ബാങ്കിനും കാശ് ചെലവുണ്ടേ!

business-boom-column-about-atm-bank
SHARE

ഒരു ദിവസത്തെ ചെലവിന് 200 രൂപ വേണം, ആ തുക മാത്രം കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്നെടുക്കും. പിറ്റേന്നും ഇതു തന്നെ. ഇങ്ങനത്തെ സൂക്കേടുള്ള പലരുമുണ്ട്. പക്ഷേ ബാങ്കിന് ഇതു നഷ്ടമാണ്. ഒരു ബാങ്കിന്റെ കാർഡ് ഉപയോഗിച്ച് വേറൊരു ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണം എടുക്കുമ്പോൾ 20 രൂപ ആദ്യ ബാങ്ക് രണ്ടാമത്തെ ബാങ്കിന് ഫീസ് നൽകേണ്ടതുണ്ട്. ആകെ ബാങ്കിൽ 2000 രൂപയുള്ളയാൾ 10 തവണ 200 രൂപ വീതം പിൻവലിച്ചാൽ അക്കൗണ്ട് ബാലൻസ് പൂജ്യം! ഈ നഷ്ടക്കച്ചവടം ഒഴിവാക്കാൻ ഓരോ തവണ പിൻവലിക്കലിനും ബാങ്കുകൾ ഫീസ് വച്ചിട്ടുണ്ട്

പിൻവലിക്കാൻ ശ്രമിക്കുന്ന തുകയ്ക്കുള്ള ബാലൻസ് അക്കൗണ്ടിൽ ഇല്ലെങ്കിൽ പിഴയുണ്ട്– 10 രൂപയും ജിഎസ്ടിയും. എടിഎം നടത്തിപ്പ് വൻ ചെലവാണെന്നത് പലർക്കും അറിയില്ല. എടിഎം ഇരിക്കുന്ന മുറിക്ക് വാടക ലൊക്കേഷൻ അനുസരിച്ച്. കറന്റ് ചാർജ്, സെക്യൂരിറ്റിക്കാരുടെ ശമ്പളം. അതിനാൽ എടിഎം ഉപയോഗം മാസം ഇത്ര തവണ എന്ന് എല്ലാ ബാങ്കുകളും നിബന്ധന വച്ചിരിക്കുകയാണ്. 5,7,12 തവണകൾ വിവിധ ബാങ്കുകൾക്കുണ്ട്. പിന്നെയും എടിഎം ഉപയോഗിക്കുമ്പോൾ 20–23 രൂപ ചാർജ്. അക്കൗണ്ടിൽ മിനിമം 1 ലക്ഷം ബാലൻസ് വയ്ക്കുമെങ്കിൽ ഈ ചാർജെല്ലാം ഫ്രീയാക്കുന്ന ബാങ്കുകളുമുണ്ട്. ഇതെല്ലാം സേവിംഗ്സ് അക്കൗണ്ടുകൾക്കാണ്. 

നിങ്ങൾ കടയിൽ നിന്ന് കാർഡ് ഉപയോഗിച്ച് സാധനം വാങ്ങുമ്പോൾ കടക്കാരനിൽ നിന്നു ചെറിയ ഫീസ് ബാങ്ക് ഈടാക്കുന്നുണ്ട്. ഡെബിറ്റ് കാർഡിന് 0.9%, ക്രെഡിറ്റ് കാർഡിന് 1.7% മുതൽ 2.1% വരെ. 100 രൂപയ്ക്കു സാധനം വാങ്ങിയാൽ ഡെബിറ്റ് കാർഡെങ്കിൽ കടക്കാരന് ബിൽ തുകയേക്കാൾ 90 പൈസ കുറച്ചേ കിട്ടൂ, ക്രെഡിറ്റ് കാർഡെങ്കിൽ 1.70 മുതൽ 2.10 രൂപ വരെ കുറച്ചു മാത്രമേ കിട്ടൂ. ബാങ്ക് കൊടുക്കുന്ന പോയിന്റ് ഓഫ് സെയിൽ മെഷീന് ചെലവുണ്ടേ! കാർഡ് മാനേജ് ചെയ്യുന്ന വീസ, മാസ്റ്റർ കാർഡ് തുടങ്ങിയവർക്കും ഫീസ് കൊടുക്കണം! ഈ കുന്ത്രാണ്ടങ്ങളും സേവനങ്ങളും ചുമ്മാ കിട്ടുന്നതല്ല.

ഫിനക്കിൾ, ഫ്ളെക്സ് ക്യൂബ് തുടങ്ങിയ ഡിജിറ്റൽ ഓപ്പറേറ്റിംഗ് സിസ്റ്റം ബാങ്കുകൾക്കു വാങ്ങാനും ഉപയോഗിക്കാനും കൂടെക്കൂടെ അപ്ഗ്രേഡ് ചെയ്യാനുമെല്ലാം കോടികളുടെ ചെലവുണ്ട്. എല്ലാംഫ്രീ കൊടുത്ത് ഒടുവിൽ ബാങ്ക് പൊട്ടിപ്പോകരുത്.

ഒടുവിലാൻ∙അപ്പോൾ നമ്മൾ കാശ് പിൻവലിക്കാൻ നോക്കുമ്പോൾ എടിഎമ്മിൽ പണം ഇല്ലങ്കിലോ? ബാങ്ക് പിഴ ഇങ്ങോട്ടു തരുമോ? ന്യായമായ ചോദ്യം. അതിന് റിസർവ് ബാങ്ക് ഫൈനടിക്കുന്നുണ്ട്. എടിഎമ്മിൽ കാശ് തീർന്നാലുടൻ നിറച്ചു വയ്ക്കാൻ ബാങ്കുകൾ ഓട്ടമാണ്.

Content Summary : Business Boom Column about ATM Bank

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA