ഇരുട്ടിലാകുന്ന ഹോളിവുഡ്

HIGHLIGHTS
  • അഭിനേതാക്കളുടെയും മറ്റും സമരം മൂലം സ്റ്റുഡിയോകള്‍ സ്തംഭനത്തില്‍
  • നിര്‍മിത ബുദ്ധിയെക്കുറിച്ചുള്ള ഭീതി വര്‍ധിക്കുന്നു
hollywood strike
റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്കയിലെയും സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡിലെയും അംഗങ്ങളും പിന്തുണക്കാരും കാലിഫോർണിയയിലെ ഹോളിവുഡിലുള്ള പാരാമൗണ്ട് സ്റ്റുഡിയോയ്ക്ക് പുറത്ത് പിക്കറ്റ് ലൈനിൽ നടക്കുന്നു. (ഫോട്ടോ റോബിൻ ബെക്ക് / AFP)
SHARE

ഹോളിവുഡ് സിനിമകളും ടെലിവിഷന്‍ പരിപാടികളും കണ്ടു മതിവരാത്തവര്‍ ലോകമൊട്ടുക്കും സങ്കടത്തിലായിരിക്കുകയാണ്. ലോകസിനിമാ വ്യവസായത്തിന്‍റെ ഹൃദയ ഭൂമിയായ ഹോളിവുഡില്‍ പുതിയ സിനിമകളുടെയും ടിവി പരിപാടികളുടെയും നിര്‍മാണം സ്തംഭനത്തിലായിട്ട് ഇപ്പോള്‍ ഒരാഴ്ചയാകുന്നു. അമേരിക്കയിലെ കലിഫോര്‍ണിയ സംസ്ഥാനത്തു ലൊസാഞ്ചലസ് നഗരപരിസരത്തു സ്ഥിതിചെയ്യുന്ന സ്റ്റുഡിയോകള്‍ നിശ്ചലമായി. 

നടീനടന്മാര്‍ പണിമുടക്കിയതാണ് മുഖ്യകാരണം. കോടിക്കണക്കിനു ഡോളര്‍ പ്രതിഫലം വാങ്ങുന്ന ടോം ക്രൂസ്, ജോര്‍ജ് ക്ളൂണി, മാറ്റ് ഡാമന്‍, മെരില്‍ സ്ട്രീപ്, എമിലി ബ്ളണ്ട്, സിലിയന്‍ മര്‍ഫി, സൂസന്‍ സാരന്‍ഡന്‍, കെവിന്‍ ബേക്കന്‍, നിക്കൊളാസ് കെയ്ജ്, ഹാലി ബെറി, അലക് ബാള്‍ഡ്വിന്‍ തുടങ്ങിയ മുന്‍നിരക്കാരായ അഭിനേതാക്കള്‍വരെ ഇക്കൂട്ടത്തിലുണ്ട്. ഹോളിവുഡില്‍ നിര്‍മിച്ച ടിവി പരമ്പരകളില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യന്‍ താരങ്ങളായ ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരും ഹോളിവുഡിലെ അഭിനേതാക്കളുടെ സംഘടനയില്‍ അംഗങ്ങളാണ്. അതിനാല്‍ അവരും അവിടെ പണിമുടക്കിലാണ്.

പണിമുടക്കിനു കാരണമായ വേതന വര്‍ധന പോലുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ പക്ഷേ, ഈ സൂപര്‍ സ്റ്റാറുകളെ ബാധിക്കുന്നില്ല. കാരണം ഓരോ പടത്തിലും അഭിനയിക്കുന്നതിനുള്ള പ്രതിഫലം (കോടിക്കണക്കിനു ഡോളര്‍) അവര്‍ ഏജന്‍റുമാര്‍ മുഖേന നിര്‍മാതാക്കളില്‍നിന്നു വിലപേശി വാങ്ങുകയാണ്. അങ്ങനെ വന്‍ ആസ്തികള്‍ സമ്പാദിച്ചുവച്ചിട്ടുമുണ്ട്. 

പല ഉല്‍പ്പന്നങ്ങളുടെയും പത്രങ്ങളിലെയും ടിവിയിലെയും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വകയില്‍ വേറെയും കോടികള്‍ അവര്‍ക്കു കിട്ടുന്നു. അതിനാല്‍ കുറച്ചുകാലം ജോലിയില്ലാതെ വെറുതെയിരിക്കേണ്ടി വന്നാലും അവര്‍ക്ക് അധികമൊന്നും ഉല്‍ക്കണ്ഠപ്പെടാനില്ല. മറ്റു പലരുടെയും സ്ഥിതി അതല്ല. 

ഏതായാലും, തങ്ങളുടെ സംഘടനയിലെ മറ്റ് അംഗങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് മുന്‍നിര താരങ്ങളും പണിമുടക്കിയിരിക്കുകയാണ്. സ്റ്റുഡിയോകള്‍ക്കു മുന്നില്‍ നടന്നുവരുന്ന പ്രകടനങ്ങളില്‍ അവരില്‍ പലരും പങ്കെടുക്കുന്നുമുണ്ട്. പുതുതായി റിലീസ് ചെയ്ത പടങ്ങളുടെ പ്രഥമ പ്രദര്‍ശനത്തോട് അനുബന്ധിച്ച് നടന്ന പരിപാടികളില്‍നിന്ന് അവര്‍ വിട്ടുനില്‍ക്കുകയും ചെയ്യുന്നു. അവര്‍ അഭിനയിച്ചുകൊണ്ടിരുന്നതും അഭിനയിക്കാന്‍ ഏറ്റിരുന്നതുമായ പടങ്ങളുടെ നിര്‍മാണവും മുടങ്ങി. അവതാര്‍, ഗ്ളാഡിയേറ്റര്‍ തുടങ്ങിയ പ്രശസ്ത പടങ്ങളുടെ തുടര്‍ഭാഗങ്ങളും ഇക്കൂട്ടത്തില്‍പ്പെടുന്നു.

പ്രമുഖ സംവിധായകനായ ക്രിസ്റ്റഫര്‍ നോളന്‍റെ ഏറ്റവും പുതിയ പടമായ 'ഓപ്പന്‍ഹൈമറിന്‍റെ' പ്രഥമ പ്രദര്‍ശന വേളയോട് അനുബന്ധിച്ച് ഈയിടെ ലണ്ടനില്‍ നടന്ന സംഭവം പ്രത്യേകിച്ചും ശ്രദ്ധിക്കപ്പെടുകയുണ്ടായി. അമേരിക്കന്‍ ആണവ ബോംബിന്‍റെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന റോബര്‍ട്ട് ഓപ്പന്‍ഹൈമറിന്‍റെ ജീവിതകഥ ആധാരമാക്കി നിര്‍മിച്ചതാണ് ഈ പടം. അതു കാണാന്‍ ലോകമൊട്ടുക്കും ഹോളിവുഡ് സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണത്രേ.

പടത്തിനു പ്രചാരണം നല്‍കാനുള്ള പരിപാടിയുടെ ഭാഗമായി ലണ്ടനിലെ പ്രദര്‍ശന വേളയില്‍ സംഘടിപ്പിച്ച ഷോയില്‍ പങ്കെടുക്കാന്‍ അതിലെ അഭിനേതാക്കളായ സിസിലിയന്‍ മര്‍ഫി, റോബര്‍ട്ട് ഡൗണി ജൂനിയര്‍, മാറ്റ് ഡാമന്‍, എമിലി ബ്ളണ്ട്, ഫ്ളോറന്‍സ് പുഗ്, കെന്നത്ത് ബ്രനാഗ്, റാമി മാലിക് എന്നിവര്‍ എത്തിയിരുന്നു. പക്ഷേ പിന്നീട് അവര്‍ തങ്ങള്‍ പണിമുടക്കിലാണെന്നു പറഞ്ഞ് പരിപാടിയില്‍നിന്നു വിട്ടുനിന്നു.  

അഭിനേതാക്കളുടെ പ്രമുഖ സംഘടനയായ  സാഗ്-ആഫ്ട്രയിലെ (സക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ്-അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ്സ്) ഏതാണ്ട് 160,000 അംഗങ്ങളാണ് പണിമുടക്കിയിരിക്കുന്നത്. സാമ്പത്തികം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ തങ്ങളെ അലട്ടുകയാണെന്ന് അവര്‍ പരാതിപ്പെടുന്നു. 

പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ സിനിമ, ടിവി-റേഡിയോ പരിപാടികള്‍ നിര്‍മിക്കുന്നവരുടെ സംഘടന (അലയന്‍സ് ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സ് അഥവാ എഎംപിടിപി) സഹകരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ലോകമൊട്ടുക്കും അറിയപ്പെടുന്ന വാള്‍ട്ട് ഡിസ്നി, വാര്‍ണര്‍ ബ്രദേഴ്സ്, പാരമൗണ്ട്, എച്ച്ബിഒ, യൂണിവേഴ്സല്‍ തുടങ്ങിയ സിനിമാ നിര്‍മാണ കമ്പനികളെയും സ്റ്റുഡിയോകളെയും പ്രതിനിധീകരിക്കുന്നതാണ് ഈ സംഘടന. 

അഭിനേതാക്കളുടേതായി നിലവിലുണ്ടായിരുന്ന സാഗ് (സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ്), ആഫ്ട്ര (അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ്സ്) എന്നിവ 2012ല്‍ ലയിച്ചുണ്ടായതാണ് സാഗ്-ആഫ്ട്ര. അതിന്‍റെ നേതാക്കള്‍ എഎംപിടിപി പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഒത്തുതീര്‍പ്പുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ജൂലൈ 14നു അഭിനേതാക്കള്‍ പണിമുടക്കു തുടങ്ങിയത്. 

അതിന് ഏതാണ്ട് രണ്ടര മാസം മുന്‍പ്തന്നെ (മേയ് ഒന്നു മുതല്‍) തിരക്കഥാകൃത്തുക്കളുടെ സംഘടനയായ റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയും പണിമുടക്കിലാണ്. അവരുടെ ആവശ്യങ്ങളും അഭിനേതാക്കളുടേതില്‍നിന്ന് ഏറെയൊന്നും വ്യസ്തമല്ല. അഭിനേതാക്കളും തിരക്കഥാകൃത്തുക്കളും ഇങ്ങനെ ഒരേസമയത്ത് സമരത്തിനിറങ്ങിയത് ആറു പതിറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമാണ്. 

തിരക്കഥാകൃത്തുക്കളുടെ പണിമുടക്കിനോടൊപ്പം 1960ല്‍ സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡും (എസ്എജി) ചേരുമ്പോള്‍ എസ്എജിയുടെ പ്രസിഡന്‍റ് കൗബോയ് ചിത്രങ്ങളിലെ നായക നടനായ  റോണള്‍ഡ് റെയ്ഗനായിരുന്നു. 

വൈസ്പ്രസിഡന്‍റ് ടെന്‍ കമാണ്‍ഡ്മെന്‍റ്സ്, ബെന്‍ഹര്‍ തുടങ്ങിയ പടങ്ങളിലൂടെ പ്രസിദ്ധനായ ചാള്‍ട്ടന്‍ ഹെസ്റ്റണും. പണിമുടക്ക് മൂന്നു മാസത്തിലേറെ നീണ്ടുനിന്നു. പില്‍ക്കാലത്തു റെയ്ഗന്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെന്ന നിലയില്‍ അമേരിക്കയുടെ നാല്‍പതാമത്തെ പ്രസിഡന്‍റാവുകയും ചെയ്തു. 

വേതന വര്‍ധന മാത്രമല്ല അഭിനേതാക്കളും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്നം. തങ്ങള്‍ അഭിനയിച്ച പടങ്ങള്‍ പിന്നീട് ടിവിയിലൂടെയും മൊബൈല്‍ ഫോണിലൂടെയും പ്രേക്ഷകര്‍ക്കു ലഭ്യമാക്കുമ്പോള്‍ ന്യായമായ തോതിലുള്ള റോയല്‍റ്റി ലഭിക്കണമെന്നും നടീനടന്മാര്‍ ആവശ്യപ്പെടുന്നു. നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സിനിമകളുടെയും ടെലിവിഷന്‍ പരിപാടികളുടെയും നിര്‍മാണം വ്യാപകമാകുന്നതോടെ തങ്ങള്‍ തൊഴില്‍ രഹിതരാകുമെന്ന ഭീതിയും അഭിനേതാക്കളെ അലട്ടുന്നുണ്ട്. ആ പ്രശ്നത്തിനും പ്രതിവിധി കണ്ടെത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. 

ഒരു സിനിമ അല്ലെങ്കില്‍ ടിവി പരിപാടി ഷൂട്ട് ചെയ്യുമ്പോള്‍ എടുക്കുന്ന അഭിനേതാവിന്‍റെ പല പോസുകളിലുമുള്ള ഫോട്ടോകള്‍ ഉപയോഗിച്ചു ഭാവിയില്‍ അദ്ദേഹത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള എത്ര പടങ്ങള്‍ വേണമെങ്കിലും നിര്‍മിക്കാന്‍ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയിലൂടെ സാധ്യമാണത്രേ. ആ അഭിനേതാവിനു പുതിയ പടത്തില്‍ ഒരു പങ്കുമുണ്ടാവില്ല.  

അത്തരമൊരു പടത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അഞ്ചു വര്‍ഷത്തിനിടയില്‍ ശ്രദ്ധേയമായ മൂന്നു പടങ്ങളില്‍ മാത്രം അഭിനയിക്കുകയും 1955ല്‍ ഇരുപത്തിനാലാം വയസ്സില്‍ കാറപകടത്തില്‍ മരിക്കുകയും ചെയ്ത ജെയിംസ് ഡീന്‍റെ ഇമേജുകളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. 

ലോകമൊട്ടുക്കും യുവാക്കള്‍ക്ക് അതീവ പ്രിയംകരനായിരുന്നു സുന്ദരനായ ഡീന്‍. അദ്ദേഹവുമായി ആകാര സാദൃശ്യമുള്ള മറ്റൊരു നടനെവച്ച് പടം ഷുട്ടുചെയ്യുകയും നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് ആള്‍ ഡീനാണെന്നു തോന്നിപ്പിക്കുകയും ചെയ്യും. വിയറ്റ്നാം യുദ്ധ പശ്ചാത്തലത്തിലുള്ള കഥയെ ആധാരമാക്കി 'ബാക്ക് ടു ഈഡന്‍' എന്ന ഈ പടം നിര്‍മിക്കുന്നത് വാര്‍ണര്‍ ബ്രദേഴ്സാണ്. ഡീനെ ഈ വിധത്തില്‍ ഉപയോഗിക്കാന്‍ അവര്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ അനുമതി വാങ്ങിയിട്ടുണ്ടത്രേ.

മറ്റുവധത്തിലുള്ള തടസ്സങ്ങളൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ ഇത്തരത്തിലുള്ള സിനിമാ പ്രോജക്റ്റുകള്‍ സര്‍വസാധാരണമാകാനിടയുണ്ട്. അതോടെ അഭിനേതാക്കളുടെ കഞ്ഞിയില്‍ കല്ലുവീഴുകയും ചെയ്യൂം. നിര്‍മിത ബുദ്ധിയെ അവര്‍ ഭയപ്പെടുകയും പ്രതിവിധി ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് ആ പശ്ചാത്തലത്തിലാണ്. 

സിനിമ-ടിവി പരിപാടികളുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട വിവിധ തരം ജോലികള്‍ ചെയ്യുന്ന മറ്റ് ആയിരക്കണക്കിന് ആളുകളുണ്ട്. അവരെ സംബന്ധിച്ചിടത്തോളവും സ്ഥിതിഗതികള്‍ ഒരു വലിയ ചോദ്യചിഹ്നമായി ഉയര്‍ന്നു നില്‍ക്കുന്നു.

Content Summary: Videsharangam Column by K Obeidulla

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS