ഇരിക്കും മുമ്പേ കാൽ നീട്ടിയാൽ

business-boom-column-on-startup
Image Credit: Deagreez/istockphoto.com
SHARE

ഈ പിള്ളേരൊക്കെ എന്താ വിചാരിച്ചു വച്ചിരിക്കുന്നത്? മീശ മുളയ്ക്കും മുമ്പേ അഥവാ കോളജ് പഠിത്തം കഴിയും മുമ്പേ സ്വന്തമായി സ്റ്റാർട്ടപ്, ഡിജിറ്റൽ സേവനം അല്ലെങ്കിൽ ഉത്പന്നം, വാല്യു ക്രിയേഷൻ, കുറച്ച് ഉപയോക്താക്കൾ, വാല്യുവേഷൻ...അതു കണ്ട് അന്തിച്ച് ദേ വരുന്നു നിക്ഷേപകർ. വെഞ്ച്വർ കപിറ്റലിസ്റ്റുകളോ, ഏയ്ഞ്ചലോ എന്തു കുന്തമോ ആയിക്കോട്ടെ. സ്റ്റാർട്ടപ്പിൽ ലോഡ് കണക്കിന് കാശ് കൊണ്ടു മറിക്കുന്നു, ആ കാശ് കൊടുത്ത് സ്വപ്നത്തിലുള്ള ആഡംബര കാറുകൾ വാങ്ങുന്നു, പിന്നെ ഐപിഒ, ആഗോളം, ഭൂഗോള വളർച്ചയാണ്....

മുലപ്പാലിന്റെ മണം മാറാത്ത ചെറുക്കൻമാർക്ക് ദേ ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന 100 മില്യൺ ഡോളർ! (800 കോടി രൂപ) ഇങ്ങനെയാണു പലരുടേയും മനപ്പായസം. 

ചിലരുടെ കാര്യത്തിൽ ഇതു ശരിയായി വരാം. അടുത്തിടെ അങ്ങനെ പന പോലെ വളർന്ന സ്റ്റാർട്ടപ് ഏതാണ്ട് പൊളിയുന്നതിന്റെ വക്കിലാണ്. ഇരിക്കും മുമ്പേ കാല് നീട്ടിയതാണു കാരണം. ലോകമാകെ ഇതിനൊരു ഉദാഹരണമുണ്ട്–വീ വർക്ക്!

നഗരത്തിൽ അവർ അടിപൊളി ഓഫിസ് സ്ഥലം ഉണ്ടാക്കും. ആർക്കും വാടകയ്ക്കെടുത്ത് ഉപയോഗിക്കാം. വി വർക്കിലേക്ക് ശതകോടികളാണ് നിക്ഷേപമായി ഒഴുകിയത്. ന്യൂജൻ പയ്യൻ ആദം ന്യൂമാനായിരുന്നു സ്ഥാപകൻ. നീളൻ തലമുടി, കീറിയ ജീൻസ്, ഇറച്ചി കഴിക്കില്ല, ടെക്വില കഴിക്കും, കഞ്ചാവ് പുകയ്ക്കും....യുവ സംരംഭക വിപ്ളവകാരി. കമ്പനിയുടെ മൂല്യം കുതിച്ചു കയറി. വാല്യുവേഷൻ എന്നു പറയുന്നത് വെറും ക‍ടലാസല്ലേ? ആരൊക്കെയോ ചേർന്ന് കമ്പനിക്ക് ഇത്ര ‘വാല്യു’ ഉണ്ടെന്ന് നിശ്ചയിക്കുന്നു. അതു കണ്ട് പലരും കാശിറക്കുന്നു. അഞ്ചാറ് മാസം കഴിയുമ്പോൾ വീണിതല്ലോ കിടക്കുന്നു വാല്യുവേഷൻ!

ഇമ്മാതിരി കമ്പനികളുടെയെല്ലാം പ്രശ്നം അവയുടെ വരുമാനത്തേക്കാൾ വളരെ വലുതാണ് വായ്പകളോ ചെലവുകളോ എന്നതാണ്. വെഞ്ച്വർ കാപിറ്റൽ ധൂർത്തടിച്ച് മറ്റു കമ്പനികളെ ഏറ്റെടുത്ത് വളരാൻ നോക്കുന്നു. ഓരോ വർഷവും വൻ നഷ്ടത്തിലായിരിക്കും. ബിസിനസ് മോഡൽ തന്നെ പൊട്ടയായിരിക്കും. അല്ലെങ്കിൽ ബിസിനസ് കൊള്ളാം പക്ഷേ അതിൽ നിന്നു കാശുണ്ടാക്കാനുള്ള റവന്യൂ മോഡൽ പൊളി ആയിരിക്കും. അടിപടലം പൊളിയുമ്പോൾ മുടക്കിയവർക്കു കാശ് പോയി. വൻകിട വെഞ്ച്വർ ഫണ്ടുകളാണു മുടക്കിയതെങ്കിൽ അവർ നഷ്ടം വേറേ എവിടെയെങ്കിലും മുതലാക്കാമെന്നു വിചാരിക്കും അത്ര തന്നെ.

ലോകം ആകപ്പാടെ ബാങ്ക് പലിശ കൂടിയ, വളർച്ച കുറഞ്ഞ ഘട്ടത്തിലേക്കു കടക്കുകയാണത്രെ. എല്ലാവരും ബെൽറ്റ് മുറുക്കുന്നു. നിക്ഷേപകർ കണ്ടം വഴി ഇറങ്ങി ഓടുന്നു. 

ഒടുവിലാൻ∙മക്കളുടെ കമ്പനിയിൽ അച്ഛനമ്മമാർ കാശ് മുടക്കി സഹായിച്ചിട്ടുണ്ടെങ്കിലോ? അങ്ങനെ പെൻഷൻകാല ജീവിതം കുളമായവരും മക്കളുണ്ടാക്കിയ കടം വീട്ടേണ്ടി വന്നവരുമുണ്ട്. ആരും വെളിയിൽ മിണ്ടാറില്ലെന്നു മാത്രം.

Content Susmmary : Business boom column on startups

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA