നിരുപമം ആ നാടൻ രുചികളുടെ കാലം

business-boom-junk-food
Photo Credit : Pineapple Studio / istockphoto.com
SHARE

ബർഗർ, പീറ്റ്സ, കെഎഫ്സി തുടങ്ങിയ തീറ്റകളെക്കുറിച്ചു കേട്ടിട്ടേ ഇല്ലാതിരുന്ന കാലം നാട്ടിലുണ്ടായിരുന്നു. ഇന്നത്തെ പോലെ സർവ കുട്ടി കുരിപ്പുകളും  ഇതൊക്കെ തിന്നു തടിച്ചിരുന്നില്ല. സായിപ്പിന്റെ നോവലുകളിലും സിനിമകളിലും മാത്രമായിരുന്നു ഇതൊക്കെ. ഹോട്ട്‍ഡോഗ് പട്ടിയിറച്ചിയാണെന്നു കരുതി തർജമ ചെയ്തവരുമുണ്ട്. ഫാസ്റ്റ് ഫുഡ് എന്നാരും കേട്ടിരുന്നില്ല. അടുക്കള പിന്നാമ്പുറത്ത് ഉരലിൽ ഉലക്കകൊണ്ട് ഇടിക്കൽ, ആട്ടുകല്ലിൽ അരിയും ഉഴുന്നും ആട്ടൽ തുടങ്ങിയ ‘പ്രസ്ഥാനങ്ങൾ’ നടമാടിയിരുന്ന മധുരമനോജ്ഞ കാലം!

ആദ്യം വന്നത് അമേരിക്കൻ കെഎഫ്സിയാണ്. തൊണ്ണൂറുകളിൽ ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിൽ ആദ്യം അവതരിച്ച കെഎഫ്സിയെ കർഷക നേതാവ് നഞ്ചുണ്ടപ്പയും അനുയായികളും കല്ലെറിഞ്ഞു. പിന്നെ കാണുന്നത് നാടുമുഴുക്കെ കെന്റക്കി ചിക്കന്റെ അനുകരണങ്ങൾ പടരുന്നതാണ്. 

നാടൻ സംരംഭകർ അവിടെ പോയി നോക്കി. മാവിലും റൊട്ടിപ്പൊടിയിലും മുക്കി വറുത്ത കോഴി, പല കോംബോകൾ, ചുവന്ന ടീഷർട്ടിട്ട സെയിൽസ് പിള്ളേർ...! ഇത്രേ ഉള്ളോ? ശ്ശെടാ ഈ ഐഡിയ നമുക്ക് എന്തേ നേരത്തേ തോന്നാത്തത്? കംപ്ളീറ്റ് കോപ്പിയടിച്ച് നാടൻ ചിക്കൻ ഫ്രൈ കടകൾ നാടാകെ വന്നു. 

അതിനും ഏറെ മുമ്പേ ഡൽഹിയിൽ ‘നിരുലാസ്’ എന്ന പേരിൽ ഇന്ത്യയിലെ ആദ്യ ക്യൂഎസ്ആർ (ക്വിക്ക് സർവീസ് റസ്റ്ററന്റ്) വന്നിരുന്നു. ദീപക് നിരുലയും കസിൻ ലളിത് നിരുലയും ചേർന്നാണു തുടങ്ങിയത്. രണ്ടു വിദ്വാൻമാരും അമേരിക്കയിലെ കോർണൽ സർവകലാശാലയിൽ ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ പോയതാണ്. കെഎഫ്സിയും പീറ്റ്സാ ഹട്ടും മക്ഡോണൾഡ്സുമൊക്കെ കണ്ട് മനസിലാക്കി തിരികെ വന്ന് 1977ൽ കോണാട്ട്പ്ളേസിൽ നിരുലാസ് തുടങ്ങി. പൊരിച്ച കോഴിയിലും പീറ്റ്സയിലും ബർഗറിലുമെല്ലാം മാസലകൾ ചേർത്ത് ഇന്ത്യൻ രുചി കൊണ്ടുവന്നു. 

ഡൽഹിയിൽ പോകുന്നവരെല്ലാം എന്തോ നേർച്ചയുള്ളതു പോലെ അവിടെ പോകുമെന്നായി. നിരുലാസ് നിരവധി ഉത്തരേന്ത്യൻ നഗരങ്ങളിലേക്കു വ്യാപിച്ചു. നാല് കാശ് പോക്കറ്റിലുള്ളവർ കുഗ്രാമങ്ങളിൽ നിന്നുപോലും വന്ന് ചിക്കൻ ഫ്രൈയും ബനാന സ്പ്ളിറ്റും മറ്റും രുചിച്ചു. കെന്റക്കിയേക്കാൾ കേമൻ എന്നു ബല്ലേ വച്ചു. 

തൊണ്ണൂറുകളിൽ ഉദാരവൽക്കരണം വന്ന് അമേരിക്കൻ ഫാസ്റ്റ് ഫുഡ് ചെയിനുകൾ ഇന്ത്യയിൽ ചേക്കേറി. അവരുമായി മൽസരം പന്തിയല്ലെന്നു കണ്ടിട്ടാകാം 2006ൽ സ്ഥാപക കസിൻസ് നിരുലാസിനെ നാവിസ് കാപിറ്റലിനു വിറ്റു. ചൗഹാൻമാർ തംസ്അപ്പും ലിംകയും കോക്കക്കോളയ്ക്കു വിറ്റുമാറിയതു പോലെ. നൂറുകണക്കിനു കോടി കിട്ടിക്കാണണം! 

പെട്ടെന്ന് നിരുലാസിനെ ഓർക്കാൻ കാരണം സ്ഥാപകൻ ദീപക് നിരുല മസാലകളില്ലാത്ത ലോകത്തേക്കു യാത്രയായതാണ്.

ഒടുവിലാൻ∙കൊൽക്കത്തയിൽ ജനിച്ച കാട്ടി റോൾ (ചപ്പാത്തിയിലോ പറോട്ടയിലോ കബാബോ ഓംലറ്റോ വച്ച് ചുരുട്ടിയെടുത്തത്) നിരുലാസാണു പോപ്പുലറാക്കിയത്. ഇന്നു തട്ടുകടയിലും ഫ്ളൈറ്റിലും കിട്ടും കാട്ടിറോൾ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS