യൂട്യൂബർമാർ പലവിധം; മാസം മുപ്പത് ലക്ഷം വരുമാനമുണ്ടാക്കുന്നവരുമുണ്ട് , ഒന്നും കിട്ടാത്തവരുമുണ്ട്!

HIGHLIGHTS
  • യൂട്യൂബിൽ റജിസ്റ്റർ ചെയ്ത് ആയിരം വരിക്കാരെയും 4000 മണിക്കൂർ വ്യൂസും ആദ്യം ഒപ്പിക്കണം
business-boom-column-about-youtubers
Photo Credit : :filadendron / istockphoto.com
SHARE

വിദേശ മലയാളികളുടെ നാട്ടുവാർത്താ വിജ്ഞാനം വിചിത്രമാണ്. വാട്ട്സ്ആപ്പിലും യൂട്യൂബിലും വരുന്ന സാധനങ്ങളാണ് അവരുടെ പ്രധാന സോഴ്സ്. പക്ഷേ നേരത്തേ കണ്ടതൊക്കെ നേരാണോ എന്നറിയാൻ രാവിലെ കംപ്യൂട്ടറിനു മുന്നിൽ പോയിരുന്ന് പത്രങ്ങളുടെ ഡിജിറ്റൽ രൂപം വായിക്കുന്നു. അതിൽ എഴുതിയിരിക്കുന്നിനാണ് വിശ്വാസ്യത. ഇവിടെയും തലേന്ന് പലതരം മീഡിയകളിൽ കണ്ടതൊക്കെ നേരു തന്നെയാണോ എന്നു മിക്കവരും ചെക്ക് ചെയ്യുന്നത് പിറ്റേന്നു പത്രം വായിച്ചിട്ടാണ്. 

പക്ഷേ യൂട്യൂബർമാരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. ഇടുന്നവരുടെ എണ്ണം കൂടിയപ്പോൾ കാണുന്നവരുടെ എണ്ണം കുറഞ്ഞു. കോവിഡ് കാലത്തായിരുന്നു ഇത്തരം വിഡിയോകളുടെ ‘വ്യൂസ്’ കുതിച്ചുയർന്നത്. വീട്ടിലിരിപ്പ് മതിയാക്കി ജോലിക്കും മറ്റും പോയിത്തുടങ്ങിയതോടെ ചപ്പുംചവറും കാണുന്നതു കുറയുകയും ചെയ്തു.

യൂട്യൂബർമാർ പലവിധമാണ്. കോംബോകളുണ്ട്. അമ്മയും മകനും, ഭാര്യയും ഭർത്താവും കോമഡി കോംബോകൾ ധാരാളം. പാചകവും കുട്ടികളുടെ കളിതമാശകളും മുതിർന്നവരുടെ ഉടുത്തുകെട്ടി ഡാൻസും പാട്ടും, റിലീസ് ചെയ്ത സിനിമകളെ താറടിച്ചു തുലയ്ക്കാനുള്ളതും വേറേ ഇനങ്ങൾ. ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിച്ചിട്ട് ‘സൂപ്പർ’ എന്നു കൊതിപ്പിക്കുന്നതു മറ്റൊരിനം. 

എല്ലാം ഒരു പടമാണെങ്കിലും ഇതെല്ലാം സബ്സ്ക്രൈബ് ചെയ്യാൻ സർവ ബന്ധുക്കളോടും പരിചയക്കാരോടും ആവശ്യപ്പെടുന്നു. മൾട്ടി ലവൽ മാർക്കറ്റിംഗ് പോലെ ഈ ആവശ്യം ചങ്ങലയായി പടരണം. 

ഔട്ട്റേജ് ഉണ്ടാക്കുക എന്നതാണു വേറൊരു ടൈപ് വിഡിയോകളുടെ ലക്ഷ്യം. എന്നു വച്ചാൽ കാണുന്നവരുടെ ചോരതിളയ്ക്കണം, ആർക്കെതിരെയാണോ വിഡിയോ അവരോട് രോഷം പുകയണം. അനീതികളും അഴിമതികളും അതിക്രമങ്ങളും നിറഞ്ഞ ഉള്ളടക്കമാണ്. രോഷം കൂടുന്നതനുസരിച്ച് വ്യൂസ് കൂടുന്നു, വിഡിയോ ഉണ്ടാക്കുന്നവരുടെ അക്കൗണ്ടിലേക്ക് വ്യൂസിന്റെ എണ്ണം അനുസരിച്ച് കാശ് വന്നു വീഴുന്നു. 

പക്ഷേ അതിന് യൂട്യൂബിൽ റജിസ്റ്റർ ചെയ്ത് ആയിരം വരിക്കാരെയും 4000 മണിക്കൂർ വ്യൂസും ആദ്യം ഒപ്പിക്കണം. അതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിക്കും. 100 ഡോളർ തികയുമ്പോൾ കാശെത്തും. ഗൗരവമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രശസ്ത യൂട്യൂബർക്ക് മാസം 100 ഡോളർ കിട്ടുന്നുണ്ട്. വിഡിയോഗ്രാഫർക്ക് കൊടുക്കാനുള്ള കാശായി. ആകെ സബ്സ്ക്രൈബേഴ്സിന്റെ ഏതാണ്ട് 10% മാത്രമേ വ്യൂസ് വരൂ. വ്യൂസ് കൂടുതലും സായിപ്പിന്റെ നാടുകളിലാണെങ്കിൽ വരുമാനം കൂടും.

മാസം പത്തും മുപ്പതും ലക്ഷം വരുമാനമുണ്ടാക്കിയിട്ടു മുണ്ടാണ്ടിരിക്കുന്നവരുണ്ട്. ഒരുപാടു മെനക്കെട്ടിട്ടും ഒന്നും കിട്ടാത്തവരുമുണ്ട്.

ഒടുവിലാൻ∙ കന്നടക്കാരി അയ്യോ ശ്രദ്ധ അടുത്തിടെ ഐടി കമ്പനികളിലെ പിരിച്ചുവിടലിനെക്കുറിച്ചു ചെയ്ത വിഡിയോ സൂപ്പർ ഹിറ്റായപ്പോൾ ലോകമാകെ നിന്ന് ജോലി വാഗ്ദാനങ്ങൾ വന്നു. ഏതു ജോലിക്കു കിട്ടുന്നതിനേക്കാളും വരുമാനം കണ്ടന്റിലൂടെ താൻ ഉണ്ടാക്കുന്നുവെന്ന് മറുപടിയും പറഞ്ഞു.

Content Summary : Business Boom Column about Youtubers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS