ചൈനയുടെ ആജീവനാന്ത പരമാധികാരിയാകാനുളള വഴിയിലാണ് പ്രസിഡന്‍റ് ഷി ചിന്‍പിങ്. മൂന്നാം തവണയും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ആ വഴിയിലെ ഒരു പ്രധാന നാഴികക്കല്ല് അദ്ദേഹം പിന്നിട്ടു കഴിഞ്ഞു. നേരത്തെ തന്നെ അദ്ദേഹം ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറര്‍ സെക്രട്ടറി, കേന്ദ്ര മിലിട്ടറി കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ അതിനിര്‍ണായക സ്ഥാനങ്ങളിലേക്കും മൂന്നാം തവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇരുപതു ലക്ഷത്തോളം അംഗബലമുള്ള സായുധ സേനയുടെ നായകനാണ് കേന്ദ്ര മിലിട്ടറി കമ്മിഷന്‍ ചെയര്‍മാന്‍. രാഷ്ട്രസ്ഥാപകനായ മാവോ സെ ദുങ്ങിനു ശേഷം ഇത്രയും ശക്തനായ ഒരു നേതാവ് ചൈനയില്‍ ഉണ്ടായിട്ടില്ല. അതിനാല്‍ ചിലര്‍ (ചൈനക്കാരല്ല) അദ്ദേഹത്തെ ചക്രവര്‍ത്തി എന്നും വിളിക്കുന്നു.
നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് എന്നറിയപ്പെടുന്നതും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ളതുമായ പാര്‍ലമെന്‍റാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച (മാര്‍ച്ച് 10) ഷിയെ മൂന്നാം തവണയും പ്രസിഡന്‍റായി തിരഞ്ഞെടുത്തത്. പതിവുപോലെ എതിര്‍ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. സഭയിലെ മൂവായിരത്തോളം അംഗങ്ങള്‍ ഷിക്ക് അനുകൂലമായി വോട്ടുചെയ്തു. ബെയ്ജിങ് നഗരത്തിലെ ടിയനന്‍മെന്‍ ചത്വരത്തോടു ചേര്‍ന്നുള്ള ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പിളില്‍ നടന്ന തിരഞ്ഞെടുപ്പ് വേഗം പൂര്‍ത്തിയായി. ഷി ഉടന്‍ സ്ഥാനമേല്‍ക്കുകയും ചെയ്തു.

അഞ്ചുവര്‍ഷം കാലാവധിയുള്ള പ്രസിഡന്‍റ് പദവി രണ്ടു തവണയായി ഭരണഘടന പരിമിതപ്പെടുത്തിയിരുന്നു. ഭരണം ഏതെങ്കിലും ഒരാളുടെ കുത്തകയാകുന്നതു തടയാനായി നിലവില്‍വന്നതായിരുന്നു ആ ഭരണഘടനാ ഭേദഗതി. 2013ല്‍ ആദ്യമായി പ്രസിഡന്‍റായ ഷി 2018ല്‍ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇനിയും തുടരാന്‍ അര്‍ഹനായിരുന്നില്ല. അതിനെ മറികടക്കാനായി 2018ല്‍തന്നെ ഭരണഘടന ഭേദഗതി ചെയ്യുകയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി നിയമിക്കുന്ന അംഗങ്ങള്‍ മാത്രമുള്ള പാര്‍ലമെന്‍റിന് ആ ഭേദഗതി അംഗീകരിക്കാന്‍ ഒരു പ്രയാസവുണ്ടായില്ല.
പ്രസിഡന്‍റിനേക്കാള്‍ അധികാരമാണ് ഏകരാഷ്ട്രീയ കക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിക്ക്. അഞ്ചു വര്‍ഷം കാലാവധിയുള്ള ആ പദവിയും ആരും രണ്ടില്‍ കൂടുതല്‍ തവണ വഹിക്കാന്‍ പാടില്ലെന്നു നിശ്ചയിച്ചിരുന്നു. അതില്‍ മാറ്റം വരുത്തിയാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഷിയെ മൂന്നാം തവണയും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അതോടെതന്നെ കേന്ദ്ര മിലിട്ടറി കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തും അദ്ദേഹത്തിനു തുടരാനായി.
രാജ്യത്തിന്‍റെയും പാര്‍ട്ടിയുടെയും ഭരണഘടനകളിലെ രണ്ട് അഞ്ചു വര്‍ഷക്കാലാവധി നീക്കംചെയ്തല്ലാതെ ഒരാള്‍ക്ക് എത്ര തവണ ആ പദവികള്‍ വഹിക്കാമെന്നു പറയുന്നില്ല. ഈ വര്‍ഷം ജൂണില്‍ എഴുപതാം വയസ്സിലേക്കു കടക്കുന്ന ഷി ആരോഗ്യവും മറ്റു സാഹചര്യങ്ങളും അനുകൂലമാണെമെങ്കില്‍ അഞ്ചു വര്‍ഷത്തിനുശേഷവും (ഒരുപക്ഷേ മരണംവരെയും) അധികാരത്തില്‍ തുടര്‍ന്നേക്കാമെന്നു പലരും ഊഹിക്കുന്നത് അതിന്‍റെ അടിസ്ഥാനത്തിലാണ്.

ഷിയെ ഏറ്റവും ശക്തമായി അനുകൂലിക്കുന്നവരെന്നു കരുതപ്പെടുന്ന സീനിയര്‍ നേതാക്കളെയാണ് മറ്റ് ഉന്നത സ്ഥാനങ്ങളിലേക്കും പുതുതായി തിരഞ്ഞെടുക്കുകയോ നിയമിക്കുകയോ ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി ലി ച്യാങ് (63), പാര്‍ലമെന്‍റ് സ്പീക്കര്‍ സാവോ ലെജി (66), വൈസ്പ്രസിഡന്‍റ് ഹാന്‍ സെങ് (68) എന്നിവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു.
ചൈനയിലെ ഭരണവ്യവസ്ഥയില്‍ രണ്ടാം സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. ഭരണ നടത്തിപ്പിന്‍റെ മുഖ്യ ചുമതല അദ്ദേഹത്തിനാണ്. രണ്ടു തവണയായി കഴിഞ്ഞ പത്തു വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ലി കെച്യാങ് (67) ആ നിലയില്‍ ചൈനയക്കു പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം ടേമിനുശേഷം ഷി വിരമിക്കുകയാണെങ്കില്‍ പകരക്കാരന്‍ ലി കെച്യാങ് ആയേക്കാമെന്നു പലരും കരുതുകയുമുണ്ടായി. അദ്ദേഹത്തിന്‍റെ സ്ഥാനത്തേക്കാണ് ഏതാണ്ട് സമാനമായ പേരുള്ള ലി ച്യാങ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതാണ് ഭരണ നേതൃത്വ നിരയില്‍ ഇത്തവണയുണ്ടായ കാര്യമായ മാറ്റം. കേന്ദ്രഗവണ്‍മെന്‍റില്‍ സേവനം ചെയ്തിട്ടില്ലാത്ത ഒരാള്‍ പ്രധാനമന്ത്രിയാകുന്നതും ഇതാദ്യമാണ്.
ചൈനയുടെ സാമ്പത്തിക സിരാകേന്ദ്രവും ഏറ്റവും വലിയ നഗരങ്ങളിലൊന്നുമായ ഷാങ്ഹായ് ഉള്‍പ്പെടുന്ന പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവനായിരുന്നു ലി ച്യാങ്. ഷി മുന്‍പ് സെജിയാങ് പ്രവിശ്യയിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് 2004 മുതല്‍ 2007വരെ അദ്ദേഹത്തിന്‍റെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു ഇദ്ദേഹം.
അങ്ങനെ ഷിയുടെ ഏറ്റവും വിശ്വസ്ഥരായ സഹപ്രവര്‍ത്തകരില്‍ ഒരാളായി. സുപ്രധാന നയരൂപീകരണ സമിതിയായ പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് കഴിഞ്ഞ ഒക്ടോബറിലെ പാര്‍ട്ടി കോണ്‍ഗ്രസ് അദ്ദേഹത്തെ തിരഞ്ഞെടുത്തു. അതിനു ശേഷം അഞ്ചു മാസത്തിനകം അദ്ദേഹം പ്രധാനമന്ത്രിപദത്തിലേക്കും ഉയര്‍ത്തപ്പെട്ടത് ചൈനാ നിരീക്ഷകരില്‍ ആരെയും അല്‍ഭുതപ്പെടുത്തുന്നില്ല.

തിരിഞ്ഞുനോക്കുമ്പോള്‍ പാര്‍ട്ടിയിലെ ഷിയുടെ പടിപടിയായുള്ള ഉയര്‍ച്ചയും അധികമാരെയും അല്‍ഭുതപ്പെടുത്തുകയില്ല. രാഷ്ട്രസ്ഥാപകനായ മാവോ സെ ദുങ്ങിന്‍റെ അടുത്ത സഹപ്രവര്‍ത്തകരില്‍ ഒരാളും ഉപപ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ് ഷി സോങ്ഷുന്‍. പക്ഷേ, തനിക്കെതിരെ നീങ്ങാന്‍ ഇടയുണ്ടെന്നു സംശയിക്കപ്പെടുന്നവരെയെല്ലാം ഒതുക്കാനായി മാവോ തുടങ്ങിവച്ച സാംസ്ക്കാരിക വിപ്ളവത്തിന് ഇരയായിത്തീര്‍ന്നവരില്‍ ഷി സോങ്ഷുനും കുടുംബയും ഉള്‍പ്പെട്ടു. മാവോയുടെ അനിഷ്ടത്തിനു പാത്രമായ അദ്ദേഹത്തിനു ജയിലില്‍ കഴിയേണ്ടിവന്നു.
ഗ്രാമത്തില്‍ പോയി കൃഷിക്കാരോടപ്പം പാടത്തു പണിയെടുക്കലായിരുന്നു മറ്റു ലക്ഷക്കണക്കിനു യുവാക്കളെപ്പോലെ അദ്ദേഹത്തിന്‍റെ മകനും കിട്ടിയ ശിക്ഷ. ചൈനയിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷമായ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ അതു ഷിക്ക് ഉപകരിച്ചു. ശിക്ഷാ കാലാവധിക്കു ശേഷം അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ ചേര്‍ന്നു. സിന്‍ഗുവ സര്‍വകലാശാലയിൽ നിന്നു കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടുകയും ചെയ്തു. പക്ഷേ എന്‍ജിനീയറായി ജോലി ചെയ്തില്ല. പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു.
തെക്കു കിഴക്കന്‍ പ്രവിശ്യയായ ഫൂജിയാനില്‍ 1999 മുതല്‍ മൂന്നു വര്‍ഷം ഗവര്‍ണറായി. തുടര്‍ന്നുള്ള അഞ്ചു വര്‍ഷം അടുത്തുളള സെജിയാന്‍ പ്രവിശ്യയിലെ ഗവര്‍ണറും പാര്‍ട്ടി സെക്രട്ടറിയുമായി. 2007ല്‍ ഷാങ്ഹായിലെ പാര്‍ട്ടി സെക്രട്ടറി ആരോപണ വിധേയനായി പുറത്താക്കപ്പെട്ടപ്പോള്‍ ആ ഒഴിവില്‍ നിയമിതനായതു ഷിയാണ്. അതേ വര്‍ഷംതന്നെ കേന്ദ്ര നേതൃത്വത്തിലേക്കുള്ള ഉയര്‍ച്ചയുടെ തുടക്കമായി പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്‍റ് ഹു ജിന്‍റാവോയുടെ കീഴില്‍ 2008ല്‍ വൈസ്പ്രസിഡന്‍റായതോടെ തന്നെ ചൈനയുടെ അടുത്ത അധിപന്‍ ഷിയായിരിക്കുമെന്ന് ഉറപ്പായിരുന്നു. 1949ല്‍ കമ്യൂണിസ്റ്റ് രാഷ്ട്രം സ്ഥാപിതമായ ശേഷം ജനിച്ച ആദ്യത്തെ പ്രസിഡന്‍റും പാര്‍ട്ടി സെക്രട്ടറിയുമായി ഇപ്പോള്‍ 69 വയസ്സുള്ള ഷി. മാവോ സെ ദുങ്ങിന്‍റെ മാതൃക സ്വീകരിച്ചുകൊണ്ട് തന്‍റെ എതിരാളികളെയും എതിരാളികളാകാന്‍ ഇടയുണ്ടെന്നു സംശയിക്കപ്പെടുന്നവരെയും ഷി നിഷ്ക്കരുണം വെട്ടിനിരത്തിയെന്നാണ് കരുതപ്പെടുന്നത്. തന്‍റെ ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും മാവോയുടെ ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും സമാനമായ പദവി ചാര്‍ത്തിക്കൊടുത്തുകൊണ്ട് മറ്റൊരു മാവോയായി സ്വയം അവതരിപ്പിക്കാനും അദ്ദേഹം ശ്രമിക്കാതിരുന്നില്ല.
"പുതിയ കാലഘട്ടത്തിലേക്കുള്ളതും ചൈനീസ് സവിശേഷതകളോടുകൂടിയതുമായ സോഷ്യലിസത്തെക്കുറിച്ചുള്ള ഷി ചിന്‍പിങ്ങിന്‍റെ ചിന്ത" എന്ന് ഔദ്യോഗികമായി ്അറിയപ്പെടുന്ന ആശയങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത് ഇതിന് ഉദാഹരണമാണ്. സര്‍വകലാശാലകളിലും സ്കൂളുകളിലും അതു പഠിപ്പിക്കുന്നുമുണ്ട്. പാര്‍ട്ടിയുടെ തലവനായതു മുതല്‍ ഷി നടത്തിയ പ്രസംഗങ്ങളിലെയും പ്രസ്താവനകളിലെയും ആശയങ്ങള്‍ ക്രോഡീകരിച്ചാണ് ഷിയുടെ ചിന്തയെന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യക്തിപൂജയുടെ ഇത്തരത്തിലുള്ള അടയാളങ്ങള്‍ മാവോയ്ക്കുശേഷം പ്രകടമായിരുന്നില്ല. മറ്റൊരു മാവോയാകാനുള്ള ഷിയുടെ പരിപാടിയില്‍ ഇതുമൊരു പങ്ക് വഹക്കുന്നു.
Content Summary : Xi Jinping begins historic third term as China's president