വെല്ലുവിളി നേരിടുന്ന സമാധാന കരാര്‍

Mail This Article
അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പൂര്‍വികര്‍ ഒന്നര നൂറ്റാണ്ടു മുന്‍പ് യൂറോപ്പിലെ അയര്‍ലന്‍ഡില്‍നിന്നു കടല്‍താണ്ടി എത്തിയവരാണ്. അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കാനുള്ള അവസരം കൂടിയായിരുന്നു ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഏപ്രില്‍ 10) മുതല്‍ക്കുളള നാലു ദിവസത്തെ അദ്ദേഹത്തിന്‍റെ അയര്‍ലന്‍ഡ് സന്ദര്‍ശനം. എങ്കിലും, ആദ്യ ദിവസം തന്നെ വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ അദ്ദേഹം എത്തിയതു മറ്റൈാരു കാര്യത്തിനു കൂടിയായിരുന്നു. വടക്കന്‍ അയര്‍ലന്‍ഡില്‍ മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന ചോരച്ചൊരച്ചിലിന് അന്ത്യം കുറിച്ച 1998ലെ ഗുഡ്ഫ്രൈഡേ എഗ്രിമെന്‍റിന്‍റെ രജതജൂബിലി ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു ഉദ്ദേശ്യം.
യുഎസ് മധ്യസ്ഥതയുടെയും നയതന്ത്രജ്ഞതയുടെയും വിജയംകുടിയായിരുന്നു ബെല്‍ഫാസ്റ്റ് എഗ്രിമെന്‍റ് എന്നും പേരുള്ള ആ കരാര്‍. അതൊപ്പിട്ട ഏപ്രില്‍ 10 ആ വര്‍ഷത്തെ ദുഃഖ വെളളിയാഴ്ചയായതിനാല്‍ ഗുഡ്ഫ്രൈഡേ കരാര്‍ എന്നറിയപ്പെടാന്‍ തുടങ്ങി. വടക്കന്‍ അയര്‍ലന്‍ഡിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ ആ പ്രദേശം ഉള്‍പ്പെടുന്ന ബ്രിട്ടന്‍റെ പ്രധാനമന്ത്രി ടോണി ബ്ളെയര്‍, അയര്‍ലന്‍ഡിന്‍റെ പ്രധാനമന്ത്രി ബെര്‍ട്ടി അഹേണ്‍ എന്നിവര്‍ ഒപ്പുവച്ചു.
വടക്കന്‍ അയര്‍ലന്‍ഡിലെ മുഖ്യരാഷ്ട്രീയ കക്ഷികളുടെ നേതാക്കളായ ഡേവിഡ് ട്രിംബ്ളിനും ജോണ്‍ ഹ്യൂമിനും അതിന്‍റെ പേരില്‍ നൊബേല്‍ സമാധാന സമ്മാനം ലഭിച്ചു. ഒത്തുതീര്‍പ്പിനുവേണ്ടി ഇടയാളായി പ്രവര്‍ത്തിക്കുകയും കരാര്‍ സാധ്യമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്ത യുഎസ് സെനറ്റര്‍ ജോര്‍ജ് മിച്ചലിനും സമ്മാനം ലഭിക്കുമെന്നു പ്രതീക്ഷിച്ചവര്‍ ഏറെയുണ്ടായിരുന്നു. അയര്‍ലന്‍ഡില്‍ നിന്നുള്ള ഒരു കുടിയേറ്റക്കാരന്‍റെ മകനാണ് മിച്ചലും.

വടക്കന്‍ അയര്‍ലന്‍ഡിലെ കുഴപ്പങ്ങള്‍ക്കു പരിഹാരം കണ്ടെത്താനുള്ള തന്‍റെ പ്രത്യേക ദൂതനായി മിച്ചലിനെ നിയോഗിച്ചത് അന്നത്തെ യുഎസ് പ്രസിഡന്‍റ് ബില്‍ ക്ളിന്‍റനാണ്. അദ്ദേഹവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയര്‍, മുന്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രി ബെര്‍ട്ടി അഹേണ്‍ എന്നിവരും ഗുഡ്ഫ്രൈഡേ എഗ്രിമെന്‍റിന്‍റെ 25ാം വാര്‍ഷികത്തില്‍ പെങ്കെടുക്കാന്‍ ബെല്‍ഫാസ്റ്റില്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും എത്തി. ചരിത്രപ്രധാനമായ ഗുഡ്ഫ്രൈഡേ കരാറില്‍ തങ്ങള്‍ക്കുള്ള സംതൃപ്തിയും സന്തോഷവും ഒരിക്കല്‍കൂടി പ്രകടിപ്പിക്കുക മാത്രമായിരുന്നില്ല അവരുടെ ഉദ്ദേശ്യം, ഇപ്പോള്‍ പുതിയ വെല്ലുവിളികളെ നേരിടാന്‍ തുടങ്ങിയിട്ടുള്ള അതിനു തങ്ങളുടെ നിരുപാധികമായ പിന്തുണ അറിയിക്കുക കൂടിയായിരുന്നു.

അയര്‍ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നീ പേരുകള്‍ ആ മേഖലയ്ക്കു പുറത്തുള്ള ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനിടയുണ്ട്. അയര്‍ലന്‍ഡ് ഒരു ദ്വീപാണ്. അതിന്‍റെ മധ്യ, ദക്ഷിണ ഭാഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതും ദ്വീപിന്‍റെ ഏതാണ്ട് മുക്കാല്‍ ഭാഗം വരുന്നതുമായ രാജ്യത്തിന്‍റെ പേരും അയര്‍ലന്‍ഡ് എന്നുതന്നെ. അവശേഷിക്കുന്ന കാല്‍ഭാഗത്തെ ഉള്‍ക്കൊളളുന്ന വടക്കന്‍ അയര്‍ലന്‍ഡ് ആ രാജ്യത്തിന്‍റെ ഭാഗമല്ല, ബ്രിട്ടന്‍റെ ഭാഗമാണ്.
ദ്വീപ് മുഴുവന്‍ തങ്ങളുടെ കോളണിയായിരുന്ന കാലത്തു ബ്രിട്ടന്‍ വടക്കന്‍ അയര്‍ലന്‍ഡിനെ തങ്ങളുടെ പ്രദേശത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അങ്ങനെയുണ്ടായതാണ് യുനൈറ്റഡ് കിങ്ഡം ഓഫ് ഗ്രെയിറ്റ് ബ്രിട്ടന്‍ ആന്‍ഡ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്ന പേര്. ചുരുക്കത്തില്‍ യുകെ. അതിനെയാണ് നമ്മള്‍ പലപ്പോഴും ബ്രിട്ടന്‍ എന്നു വിളിക്കുന്നതും. ബ്രിട്ടന്‍ എന്നാല്‍ ഇംഗ്ളണ്ട്, സ്കോട്ട്ലന്‍ഡ്, വെയില്‍സ് എന്നീ മൂന്നു പ്രദേശങ്ങള്‍ അടങ്ങിയതാണെന്നും ഓര്‍ക്കാം.
അയര്‍ലന്‍ഡ് 1921ല്‍ സ്വതന്ത്ര രാജ്യമാവുകയും റിപ്പബ്ളിക്ക് ഓഫ് അയര്‍ലന്‍ഡ് എന്നറിയപ്പെടാന്‍ തുടങ്ങുകയും ചെയ്തത് ദ്വീപിന്‍റെ വടക്കു ഭാഗം ഇല്ലാതെയാണ്. എങ്കിലും, ആ പ്രദേശം അയര്‍ലന്‍ഡില്‍ ലയിപ്പിക്കണമെന്ന ആവശ്യം അന്നു മുതല്‍ക്കേ ഉയരുകയായിരുന്നു. വടക്കന്‍ അയര്‍ലന്‍ഡില്‍ അതിനുവേണ്ടി വാദിക്കുന്നവരും (നാഷലിസ്റ്റുകള്‍) എതിരാളികളും (യൂണിയനിസ്റ്റുകള്‍) തമ്മില്‍ ഏറ്റുമുട്ടാനും തുടങ്ങി.
ക്രൈസ്തവരില്‍ കത്തോലിക്കര്‍ക്കു ഭൂരിപക്ഷമുളള അയര്‍ലന്‍ഡുമായി വടക്കന്‍ അയര്‍ലന്‍ഡിനെ കൂട്ടിച്ചേര്‍ക്കണമെന്നു വാദിക്കുന്നവരില്‍ അധികവും കത്തോലിക്കരാണ്. അതിനെ എതിര്‍ക്കുകയും യുകെയില്‍ തന്നെ തുടരണമെന്നു വാദിക്കുകയും ചെയ്യുന്നവര്‍ അധികവും യുകെയിലെ ജനങ്ങളില്‍ ഭൂരിപക്ഷം വരുന്ന പ്രോട്ടസ്റ്റന്‍റ് ക്രൈസ്തവരും.
ഇങ്ങനെ പ്രശ്നത്തില്‍ മതപരമായ ചേരിതിരിവു കൂടി ഇടപെടാന്‍ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ ഗുരുതരമായി. ഇരു ഭാഗങ്ങളിലെയും ആയുധധാരികളായ തീവ്രവാദി സംഘങ്ങള്‍ പരസ്പരവും പൊലീസ്, പട്ടാളം എന്നിവയുമായും ഏറ്റുമുട്ടി. ബോംബ് സ്ഫോടനങ്ങള്‍ സാധാരണമായി. മൊത്തം 3500 പേര്‍ മരിച്ചു. പ്രശ്നവുമായി നേരിട്ട് ബന്ധമില്ലാത്തവരായിരുന്നു മരിച്ചവരില്‍ പലരും.
അവരില്‍ ഒരാളായിരുന്നു ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയും ആദ്യത്തെ ഗവര്‍ണര്‍ ജനറലുമായിരുന്ന മൗണ്ട്ബാറ്റന്‍ പ്രഭു. 1979 ഓഗസ്റ്റ് 27ന് അദ്ദേഹം സഞ്ചരിച്ചിരുന്ന ഉല്ലാസ ബോട്ടില്‍ ഒളിച്ചുവയ്ക്കപ്പെട്ട ബോംബ് യാത്രയ്ക്കിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബ്രിട്ടീഷ് രാജകുടുംബാഗമായ അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന കൗമാരപ്രായക്കാരനായ പൗത്രന്‍ ഉള്‍പ്പെടെ മറ്റു രണ്ടു പേര്‍ കൂടി മരിച്ചു.
പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറെ വധിക്കാനും ശ്രമം നടന്നു. 1984 ഒക്ടോബര്‍ 12നു ഇംഗളണ്ടില്‍ ബ്രൈറ്റനിലെ ഒരു ഹോട്ടലില്‍ തന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താച്ചര്‍. അവിടെ ഒളിച്ചുവയ്ക്കപ്പെട്ടിരുന്ന ബോംബ് പൊട്ടിത്തെറിച്ചപ്പോള്‍ താച്ചര്‍ രക്ഷപ്പെട്ടുവെങ്കിലും മറ്റ് അഞ്ചു പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
ഈ സംഭവത്തിന്‍റെയെന്ന പോലെ മൗണ്ട്ബാറ്റന്‍ വധത്തിന്‍റെയും ഉത്തരവാദിത്തം ഐറിഷ് റിപ്പബ്ളിക്കന്‍ ആര്‍മി (ഐആര്‍എ) എന്ന തീവ്രവാദി സംഘടന ഏറ്റെടുത്തു. അയര്‍ലന്‍ഡുമായി വടക്കന്‍ അയര്‍ലന്‍ഡിനെ കൂട്ടിച്ചേര്‍ക്കണമെന്നു വാദിക്കുന്നവരുടെതായിരുന്നു ഈ സംഘടന.
യുഎസ് പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍റെ പ്രത്യേക ദൂതന്‍ സമാധാന നീക്കത്തിന്‍റെ മുന്നോടിയായി വടക്കന്‍ അയര്‍ലന്‍ഡിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളെ ഒന്നിച്ചിരുത്താന്‍ ശ്രമിച്ചപ്പോള്‍ അതിനുപോലും അവരില്‍ പലരും വിസമ്മതിക്കുകയായിരുന്നു. മാസങ്ങളോളം നീണ്ടുനിന്ന ക്ലേശകരമായ ചര്‍ച്ചകളെയും കൂടിയാലോചനകളെയും തുടര്‍ന്നാണ് ഒത്തുതീര്‍പ്പുണ്ടായത്. പലസ്തീന്‍ പ്രശ്നം ഉള്‍പ്പെടെ ദീര്‍ഘകാലമായി കീറാമുട്ടിയായി അവശേഷിക്കുന്ന പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാര മാതൃകയായി ഗുഡ് ഫ്രൈഡേ കരാര്‍ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു.
വടക്കന്‍ അയര്‍ലന്‍ഡില്‍ അവിടത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ സഹായകമായ പുതിയ പ്രാദേശിക ഗവണ്‍മെന്‍റ് ഉണ്ടായത് ഈ കരാറിന്‍റെ ഫലമായിട്ടാണ്. വിദേശനയം, രാജ്യസുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ ഒഴികെയുള്ള എല്ലാപ്രശ്നങ്ങളിലും തീരുമാനമെടുക്കാന്‍ അതിന് അധികാരമുണ്ട്. ഐആര്‍എ, അള്‍സ്റ്റര്‍ വോളണ്ടിയര്‍ ഫോഴ്സ് എന്നിവ പോലുള്ള ഇരുപക്ഷത്തെയും എല്ലാ തീവ്രവാദി സംഘങ്ങളും ആയുധങ്ങള്‍ അടിയറ വയ്ക്കാന്‍ സമ്മതിച്ചു. അക്രമങ്ങളുടെ പേരില്‍ ജയിലിലായവരെ വിട്ടയച്ചു. മൗണ്ട്ബാറ്റന്‍ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ആള്‍ക്കും മോചനം ലഭിച്ചു.
ഗുഡ്ഫ്രൈഡേ കരാറിന് ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടി വന്നതു സമീപകാലത്തു യൂറോപ്യന്‍ യൂണിയനില്‍നിന്നു (ഇയു) വേറിട്ടുപോകാനുള്ള ബ്രിട്ടന്‍റെ തീരുമാനത്തെ (ബ്രെക്സിസ്റ്റ്) തുടര്‍ന്നാണ്. വടക്കന്‍ അയര്‍ലന്‍ഡിനും അയര്‍ലന്‍ഡിനും ഇടയിലുള്ള അതിര്‍ത്തിയിലൂടെ ആളുകളുടെ പോക്കുവരവും ചരക്കു ഗതാഗതവും തടസ്സമില്ലാതെ നടന്നിരുന്നത് ഇതു കാരണം അസാധ്യമായി. പരിശോധനയ്ക്കായി ചെക്ക്പോസ്റ്റുകള്‍ ഏര്‍പ്പെടുത്തേണ്ടിവന്നു.
പ്രാദേശിക ഗവണ്‍മെന്‍റിലൂടെയുള്ള അധികാര വികേന്ദ്രീകരണവും ഉദ്ദേശിച്ചപോലെ നടക്കുന്നില്ലെന്ന പരാതിയുണ്ടായി. ഒരു പ്രധാനകക്ഷിയുടെ ബഹിഷ്ക്കരണം കാരണം ഒരു വര്‍ഷത്തിലേറെയായി ഗവണ്‍മെന്‍റ് പ്രവര്‍ത്തിക്കുന്നില്ല. പാര്‍ലമെന്‍റ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. അങ്ങിങ്ങായി ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ നടന്നുവരുന്നു. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു ഗുഡ്ഫ്രൈഡേ കരാറിന്‍റെ ഇരുപത്തഞ്ചാം വാര്‍ഷികം.
Content Summary : 25 years of good friday agreement