പാക്കിസ്ഥാനില്‍ സ്വതന്ത്രവിജയം
Mail This Article
പ്രബലരും പ്രമുഖരും ഉള്‍പ്പെടെ പാക്കിസ്ഥാനിലെ ഒട്ടേറെ പേര്‍ ഇപ്പോള്‍ വലിയ ഞെട്ടലിലും ആശയക്കുഴപ്പത്തിലുമാണ്. നവാസ് ഷരീഫ് പ്രധാനമന്ത്രിപദത്തില്‍ തിരിച്ചെത്തുന്നതോടൊപ്പം ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും തകര്‍ന്നു നിലംപൊത്തുകയും ചെയ്യുന്നതു കാണാന്‍ കാത്തിരിക്കുകയായിരുന്നു അവര്‍. പക്ഷേ, ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഫെബ്രുവരി എട്ട്) നടന്ന പൊതു തിരഞ്ഞെടുപ്പിന്‍റെ ഫലം മുഴുവനായും അവര്‍ ആഗ്രഹിച്ചതു പോലെയായില്ല.
ഷരീഫിന്‍റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-എന്നിന് (പിഎംഎല്‍-എന്‍) പാര്‍ലമെന്‍റിന്‍റെ അധോസഭയായ ദേശീയ അസംബ്ളിയില്‍ കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും അവര്‍ക്ക് ഏറ്റവും വലിയ കക്ഷിയാകാനായി. അങ്ങനെ അദ്ദേഹം നാലാം തവണയും പ്രധാനമന്ത്രിയാകാനുള്ള വഴിയില്‍ കുറേക്കൂടി മുന്നിലെത്തുകയും ചെയ്തു.
പക്ഷേ, ഇമ്രാന്‍റെ പാക്കിസ്ഥാന്‍ തെഹ്രീഖെ ഇന്‍സാഫ് (പിടിഐ) തകര്‍ന്നില്ല. മാത്രമല്ല, പൊതുചിഹനം നഷ്ടപ്പെട്ട ശേഷം പാര്‍ട്ടിയുടെ മേല്‍വിലാസത്തിലല്ലാതെ സ്വതന്ത്രരായി മല്‍സരിക്കാന്‍ നിര്‍ബന്ധിതരമായ ആ പാര്‍ട്ടിക്കാര്‍ സീറ്റുകള്‍ തൂത്തുവാരി. അതോടെ പാക്കിസ്ഥാന്‍റെ സംഭവ ബഹുലമായ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഉദ്വേഗജനകമായ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ക്കപ്പെടുകയും ചെയതു.
സീറ്റുകളുടെ എണ്ണത്തില്‍ പിഎംഎല്‍-എന്നിനും മുന്നിലാണ് പിടിഐ സ്വതന്ത്രര്‍. ആ നിലയില്‍ തങ്ങളാണ് ഏറ്റവും വലിയ കക്ഷിയെന്ന് അവര്‍ അവകാശവാദം ഉന്നയിക്കുന്നുമുണ്ട്. ഇമ്രാനെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെയും തകര്‍ക്കാനുള്ള തല്‍പര കക്ഷികളുടെ നിരന്തരവും ആസൂത്രിതവുമായ ശ്രമങ്ങളെ അതിജീവിച്ചുകൊണ്ടുള്ളതാണ് അവരുടെ ഈ നേട്ടം. രാഷ്ട്രീയത്തില്‍ ഇടപെടുന്ന പട്ടാളത്തിനും ജുഡീഷ്യറിക്കും അവരുമായി ബന്ധപ്പെട്ടവര്‍ക്കുമുള്ള വ്യക്തമായ ഒരു മുന്നറിയിപ്പായും ഇത് എണ്ണപ്പെടുന്നു.
ഇത്രയും സ്വതന്ത്രര്‍ മുന്‍പൊരിക്കലും തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ഇവരില്‍ എത്രപേര്‍ പിടിഐക്കാരാണെന്നു തിരിച്ചറിയാനും പ്രയാസമുണ്ട്. ഇവരെല്ലാം ഒന്നിച്ചുനില്‍ക്കുമോ കൂട്ടത്തോടെ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ, ഏതെങ്കിലും പാര്‍ട്ടിക്കു പിന്തുണ നല്‍കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കും തല്‍ക്കാലം വ്യക്തമായ മറുപടി ലഭ്യമില്ല. ഫലപ്രഖ്യാപനത്തിനു ശേഷം മൂന്നു ദിവസത്തിനകം സ്വതന്ത്രര്‍ ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരിക്കണമെന്നാണ് നിയമം.
സ്വതന്ത്രവും സുതാര്യവുമായ വിധത്തില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കില്‍, ഇമ്രാന്‍റെ കക്ഷി അധികാരത്തില്‍ തിരിച്ചെത്തുമായിരുന്നുവെന്നു കരുതുന്നവരുണ്ട്. ഈ തിരഞ്ഞെടുപ്പ് ഫലം അതിനുള്ള തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ആറു മാസമായി ജയിലിലാണ് ഇമ്രാന്‍. കഴിഞ്ഞ വര്‍ഷം മേയില്‍ അദ്ദേഹം ആദ്യം അറസ്റ്റിലായതിനെ തുടര്‍ന്നുണ്ടായ കലാപത്തോട് അനുബന്ധിച്ച് പിടിഐയുടെ മുന്‍നിര നേതാക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ തടങ്കലിലായി.
പാര്‍ട്ടിയുടെ പൊതു ചിഹ്നം (ക്രിക്കറ്റ് ബാറ്റ്) അവര്‍ക്കു നിഷേധിക്കപ്പെട്ടു. ഏറ്റവും ഒടുവില്‍ നാലു ദിവസത്തിനകം മൂന്നു കേസുകളിലായി മൊത്തം 31 വര്‍ഷം തടവിന് ഇമ്രാന്‍ ശിക്ഷിക്കപ്പെട്ടു. രണ്ടു കേസുകളില്‍ അദ്ദേഹത്തിന്‍റെ ഭാര്യക്കും തടവുശിക്ഷ ലഭിച്ചു. ഇരുവര്‍ക്കും കനത്ത പിഴയുമുണ്ട്. ഈ പശ്ചാത്തലത്തിലായിരുന്നു 336 അംഗ ദേശീയ അസംബ്ളിയിലെ 266 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുംവേണ്ടി സംവരണം ചെയ്ത 70 സീറ്റുകളിലേക്കു നേരിട്ടല്ലാതെയുള്ള തിരഞ്ഞെടുപ്പ് ഇനിയും നടക്കാനുണ്ട്. പാര്‍ട്ടികള്‍ക്കു കിട്ടുന്ന പൊതുസീറ്റുകള്‍ക്ക് ആനുപാതികമായി അവ വീതിച്ചുകൊടുക്കുന്നു. അഞ്ചു ശതമാനത്തിലധികം വോട്ടുകള്‍ കിട്ടിയ പാര്‍ട്ടികളെ മാത്രമേ അതിനു പരിഗണിക്കപ്പെടുകയുളളൂ. തനിച്ചുനില്‍ക്കുന്ന സ്വതന്ത്രര്‍ പരിഗണിക്കപ്പെടുകയില്ല.
ഏറ്റവും ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് പൊതൂസീറ്റുകളില്‍ 99 എണ്ണം പിടിഐ സ്വതന്ത്രര്‍ നേടിയപ്പോള്‍ പിഎംഎല്‍-എന്നിനു കിട്ടിയത് 71 സീറ്റുകളാണ്. മറ്റൊരു പ്രമുഖ കക്ഷിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കു (പിപിപി) 53 സീറ്റുകളും കിട്ടി. വധിക്കപ്പെട്ട മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും മുന്‍പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയുടെയും മകനായ പിപിപി തലവന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും പ്രധാനമന്ത്രി പദത്തില്‍ കണ്ണു നട്ടിരിക്കുകയായിരുന്നു.
സുപ്രീംകോടതി ചുമത്തിയ ആജിവനാന്ത വിലക്ക് കാരണം നവാസ് ഷരീഫ് മല്‍സരിക്കാതിരുന്ന 2018ലെ തിരഞ്ഞെടുപ്പിലും ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടിയിരുന്നില്ല. 116 സീറ്റുകളോടെ ഒന്നാം സ്ഥാനത്തെത്തിയ ഇമ്രാന്‍റെ പിടിഐ മറ്റു ചില പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ഭരിക്കുകയായിരുന്നു. പിഎംഎല്‍-എന്നിന് അന്നു കിട്ടിയ സീറ്റുകള്‍ 64, പിപിക്കു 43. ആ തിരഞ്ഞെടുപ്പില്‍ ജയിക്കാനായി പട്ടാളം ഇമ്രാന്‍റെ പാര്‍ട്ടിയെ എല്ലാവിധത്തിലും സഹായിച്ചുവെന്നായിരുന്നു പരക്കേയുളള ആക്ഷേപം.
പിഎംഎല്‍-എന്നിന്‍റെ ഉരുക്കു കോട്ടയാണ് പഞ്ചാബ് പ്രവിശ്യ. എന്നിട്ടും ഇത്തവണ നവാസ് ഷരീഫ് അവിടെ രണ്ടു സീറ്റുകളില്‍നിന്നു നാഷനല്‍ അസംബ്ളിയിലേക്കു മല്‍സരിച്ചതില്‍ ഒരെണ്ണത്തില്‍ പിടിഐ സ്വതന്ത്രനോടു തോല്‍ക്കുകയാണ് ചെയ്തത്. അതേസമയം, അദ്ദേഹത്തിന്‍റെ അനുജനും മറ്റൊരു മുന്‍പ്രധാനമന്ത്രിയുമായ ഹഹബാസ് ഷരീഫ് രണ്ടിടങ്ങളില്‍ മല്‍സരിച്ചതില്‍ രണ്ടിലും ജയിച്ചു.
പിപിപിയുടെ ശക്തികേന്ദ്രമായ സിന്ധ് പ്രവിശ്യയിലെ രണ്ടിടങ്ങളില്‍ മല്‍സരിച്ച ബിലാവല്‍ ഭൂട്ടോ രണ്ടിടത്തും വിജയം നേടി. സിന്ധില്‍നിന്നുതന്നെ അദ്ദേഹത്തിന്‍റെ പിതാവ് ആസിഫ് അലി സര്‍ദാരിയും തിരഞ്ഞെടുക്കപ്പെട്ടു. നവാസ് ഷരീഫിന്‍റെ മകളും പിഎംഎല്‍-എന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റും ചീഫ് ഓര്‍ഗനൈസറുമായ മറിയം നവാസ്, ഷഹബാസ് ഷരീഫിന്‍റെ മകനും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ഹംസ എന്നിവരും ഇത്തവണ ദേശീയ അസംബ്ളിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ചുരുക്കത്തില്‍, ഷരീഫ് കുടുംബത്തില്‍നിന്നു മൊത്തം നാലുപേരും ഭൂട്ടോ കുടുംബത്തില്‍നിന്നു രണ്ടു പേരും ഇപ്പോള്‍ അധികാരത്തിന്‍റെ ഇടനാഴികളിലുണ്ട്. ആസിഫ് അലി സര്‍ദാരി രാജ്യത്തിന്‍റെ പ്രസിഡന്‍റായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ സഹോദരി ഫര്യാല്‍ താല്‍പൂരും പാര്‍ലമെന്‍റ് അംഗമായിരുന്നു. ഇപ്പോള്‍ രംഗത്തില്ല.
മുന്‍പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ദേശീയ അസംബ്ളിക്കു പുറമെ പഞ്ചാബ് പ്രവിശ്യാ നിയമസഭയിലേക്കും മല്‍സരിക്കുകയുണ്ടായി. രണ്ടിലും ജയിക്കുകയും ചെയ്തു. പ്രധാനമന്ത്രി പദത്തില്‍ നവാസ് ഷരീഫിന്‍റെ മുന്‍ഗാമിയായി മുന്‍പ് കരുതപ്പെട്ടിരുന്നത് അദ്ദേഹമായിരുന്നു.
അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാന്‍ ഖാന്‍ 2022ല്‍ അധികാരത്തില്‍നിന്നു പുറത്താക്കപ്പെട്ടതിനു ശേഷം രൂപംകൊണ്ടതും പിഎംഎല്‍-എന്‍ ഉള്‍പ്പെടെ ഒരു ഡസനോളം കക്ഷികള്‍ അടങ്ങിയതുമായ ഗവണ്‍മെന്‍റിനെ നയിച്ചതും ഷഹബാസാണ്. മുന്‍പ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു.
ഇത്തവണ അദ്ദേഹം വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയാവുകയാണെങ്കില്‍ കേന്ദ്രത്തില്‍ നവാസ് ഷരീഫിന്‍റെ പിന്‍ഗാമിയായി ഉയര്‍ന്നുവരുന്നത് ഒരു പക്ഷേ, നവാസിന്‍റെ മകള്‍ മറിയമായിരിക്കുമെന്നു ശക്തമായ അഭ്യൂഹമുണ്ട്. ആരെയും കൂസാത്ത ഉജ്ജല വാഗ്മിയും സംഘാടകയുമായി ഇപ്പോള്‍തന്നെ മറിയം പേരെടുത്തുകഴിഞ്ഞിട്ടുണ്ട്.
ഇമ്രാന്‍റെ പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളെല്ലാം അറസ്റ്റിലായതിനെ തുടര്‍ന്നു മൂന്നു മാസംമുന്‍പ് മാത്രം അതിന്‍റെ തലവനായ ബാരിസ്റ്റര്‍ ഗോഹര്‍ അലി ഖാനാണ് ദേശീയ അസംബ്ളിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട മറ്റൊരാള്‍. ഇങ്ങനെ ഒരാളെപ്പറ്റി പാക്കിസ്ഥാനില്‍ തന്നെ മുന്‍പ് അധികമാരും കേട്ടിരുന്നില്ല. പക്ഷേ, ഇനി കേള്‍ക്കാനിരിക്കുകയാണ്.
കാരണം പിടിഐ സ്വതന്ത്രരായി തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം ഒന്നിച്ചൊരു ഗ്രൂപ്പാവുകയാണെങ്കില്‍ അതിന്‍റെ സാരഥിയായിരിക്കും അദ്ദേഹം. ആ നിലയില്‍ പ്രധാനമന്ത്രായാകാന്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്തേക്കാം. മറ്റു കക്ഷികള്‍ കൂട്ടുമന്ത്രിസഭകള്‍ ഉണ്ടാക്കാന്‍ നടത്തുന്ന ചര്‍ച്ചകളിലും ഗോഹര്‍ അലി ഖാനു കാര്യമായ പങ്ക് പ്രതീക്ഷിക്കപ്പെടുന്നു.
നാലാം തവണയും പ്രധാനമന്ത്രിയാകാനായി നേരത്തെതന്നെ തയാറെടുത്തു കഴിഞ്ഞിരുന്ന നവാസ് ഷരീഫ് ജയിക്കുമെന്ന വിശ്വാസത്തോടെ മല്‍സരിച്ച രണ്ടു സീറ്റുകളില്‍ ഒന്നില്‍ നേരിട്ട പരാജയം അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഞെട്ടലുണ്ടാക്കിയ മറ്റൊരു സംഭവവികാസമാണ്. രണ്ടിലും തോറ്റിരുന്നെങ്കില്‍ അദ്ദേഹത്തിനും പാര്‍ട്ടിക്കും അതൊരു വലിയ നാണക്കേടാകുമായിരുന്നു.
കേന്ദ്രത്തിലെന്ന പോലെ പഞ്ചാബ് പ്രവിശ്യയിലും പിഎംഎല്‍-എന്‍ ഭരിക്കുമെന്നാണ് നവാസ് ഷരീഫ് പ്രഖ്യാപിച്ചിട്ടുളളത്. അതേസമയം പഞ്ചാബില്‍ അവര്‍ക്കു കിട്ടിയ സീറ്റുകളുടെ അത്രതന്നെ സീറ്റുകള്‍ പിടിഐക്കും കിട്ടിയിട്ടുണ്ട്. കഴിഞ്ഞ തവണ പഞ്ചാബില്‍ പിടിഐയാണ് ഭരിച്ചിരുന്നതും. ഭട്ടോ കുടുംബത്തിനു ശക്തവും വ്യാപകവുമായ വേരുകകളുളള സിന്ധില്‍ ഇത്തവണയും പിപിപിക്കു വന്‍വിജയം നേടാനായി. ഇത്തവണയും അവിടെ തങ്ങള്‍ ഭരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തിപങ്കിടുന്ന ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടിയത് പിടിഐ സ്വതന്ത്രരാണ്. കഴിഞ്ഞ തവണ ആ പ്രവിശ്യ ഭരിച്ചിരുന്നതും പിടിഐയായിരുന്നു. ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ അവകാകവാദം ഉന്നയിക്കന്‍ ആവശ്യമായത്ര സീറ്റുകള്‍ ഒരു കക്ഷിക്കും നേടാനായിട്ടില്ല.
ഇസ്ലാമാബാദിലും പ്രവിശ്യകളിലും പുതിയ മന്ത്രിസഭ ഉണ്ടാക്കാനുള്ള ചര്‍ച്ചകളിലും കൂടിയാലോചനകളിലും മുഴുകിയിരിക്കുകയാണ് പ്രധാനപ്പെട്ട എല്ലാ കക്ഷികളും. ആര് ആരുടെ കൂടെ ചേരും?