ADVERTISEMENT

മുപ്പതു വര്‍ഷം മുന്‍പ് ഈ ദിവസങ്ങളില്‍ ലോകത്തിന്‍റെ മുഴുവന്‍ കണ്ണുകളും ദക്ഷിണാഫ്രിക്കയിലും അതിന്‍റെ നേതാവായ നെല്‍സന്‍ മണ്ടേലയിലും കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഒരു ചിരകാല സ്വപ്നത്തിന്‍റെ സാക്ഷാല്‍ക്കാരം ആഘോഷിക്കുകയായിരുന്നു അപ്പോള്‍ ആ രാജ്യം. ലോകം പൊതുവില്‍തന്നെ ആ സന്തോഷത്തില്‍ പങ്ക് ചേരുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനം അവസാനിക്കുകയും ജനങ്ങളില്‍ ബഹുഭൂരിപക്ഷം വരുന്ന കറുത്തവര്‍ഗക്കാരുടെ ഭരണം സ്ഥാപിതമാവുകയുമായിരുന്നു. 1994 ഏപ്രില്‍ 27നു ജനാധിപത്യരീതിയില്‍ നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പോടെയായിരുന്നു അതിന്‍റെ തുടക്കം. രണ്ടാഴ്ചയ്ക്കകം, മേയ് പത്തിനു നെല്‍സന്‍ മണ്ടേല ആ രാജ്യത്തിന്‍റെ പ്രഥമ പ്രസിഡന്‍റാവുകയും ചെയ്തു.  

ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കുളള ദക്ഷിണാഫ്രിക്കയുടെ ആ കാല്‍വയ്പിന്‍റെ ഓര്‍മകളില്‍ ഈ മുപ്പതാം വാര്‍ഷികത്തിലും ആറു കോടിയില്‍പ്പരം ജനങ്ങള്‍ രോമാഞ്ചമണിയുകയാണ്. അതിനിടയില്‍തന്നെ തങ്ങളുടെ സ്വപ്നങ്ങള്‍ ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും പൂര്‍ണമായി പൂവണിഞ്ഞില്ലെന്ന തിരച്ചറിവ് അവരെ അസ്വസ്ഥരാക്കുകയും ചെയ്യുകയാണത്രേ. 

1994നു ശേഷമുള്ള ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പ് ഈ മാസം 29നു നടക്കാനിരിക്കേയാണ് ഈ സ്ഥിതി. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പാണ് അന്ന്. 400 അംഗ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നേടുന്ന പാര്‍ട്ടിയുടെ നേതാവ് രാജ്യത്തിന്‍റെ പ്രസിഡന്‍റാകുന്നു. പ്രസിഡന്‍ഷ്യല്‍ രീതിയിലാണ് ഭരണം. ഒന്‍പതു പ്രവിശ്യാ നിയമസഭകളിലേക്കുളള തിരഞ്ഞെടുപ്പും അതേ ദിവസം നടക്കുന്നു.  

ദക്ഷിണാഫ്രിക്കയെ സ്വാതന്ത്ര്യത്തിലേക്കും ഭൂരിപക്ഷ ഭരണത്തിലേക്കും നയിച്ച ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് ഇതുവരെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും അനായാസം ജയിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ പ്രസിഡന്‍റ് സിറില്‍ റാമഫോസയുടെ നേതൃത്വത്തില്‍ അവര്‍ക്ക് അതു സാധ്യമാകുമോയെന്ന സംശയം ദിനംപ്രതി ശക്തിപ്പെട്ടുവരുന്നു. രണ്ടാം തവണയും പ്രസിഡന്‍റാകാനുളള ശ്രമത്തിലാണ് അദ്ദേഹം.  

സംസ്ക്കാരം, ഭാഷ, മതം, ഗോത്രം എന്നിവയുടെ ബാഹുല്യത്താല്‍ വേര്‍തിരിക്കപ്പെട്ടു കിടക്കുമ്പോഴും ഒത്തൊരുമയോടെ ജീവിക്കുകയാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ ജനങ്ങള്‍. നാനാത്വത്തിലെ ഈ ഏകത്വം മഴവില്‍ രാഷ്ട്രം എന്ന പേരു നേടിക്കൊടുക്കുകയും ചെയ്തു. 

പക്ഷേ, 30 വര്‍ഷംമുന്‍പ് അതൊന്നും സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ജനങ്ങളില്‍ പത്തിലൊന്നില്‍ താഴെ വരുന്ന വെളളക്കാരുടെ നിയന്ത്രണത്തിലായിരുന്നു ഭരണം. അവരാണെങ്കില്‍ മണ്ണിന്‍റെ മക്കളായിരുന്നില്ല. യൂറോപ്പില്‍നിന്ന്,  മുഖ്യമായി നെതര്‍ലന്‍ഡ്സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍നിന്നു കുടിയേറിപ്പാര്‍ത്തവരായിരുന്നു. 

കാലക്രമത്തില്‍ രാജ്യാധികാരം കൈക്കലാക്കിയ അവര്‍ വെള്ളക്കാരല്ലാത്ത ബഹുഭൂരിപക്ഷത്തെ ചൂഷണം ചെയ്യുകമാത്രമല്ല, ജീവിതത്തിന്‍റെ എല്ലാ തുറകളില്‍നിന്നും അകറ്റിനിര്‍ത്തുകയും മൗലികമായ ജീവിത സൗകര്യങ്ങള്‍പോലും അവര്‍ക്കു നിഷേധിക്കുകയും ചെയ്തു. അവര്‍ എവിടെ താമസിക്കണം, എവിടെ എന്തു ജോലി ചെയ്യണം, എവിടേക്കെല്ലാം അവര്‍ക്കു പോകാം എന്നീ കാര്യങ്ങള്‍ ഗവണ്‍മെന്‍റ് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. 

വൈദ്യുതിയും ശുദ്ധജലവും പോലുളള അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളാണ് അവര്‍ക്കു താമസിക്കാനായി വേര്‍തിരിച്ചുനിര്‍ത്തിയിരുന്നത്. ഗവണ്‍മെന്‍റ് നല്‍കുന്ന പാസ്സില്ലാതെ എവിടെയും പോകാന്‍ അവരെ അനുവദിച്ചിരുന്നില്ല. വെളളക്കാരല്ലാത്തവരെ കറുത്തവ വര്‍ഗക്കാര്‍, കലര്‍ന്ന നിറമുളളവര്‍ (കളേഡ്), ഇന്ത്യക്കാര്‍ എന്നിങ്ങനെയും വേര്‍തിരിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തു ജോലിക്കുവേണ്ടി ദക്ഷിണാഫ്രിക്കയില്‍ എത്തിയവരാണ് ഇന്ത്യക്കാര്‍.

വെളളക്കാരല്ലാത്തവര്‍ തമ്മില്‍തന്നെയുളള ഇടപഴകലും നിശ്ചിത പരിധിക്കപ്പുറം നിരോധിക്കുകയുണ്ടായി. അറിഞ്ഞും അറിയാതെയും നിയമം ലംഘിക്കുന്നവര്‍ക്കു കനത്ത ശിക്ഷ നല്‍കുകയും ചെയ്തു.  

നേരത്തെതന്നെ നിലവിലുണ്ടായിരുന്ന ഈ സ്ഥിതി 1948ല്‍ ഗവണ്‍മെന്‍റ് അപ്പാര്‍ട്ടെയിറ്റ് എന്ന പേരില്‍ ഔപചാരികമായിത്തന്നെ നടപ്പാക്കാന്‍ തുടങ്ങി. അതോടെ ആരംഭിച്ചതാണ് അതിനെതിരായ ജനങ്ങളുടെ സംഘടിതമായ എതിര്‍പ്പും പ്രക്ഷോഭവും. ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് (എഎന്‍സി) അതിനു നേതൃത്വം നല്‍കി. 

എഎന്‍സി നിരോധിക്കപ്പെടുകയും മണ്ടേല അറസറ്റിലാവുകയും ചെയ്തു. എഎന്‍സിയുടെ പ്രക്ഷോഭത്തിനിടയില്‍ നടന്ന അക്രസംഭവങ്ങളുടെ പേരില്‍ ജീവപര്യന്തം കഠിന തടവായിരുന്നു ശിക്ഷ. അതിന്‍റെ ഭാഗമായി റോബ്ബന്‍ ദ്വീപിലെ കുപ്രസിദ്ധമായ തടങ്കല്‍ പാളയത്തില്‍ 27 വര്‍ഷം കഴിയേണ്ടിവന്നു.

ദക്ഷിണാഫ്രിക്കയിലെ മനുഷ്യത്വ രഹിതമായ വര്‍ണവിവേചന നയം രാജ്യാന്തര തലത്തിലും ശക്തമായ എതിര്‍പ്പ് നേരിട്ടുവരികയായിരുന്നു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പൊലീസൂം പട്ടാളവും അമിത ബലപ്രയോഗം നടത്തുകയും അവരുടെ വെടിയേറ്റ് ഒട്ടേറെ പേര്‍ മരിക്കുകയും ചെയ്തു. പ്രശ്നം രാജ്യാന്തര തലത്തില്‍ ഒരു വലിയ ചര്‍ച്ചാവിഷയമാകാന്‍ അതും കാരണമായി.

ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ അമേരിക്കയും ബ്രിട്ടനും സഹകരിച്ചില്ലെന്നതും ശ്രദ്ധേയമായിരുന്നു. നെല്‍സന്‍ മണ്ടേലയെ അവര്‍ ഭീകരരുടെ  പട്ടികയില്‍ ഉള്‍പ്പെടുത്തുകയുമുണ്ടായി.   

എന്നിട്ടും ഐക്യരാഷ്ട്ര സംഘടനയില്‍ നിന്നു ദക്ഷിണാഫ്രിക്ക സസ്പെന്‍ഡ് ചെയ്യപ്പെടുകയും കോമണ്‍വെല്‍ത്തില്‍നിന്നു പുറത്താക്കപ്പെടുകയും ചെയ്തു. രണ്ടു സംഘടനകളിലും പുനഃപ്രവേശനം ലഭിച്ചത് 1994ല്‍ വര്‍ണ വിവേചന നയം അവസാനിച്ച ശേഷമാണ്. ഒളിംപിക്സിലും പങ്കാളിത്തം നിഷേധിക്കപ്പെട്ടു.

ഒടുവില്‍ നിലപാട് മാറ്റാന്‍ ദക്ഷിണാഫ്രിക്കന്‍ ഭരണകൂടം നിര്‍ബന്ധിതരായി. മണ്ടേലയെ അവര്‍ തടവില്‍നിന്നു വിട്ടയക്കുകയും അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍  വെളളക്കാരനായ പ്രസിഡന്‍റ് എഫ്. ഡബ്ളിയു. ഡിക്ളാര്‍ക്ക് സന്നദ്ധനാവുകയും ചെയ്തു. മാസങ്ങള്‍ നീണ്ടുനിന്ന ആ ചര്‍ച്ചകളാണ് 1994ല്‍ ജനാധിപത്യ രീതിയിലുളള ആദ്യത്തെ തിരഞ്ഞെടുപ്പ് നടക്കാന്‍ വഴിയൊരുക്കിയ്. അതിന്‍റെ പേരില്‍ ഇരുവരും നൊബേല്‍ സമാധാന സമ്മാനം നേടുകയും ചെയ്തു. 

ജനങ്ങളില്‍ അഞ്ചില്‍ നാലു വരുന്ന കറുത്ത വര്‍ഗക്കാര്‍ അധികാരം കിട്ടിയശേഷം വെളളക്കാരുടെ നേരെ പകവീട്ടുമോയെന്ന ഭയം പലര്‍ക്കുമുണ്ടായിരുന്നു. പക്ഷേ, മണ്ടേല ഉയര്‍ത്തിപ്പിടിച്ച ഗാന്ധിയന്‍ തത്വങ്ങള്‍ അത്തരം അക്രമങ്ങള്‍ക്ക് ഇടമില്ലാതാക്കി. 

പുതുതായി സ്വാതന്ത്ര്യം ലഭിച്ച പല ആഫ്രിക്കന്‍ രാജ്യങ്ങളും കാലക്രമത്തില്‍ പട്ടാള അട്ടിമറിയിലേക്കും ഏകാധിപത്യത്തിലേക്കും വഴുതിപ്പോയിരുന്നു. അക്കാര്യത്തിലും വ്യത്യസ്തമായ കഥ പറയുകയാണ് ദക്ഷിണാഫ്രിക്ക. ജനാധിപത്യവും നിയമവാഴ്ചയും സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും മാധ്യമ സ്വാതന്ത്ര്യവും പോറലേല്‍ക്കാതെ നിലനില്‍ക്കുന്നു. അതിന്‍റെയെല്ലാം ബഹുമതി ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നു. 

പക്ഷേ, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ കനത്ത പരാജയമാണ് സംഭവിച്ചത്. ലോകബാങ്കിന്‍റെ അഭിപ്രായത്തില്‍ ലോകത്ത് ജനങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം സാമ്പത്തികാസമത്വമുള്ളത് ദക്ഷിണാഫ്രിക്കയിലാണ്. തൊഴിലില്ലായ്മയുടെ കാര്യത്തിലും ലോകത്തു മുന്നിട്ടുനില്‍ക്കുന്നു. 32 ശതമാനം. 

ദാരിദ്യരേഖയ്ക്കു താഴെയുളളവര്‍ വെള്ളക്കാര്‍ക്കിടയില്‍ ഒരു ശതമാനമാണെങ്കില്‍ കറുത്തവര്‍ക്കിടയില്‍ 60 ശതമാനംവരേയാണ്. ജനങ്ങളില്‍ നാലിലൊന്നു പേര്‍ ഗവണ്‍മെന്‍റ് നല്‍കുന്ന ക്ഷേമ പെന്‍ഷനെ ആശ്രയിച്ചുകഴിയുന്നു. ഭൂമിയുടെ ഭൂരിഭാഗവും ഇപ്പോഴും വെളളക്കാരുടെ കൈകളില്‍ കിടക്കുന്നു. അതിനിടയില്‍ കുറ്റകൃത്യങ്ങളും സംഘടയിതമായ അക്രമങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 

സമീപകാലത്തായി മറ്റൊരു പ്രശ്നംകൂടി ദക്ഷിണാഫ്രിക്കയെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിലെ പടലപിണക്കമാണത്. നെല്‍സന്‍ മണ്ടേലയുടെ മരണത്തോടെതന്നെ തുടങ്ങിയ ഇത് കാലക്രമത്തില്‍ വളര്‍ന്ന് അപകടാവസ്ഥയിലെത്തി നില്‍ക്കുന്നു. 

മണ്ടേലയുടെ ഉറ്റസുഹൃത്തുക്കളില്‍ ഒരാളും രാജ്യത്തിന്‍റെ മൂന്നാമത്തെ പ്രസിഡന്‍റുമായ ജേക്കബ് സൂമ നിലവിലെ പ്രസിഡന്‍റും പാര്‍ട്ടി അധ്യക്ഷനുമായ സിറില്‍ റാമഫോസയുമായി ഇടഞ്ഞു. മാത്രമല്ല, പുതിയൊരു പാര്‍ട്ടിക്കു രൂപം നല്‍കുകയും ചെയ്തു. 

രണ്ടാം തവണയും പ്രസിഡന്‍റാകാനുളള മല്‍സരത്തിനു വേണ്ടി തയാറെടുക്കുന്ന റാമഫോസയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ഭീഷണിയാണ്. ഈ പശ്ചാത്തലത്തിലാണ് രാജ്യം സ്വാതന്ത്ര്യത്തിന്‍റെ നാലാം ദശകത്തിലേക്കു പ്രവേശിച്ചിരിക്കുന്നതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com