ആണവ മലിന ജലത്തില്‍ ജപ്പാന്‍-ചൈനാ വടംവലി

HIGHLIGHTS
  • ഫുകുഷിമ ആണവ നിലയത്തിലെ വെള്ളം കടലില്‍ ഒഴുക്കുന്നതു പ്രശ്നമായി
  • ചൈനയിലെ ജപ്പാന്‍കാര്‍ക്കു ഭീഷണിയും തെറിവിളിയും
Fukushima-Protest-japan
സ്ഫോടനമുണ്ടായ റിയാക്ടറിൽ പരിശോധന നടത്തുന്ന വിദഗ്ധർ (ഫയൽ ചിത്രം) ആണവ റിയാക്ടറുകൾക്കെതിരെയുള്ള ജപ്പാനിലെ പ്രതിഷേധം
SHARE

ചൈനയിലേക്കു പോകുന്നവരും അവിടെ താമസിക്കുന്നവരുമായ ജപ്പാന്‍കാര്‍ക്ക് അവരുടെ ഗവണ്‍മെന്‍റ് അസാധാരണമായ ഒരുപദേശം നല്‍കിയിരിക്കുകയാണ്: ജാപ്പനീസ് ഭാഷയില്‍ തമ്മില്‍ സംസാരിക്കമ്പോള്‍ ശബ്ദം അധികമായിപ്പോകാതെ നോക്കണം. മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ സംസാരിക്കുകയോ പെരുമാറുകയോ ചെയ്യരുത്.

തങ്ങള്‍ ജപ്പാന്‍കാരാണെന്നു മറ്റുള്ളവര്‍ അറിയാതിരിക്കണം എന്നര്‍ഥം. ഇല്ലെങ്കില്‍ ആക്രമിക്കപ്പെട്ടേക്കാം. ശകാരവും പരിഹാസവും നേരിടേണ്ടിവന്നേക്കാം. കഴിഞ്ഞ ചില ദിവസങ്ങളായി ചൈനയില്‍ ജപ്പാന്‍-വിരുദ്ധ വികാരം വളര്‍ന്നുകൊണ്ടിരിക്കുന്നു. ബെയ്ജിങ്ങിലെ ജപ്പാന്‍ എംബസ്സിയുടെയും ജപ്പാന്‍കാരുടെ സ്കൂളുകളുടെയും നേരെ കല്ലേറുണ്ടായി. ചൈനയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജപ്പാന്‍കാര്‍ ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും നിരന്തരമായ ഭീഷണിയും തെറിവിളിയും നേരിട്ടുകൊണ്ടിരിക്കുന്നു.

ഇതിനിടയില്‍ ജപ്പാനില്‍നിന്നുള്ള സമുദ്രോല്‍പ്പന്ന ഇറക്കുമതി ചൈന പൂര്‍ണമായി നിരോധിക്കുകയും ചെയ്തു. നിരോധനം മറ്റു സാധനങ്ങളുടെ ഇറക്കുമതിക്കുകൂടി ബാധകമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ജപ്പാന്‍റെ സമുദ്രോല്‍പ്പന്നങ്ങള്‍ ഏറ്റവുമധികം വാങ്ങുന്നതു ചൈനയാണ്. അതു തടയപ്പെട്ടതോടെ ജപ്പാനില്‍ അതുമായി ബന്ധപ്പെട്ട വ്യവസായത്തിനു കനത്ത തിരിച്ചടിയേറ്റു.

ഇതിനെല്ലാം കാരണം വെളളമാണ്. കുടിവെള്ളമല്ല, 12 വര്‍ഷംമുന്‍പ് സുനാമിയില്‍ തകര്‍ന്നുപോയ ജപ്പാനിലെ ആണവ വൈദ്യുതി നിലയത്തില്‍ നിന്നുള്ളതും ഇപ്പോള്‍ കടലിലേക്കു ജപ്പാന്‍ ഒഴുക്കാന്‍ തുടങ്ങിയിട്ടുളളതുമായ മലിനജലം. ഈ വെള്ളത്തില്‍ വന്‍തോതില്‍ ആണവാംശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അതിനാല്‍ അതു മനുഷ്യര്‍ക്കും പ്രകൃതിക്കും (സമുദ്രജീവികള്‍ക്കു പ്രത്യേകിച്ചും) അപകടകരമാണെന്നും ചൈന ഭയപ്പെടുന്നു. 

