പുടിനോടു കളിച്ചാല്‍ ഫലം ഇങ്ങനെ?

HIGHLIGHTS
  • പ്രിഗോഷിന്‍റെ അപകട മരണം ഒരു നീണ്ട കഥയുടെ ഭാഗം
  • വാഗ്നര്‍ കൂലിപ്പട്ടാളത്തിന്‍റെ ഭാവി അനിശ്ചിതത്വത്തില്‍
vladimir-putin
വ്ളാഡിമിർ പുട്ടിൻ (Photo by Mikhail METZEL / SPUTNIK / AFP)
SHARE

പുടിനോടു കളിച്ചാല്‍ കളി പഠിക്കും എന്നൊരു ചൊല്ല് റഷ്യയിലുണ്ടോ എന്നറിയില്ല. എന്നാല്‍, യാഥാര്‍ഥ്യം അതാണെന്ന തോന്നല്‍ റഷ്യയ്ക്കകത്തും പുറത്തും കുറേ വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. വാഗ്നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളത്തിന്‍റെ തലവന്‍ യെവ്ജനി പ്രിഗോഷിന്‍റെ ആക്സമിക മരണത്തിനു പിന്നില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍റെ കൈകള്‍ പലരും കാണുന്നത് ഈ പശ്ചാത്തലത്തിലാണ്.   

പ്രധാനമന്ത്രിയോ പ്രസിഡന്‍റോ ആയി മാറിമാറി 23 വര്‍ഷമായി അധികാരത്തിലിരിക്കുകയാണ് വ്ളാഡിമിര്‍ പുടിന്‍. അദ്ദേഹത്തെ പരസ്യമായി വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന വിധത്തില്‍ റഷ്യന്‍ തലസ്ഥാന നഗരത്തിനുനേരെ പ്രിഗോഷിന്‍റെ സൈന്യം മാര്‍ച്ച് ചെയ്തത് ഇക്കഴിഞ്ഞ ജൂണ്‍ 23നായിരുന്നു. അധികാരം പിടിച്ചടക്കാനുള്ള ശ്രമത്തില്‍ അവര്‍ പുടിനെ വധിക്കുകയോ തടവുകാരനാക്കുമോ ചെയ്യുമെന്നുപോലും സംശയിക്കപ്പെട്ടു.

രണ്ടു മാസത്തിനുശേഷം അതേ ദിവസമാണ് (ഓഗസ്റ്റ് 23) മോസ്ക്കോയില്‍നിന്നു സെയിന്‍റ് പീറ്റേഴ്സ്ബര്‍ഗിലേക്കുളള യാത്രയ്ക്കിടയില്‍ പ്രിഗോഷിന്‍റെ വിമാനം തകര്‍ന്നത്. പ്രിഗോഷിനും ഉറ്റ സഹപവര്‍ത്തകനായ ദിമിത്രി ഉട്കിനും വിമാനജോലിക്കാരും ഉള്‍പ്പെടെയുള്ള പത്തുപേരും മരിച്ചു. 

ഇതൊരു സ്വാഭാവികമായ അപകടമാണോ, അതല്ല, മിസൈല്‍ ആക്രമണത്തില്‍ വിമാനം തകരുകയായിരുന്നുവോ, വിമാനത്തിനകത്തു ഒളിച്ചുവയ്ക്കപ്പെട്ടിരുന്ന ബോംബ് പൊട്ടിയതാണോ എന്നിങ്ങനെയെുള്ള ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഒരാഴ്ചയായിട്ടും വ്യക്തമായ മറുപടിയില്ല. അപകടത്തില്‍ തങ്ങള്‍ക്കു പങ്കുണ്ടെന്ന ആരോപണം റഷ്യന്‍ ഗവണ്‍മെന്‍റ് നിഷേധിച്ചിട്ടുണ്ടെന്നു മാത്രം. അധികമാരും അതു വിശ്വസിക്കുന്നുമില്ല. 

ടാങ്കുകളും കവചിത വാഹനങ്ങളുമായി യുക്രെയിന്‍ അതിര്‍ത്തിയില്‍നിന്നു പുറപ്പെട്ട വാഗ്നര്‍ സൈന്യം റഷ്യയുടെ തെക്കന്‍ മേഖലയിലെ സൈനികാസ്ഥാനമായ റോസ്തോവ് നഗരം പിടിച്ചടക്കുകയുണ്ടായി. പിന്നീട് സ്ക്കോയുടെ 200 കിലോമീറ്റര്‍വരെ അടുത്തെത്തി. റഷ്യന്‍ സൈന്യത്തിന്‍റെ ഹെലികോപ്റ്ററുകള്‍ വെടിവച്ചുവീഴ്ത്തപ്പെടുകയും ഒട്ടേറെ റഷ്യന്‍ സൈനികര്‍ക്കു ജീവഹാനി സംഭവിക്കുകയും ചെയ്തു. 

യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിനു പാളിച്ച പറ്റിക്കൊണ്ടിരിക്കുന്നു, അവരെ സഹായിക്കുന്ന വാഗ്നര്‍ ഗ്രൂപ്പിനും അതു കാരണം കനത്ത നാശനഷ്ടങ്ങളുണ്ടായി, അതിന് ഉത്തരവാദികള്‍ റഷ്യന്‍ പ്രതിരോധമന്ത്രിയും കരസൈന്യാധിപനുമാണ് എന്നെല്ലാം കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു പ്രിഗോഷിന്‍റെ ഈ അതിസാഹസിക നടപടി. 

ശക്തനായ ഭരണാധിപന്‍ എന്ന നിലയില്‍ ഇത്രയും കാലത്തിനിടയില്‍ പുടിന്‍ കെട്ടിപ്പടുത്ത പ്രതിഛായയ്ക്ക് ഇതോടെ കനത്ത ഇടിവുപറ്റി. ഒന്നര വര്‍ഷം മുന്‍പ് ആരംഭിച്ച യുക്രെയിന്‍ യുദ്ധം ഇനിയും തീരാതിരിക്കുന്നതും അദ്ദേഹത്തിനു നാണക്കേടുണ്ടാക്കുകയായിരുന്നു. അതിനിടയില്‍തന്നെയുണ്ടായ ഈ കലാപശ്രമം പുടിനെ കുപിതനാക്കിയതില്‍ അല്‍ഭുതമുണ്ടായിരുന്നില്ല.

പ്രിഗോഷിന്‍ ഇങ്ങനെ ചെയ്യുമെന്ന് അധികമാരും കരുതിയിരുന്നുമില്ല. അത്രയും ഗാഢമായിരുന്നു പുടിനുമായുളള അദ്ദേഹത്തിന്‍റെ ബന്ധം. സ്വന്തമായ ഒരു സ്വകാര്യ സൈന്യത്തിനുതന്നെ രൂപം നല്‍കാന്‍ കഴിവുള്ള ബിസിനസ് സംരംഭകനായി പ്രിഗോഷിന്‍ വളര്‍ന്നതു മുഖ്യമായും പുടിന്‍റെ സഹായത്തോടെയായിരുന്നു. 

പിന്നില്‍നിന്നു കുത്തി, ചതിച്ചു എന്നെല്ലാമായിരുന്നു പുടിന്‍റെ പ്രതികരണം. കുറ്റം ചെയ്തവരെ താന്‍ വെറുതെ വിടില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, റഷ്യയുടെ അയല്‍രാജ്യമായ ബെലാറുസിന്‍റെ പ്രസിഡന്‍റും പുടിന്‍റെ സുഹൃത്തുമായ അലക്സാന്‍ഡര്‍ ലുകാഷെന്‍കോ ഇടപെട്ടു. അതിനാല്‍ പ്രതികാര നടപടികളൊന്നും ഉടനെയുണ്ടായില്ല.  

പ്രിഗോഷിന്‍ തന്‍റെ സൈന്യത്തെ പിന്‍വലിക്കുകയും അവര്‍ക്കും പ്രിഗോഷിനും അഭയം നല്‍കാന്‍ ബെലാറുസ് സമ്മതിക്കുകയും ചെയ്തു. കലാപത്തില്‍ പങ്കെടുക്കാത്ത വാഗ്നര്‍ ഭടന്മാരെ റഷ്യന്‍ സൈന്യത്തില്‍ ലയിപ്പിക്കാനും തീരുമാനമായി. അതിനുശേഷവും പ്രിഗോഷിന്‍ റഷ്യയില്‍ പോകാതിരുന്നില്ല. മോസ്ക്കോയില്‍നിന്നു സെയിന്‍റ് പീറ്റേഴ്സ്ബര്‍ഗിലേക്കുള്ള പ്രിഗോഷിന്‍റെ അവസാനത്തെ വിമാനയാത്രതന്നെ അതിന് ഉദാഹരണമാണ്. പുടിന്‍റെയെന്നപോലെ പ്രിഗോഷിന്‍റെയും ജന്മനഗരമാണ് സെയിന്‍റ് പീറ്റേഴ്ബര്‍ഗ്.

സൂക്ഷിക്കണമെന്നു താന്‍ പലതവണ പ്രിഗോഷിനെ ഓര്‍മ്മിപ്പിച്ചിരുന്നു എന്നായിരുന്നു വിമാനാപകടത്തിനു ശേഷമുള്ള ബെലാറുസ് പ്രസിഡന്‍റിന്‍റെ പ്രതികരണം. പ്രിഗോഷിന്‍റെ ജീവന്‍ എതു നിമിഷത്തിലും അപകടത്തിലാകുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നുവെന്നര്‍ഥം. പുടിന്‍റെ അപ്രീതീ സമ്പാദിച്ചവരില്‍ പലര്‍ക്കും മുന്‍കാലങ്ങളിലുണ്ടായ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും വ്യക്തമായ ഒരു മുന്നറിയിപ്പായിരുന്നു ഇത്.  

പുടിന്‍റെ അപ്രീതി സമ്പാദിച്ചതിനെതുടര്‍ന്നു നാടുവിട്ടുപോയ ചിലര്‍പോലും അപകടത്തില്‍ അകപ്പെടുകയുണ്ടായി. ബ്രിട്ടനില്‍മാത്രം ഒരു ഡസനോളം പേര്‍. അവരില്‍ ഒരാളായിരുന്നു 2006 നവംബറില്‍ ലണ്ടനില്‍ മരിച്ച മുന്‍റ റഷ്യന്‍ ചാരന്‍ അലക്സാന്‍ഡര്‍ ലിറ്റ്വിനങ്കോ. ഒരു ദിവസം റസ്റ്ററന്‍റില്‍ വച്ച് ചായ കഴിച്ച അയാള്‍ പെട്ടെന്ന് അവശനാവുകയായിരുന്നു.  

ചായയില്‍ ആണവ പ്രസരമുള്ള പോളോണിയം 210 എന്ന മാരകവിഷം കലര്‍ന്നിരുന്നതായി പിന്നീടു കണ്ടെത്തി. അതിന് ഉത്തരവാദികള്‍ റഷ്യയില്‍ നിന്നെത്തിയ രണ്ടു റഷ്യക്കാരാണെന്നു ജൂഡീഷ്യല്‍ അന്വേഷണത്തില്‍ തെളിയുകയും ചെയ്തു. 

റഷ്യന്‍ സൈന്യത്തിലെ ഇന്‍റലിജന്‍സ് വിഭാഗത്തില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന സെര്‍ജി സ്ക്രിപലിനു നേരെ 2018ല്‍ നടന്നതും വിഷപ്രയോഗമാണ്.  ഇംഗ്ളണ്ടിലെ സോള്‍സ്ബറിയില്‍ ഒരു ഷോപ്പിങ് സെന്‍ററിനു സമീപമുള്ള ബെഞ്ചില്‍ മകളോടൊപ്പം അയാള്‍ കുഴഞ്ഞുവീണു. മാരകമായ നോവിച്ചോക്ക് എന്ന രാസവസ്തു അവരുടെ രക്തത്തില്‍ കണ്ടെത്തി. തൊട്ടുമുന്‍പ് അടുത്തുള്ള ഒരു റസ്റ്ററന്‍റും ബാറും സന്ദര്‍ശിച്ചിരുന്ന അവരുടെ ഉള്ളില്‍  ഭക്ഷണത്തിലൂടെയോ പാനീയത്തിലൂടെയോ വിഷം കടന്നുവെന്നായിരുന്നു സംശയം.  

ലിറ്റ്വിനങ്കോയുടെ മരണത്തിന് ഉത്തരവാദി പുടിനാണെന്ന തുറന്നടിച്ചവരില്‍ ഒരാളായിരുന്നു നേരത്തെതന്നെ പുടിനുമായി പിണങ്ങി ബ്രിട്ടനില്‍ അഭയം പ്രാപിച്ച ബോറിസ് ബെറസോവ്സ്കി എന്ന കോടീശ്വരന്‍. 2013ല്‍ ലണ്ടനു സമീപമുള്ള തന്‍റെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ബെറസോവ്സ്ക്കിയെ കണ്ടെത്തിയത്. 

റഷ്യയ്ക്കകത്തുതന്നെ ഇത്തരം സംഭവങ്ങള്‍ നടക്കുകയുണ്ടായി. ഭരണകൂടത്തിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ യൂറി ഷെക്കോചിഖിന്‍ 2003ല്‍ മരിച്ചതും വിഷബാധയേറ്റായിരുന്നു. അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകയായിരുന്ന വിശ്രുത വനിതാ ജേര്‍ണലിസ്റ്റ് അന്ന പൊളിറ്റ്കോവ്സ്ക്കായയ്ക്ക് 2004ല്‍ വിഷബാധയുണ്ടായെങ്കിലും അതിനെ അവര്‍ അതിജീവിച്ചു, 

പക്ഷേ, മൂന്നു വര്‍ഷത്തിനുശേഷം മോസ്ക്കോയിലെ തന്‍റെ ഫ്ളാറ്റിലെ ലിഫ്റ്റില്‍ അവര്‍ വെടിയേറ്റു മരിച്ചു. ജേണലിസ്റ്റും ചരിത്രകാരനുമായ വ്ളാഡിമിര്‍ കരമുര്‍സയ്ക്കു 2015ലും 2017ലുമായി രണ്ടു തവണ വിഷബാധയേറ്റു.  

മൂന്നു വര്‍ഷം മുന്‍പ് റഷ്യയിലെ മുഖ്യ പ്രതിപക്ഷ നേതാവും പുടിന്‍റെ കടുത്ത വിമര്‍ശകനുമായ അലക്സി നവല്‍നി വിഷബാധയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. അദ്ദേഹത്തെ വധിക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് ആരോപണം. സൈബീരിയയില്‍ പോയിരുന്ന അദ്ദേഹം വിമാനത്തില്‍ മോസ്ക്കോയിലേക്കു മടങ്ങുകയായിരുന്നു. 

കലശലായ അസുഖം അനുഭവപ്പെടുകയും ബോധരഹിതനായി വീഴുകയും ചെയ്തു. യാത്ര പുറപ്പെടുന്നതിനുമുന്‍പ് വിമാനത്താവളത്തിലെ കഫേയില്‍നിന്നു ചായ കഴിച്ചിരുന്നു. അതില്‍ ആരോ വിഷം കലര്‍ത്തിയെന്നായിരുന്നു സംശയം. വിദഗ്ദ്ധ ചികില്‍സയ്ക്കായി ജര്‍മനിയിലേക്കു കൊണ്ടുപോകേണ്ടിവന്നു. 

അതിന് ഒരു വര്‍ഷംമുന്‍പ് തടങ്കലില്‍ കഴിയുമ്പോഴും നവല്‍നിക്കു വിഷം തീണ്ടുകയും മുഖത്തും മറ്റും തിണര്‍പ്പുകള്‍ ഉണ്ടാവുകയും ചെയ്തു. അലര്‍ജിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍, മുന്‍പൊരിക്കലും നവല്‍നിക്കു അലര്‍ജി അനുഭവപ്പെട്ടിരുന്നില്ല. അദ്ദേഹത്തെ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നുവെന്നാണ് ആരോപണം. 

ഇത്തവണ ജര്‍മനിയിലെ മാസങ്ങള്‍ നീണ്ടുനിന്ന ചികില്‍സയ്ക്കുശേഷം മോസ്ക്കോയില്‍ തിരിച്ചെത്തിയ ഉടനെ നവല്‍നി അറസ്റ്റിലായി. കെട്ടിച്ചമച്ചതെന്ന് ആരോപിക്കപ്പെടുന്ന രണ്ടു കേസുകളിലായി ദീര്‍ഘകാലത്തെ ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണ് ഇപ്പോള്‍ അദ്ദേഹം. 

പ്രിഗോഷിന്‍റെ മരണത്തോടെ പുടിന്‍റെ വിമര്‍ശകര്‍ക്കും പ്രതിയോഗികള്‍ക്കുമുള്ള മുന്നറിയിപ്പിന്‍റെ എണ്ണം ഒന്നുകൂടി വര്‍ധിച്ചു. അതോടൊപ്പം ഒരു ചോദ്യം അവശേഷിക്കുകയും ചെയ്യുന്നു. വാഗ്നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളത്തിന്‍റെ ഭാവിയെന്ത്? 

പ്രിഗോഷിന്‍റെ വലംകൈയെന്നു കരുതപ്പെട്ടിരുന്ന ദിമിത്രി ഉട്കിന്‍ ഉള്‍പ്പെടെ സംഘത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന പലരും വിമാനാപകടത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ ശക്തമായ നേതൃത്വത്തിന്‍റെ അഭാവം സ്വാഭാവികമായും സംഘത്തെ കുഴക്കാനിടയുണ്ട്. 

യുക്രെയിനില്‍ റഷ്യന്‍ സൈന്യത്തോടൊപ്പം പങ്കെടുത്തുകൊണ്ടിരിക്കേതന്നെ ആഫ്രിക്കയിലെയും മധ്യപൂര്‍വദേശത്തെയും ചില രാജ്യങ്ങളില്‍ റഷ്യന്‍ അനുകൂല ശക്തികള്‍ക്കുവേണ്ടി പോരാടുകയുമായിരുന്നു അവര്‍. അതിനെയെല്ലാം പ്രിഗോഷിന്‍റെ അസാന്നിധ്യം ബാധിക്കുമെന്ന കാര്യത്തില്‍ അധികമാര്‍ക്കും സംശയമില്ല.

Content Summary: Putin | Russia | Wagner group | Vladimir Putin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS