പഞ്ചാരബസിലെ പെൺസഞ്ചാരം

column
SHARE

‘‘കേറിനില്ല്, കേറിനില്ല്.. ഹോ അകത്തു ഫുട്ബോൾ കളിക്കാനുള്ള സ്ഥലമുണ്ടായിട്ടാണോ വാതിൽക്കൽനിന്നു തിക്കിത്തിരക്കുന്നത്... ആ സ്കൂൾ ബാഗൊക്കെ ഊരി താഴെ വച്ചേ.. അങ്ങൊതുങ്ങി നില്ല്. എത്രയാള് കേറാനുള്ളതാ...’’

സ്കൂളിൽ പഠിക്കുന്ന കാലത്ത് ബസ് കണ്ടക്ടർമാരുടെ ഇമ്മാതിരി ചൊറിവർത്തമാനം കേൾക്കാത്ത പെൺപിള്ളാരുണ്ടോ? 

അതൊക്കെ ഒരു കാലം. ദൂരെനിന്ന് ബസ് വരുന്നതു കാണുമ്പോഴേ സ്റ്റോപ്പിൽ നിൽക്കുന്ന ഞങ്ങളുടെ ചങ്കിൽ ഡബിൾ ബെല്ല് മുഴങ്ങും. ബാഗ് തോളിൽതൂക്കി, വണ്ടിക്കൂലിക്കുള്ള ചില്ലറപ്പൈസ കയ്യിൽ കരുതി, ഓൺ യുവർ മാർക്ക്..റെഡി വൺ ടൂ ത്രീ....മോഡിലേക്കു മാറും. ബസ് സ്റ്റോപ്പ് എന്നൊക്കെ പറയുന്നത് ഒരു പ്രഹസനമാണ് സജീ. ഡ്രൈവർചേട്ടന് തോന്നുന്നിടത്തേ ചവിട്ടൂ. ചിലപ്പോൾ നിർത്തീ നിർത്തീലാ എന്ന മട്ടിൽ സ്റ്റോപ്പ് കഴിഞ്ഞും ബസ് കുറെദൂരം മുന്നോട്ടുപോകും. ചിലപ്പോൾ ഇങ്ങനെ ഞങ്ങളെ കുറെദൂരം ഓടിച്ച് നിരാശരാക്കി ബസ് നിർത്താതെ പോകുന്ന ഏർപ്പാടുമുണ്ട്. 

എന്താണെന്നറിയില്ല, ഗേൾസ് ഓൺലി സ്കൂളിനു മുന്നിലൂടെ വച്ചുപിടിക്കുന്ന പ്രൈവറ്റ് ബസുകാർക്ക് വല്ലാത്ത ഏനക്കേടാന്നേ... കുറ്റിയും കൊളുത്തുമില്ലാത്ത ഡോറിനടുത്ത് പെൺപിള്ളാരുടെ ദേഹത്തൊന്നു മുട്ടിയുരുമ്മുമ്പോഴുള്ള മസാജിങ് സുഖത്തിനു വേണ്ടി മാത്രം നിൽപുറപ്പിക്കുന്ന കിളി മുതൽ തുടങ്ങുകല്യോ തോണ്ടലും തൊടീലും. എങ്കിലും ബസ് വന്നാൽ ഉന്തിത്തള്ളി തിക്കിത്തിരക്കി കമ്പിയിൽ തൂങ്ങി ഒറ്റശ്വാസത്തിന് അകത്തു കയറിപ്പറ്റിയാലേ സമാധാനമാകൂ. നേരമിരുട്ടുംമുൻപേ വീട്ടിലെത്തണ്ടേ. പെൺപിള്ളേരിൽ കുറേ പേർ ബസിന്റെ മുൻഭാഗത്തുതന്നെ ആദ്യമേ നിലയുറപ്പിക്കും. റിയർ വ്യൂ മിററിലൂടെ കണ്ണും കരളും കൈമാറുന്ന വിദ്യയൊക്കെ പഠിച്ചിട്ടാണെന്നു തോന്നുന്നു ചില ഡ്രൈവർചേട്ടന്മാർ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. അപ്പോഴേക്കും ബസിലെ സ്റ്റീരിയോ ഉറക്കെ പാട്ടുപാടിത്തുടങ്ങും. ‘ലജ്ജാവതിയേ.. നിന്റെ കള്ളക്കടക്കണ്ണിൽ...’ ഡ്രൈവർ പിന്നെ വണ്ടിയോടിക്കുന്നത് രജനീകാന്ത് സ്റ്റൈലിൽ ആയിരിക്കും. ഫസ്റ്റിട്ട്, സെക്കന്റിട്ട്, തേഡ് ഇടാതെ നേരെ ഫോർത്തിലേക്ക് ഗിയറിട്ട് ആക്സിലേറ്ററിൽ ആഞ്ഞു ചവിട്ടി ഒരു വിടീലുണ്ട്. എന്റമ്മോ! കമ്പിയിൽ ഒറ്റക്കയ്യിൽ തൂങ്ങി നമ്മൾ പിമ്പിരിയാടിപ്പോകും. പിന്നെ വളവെടുക്കുമ്പോഴുണ്ടല്ലോ.. ഒട്ടും സ്പീഡു കുറയ്ക്കാതെ സ്റ്റീയറിങ്ങിൽ സർക്കസ് കാണിച്ച് പുള്ളീടെ ഒരു അഭ്യാസമുണ്ട്. ‌രണ്ടുകയ്യും മുറുകെപ്പിടിച്ചില്ലെങ്കിൽ സീറ്റിലിരിക്കുന്നവൻ പോലും തെറിച്ചുപോകും. നടുവേദനയ്ക്കു ധന്വന്തരം കുഴമ്പും വാങ്ങി തൂങ്ങിപ്പിടിച്ചിരിക്കുന്ന ഏതെങ്കിലും അമ്മച്ചി അന്നേരം ഉച്ചത്തിൽ വിളിച്ചുകൂവും. ‘ ആരുടെ നെഞ്ചത്തോട്ടാണെടാ ഇങ്ങനെ ബെല്ലും ബ്രേക്കുമില്ലാതെ ചവിട്ടിവിടുന്നേ..’ 

കിളിയുടെ വക കഴിഞ്ഞാൽ പിന്നെ കണ്ടക്ടർ ചേട്ടൻ വരികയായി. സീറ്റിലിരിക്കുന്നവരുടെ തോളത്തേക്കു ചാരിനിന്നേ പുള്ളി ടിക്കറ്റ് കുറിക്കൂ. ഡ്രൈവർ ചേട്ടനാണെങ്കിൽ ഇടയ്ക്കിടെ സഡൻ ബ്രേക്കിട്ടുകൊടുത്ത് കണ്ടക്ടർക്കും കിളിക്കും പെൺപിള്ളേരുടെ ദേഹത്തേക്കു മറിയാനുള്ള അവസരങ്ങൾ വളരെ തന്ത്രപരമായി ഉണ്ടാക്കിക്കൊടുത്തുകൊണ്ടേയിരിക്കും. 

അല്ലെങ്കിലും കണ്ടക്ടർക്ക് എപ്പോഴും പ്രേംനസീറിന്റെ മരംചുറ്റി സ്റ്റൈലാണ്. ഓരോ കമ്പിക്കുചുറ്റും വട്ടംകറങ്ങി അപ്പുറമിപ്പുറമുള്ള പെൺപിള്ളേരെയൊക്കെ ഒന്നുമുട്ടിയുരുമ്മി, ചില്ലറ കൊടുക്കുമ്പോൾ ഉള്ളംകയ്യിലൊന്നു തൊട്ടുതലോടി.... കുഞ്ചാക്കോ ബോബനാണെന്നാണ് പുള്ളീടെ ഭാവം.( നവോദയ അപ്പച്ചന്റെ പ്രായമാണെങ്കിലും). അപ്പോഴേക്കും അടുത്ത പാട്ട് തുടങ്ങുകയായി.. ‘കടമിഴിയിൽ കമലദളം..’ ബസിന്റെ ഏകദേശം മധ്യഭാഗത്തു കരുതിക്കൂട്ടി നിലയുറപ്പിക്കുന്നവർക്കു വേണ്ടി പ്രത്യേകം ഡെഡിക്കേറ്റ് ചെയ്തുകൊണ്ടുള്ള പാട്ടാണിത്. പിൻവാതിൽ വഴി കയറിയ ബോയ് ഫ്രണ്ടും മുൻവാതിൽ വഴി കയറിയ ഗേൾ ഫ്രണ്ടും ഒന്നു സ്വൈര്യമായി സൊള്ളാൻ‌ വേണ്ടി തിരഞ്ഞെടുക്കുന്നത് ബസിന്റെ ഈ മധ്യഭാഗമാണല്ലോ. ഡ്രൈവർ ഓരോ തവണ സഡൻ ബ്രേക്കിടുമ്പോഴും ഇരുവരുടെയും ഹൃദയം പടപടാന്നു മിടിക്കും.. അപ്പോഴേക്കും അടുത്ത പാട്ട്... സാ സപ്പീയ.. സപപ്പ് സപ്പീയ.... കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ....

എന്തിനു ബസുകാരെ മാത്രം കുറ്റംപറയണം; യാത്രക്കാർക്കിടയിലുമുണ്ട് ചില ഞരമ്പുരോഗികൾ.  രാവിലെയും വൈകിട്ടും സ്കൂൾ പിള്ളേര് ഇരച്ചുപിടിച്ചു കയറുന്ന നേരംനോക്കി സ്ഥലത്തെ സകല കോഴികളും ടിക്കറ്റെടുത്ത് കയറുകയല്യോ... 

മാന്യന്മാരെപ്പോലെ പിൻവശത്തെ ഡോറിലൂടെ കയറുമെങ്കിലും അകത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പതുക്കെ മുന്നോട്ടു തള്ളിക്കയറി വരും. ബസിന്റെ ഏകദേശം മധ്യഭാഗത്തായി നിലയുറപ്പിച്ചശേഷമായിരിക്കും ഇവരുടെ പ്രധാന കരുനീക്കങ്ങൾ. തൊട്ടുമുന്നിൽ നിൽക്കുന്ന യാത്രക്കാരിയുടെ തോളത്തേക്കു ‘ഞാനൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടിൽ നൈസായി ഇടയ്ക്കിടെ വീഴുന്നതാണ് ഇവരുടെ വിനോദം. പെണ്ണുങ്ങൾക്കുള്ള സംവരണ സീറ്റിൽ ഞെളിഞ്ഞിരിക്കുന്ന ചില മാന്യന്മാർ വേറെ. ഒറ്റയ്ക്കൊരു പെണ്ണൊരുത്തി ഒരു സീറ്റിലിരിക്കുന്നതു കണ്ടാൽ മറ്റെല്ലാ ആൺസീറ്റുകളും കടന്ന് കൃത്യമായി ആ പെണ്ണിന്റെടുത്തു തന്നെയിരിക്കണമെന്ന നിർബന്ധ ബുദ്ധിക്കാരുമുണ്ട്. പെണ്ണിനടുത്ത് ഇരിക്കുന്നതിൽ വിരോധമില്ല, പതുക്കെ കയ്യെടുത്ത് അവളുടെ കഴുത്തിനു പിന്നിലൂടെ ജനൽക്കമ്പിയിലേക്കു നീട്ടേണ്ട കാര്യമുണ്ടോ? ബസ് ഓരോ വളവെടുക്കുമ്പോഴും അവളുടെ പള്ളയിലേക്കു ചാരേണ്ട കാര്യമുണ്ടോ? കൈകെട്ടി അതീവ മാന്യന്മാരായിരുന്ന് നഖമുനകൊണ്ട് അവളെ അലോസരപ്പെടുത്തേണ്ട കാര്യമുണ്ടോ? 

എന്നുവച്ച് ബസിലുള്ള എല്ലാ ചേട്ടന്മാരും ഇത്തരക്കാരാണെന്നല്ലാട്ടോ...  അല്ലെങ്കിലും ബസിനകത്ത് ഉമ്മറിന്റെയോ ജോസ് പ്രകാശിന്റെയോ ‘നമ്പറുമായി’ വന്നാൽ ബാഗും കുടയും വച്ചുകുത്തി നല്ലപോലെ പഞ്ഞിക്കിടാനറിയുന്ന വീരത്തികളോടാണോ കളി? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS