സഹകരണ പാതയില്‍ സൗദിയും ഇറാനും

videsharangom-saudi-iran
സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ്, ഇബ്രാഹിം റയീസി
SHARE

ആളുകളെ അമ്പരപ്പിക്കുകയും അല്‍ഭുതപ്പെടുത്തുകയും ചെയ്യുന്നതില്‍ മധ്യപൂര്‍വദേശത്തെ വെല്ലുന്ന ഒരു ഭൂപ്രദേശം ലോകത്ത് എവിടെയുമില്ല. ഇടയ്ക്കിടെ അവിടെയുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ അക്കാര്യം നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ദശകങ്ങളായി വിദ്വേഷത്തിന്‍റെ നിഴലില്‍ കഴിയുന്ന  സൗദി അറേബ്യയും ഇറാനും ആ സ്ഥിതി അവസാനിപ്പിക്കാന്‍ മുന്നോട്ടു വന്നിട്ടുള്ളത് അത്തരമൊരു സംഭവവികാസമാണ്. 

ഏഴു വര്‍ഷമായി തകര്‍ന്നു കിടക്കുന്ന നയതന്ത്രബന്ധം രണ്ടു മാസത്തിനകം അവര്‍ പുനഃസ്ഥാപിക്കും. വ്യാപാരം പോലുള്ള രംഗങ്ങളിലും സഹകരണമുണ്ടാവും. ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റയീസിയെ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അവിടത്തെ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ക്ഷണിച്ചതായും റയീസി അതു സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഈ ഒത്തുതീര്‍പ്പിനു കാര്‍മികത്വം വഹിച്ചിട്ടുള്ളത് ദീര്‍ഘകാലമായി മധ്യപൂര്‍വദേശത്തെ പ്രശ്നങ്ങളില്‍ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇടപെട്ടുകൊണ്ടിരുന്ന അമേരിക്കയോ റഷ്യയോ അല്ല, ചൈനയാണെന്നതും കൗതുകരമാണ്. അതേസമയം, അമേരിക്കയ്ക്കുളള തിരിച്ചടിയായി പലരും കരുതുന്ന ഇതിനെ സ്വാഗതം ചെയ്തവരുടെ കൂട്ടത്തില്‍ അമേരിക്കയും ഉള്‍പ്പെടുന്നു. 

ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ സൗദി സുരക്ഷാ ഉപദേഷ്ടാവും മന്ത്രിയുമായ മുസാദ് ബിന്‍ മുഹമ്മദ് അല്‍ ഐബാനും ഇറാനിലെ പരമോന്നത ദേശീയ സുരക്ഷാ സമിതിയുടെ സെക്രട്ടറി അലി ഷംഖാനിയും തമ്മില്‍ ചര്‍ച്ച നടന്നുവരികയായിരുന്നു. അതിന്‍റെ അവസാനത്തിലായിരുന്നു സഹകരണം സംബന്ധിച്ച പ്രഖ്യാപനം. 

മധ്യസ്ഥത വഹിച്ചതായി കരുതപ്പെടുന്ന പ്രമുഖ ചൈനീസ് നയതന്ത്രജ്ഞന്‍ വാങ്‌യിയും അപ്പോള്‍ സന്നിഹിതനായിരുന്നു. ഷി ചിന്‍പിങ്-ചൈനയുടെ പ്രസിഡന്‍റായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ദിവസം (മാര്‍ച്ച് 10) തന്നെയായിരുന്നു ഈ സംഭവവും. ഇരു രാജ്യങ്ങളും നേരത്തെ ഒപ്പുവച്ചിരുന്നതും നിര്‍ജീവാവസ്ഥയില്‍ എത്തിയതുമായ 1998ലെയും 2001ലെയും സുരക്ഷാ സഹകരണ കരാറുകള്‍ പുനരുജ്ജീവിപ്പിക്കാനും തീരുമാനമായി.  

വാസ്തവത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായിത്തന്നെ സൗദി അറേബ്യയുടെയും ഇറാന്‍റെയും പ്രതിനിധികള്‍ ഇറാഖിലും ഒമാനിലും സമ്മേളിച്ച് ചര്‍ച്ച നടത്തിവന്നിരുന്നു. പക്ഷേ, പ്രശ്നത്തിന്‍റെ സങ്കീര്‍ണതകള്‍ കാരണം അവര്‍ക്കു കാര്യമായി മുന്നോട്ടുപോകാനായില്ല. അതിനെ തുടര്‍ന്നാണ് ദൗത്യം ചൈന ഏറ്റെടുത്തതെന്നു കരുതപ്പെടുന്നു.  

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ രാജ്യങ്ങളാണ് രാജഭരണമുള്ള സൗദി അറേബ്യയും ഇസ്ലാമിക റിപ്പബ്ളിക്ക് എന്നറിയപ്പെടുന്ന ഇറാനും. രണ്ടും എണ്ണ സമ്പന്ന രാജ്യങ്ങള്‍. നാലു ദശകത്തിലേറെയായി ഇവര്‍ക്കിടയില്‍ സൗഹൃദമില്ലെന്നു മാത്രമല്ല, ഇടയ്ക്കടെ സംഘര്‍ഷാവസ്ഥ ഉണ്ടാകാറുമുണ്ട്.

ഏഴു വര്‍ഷം മുന്‍പ് ഇതെല്ലാംകൂടി എത്തിച്ചേര്‍ന്നതു അതീവ ഗുരുതരമായ ചില സംഭവങ്ങളിലാണ്. ഇറാന്‍റെ തലസ്ഥാനമായ ടെഹറാനിലെ സൗദി എംബസ്സിയും ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ മാഷാദിലെ സൗദി കോണ്‍സുലേറ്റും ജനക്കൂട്ടം ആക്രമിച്ചു. അതിനെ അപലപിച്ച സൗദി ഭരണകൂടം എംബസ്സിയും കോണ്‍സുലേറ്റും പൂട്ടുകയും സൗദി തലസ്ഥാനമായ റിയാദിലെ ഇറാന്‍ എംബസ്സിയുടെയും ജിദ്ദ നഗരത്തിലെ ഇറാന്‍ കോണ്‍സുലേറ്റിന്‍റെയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം തകര്‍ന്നത് അങ്ങനെയാണ്. 

അതിന്‍റെ തലേന്നാണ് സൗദി അറേബ്യയില്‍ ഇറാന്‍ അനുകൂലിയായ ഷെയ്ക്ക് നിമര്‍ അല്‍ നിമര്‍ എന്ന പ്രമുഖ ഷിയാ പുരോഹിതന്‍ വധിക്കപ്പെട്ടിരുന്നത്. ഭീകരപ്രവര്‍ത്തനത്തിൽ ഏര്‍പ്പെട്ടുവെന്ന പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 47 പേരില്‍ ഒരാളായിരുന്നു അദ്ദേഹം. നിമര്‍ വധത്തിനെതിരേ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങളാണ് ടെഹറാനിലെ സൗദി എംബസ്സിക്കും മാഷാദിലെ സൗദി കോണ്‍സുലേറ്റിനും നേരെയുള്ള ആക്രമണത്തില്‍ കലാശിച്ചത്. അതിനു ഇറാന്‍ ഭരണകൂടത്തിന്‍റെ മൗനാനുവാദം ഉണ്ടായിരുന്നുവെന്നായിരുന്നു സൗദി ഗവണ്‍മെന്‍റിന്‍റെ ആരോപണം. 

മുസ്ലിംകളിലെ ഷിയാ വിഭാഗത്തിനു ബഹുഭൂരിപക്ഷമുള്ള ഏറ്റവും വലിയ രാജ്യമാണ് ഇറാന്‍. സൗദി അറേബ്യയിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷം സുന്നികളാണ്. ഈ വിഭാഗങ്ങള്‍ക്കിടയില്‍ പരമ്പരാഗതമായി നിലനിന്നുവന്ന വിടവും സൗദി-ഇറാന്‍ ബന്ധത്തെ കലുഷമാക്കുകയായിരുന്നു. അതിലേക്കു വിരല്‍ ചൂണ്ടുകയായിരുന്നു നിമര്‍ വധവും എംബസ്സി, കോണ്‍സുലേറ്റ് ആക്രമണങ്ങളും.  

ഇറാനില്‍ ഷാ മുഹമ്മദ് റിസ പഹ്ലവിയുടെ രാജഭരണകാലത്ത് ഇറാനും സൗദി അറേബ്യയ്ക്കുമിടയില്‍ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ല. സോവിയറ്റ് യൂണിയനെതിരെ അമേരിക്ക പടുത്തുയര്‍ത്തിയ സഖ്യത്തിന്‍റെ ഭാഗമായിരുന്നു ആ രാജ്യങ്ങള്‍. എന്നാല്‍, 1979ല്‍ ഷായെ അട്ടിമറിച്ച് ഇസ്ലാമിക വിപ്ലവകാരികള്‍ ഇറാനില്‍ അധികാരം പിടിച്ചെടുത്തതോടെ സ്ഥിതിമാറി. 

അമേരിക്കയുമായി ഇടഞ്ഞ ഇസ്ലാമിക വിപ്ളവകാരികള്‍ സൗദി അറേബ്യയുമായും ഇടഞ്ഞു. തുടക്കം മുതല്‍ക്കേ അവര്‍ സൗദി ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ടായി. പില്‍ക്കാലത്ത് മധ്യപൂര്‍വദേശത്തുണ്ടായ പല പ്രശ്നങ്ങളിലും ഇരു രാജ്യങ്ങളും വിരുദ്ധ ചേരികളിലാവുകയും ചെയ്തു. 1980-1988ലെ ഇറാന്‍-ഇറാഖ് യുദ്ധം, യെമനിലെ ഒരു ദശകത്തോളം പഴക്കമുള്ള ആഭ്യന്തരയുദ്ധം, സിറിയയില്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസ്സദിനെതിരെ പൊട്ടിപ്പുറപ്പെട്ട കലാപം, ലെബനനിലെ രാഷ്ട്രീയ കോളിളക്കങ്ങള്‍ ഇവയെല്ലാം ഈ പ്രശ്നങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. 

യെമനിലെ യുദ്ധം പ്രത്യേകിച്ചും സജീവമായ രാജ്യാന്തര ശ്രദ്ധയ്ക്കു പാത്രമായിട്ടുണ്ട്. അറേബ്യന്‍ അര്‍ധ ഭൂഖണ്ഡത്തിന്‍റെ തെക്കെ മൂലയില്‍ സ്ഥിതിചെയ്യുന്നതും സൗദി അറേബ്യയുമായി അതിര്‍ത്തി പങ്കിടുന്നതുമായ യെമന്‍ ആ മേഖലയിലെ ഏറ്റവും ദരിദ്രമായ രാജ്യാണ്. എങ്കിലും സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം അതിനു സുരക്ഷാതന്ത്രപരമായി വളരെ വലിയ പ്രാധാന്യമുണ്ട്. ഹൂതികള്‍ എന്നറിയപ്പെടുന്ന അവിടത്തെ ഷിയ തീവ്രവാദികള്‍ 2014ല്‍ നിയമാനുസൃത ഗവണ്‍മെന്‍റിനെ അട്ടിമറിച്ചു. അവരെ ഇറാന്‍ സഹായിക്കുന്നുവെന്നാണ് ആരോപണം. 

രാജ്യാന്തര അംഗീകാരമുള്ള ഗവണ്‍മെന്‍റിനെ സഹായിക്കാന്‍ സൗദി നേതൃത്വത്തില്‍ ഒരു ഗള്‍ഫ് രാജ്യ സഖ്യവും മുന്നോട്ടുവന്നു. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ സൗദി അറേബ്യയുടെയും മറ്റു ചില ഗള്‍ഫ് രാജ്യങ്ങളുടെയും എണ്ണക്കപ്പലുകള്‍, എണ്ണപ്പാടങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയ്ക്കുനേരെ ഹൂതികളുടെ മിസൈല്‍ ആക്രമണവുമുണ്ടായി.  സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പരോക്ഷ യുദ്ധമായി ഇതു വിശേഷിപ്പിക്കപ്പെടുന്നു.  

യെമനിലെ ആഭ്യന്തര യുദ്ധത്തില്‍ ഒന്നര ലക്ഷത്തിലേറെ പേര്‍ മരിച്ചുവെന്നാണ് യുഎന്‍ കണക്ക്. പട്ടിണി മൂലവും പകര്‍ച്ചവ്യാധികള്‍ പിടിപെട്ടും മരിച്ചവര്‍ രണ്ടേകാല്‍ ലക്ഷം. അസംഖ്യം പേര്‍ അഭയാര്‍ഥികളായി. ലോകത്തെ ഏറ്റവും വലിയ മാനുഷിക ദുരന്തമാണ് ഇതെന്നു യുഎന്‍ ചൂണ്ടിക്കാട്ടുന്നു. സൗദി-ഇറാന്‍ സഹകരണ തീരുമാനം വിജയകരമായി നടപ്പാവുകയാണെങ്കില്‍ അതിന്‍റെ ഏറ്റവും വലിയ നേട്ടം ഈ ദുരന്തത്തിന്‍റെ അവസാനമായിരിക്കും.

ആ മേഖലയിലെ സംഘര്‍ഷാന്തരീക്ഷത്തില്‍ പൊതുവില്‍തന്നെ അയവുണ്ടാകാനും ഇതു സഹായകമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ഒത്തുതീര്‍പ്പിനു കാര്‍മികത്വം വഹിച്ച ചൈനയുടെ മുന്‍വിദേശമന്ത്രികൂടിയായ ഉന്നത നയതന്ത്രജ്ഞന്‍ വാങ് യി ഇതിന്‍റെ പേരില്‍ നൊബേല്‍ സമാധാന സമ്മാനത്തിനു പരിഗണിക്കപ്പെടുകയാണെങ്കില്‍ അതിലാരും അല്‍ഭുതപ്പെടുകയുമില്ല. 

സൗദി അറേബ്യയുമായും ഇറാനുമായും ചൈനയ്ക്കു ദീര്‍ഘകാലമായി നല്ല ബന്ധമാണുള്ളത്. സൗദി അറേബ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. ഏറ്റവുമധികം എണ്ണ ചൈന ഇറക്കുമതി ചെയ്യുന്നതു സൗദി അറേബ്യയില്‍നിന്നാണ്. ഇറാനെതിരായ യുഎസ് ഉപരോധത്തിനു വഴങ്ങാതെ ഇറാനില്‍നിന്നും അവര്‍ ധാരാളം എണ്ണ വാങ്ങുന്നു. 

xi-jinping-begins-historic-third-term-as-chinas-president
ഷി ചിൻപിങ് (Photo by Matthew WALSH / AFP)

കഴിഞ്ഞ ഡിസംബറില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് സൗദി അറേബ്യയും ഫെബ്രുവരിയില്‍ ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റയീസി ചൈനയും സന്ദര്‍ശിക്കുകയുണ്ടായി. അടുത്തുതന്നെ ഇറാന്‍ സന്ദര്‍ശിക്കാനുള്ള റയീസിയുടെ ക്ഷണം ഷി സ്വീകരിക്കുകയും ചെയ്തു. ഗള്‍ഫ് മേഖലയിലെ രണ്ടു പ്രമുഖ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ചൈനയുടെ ആഗ്രഹത്തിന് ഉദാഹരണമായിരുന്നു ആ സന്ദര്‍ശനങ്ങള്‍. എങ്കിലും ആ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളില്‍ ചൈന ഇടപെടുമെന്നോ അതിനുള്ള താല്‍പര്യം ചൈനയ്ക്കുണ്ടെന്നോ അധികമാരും കരുതിയിരുന്നില്ല. മധ്യപൂര്‍വദേശത്തെ കാര്യങ്ങളില്‍ ഇതിനു മുന്‍പ് വ്യക്തമായ രീതിയില്‍ ചൈന ഇടപെട്ട ചരിത്രവുമില്ല.

മധ്യപൂര്‍വദേശത്തു പൊതുവില്‍ മുന്‍പ് പലപ്പോഴായി ഇടപെട്ടിരുന്നത് അമേരിക്കയും സോവിയറ്റ് യൂണിയനുമാണ്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അതിന്‍റെ സ്ഥാനം റഷ്യ ഏറ്റെടുത്തു. സിറിയയിലെ ആഭ്യന്തരയുദ്ധത്തെ അതിജീവിക്കാന്‍ അവിടത്തെ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസ്സദിന് ഉപകരിച്ചത് റഷ്യ നല്‍കിയ സഹായമാണ്. അമേരിക്കയ്ക്ക് അതൊരു വലിയ ക്ഷീണമായി. ആ മേഖലയില്‍ ദീര്‍ഘകാലമായി നിലനിന്നുവന്ന യുഎസ് സ്വാധീനത്തിന് ഇടിവ് സംഭവിക്കുകയാണോയെന്ന സംശയവും ഉടലെടുത്തു.  

അതിനിടയിലാണ് ചൈനീസ് മധ്യസ്ഥതയില്‍ സൗദി അറേബ്യയും ഇറാനും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടായിരിക്കുന്നത്. ഇതും അമേരിക്കയ്ക്കു സംഭവിച്ച ഒരു തിരിച്ചടിയാണെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. അതേസമയം, അമേരിക്ക ആഗ്രഹിച്ചാലും ഇത്തരമൊരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അവര്‍ക്കു സാധിക്കുമായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കാരണം, ഇറാനിലെ ഭരണകൂടവുമായി 1979ലെ അതിന്‍റെ തുടക്കംമുതല്‍ക്കേ അമേരിക്കയ്ക്കു നയതന്ത്ര ബന്ധമില്ല. 

Content Summary: Videsharangam Column by K Obeidulla: Saudi-Iran Resume Ties

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS