ADVERTISEMENT

‘നേരം പരപരയിരുണ്ടു. പോയി മുള്ളിക്കിടന്നുറങ്ങ് പിള്ളാരേ...’

 

സന്ധ്യാപ്രാർഥനയും വേദപുസ്തക വായനയും കഴിഞ്ഞ് വരാന്തയിലെ തിണ്ണപ്പടിയിലേക്കു കാലുംനീട്ടിയിരുന്ന് കൊന്തയെത്തിക്കുന്ന വല്യമ്മച്ചി വീട്ടിനകത്ത് തലങ്ങും വിലങ്ങും കുത്തിമറിഞ്ഞു കളിക്കുന്ന പിള്ളേരെ നോക്കി ഉച്ചത്തിൽ വിളിച്ചുപറയും. ശൂശൂ വച്ച് വേഗം കിടന്നുറങ്ങാനുള്ള സൈറൺ ആണിത്. അന്നേരം വീട്ടിലെ പിള്ളേരൊക്കെ മുറ്റത്തേക്കിറങ്ങും. ‘അരികു പറ്റി ഇഴജന്തുക്കളുകളുണ്ടാകും, സൂക്ഷിക്കണം’ എന്ന അമ്മച്ചിയുടെ അലർച്ച തൊട്ടുപിന്നാലെയുണ്ടാകും. ആൺപിള്ളേര് മുറ്റത്തെ വൈക്കോൽകൂനയിലേക്കു നീട്ടി മുള്ളി കാര്യം സാധിക്കുന്നതിനിടെ ‘കച്ചിയിലേക്കാണോടാ ഒഴിച്ചുവിടുന്ന’തെന്ന് വല്യമ്മച്ചി പിറുപിറുക്കും. കൊച്ചുപെൺപിള്ളേര് മുറ്റത്തിന്റെ ഓരം പറ്റി കുട്ടിയുടുപ്പ് തെറുത്ത് മുകളിലേക്കു പിടിച്ച് കുന്തിച്ചിരുന്ന് മുള്ളിവയ്ക്കും. ആൺപിള്ളേർക്കിടയിൽ മാത്രമല്ല, പെൺപിള്ളേർക്കുമുണ്ട് നീട്ടിമുള്ളക്കത്തിന്റെ നീളമളക്കൽ. ഇരുന്നിട്ടാണെന്നു മാത്രം. തലതെറിച്ച ചില പെൺകൊച്ചുങ്ങള് ചേട്ടായീനെ പോല നിന്നുമുള്ളി ഉൾത്തുടയിലൊക്കെ ഇച്ചീച്ചിയാക്കി വല്യമ്മച്ചിയുടെ വായിലിരിക്കുന്നത് കേൾക്കുന്നതും പതിവാണ്. മുറ്റത്തിന്റെ മൂലയ്ക്കൽ മാറിയിരുന്നുള്ള മുള്ളക്കത്തിന്റെ ഇച്ചീച്ചിക്കാലം പെൺപിള്ളേർക്ക് പെട്ടെന്നങ്ങു തീരും. അവരു വേഗം കുളിമുറിയുടെയോ മൂത്രപ്പുരയുടെയോ മറ തേടിത്തുടങ്ങും. ചേട്ടായിമാര് പിന്നെയും കച്ചിയിലും മൺചുമരിലുമൊക്കെ മുള്ളിവച്ച് ജലചിത്രമെഴുത്തു തുടരും. 

 

സ്കൂളിലൊക്കെ പോയിത്തുടങ്ങിയാൽ പെൺപിള്ളേർ ഏറ്റവും വെപ്രാളപ്പെടുന്നത് മുള്ളാൻ മുട്ടുമ്പോഴാണ്. പ്രത്യേകിച്ചും നാട്ടുമ്പുറത്തെ പാവം സ്കൂളുകളിൽ, അധികം ശുചിമുറി സൗകര്യമില്ലാത്ത സാഹചര്യങ്ങളിൽ. ഉച്ചയൂണിന്റെ ഒരു മണിക്കൂറിടവേളയിൽ മൂത്രപ്പുരയ്ക്കു മുന്നിൽ നീണ്ട ക്യൂ കാണാം. അത്യാവശ്യക്കാർക്കല്ല, ആദ്യം ക്യൂവിൽ സ്ഥാനം പിടിക്കുന്നവർക്കാണ് മുൻഗണന. ആരെങ്കിലും കനിവു തോന്നി മാറിത്തന്നാലായി. വരിയിൽ അവസാനമെങ്ങാനുമാണ് ഇടം കിട്ടിയതെങ്കിൽ കാര്യം സാധിക്കും മുൻപേ ക്ലാസിൽ കയറാനുള്ള മണിയടിക്കും. പിന്നെ ഉച്ചപ്പിരീഡു കഴിഞ്ഞുള്ള ഇന്റർവെൽ വരെ ശ്വാസം പിടിച്ചിരിക്കണം. തീരെ നിവൃത്തിയില്ലെങ്കിൽ ക്ലാസിനിടയിൽ ടീച്ചറോട് അനുവാദം ചോദിച്ച് പുറത്തിറങ്ങാം. എന്നാൽ മാഷുമ്മാരാണ് ക്ലാസിലെങ്കിൽ ചോദിക്കാൻ പോലും ചിലർക്ക് മടിയാണ്. സാറേ.. എന്നു വിളിച്ച് വക്രിച്ച മുഖഭാവത്തോടെ ഒന്നു ദയനീയമായി നോക്കിയാൽ മതി. അവർക്ക് കാര്യം മനസ്സിലാകും. ക്ലാസിലെ ചില വഷളൻ ചെറുക്കന്മാര് അന്നേരം എന്തെങ്കിലും ഗോഷ്ടിസ്വരമുണ്ടാക്കും. അതൊക്കെ ആരു കേൾക്കാൻ. പോയ്ക്കോളൂ എന്ന മാഷിന്റെ അനുവാദം കിട്ടിയപാടെ ഒരൊറ്റ ഓട്ടമല്ലേ. ഉറക്കംതൂങ്ങിയും തൂങ്ങാതെയുമൊക്കെ എല്ലാവരും ക്ലാസിൽ കയറിയതിനാൽ ശൂന്യമായിക്കിടക്കുന്ന ആ ഉച്ചമൈതാനത്തുകൂടെ അടിവയറും താങ്ങിപ്പിടിച്ച് പിന്നെ ഒരൊറ്റപ്പാച്ചിലാണ്; പിന്നാമ്പുറത്തെ മൂത്രപ്പുരയിലേക്ക്. കാര്യം കഴി‍ഞ്ഞ് പുറത്തിറങ്ങുമ്പോൾ തോന്നുന്ന ആശ്വാസം പറഞ്ഞറിയിക്കാനില്ല. 

 

പിന്നീട് മുതിരുംതോറും മിക്ക പെൺകുട്ടികൾക്കും ദൂരയാത്രകളോടു വെറുപ്പു തോന്നാനിടയാക്കുന്ന ഒരു കാരണം യാത്രയ്ക്കിടയിൽ മുള്ളാൻ മുട്ടിയാൽ എന്തുചെയ്യും എന്നതായിരിക്കണം. ആണുങ്ങൾക്ക് അങ്ങോട്ടേക്കെങ്ങാനും മാറിനിന്ന് ശൂന്ന് തീർക്കാവുന്നൊരു കാര്യത്തിനു പെൺപിള്ളേർ അമ്മമാരുടെ സാരിത്തുമ്പും പിടിച്ച് പലയിടത്തും കയറിയിറങ്ങും. ബസ് സ്റ്റാൻഡുകളിലും മറ്റും ഒറ്റ രൂപാ ഫീസും കൊടുത്ത് മൂക്കുംപൊത്തി അകത്തുകയറിയാൽതന്നെ വാതിൽമറവിലും ഭിത്തിയിലുമൊക്കെയായി നിരത്തിനിരത്തി അങ്ങെഴുതിപ്പിടിപ്പിച്ചിരിക്കുകയല്യോ അവന്മാരുടെ കുളിമുറിസാഹിത്യം. മണിപ്രവാളം പോലും നാണിച്ചു മാറിനിൽക്കുന്നത്ര ബിംബകൽപനകളും രൂപകങ്ങളും കൊണ്ട് പൊതുശുചിമുറികളുടെ നാലുചുവരിലും ഖണ്ഡകാവ്യങ്ങൾ രചിച്ചുവച്ചിട്ടുണ്ടാകും. പോരാത്തതിന് സചിത്ര വിശദീകരണം വേറെയും. ചിലയിടങ്ങളിൽ ഫോൺനമ്പറുകളും അതിനോടു ചേർന്ന് ചില പേരുകളും കാണാം. ചിലയിടത്ത് ഒരാണിന്റെയും പെണ്ണിന്റെയും പേര് നടുവിലൊരു പ്ലസ് ചിഹ്നവുമിട്ട് കൂട്ടിക്കെട്ടി ദെണ്ണപ്പെട്ടു കിടക്കുന്നതും കാണാം. മനസ്സിന്റെ കൂടി വിഴുപ്പും പഴുപ്പും കഴപ്പും കൂടിയാണ് ചില അവന്മാര് ഇതിനകത്തു കയറി ഒഴുക്കിക്കളയുന്നതെന്നു തോന്നും. 

മനസ്സു മടുത്തും ദുർഗന്ധം സഹിക്കവയ്യാതെയും കാര്യം നടത്താൻപോലും മെനക്കെടാതെ പൊതുശുചിമുറിയിൽനിന്ന് തിരിച്ചിറങ്ങിപ്പോരേണ്ടിവന്ന എത്രയെത്ര യാത്രകളുണ്ടാകും പെണ്ണുങ്ങൾക്ക് ഓർമിക്കാൻ. ഇനി ഏതെങ്കിലും ഹോട്ടലിലോ മറ്റോ കയറി കാര്യം സാധിക്കാമെന്നു വച്ചാൽ എവിടെയൊക്കെയാ ക്യാമറ കുത്തിത്തിരുകി വച്ചതെന്ന ആധി വേറെ. 

 

ഇതൊക്കെ കാരണം പുറത്തിറങ്ങിയാൽ മൂത്രമൊഴിപ്പീര് തന്നെ വെറുത്തുപോയ എത്ര പേരുണ്ടെന്നോ.. മൂത്രശങ്ക ഭയന്ന്, എത്ര വെയിലത്തു നടന്നു തളർന്നാലും മനസ്സമാധാനത്തോടെ ഒരു സോഡാ സർവത്തു കുടിക്കാൻ പറ്റാറുണ്ടോ? തിരിച്ചു വീട്ടിലെത്തുംവരെ ഒരുതുള്ളി വെള്ളം കുടിക്കാതെ, മണിക്കൂറുകളോളം മൂത്രമൊഴിക്കാതെ നട്ടംതിരിയുന്ന പെണ്ണുങ്ങളുടെ പ്രയാസങ്ങളൊക്കെ ആരറിയാൻ. ചിലയിടങ്ങളിൽ പരിഷ്കാരങ്ങളുടെ ഭാഗമായി അൽപം വൃത്തിയും വെടിപ്പുമുള്ള പൊതുശുചിമുറികൾ ഉണ്ടാക്കിയിട്ടുണ്ടെന്നതൊഴിച്ചാൽ ഇപ്പോഴും മിക്കയിടത്തും സ്ഥിതി തഥൈവ. വെള്ളമില്ലാതെയും, വെളിച്ചമില്ലാതെയും, വാതിൽ ചേർത്തടയ്ക്കാൻ കുറ്റിയും കൊളുത്തുമില്ലാതെയും എന്തിനോവേണ്ടി തുറന്നുവച്ച പൊതുശുചിമുറികൾ പെണ്ണുങ്ങളെ നോക്കി കോക്കിരി കുത്തുന്ന കാഴ്ചകൾ വേറെ. എന്തു പ്രഹസനമാണ് സജീ...

 

Content Summary: Pink Rose column on issues faced by women due to lack of clean washrooms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com