അതിനാല്‍ ആണവ മലിനജലം കടലിലേക്ക് ഒഴുക്കുന്നത് ജപ്പാന്‍ ഉടന്‍ നിര്‍ത്തണമെന്നാണ് ചൈനയുടെ ആവശ്യം. ജപ്പാന്‍ അതിനു തയാറാകാത്തതു ചൈനയെ ചൊടിപ്പിക്കുകയും ചൈനക്കാര്‍ക്കിടയില്‍ ജപ്പാന്‍ വിരുദ്ധ വികാരം വളരാന്‍ കാരണമാവുകയും ചെയ്തിരിക്കുന്നു.   

ശാന്ത സമുദ്രമേഖലയില്‍ ചൈനയുടെ വടക്കു കിഴക്കു ഭാഗത്തു മാറിക്കിടക്കുന്ന ഒരു ദ്വീപസമൂഹമാണ് ജപ്പാന്‍. അതിലെ ഏറ്റവും വലിയ ദ്വീപായ ഹോന്‍ഷുവിലെ ഫുകുഷിമയിലാണ് അപകടത്തിലായ ഡായിച്ചി (നംബര്‍ 1) ആണവ നിലയം. ജപ്പാന്‍റെ തലസ്ഥാനമായ ടോക്യോവിനു 220 കിലോമീറ്റര്‍ വടക്കു കിഴക്കു ശാന്തസമുദ്ര തീരത്തു കിടക്കുകയാണ് ഫുകുഷിമ. 

ശാന്തസമുദ്രത്തില്‍ 2011 മാര്‍ച്ച് 11ന് ഉണ്ടായ ഭൂകമ്പവും അതിനെ തുടര്‍ന്നുണ്ടായ സുനാമിയും ഏറ്റവുമധികം നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചതു ഫകുഷിമയിലാണ്. ആണവ പ്രസരം മൂലമുള്ള മരണം അധികമൊന്നും സംഭവിച്ചില്ലെങ്കിലും പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു. ആണവ വൈദ്യുതി നിലയത്തിലെ മൂന്നു റിയാക്ടറുകള്‍ തകര്‍ന്നു. ആണവ പ്രസരണ ഭീതി ജപ്പാനെ മാത്രമല്ല, ആ മേഖലയാകെ വിഴുങ്ങി. 

ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടു മുന്‍പ് രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അവസാന ഘട്ടത്തില്‍ രണ്ടു തവണ ആണവ ബോംബാക്രമണത്തിന് ഇരയായ രാജ്യമാണ് ജപ്പാന്‍. ആണവ പ്രസരണത്തിന്‍റെ അതിഭീകരമായ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്നു മറ്റാരേക്കാളും ജപ്പാന്‍കാര്‍ക്ക് അറിയാം. 

സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന യുക്രെയിനിലെ ചെര്‍ണോബില്‍ ആണവ നിലയത്തില്‍ 1986ല്‍ സംഭവിച്ച പൊട്ടിത്തെറിക്കു ശേഷം ലോകത്തുണ്ടായ ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഫുകുഷിമയിലേത്. പില്‍ക്കാലത്തു കാന്‍സര്‍മൂലം ഏതാണ്ട് 5000 പേര്‍ മിക്കാനിടയാക്കിയ ചെര്‍ണോബില്‍ അത്യാഹിതത്തിന്‍റെ ഓര്‍മകളില്‍ ഫുകുഷിമ വിറകൊണ്ടു. 

ഫുകുഷിമ ആണവ നിലയത്തിലെ ജോലിക്കാര്‍ സമയോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും സത്വരനടപടികള്‍ എടുക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ നാശനഷ്ടങ്ങള്‍ വര്‍ധിക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാവുകയും ചെയ്തേനെ. ആണവ നിലയത്തിലെ ശീതീകരണ സംവിധാനം തകര്‍ന്നതു കാരണം റിയാക്ടറുകളിലെ ഉയര്‍ന്ന തോതില്‍ ആണവ പ്രസരമുള്ള ഫ്യുവല്‍ റോഡുകള്‍ ഉരുകാന്‍ തുടങ്ങി. തണുപ്പിക്കാനായി അവയിലേക്കു വെള്ളം പംപ്ചെയ്തു കയറ്റേണ്ടിവന്നു. ഇപ്പോഴും അതു തുടര്‍ന്നുവരുന്നു.

സ്വാഭാവികമായും ആ വെള്ളത്തെയും ആണവ പ്രസരണം ബാധിക്കുന്നുണ്ട്. ആ വിധത്തില്‍ മലിനമായ വെള്ളം ആയിരത്തിലേറെ ലോഹ ടാങ്കുകളിലായി സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. ഇത് അഞ്ഞൂറില്‍പ്പരം ഒളിംപിക്സ് നീണ്ടല്‍ക്കുളത്തില്‍ ഉള്‍ക്കൊള്ളുന്ന അത്രയും ഉണ്ടെന്നു പറയപ്പെടുന്നു. 

ടാങ്കുകളെല്ലാം നിറയാറായി. നിലവിലുള്ള മലിനജനം ഒഴുക്കിക്കളഞ്ഞില്ലെങ്കില്‍ പുതുതായി പംപ്ചെയ്തു കയറ്റുന്ന വെള്ളം ശേഖരിച്ചുവയ്ക്കാന്‍ സ്ഥലമില്ലാതാവും. അതിനുവേണ്ടി നിലവിലുള്ള വെള്ളം ഒഴുക്കിക്കളയുകയേ നിവൃത്തിയുള്ളൂ എന്നാണ് ജപ്പാന്‍റെ നിലപാട്. 

നീണ്ടതും പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതുമായ തീവ്രപ്രക്രിയയിലൂടെ സംസ്ക്കരിച്ചശേഷമാണ് വെള്ളം സമുദ്രത്തിലേക്ക് ഒഴുക്കുന്നതെന്ന് അവര്‍ അവകാശപ്പെടുന്നു. സംസ്ക്കരണ ശേഷം കരയില്‍നിന്ന് ഒരു കിലോമീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ തുരങ്കത്തിലൂടെ വെള്ളം സമുദ്രത്തില്‍ എത്തിക്കുകയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 24നായിരുന്നു അതിന്‍റെ തുടക്കം. വെളളം മുഴുവന്‍ ഒഴുക്കിക്കളയാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമത്രേ. 

സംസ്ക്കരണത്തിനുശേഷവും ഈ വെള്ളത്തില്‍ ആണവ മാലിന്യം അവശേഷിക്കുന്നുണ്ടെന്നും അതു പ്രകൃതിക്കും സമുദ്ര ജീവികള്‍ക്കും മനുഷ്യര്‍ക്കു തന്നെയും അപകടമുണ്ടാക്കുമെന്നുമുള്ള ഭയം ചൈനയ്ക്കു മാത്രമല്ല, സമീപമേഖലയിലെ ദക്ഷിണ കൊറിയയിലെ ജനങ്ങള്‍ക്കുമുണ്ട്. 

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന വന്‍പ്രതിഷേധ പ്രകടനം അതിന് ഉദാഹരണമായിരുന്നു. എങ്കിലും ആ രാജ്യത്തെ ഗവണ്‍മെന്‍റ് ഔദ്യോഗികമായി പ്രതിഷേധിച്ചിട്ടില്ല. ചൈനയുടെ ഭാഗവും അതേസമയം ഭാഗികമായ സ്വയംഭരണമുള്ള പ്രദേശവുമായ ഹോങ്കോങ്ങും ചൈനയെപ്പോലെ ജപ്പാനില്‍നിന്നുള്ള സമുദ്രോല്‍പന്ന ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. 

ചൈനയും ഹോങ്കോങ്ങും ഓരോ വര്‍ഷവും ഇറക്കുമതി ചെയ്യുന്ന സമുദ്രോല്‍പന്നങ്ങള്‍ ജപ്പാന്‍റെ മൊത്തം സമുദ്രോല്‍പന്ന കയറ്റുമതിയുടെ പകുതിയോളം വരും. ഫുകുഷിമ മേഖലയില്‍നിന്നുള്ള ഇത്തരം ഉപന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നേരത്തെതന്നെ ചൈന നിരോധിച്ചിരുന്നു. ഇപ്പോള്‍ നിരോധനം ജപ്പാനു മുഴുവന്‍ ബാധകമാക്കി.  

ഫുകുഷിമ ഭാഗത്തുനിന്നു പിടിച്ച മല്‍സ്യം ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിഡ ഭക്ഷിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ആണവ മാലിന്യം കലര്‍ന്ന വെള്ളം ശുദ്ധീകരിച്ച് അപകടരഹിതമാക്കിയ ശേഷമാണ് സമുദ്രത്തില്‍ ഒഴുക്കുന്നതെന്നും ആരും ഭയപ്പെടേണ്ടെന്നും അതിലൂടെ ലോകത്തെ ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുകയായിരുന്നു അദ്ദേഹം. 

ജപ്പാന്‍റെ നടപടിക്ക് യുഎന്‍ ഘടകമായ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) അംഗീകാരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഐഎഇഎയുടെ ഒരു ഓഫിസ് ഫുകുഷിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒട്ടേറെ ശാസ്ത്രജ്ഞരുടെ പിന്തുണയും ജപ്പാന്‍ അവകാശപ്പെടുന്നു. 

അതേസമയം, ജപ്പാന്‍ നടത്തിവരുന്ന സംസ്ക്കരണ പ്രക്രിയയിലൂടെ ഫുകുഷിമയിലെ വെള്ളത്തെ തീര്‍ത്തും ആണവപ്രസരണ രഹിതമാക്കാനാകില്ലെന്നു ശാസ്ത്രജ്ഞര്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. ഹൈഡ്രജന്‍റെ ആണവ പ്രസരമുള്ള ഐസോടോപുകളായ ട്രിറ്റിയം, കാര്‍ബണ്‍ 14 എന്നിവയുടെ അതിസൂക്ഷ്മമായ അംശങ്ങള്‍ വെള്ളത്തില്‍ ബാക്കിനിന്നേക്കാം. 

എങ്കിലും, വളരെ ചെറിയ തോതിലുള്ള ഇവയുടെ സാന്നിധ്യം അപകടകരമല്ലെന്നും അതിനെ ഭയപ്പെടേണ്ടതില്ലെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. അപകടകരം അല്ലെന്നു ലോകാരോഗ്യ സംഘടന നിശ്ചയിച്ച അളവിലും വളരെക്കുറഞ്ഞ തോതില്‍ മാത്രമേ ഇവ ഫുകുഷമിമ ജലത്തില്‍ അടങ്ങിയിട്ടുള്ളൂവെന്നു ജപ്പാനും ചൂണ്ടിക്കാട്ടുന്നു. 

ഭയം തീര്‍ത്തും വിട്ടുമാറിയിട്ടില്ലാത്തവര്‍ ജപ്പാനില്‍തന്നെയുണ്ട്. ഫുകുഷിമയിലെ മലിനജലം ഒഴുക്കിക്കളയുന്നതിനെ ജനങ്ങളില്‍ 53 ശതമാനം പിന്തുണയ്ക്കുമ്പോള്‍ 41 ശതമാനം പേര്‍ അതിനെ എതിര്‍ക്കുന്നുവെന്നായിരുന്നു രാജ്യത്തെ ഏറ്റവും വലിയ പത്രങ്ങളിലൊന്നായ അഷാഹി ഷിംബുണ്‍ ഈയിടെ നടത്തിയ സര്‍വേയില്‍ കണ്ടത്.

ഏതായാലും, ഇക്കാര്യത്തില്‍ മുന്നോട്ടുവച്ച കാല്‍ പിന്നോട്ടെടുക്കുന്ന പ്രശ്നമില്ലെന്ന നിലപാടിലാണ് ജപ്പാന്‍. തങ്ങളുടെ സമുദ്രോല്‍പന്നങ്ങളുടെ ഇറക്കുമതി ചൈന ഏകപക്ഷീയമായി നിരോധിച്ചതിനെതിരെ ലോക വ്യാപാര സംഘടനയില്‍ (ഡബ്ളിയുടിഒ) പരാതിപ്പെടുമെന്നു ജപ്പാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

ലോകത്തെ രണ്ടാമത്തെയും മൂന്നാമത്തെയും സാമ്പത്തിക ശക്തികളാണ് ചൈനയും ജപ്പാനും. അവ തമ്മിലുള്ള ബന്ധം നേരത്തെതന്നെ തികച്ചും സൗഹൃദപരമല്ല. രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനു മുന്‍പ്തന്നെ ജപ്പാനില്‍ ചൈന നടത്തിയ ആക്രമണത്തില്‍നിന്നു തുടങ്ങുന്നതാണ് അതിന്‍റെ ചരിത്രം. അധിനിവേശകാലത്തു ജപ്പാന്‍ നടത്തിയ ക്രൂരകൃത്യങ്ങളുടെ ഓര്‍മകള്‍ ഇപ്പോഴും ചൈനക്കാരുടെ മനസ്സിലുണ്ട്.  

രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അവസാന ഘട്ടത്തില്‍ യുഎസ് ആണവ ബോംബാക്രമണത്തിന് ഇരയായെങ്കിലും യുദ്ധശേഷം ജപ്പാന്‍ അമേരിക്കയുമായി അടുത്തു. ചൈനയെ ഒതുക്കാനുള്ള യുഎസ് യത്നത്തില്‍ ജപ്പാന്‍ സഹകരിക്കുകയാണെന്നു ചൈന കുറ്റപ്പെടുത്തുന്നു. 

ചൈനയ്ക്കും ജപ്പാനും ഇടയിലുള്ള കിഴക്കന്‍ ചൈനാ കടലിലെ ചില കൊച്ചുദ്വീപുകളുടെ കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ അവകാശത്തര്‍ക്കവുമുണ്ട്. അതിനിടയിലാണ് ഫുകുഷിമയിലെ മലിനജലവും പ്രശ്നമായിരിക്കുന്നത്. 

Content Highlights: Fukushima nuclear disaster | China-Japan relations | Videsharangam | Opinion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS