‍പ്പിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് അദ്ദേഹം.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

Content Summary : Videsharangom Column - US shifting its Tibet stance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA