ഓരോ കാലത്ത് ഓരോ കോലം

business-boom-column-about-laissez-faire
SHARE

ഫ്രീ മാർക്കറ്റോ? ലിസ്സെ ഫെയറോ? ഏയ് അങ്ങനെയൊന്ന് കേട്ടിട്ടു പോലുമില്ലല്ലോ എന്ന മട്ടിൽ പൊട്ടൻ കളിക്കുകയാണ് കാപിറ്റലിസ്റ്റ് ലോകം. സർക്കാർ ഇടപെടലും നയവും സബ്സിഡിയുമൊന്നുമില്ലാതെ സർവതന്ത്ര സ്വതന്ത്രമായി ബിസിനസും വ്യവസായവും നടത്തുന്നതിനെയാണ് ലിസ്സെ ഫെയർ എന്ന് ഇംഗ്ളീഷിലും ലിസ്സി ഫെയർ എന്നു ഫ്രഞ്ചിലും വിളിച്ചിരുന്നത്.  ഏതു തരം സർക്കാർ ഇടപെടലും  മഹാമോശമായി മുതലാളിത്ത ലോകം കണ്ടു. ഇപ്പൊ നേരേ തിരിച്ചായി. സർക്കാർ ഇടപെടലും സബ്സിഡിയുമെല്ലാം മടങ്ങി വന്നിരിക്കുന്നു.

വെളിച്ചെണ്ണയും കൊളസ്റ്ററോളും കൊള്ളത്തില്ലെന്നു പണ്ടു പറഞ്ഞിരുന്നവർ ഇപ്പോൾ കൊള്ളാമെന്നു പറയും പോലെ തന്നെ. നിയോ ലിബറൽ നയം എന്നാണ് നമ്മുടെ ഉദാരവൽക്കരണത്തെ നാടൻ ബുദ്ധിജീവികൾ ആക്ഷേപിച്ചിരുന്നത്. ഇപ്പോൾ പോസ്റ്റ് നിയോ ലിബറൽ കാലമാണത്രെ. നവ ഉദാരാനന്തര കാലം! എന്നു വച്ചാൽ ബിസിനസിൽ ഇടപെടണം അല്ലാതെ വെറുതേ വിടരുത്. ബ്രിട്ടനിൽ ലിസ് ട്രസ്സ് ഇക്കാര്യം മനസിലാക്കാതെ നികുതികൾ കുറച്ച് മാർഗരറ്റ് താച്ചറുടെ പഴയ ഫ്രീ മാർക്കറ്റ് ഫിലോസഫിയിലേക്കു മടങ്ങാൻ നോക്കിയപ്പോൾ ദേണ്ടെ വീണിതല്ലോ കിടക്കുന്നു ഓഹരി വിപണിയും പൗണ്ടും പ്രധാനമന്ത്രിയും. 

മിക്ക മുതലാളിത്ത രാജ്യങ്ങൾക്കും  സ്വതന്ത്ര വിപണിയുടെ അപ്പോസ്തലനായ അമേരിക്കയ്ക്കും ഇപ്പോൾ വിപണിയിൽ ഇടങ്കോലിടലുണ്ട്. ഇന്ത്യയിൽ ഒരിക്കലും അങ്ങനെയൊരു ലിസ്സെ ഫെയർ ഉണ്ടായിരുന്നില്ല. സ്വതന്ത്ര വിപണി എന്നാൽ എന്തും എത്രയും ഉത്പാദിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അതു വിൽക്കാനും വാങ്ങാനുമുള്ള സ്വാതന്ത്ര്യവും ചേരുന്നതാണ്. പക്ഷേ കയ്യിൽ കാശുണ്ടെങ്കിലല്ലേ വാങ്ങാൻ പറ്റൂ? കാശുള്ളവർ വിപണിയിലുണ്ടെങ്കിലല്ലേ ഉത്പാദിപ്പിക്കാനോ വിൽക്കാനോ പറ്റൂ? 

വിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമാണ് റേഷൻ കടകളും മണ്ണെണ്ണ വിതരണവുമെല്ലാം. കേരളത്തിൽ താമസസ്ഥലം സ്വന്തമായുണ്ടെങ്കിൽ മാസം 100 പൗണ്ട് കൊണ്ട് (പതിനായിരം രൂപ തികച്ചില്ല) സുഖമായി ജീവിക്കുന്ന കുടുംബങ്ങളെത്രയോ ഉണ്ട്. ബിപിഎൽ കാർഡ് വേണം അരിയും പഞ്ചസാരയും റേഷൻ കടയിൽ നിന്നു വാങ്ങണം. കറണ്ട്, വെള്ളം, മൊബൈൽ ചാർജുകൾ  മിതമായിരിക്കണം. കുട്ടികൾ അടുത്തുള്ള സർക്കാർ സ്കൂളിൽ പഠിക്കണം...100 പൗണ്ട് മതി.

ബ്രിട്ടനിൽ അതു പറ്റില്ലല്ലോ. വിലക്കയറ്റം 15 ശതമാനത്തിലെത്തി. പോക്കറ്റുകളിൽ പണം കമ്മി. യുക്രെയ്ൻ യുദ്ധം മൂലം ഇന്ധനവില കൂടി, പലിശയും വിലക്കയറ്റവും കൂടിയതോടെ ജനം കാശ് ചെലവാക്കുന്നതു കുറച്ചു. കഷ്ടകാലം വരുമ്പോൾ കൂട്ടത്തോടെ.

ഒടുവിലാൻ∙ കഷ്ടിച്ച് ഒന്നരമാസം അധികാരത്തിലിരുന്ന ലിസ് ട്രസിന് കിട്ടാൻ പോകുന്ന പെൻഷൻ വർഷം 1.29 ലക്ഷം ഡോളർ. മാസം ഏകദേശം 9 ലക്ഷം രൂപ!

Content Summary : Business Boom Column About Laissez Faire

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS