അവസരവാദ രാഷ്ട്രീയം നേപ്പാള്‍ രീതി

prachanda
പ്രചണ്ഡ
SHARE

രാഷ്ട്രീയ സമവാക്യങ്ങള്‍ അടിക്കടി മാറിക്കൊണ്ടിരിക്കുക, പുതിയ തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ പെട്ടെന്നു രൂപം കൊള്ളുകയും അത്രയും പെട്ടെന്നു തകരുകയും ചെയ്യുക. ഇതൊന്നും നമ്മുടെ അയല്‍ രാജ്യമായ നേപ്പാളില്‍ അസാധാരണമല്ല. ആശയപരമായ പൊരുത്തക്കേടുകള്‍ നിലനില്‍ക്കേതന്നെ അധികാരത്തിനുവേണ്ടി പാര്‍ട്ടികള്‍ പരസ്പരം കൈകോര്‍ക്കുന്നു. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളും സ്ഥിരം മിത്രങ്ങളും ഇല്ലെന്ന ചൊല്ല് അങ്ങനെ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കപ്പെടുന്നു. 

അത്തരമൊരു നാടകം ഇപ്പോള്‍ വീണ്ടും അരങ്ങേറുകയാണ്. നേപ്പാളി കോണ്‍ഗ്രസ്, യൂനിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി, മാവോയിസ്റ്റ് സെന്‍റര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നീ മൂന്നു പ്രമുഖ കക്ഷികളും രംഗത്തുണ്ട്. അടുത്ത വ്യാഴാഴ്ച (മാര്‍ച്ച് ഒന്‍പത്) നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പാണ് ഇതിന്‍റെ പശ്ചാത്തലം.

രാജാധിപത്യത്തിനെതിരെ നടന്ന ആഭ്യന്തര യുദ്ധത്തിലെ നായകനും മാവോയിസ്റ്റ് സെന്‍റര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവനുമായ പുഷ്പകമല്‍ ദഹല്‍ എന്ന പ്രചണ്ഡയാണ് മൂന്നാം തവണയും പ്രധാനമന്ത്രിക്കസേരയില്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാതിരുന്നതിനാല്‍ ഏഴു കക്ഷികളടങ്ങിയ ഒരു സഖ്യമുണ്ടാക്കി അതിനെ നയിക്കുകയായിരുന്നു അദ്ദേഹം. 

അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കു പക്ഷേ, 275 പാര്‍ലമെന്‍റില്‍ 32 സീറ്റുകളേയുള്ളൂ. അതായത് മൂന്നാം സ്ഥാനം. രണ്ടാം സ്ഥാനമുളള (79 സീറ്റുകള്‍) യൂനിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി അദ്ദേഹത്തെ പിന്താങ്ങി. അവര്‍ ഉള്‍പ്പെടെയുള്ള ചില കക്ഷികള്‍ പ്രഛണ്ഡയ്ക്കുളള പിന്തുണ പിന്‍വലിച്ചതാണ് ഏറ്റവും പുതിയ സംഭവവികാസം. അതിനു കാരണം പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രചണ്ഡ ഏകപക്ഷീയമായി എടുത്ത ഒരു തീരുമാനവും.

പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ യൂനിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരാളായിരുന്നു ഭരണസഖ്യത്തിന്‍റെ സ്ഥാനാര്‍ഥി. പക്ഷേ പ്രചണ്ഡ പിന്തുണ പ്രഖ്യാപിച്ചത് അദ്ദേഹത്തിനല്ല, പ്രതിപക്ഷത്തെ നേപ്പാളി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കാണ്. 89 സീറ്റുകളോടെ പാര്‍ലമെന്‍റിലെ ഏറ്റവും വലിയ കക്ഷിയാണ്‌ നേപ്പാളി കോണ്‍ഗ്രസ്. 

ഏറ്റവും അധികകാലം രാജ്യം ഭരിച്ച നേപ്പാളി കോണ്‍ഗ്രസുമായി പ്രഛണ്ഡയുടെ പാര്‍ട്ടി കൂട്ടുചേരുന്നത് ഇതാദ്യമല്ല. നവംബറിലെ തിരഞ്ഞെടുപ്പിനെ നേരിട്ടതും അവര്‍ ഒരുമിച്ചായിരുന്നു. പക്ഷേ, നേപ്പാളി കോണ്‍ഗ്രസ്‌ ഒന്നാം സ്ഥാനം നേടിയപ്പോള്‍ മാവോയിസ്റ്റുകള്‍ക്കു കിട്ടിയതു മൂന്നാം സ്ഥാനം. എന്നിട്ടും നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവ് ഷേര്‍ ബഹാദുര്‍ ദൂബെയുമായി പ്രധാനമന്ത്രിപദത്തെച്ചൊല്ലി പ്രചണ്ഡ ഇടഞ്ഞു. 

മുന്‍പ് അഞ്ചുതവണ പ്രധാനമന്ത്രിപദം ചരിത്രം സൃഷ്ടിച്ച ആളാണ് ദൂബെ. നവംബറിലെ തിരഞ്ഞെടുപ്പിനുശേഷം ആദ്യത്തെ രണ്ടര വര്‍ഷം ആ പദവി അദ്ദേഹത്തിനു വിട്ടുകൊടുക്കാന്‍ പ്രചണ്ഡ സമ്മതിച്ചില്ല. ഇതു കാരണം അവരുടെ സഖ്യം അപകടത്തിലായപ്പോള്‍ പ്രചണ്ഡയുടെ രക്ഷയ്ക്കെത്തിയത് മറ്റൊരുമല്ല, മുന്‍പ്രധാനമന്ത്രിയായ ഖഡ്കപ്രസാദ് ശര്‍മ്മ ഓലി നയിക്കുന്ന യൂനിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി.  

പ്രചണ്ഡയും ഓലിയും കീരിയും പാമ്പും കളിച്ചിരുന്നത് ഇരുവരും തല്‍ക്കാലത്തേക്കു മറന്നു. ആദ്യം പ്രചണ്ഡയും പിന്നീട് ഓലിയും രണ്ടര വര്‍ഷം വീതമായി പ്രധാനമന്ത്രിപദം പങ്കിടാന്‍ തീരുമാനമായി. അങ്ങനെ പുതിയൊരു ഭരണസഖ്യം രൂപംകൊള്ളുകയും ഓലിയുടെ പാര്‍ട്ടിയില്‍നിന്നുള്ളവര്‍ക്ക് ഉപപ്രധാനമന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുകയും ചെയ്തു.  

പ്രചണ്ഡയുടെ മന്ത്രിസഭ ഡിസംബറില്‍ വിശ്വാസവോട്ടു തേടിയപ്പോള്‍ പ്രതിപക്ഷ നേപ്പാളി കോണ്‍ഗ്രസ് അവര്‍ക്കു പിന്തുണ നല്‍കിയതും ശ്രദ്ധേയമായിരുന്നു. ഏതാനും ആഴ്ചകള്‍ക്കകം പ്രസിഡന്‍റ് ബിദ്യ ദേവി ഭണ്ഡാരിയുടെ കാലാവധി അവസാനിക്കാറാവുുകയും പുതിയൊരു പ്രസിഡന്‍റിനെ തിരഞ്ഞെടുക്കേണ്ട ആവശ്യം നേരിടുകയും ചെയ്തിരുന്നില്ലെങ്കില്‍  കാര്യങ്ങള്‍ ഒരുപക്ഷേ 

സുഗമമായിത്തന്നെ മുന്നോട്ടു പോയേനെ. എന്നാല്‍, ഭരണസഖ്യത്തിന്‍റെ സ്ഥാനാര്‍ഥിയായി യൂനിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയിലെ സുഭാഷ് നെമാംഗിന്‍റെ പേരു നിര്‍ദേശിക്കപ്പെട്ടപ്പോള്‍ പ്രഛണ്ഡ അതു ഗൗനിക്കാതെ നേപ്പാളി കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയായ രാംചന്ദ്ര പൗദലിനു പിന്തുണ പ്രഖ്യാപിച്ചു. 

അതിനെ തുടര്‍ന്നായിരുന്നു യൂനിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിക്കാരനായ ഉപപ്രധാനമന്ത്രി ഉള്‍പ്പെടെ നാലു മന്ത്രിമാരുടെ രാജി. ഓലിയുടെ കക്ഷിക്കു പുറമെ മറ്റു ചില കക്ഷികളും പ്രചണ്ഡയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. ഇതുകാരണം പ്രചണ്ഡ 30 ദിവസത്തിനകം വീണ്ടും പാര്‍ലമെന്‍റില്‍ വിശ്വാസവോട്ട് തേടേണ്ടിവന്നിരിക്കുകയാണ്. 

നേപ്പാളി കോണ്‍ഗ്രസുമായി വീണ്ടും സൗഹൃദത്തിലായ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് അദ്ദേഹത്തിനു കാര്യമായ ആശങ്കയൊന്നുമില്ലെന്നു പറയപ്പെടുന്നു. നേപ്പാളി കോണ്‍ഗ്രസ് പിന്തുണയോടെ പ്രചണ്ഡതന്നെ രണ്ടു വര്‍ഷത്തേക്കു പ്രധാനമന്ത്രിപദത്തില്‍ തുടരുമത്രേ. ബാക്കിയുള്ള മൂന്നു വര്‍ഷങ്ങളില്‍ രണ്ടെണ്ണം നേപ്പാളി കോണ്‍ഗ്രസിനുളളതാണ്. ഒരു വര്‍ഷം പുതിയ കക്ഷിയായ യൂനിഫൈഡ് സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളതും. 

ഓലിയുടെ നടപടികളില്‍ പ്രതിഷേധിച്ച് യൂനിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയില്‍നിന്നു പിരിഞ്ഞുപോയവര്‍ ഉണ്ടാക്കിയതാണ് മുന്‍പ്രധാനമന്ത്രിമാരായ മാധവ് കുമാര്‍ നേപ്പാള്‍, ജലനാഥ് കനല്‍ എന്നിവര്‍ നയിക്കുന്ന യൂനിഫൈഡ് സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി. പാര്‍ലമെന്‍റില്‍ അവര്‍ക്കു പത്തു സീറ്റുകളുണ്ട്.

രാജാധിപത്യം അവസാനിച്ചശേഷം 2008ല്‍ റിപ്പബ്ളിക്കായ നേപ്പാളില്‍ പ്രസിഡന്‍റിനു നാമമാത്രമായ അധികാരമേയുളളൂ. പ്രധാനമന്ത്രിക്കാണ് കൂടുതല്‍ അധികാരം. എങ്കിലും, ആദ്യത്തെ രണ്ടു പ്രസിഡന്‍റുമാരായ രാം ബരണ്‍ യാദവും (നേപ്പാളി കോണ്‍ഗ്രസ്)  ബിദ്യ ദേവി ഭണ്ഡാരിയും (യൂനിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി) ചില സന്ദര്‍ഭങ്ങളില്‍ പ്രധാനമന്ത്രിമാരുമായി 

ഇടയുകയുണ്ടായി. അതാവര്‍ത്തിക്കപ്പെടരുതെന്ന് എല്ലാ കക്ഷികളും ആഗ്രഹിക്കുന്നു. ഇത്തവണത്തെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു മുന്‍പെന്നത്തേക്കാളും പ്രാധാന്യം ലഭിച്ചത് ആ പശ്ചാത്തലത്തിലാണ്.

രാജാധിപത്യം അവസാനിക്കുകയും രാജ്യം റിപ്പബ്ളിക്കാവുകയും ചെയ്തതോടെ ശോഭനമായ ഭാവിയെ സംബന്ധിച്ച പ്രതീക്ഷകള്‍ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. ആ പ്രതീക്ഷകള്‍ക്കു തുടക്കം മുതല്‍ക്കേ മങ്ങലേറ്റു. പുതിയ ഭരണഘടനയുണ്ടാക്കാന്‍ നിയുക്തമായ സഭയ്ക്കു വിവിധ കക്ഷികള്‍ തമ്മിലുളള വടംവലി കാരണം നിശ്ചിത കാലാവധിക്കകം അതു പൂര്‍ത്തിയാക്കാനായില്ല. രണ്ടാമതൊരു സഭ കൂടി രൂപീകരിക്കേണ്ടിവന്നു. 2015ല്‍ നിലവില്‍വന്ന ഭരണഘടനയ്ക്ക് പൊതുവില്‍ എല്ലാ ജനവിഭാഗങ്ങളെയും തപ്തിപ്പെടുത്താനുമായില്ല. പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയിലുണ്ടായ കുഴപ്പങ്ങളില്‍ ഒട്ടേറെ പേര്‍ മരിച്ചു. 

രാജഭരണകാലത്തുതന്നെ രാഷ്ട്രീയരംഗത്തുണ്ടായിരുന്ന അസ്ഥിരതയ്ക്ക് അതിനു ശേഷവും മാറ്റമുണ്ടായില്ലെന്നതും ജനങ്ങളെ നിരാശരാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. രാജാധിപത്യം അവസാനിച്ചതിനുശേഷമുള്ള 15 വര്‍ഷത്തിനിടയില്‍ വരികയും പോവുകയും ചെയ്തതു 11 ഗവണ്‍മെന്‍റുകളാണ്. ഒരു ഗവണ്‍മെന്‍റിന്‍റെ ശരാശരി ആയൂസ്സ് ഏതാണ്ട് ഒന്നര വര്‍ഷം. 

മൂന്നു തവണയായി പ്രധാനമന്ത്രിയായിരുന്ന കെ. പി. ശര്‍മ്മ ഓലിയുടെ ഭരണത്തിലെ ചില വര്‍ഷങ്ങള്‍ പ്രത്യേകിച്ചും സംഭവബഹുലമായിരുന്നു. പരമ്പരാഗതമായ ഇന്ത്യ-നേപ്പാള്‍ സൗഹൃദത്തെ അവതാളത്തിലാക്കുന്ന വിധത്തില്‍ ഓലി നടത്തിയ നീക്കങ്ങളും വിവാദ പ്രസ്താവനകളും വാര്‍ത്തകളില്‍ സ്ഥലം പിടിക്കുകയുണ്ടായി. 

പ്രചണ്ഡയുടെ പാര്‍ട്ടി നല്‍കിയ പിന്തുണയോടെയാണ് 2015ല്‍ ആദ്യതവണ ഓലി പ്രധാനമന്ത്രിയായിരുന്നത്. പക്ഷേ, പത്തു മാസമായപ്പോള്‍ പ്രചണ്ഡ പ്രതിപക്ഷ നേപ്പാളി കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ന്നു, ഓലിക്കെതിരെ തിരിഞ്ഞു. ഓലി രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. 

എന്നിട്ടും, 2017ല്‍ തിരഞ്ഞെടുപ്പില്‍ മാവോയിസ്റ്റുകളുമായിത്തന്നെ അദ്ദേഹം സഖ്യമുണ്ടാക്കി. കാഠ്മണ്ടുവിലെ ചൈനീസ് അംബാസ്സഡറുടെ ശ്രമഫലമായിരുന്നു അത്. അവരുടെ മധ്യസ്ഥതയില്‍തന്നെ അടുത്ത വര്‍ഷം രണ്ടു പാര്‍ട്ടികളും തമ്മില്‍ ലയിക്കുകയും നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന പുതിയകക്ഷി രൂപംകൊള്ളുകയും ചെയ്തു. 

തിരഞ്ഞെടുപ്പില്‍ അവര്‍ വന്‍വിജയം നേടി. പക്ഷേ, ഏതാനും മാസങ്ങള്‍ക്കകം പ്രശ്നമായി. നേരത്തെതന്നെ ആ പേരിലുണ്ടായിരുന്ന മറ്റൊരു പാര്‍ട്ടി എതിര്‍ക്കുകയും പുതിയ പാര്‍ട്ടിക്ക് ആ പേര് ഉപയോഗിക്കാന്‍ കഴിയാതാവുകയും ചെയ്തു. പാര്‍ട്ടികളുടെ ലയനം അങ്ങനെ അവസാനിച്ചുവെങ്കിലും സഖ്യം തുടര്‍ന്നു.  

അതിനിടയില്‍തന്നെ രണ്ടു കക്ഷികളും തമ്മിലുളള അധികാര വടംവലിയും തുടരുകയായിരുന്നു. ആദ്യത്തെ രണ്ടര വര്‍ഷത്തിനുശേഷം പ്രധാനമന്ത്രിസ്ഥാനം പ്രചണ്ഡയ്ക്ക് ഓലി ഒഴിഞ്ഞുകൊടുക്കണമെന്നു ധാരണ പാലിക്കപ്പെട്ടില്ല. ഓലിയുടെ ഏകപക്ഷീയമായ നീക്കങ്ങള്‍ അദ്ദേഹത്തിന്‍റെ സ്വന്തം പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളും മുന്‍പ്രധാനമന്ത്രിമാരുമായ മാധവ്കുമാര്‍ നേപ്പാള്‍, ജലനാഥ് ഖനല്‍ തുടങ്ങിയവരെയും ചൊടിപ്പിച്ചു. ഭരണപരമായ കെടുകാര്യസ്ഥത, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ ആരോപണങ്ങളും ഓലിക്കെതിരെ ഉന്നയിക്കപ്പെട്ടു. അവിശ്വാസ പ്രമേയത്തിലൂടെ അദ്ദേഹത്തെ പുറത്താക്കാനുള്ള ശ്രമവുമുണ്ടായി. 

രണ്ടു തവണ പാര്‍ലമെന്‍റ് പിരിച്ചുവിട്ടുകൊണ്ടാണ് ഓലി അതിനെ നേരിട്ടത്. രണ്ടു തവണയും സുപ്രീംകോടതി ഇടപെടുകയും ഓലിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നു പറഞ്ഞു റദ്ദാക്കുകയും ചെയ്തു. പുനഃസ്ഥാപിതമായ പാര്‍ലമെന്‍റില്‍ വിശ്വാസവോട്ടു നേടാന്‍ ഓലി നടത്തിയ ശ്രമവും പരാജയപ്പെട്ടു. എങ്കിലും പുതിയ പാര്‍ലമെന്‍റില്‍ തന്‍റെ പാര്‍ട്ടിക്കു രണ്ടാം സ്ഥാനം നേടിക്കൊടുത്ത അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഇപ്പോഴും പ്രധാനമന്ത്രിക്കസേരയില്‍ തങ്ങിനില്‍ക്കുന്നു. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുശേഷം പ്രചണ്ഡ വീണ്ടും വിശ്വാസവോട്ട് തേടുമ്പോള്‍ എന്തു സംഭവിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 


Content Summary: Videsharangam Column about Nepal Election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS