എനിക്ക് വയസ്സായെന്നോ, നോ... നെവർ!!

elderly-woman-running-headphones
Representative image. Photo Credit: Capifrutta/Shutterstock.com
SHARE

‘ബേബിക്കൊച്ചമ്മേ...’

റസിഡന്റ്സ് കോളനിയുടെ നടുവിലെ പാർക്കിൽ ട്രാക്ക് പാന്റ്സും ടീഷർട്ടുമിട്ട് ജോഗിങ്ങിനെത്തിയ ബേബിക്കൊച്ചമ്മ ഓരോ റൗണ്ടും ഓടിയെത്തുമ്പോൾ അരമതിലിന്മേലും ചാരുബഞ്ചിലും വായ്നോക്കിയിരിക്കുന്ന ചുള്ളൻപയ്യന്മാർ നീട്ടിയൊരു വിളിവിളിക്കും... ഈ പ്രായത്തിലാണോ ഇമ്മാതിരി കസർത്തെന്നു ചിലർ കൂക്കിവിളിക്കും. പ്രായമെന്നു പറയാൻ മാത്രം വല്യ പ്രായമൊന്നുമില്ല. അറുപതു കഴിഞ്ഞു. ബേബിക്കൊച്ചമ്മേടെ തന്നെ ഭാഷയിൽ പറഞ്ഞാൽ സിക്സറിച്ചു... ഇനി സ്വീറ്റ് സെവന്റിയിലേക്കുള്ള യാത്രയല്യോ. അതിനിടയ്ക്കാണ് വയറ് ചാടുന്നുണ്ടോ എന്നൊരു സംശയം തോന്നിയത്. വച്ചുതാമസിപ്പിച്ചില്ല. പിറ്റേന്നുതന്നെ തുടങ്ങി മോണിങ് വാക്കും ജോഗിങ്ങും. അല്ലേലും ബേബിക്കൊച്ചമ്മ ഒരു കാര്യമങ്ങു തീരുമാനിച്ചാൽ തീരുമാനിച്ചതാ...‘കൊച്ചമ്മ ഇന്നു നല്ല ഫോമിലാണല്ലോ...’ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പുള്ളിക്കാരിക്ക് ഒരു കൂസലുമില്ല. ‘നീയൊക്കെ ഒന്നു പോടാ കുരുപ്പേ’ എന്ന മട്ടിൽ ബേബിക്കൊച്ചമ്മ ഓട്ടം തുടരും. 

ഓട്ടം മാത്രമല്ല വേറെയുമുണ്ട് പലതും; ചുമ്മാ ‘നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ’. ആർമിയിൽനിന്നു റിട്ടയർ ചെയ്തൊരു കേണൽ ഈയിടെ കോളനിയിൽ പുതുതായി താമസത്തിനു വന്നിട്ടുണ്ട്. മക്കളെയൊക്കെ നേരത്തെ നാട്ടിൽനിന്നു പറപ്പിച്ചുവിട്ടതിനാൽ കേണലും ഹിന്ദിക്കാരിയായ ഭാര്യയും തനിച്ചാണ് താമസം. കേണലുമായി ബേബിക്കൊച്ചമ്മയ്ക്കു ചില ചുറ്റിക്കളികളുണ്ടെന്നാണ് കോളനിസംസാരം. യ്യോ.. ഇമ്മാതിരി എരണക്കേടു പറഞ്ഞാൽ ആരുടെയായാലും കണ്ണുപൊട്ടിപ്പോകും. കേണലിന്റെയും ഹിന്ദിക്കാരി ഭാര്യയുടെയും കൂടെ ബേബിക്കൊച്ചമ്മ അവധിദിവസങ്ങളിൽ വല്ലയിടത്തുമൊക്കെ ഒന്നു കറങ്ങാൻപോകും.  അവര് ജോളിയായി ടൗണിലെ ഒരു കഫ്റ്റീരിയയിൽ പോയി കാപ്പിയുംകുടിച്ച് കുറെനേരം എന്തേലുമൊക്കെ മിണ്ടിപ്പറഞ്ഞ് മാർക്കറ്റിലിറങ്ങി സാലഡ് കുക്കുമ്പറും റാഡിഷും കാരറ്റും ഫ്രൂട്ട്സുമൊക്കെ വാങ്ങി തിരിച്ചുവരും. ഇടയ്ക്ക് കേണൽ ഒറ്റയ്ക്കേ ഉണ്ടാകൂ. ബേബിക്കൊച്ചമ്മയ്ക്ക് അതൊന്നും ഒരു പ്രശ്നമേയല്ല. പക്ഷേ കോളനിയിലെ മറ്റുള്ളവർക്ക് അതൊക്കെ വലിയ പ്രശ്നമാന്നേ.. റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ഒരു മഹാകണ്ണുകടിയനാണ്. അങ്ങേര് ബേബിക്കൊച്ചമ്മേടെ സാൻഫ്രാൻസിസ്കോയിലുള്ള മകന്റെ നമ്പറ് കിട്ടാതെ ഫെയ്സ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റയച്ച് മെസെഞ്ചറിൽ ഒരു കോളങ്ങു വിളിച്ചത്രേ... മോന്റെ തള്ള ഇവിടെയൊരു കേണലിന്റെ പിന്നാലെ കൂടിയിരിക്കുകയാണെന്നും പറഞ്ഞ് നല്ല കാച്ചുകാച്ചി. സാൻഫ്രാൻസിസ്കോക്കാരന് എന്തോന്ന് സദാചാരമെന്നതുകൊണ്ടാണോ ഇംഗ്ലിഷിൽ അങ്ങേര് പറഞ്ഞ തെറി സെക്രട്ടറിക്കു മനസ്സിലാകാഞ്ഞിട്ടാണോ എന്തോ ആ ഏഷണിക്കോളുകൊണ്ടൊന്നും ബേബിക്കൊച്ചമ്മ കുലുങ്ങിയില്ല. 

‘എന്നാലും എന്റെ ബേബിക്കൊച്ചമ്മേ.. ഈ വയസ്സാംകാലത്ത് ബ്യൂട്ടി പാർലറിലൊക്കെ പോയി മിനുങ്ങേണ്ട വല്ല കാര്യമുണ്ടോ?’ അയലത്തെ ആലീസ് ഇടയ്ക്കിടെ ബേബിക്കൊച്ചമ്മേനെ ചൊറിയാൻ വരും. കിലോക്കണക്കിനു പുട്ടികുത്തിയിട്ടും മോന്തായം പുട്ടുകുടംപോലെ ചളുങ്ങിപ്പിളുങ്ങിയിരിക്കുന്ന ആലീസിനൊക്കെ ബേബിക്കൊച്ചമ്മയോട് അസൂയ തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഷുഗറും പ്രഷറും ഉൾപ്പെടെയുള്ള എല്ലാത്തരം ഏനക്കേടുകളുമുണ്ടെങ്കിലും ബേബിക്കൊച്ചമ്മ ഹാപ്പിയാണ്. അല്ലെങ്കിലും ജീവിതത്തിന്റെ സന്തോഷമല്ലേ സൗന്ദര്യം! ചുമ്മായിരുന്ന് ബോറടിക്കരുതല്ലോ എന്നു കരുതി തുടങ്ങിയതാണെങ്കിലും സൂംബാക്ലാസ് നടത്തി ഈ പ്രായത്തിലും അത്യാവശ്യം നല്ല പോക്കറ്റ് മണിയും ഉണ്ടാക്കുന്നുണ്ട്.  ഇടവകപ്പള്ളിയിൽ ഇക്കഴി‍ഞ്ഞ വയോജന ദിനത്തിന് ‘എയ്ജ് ഈസ് നോട്ട് എ നമ്പർ’ എന്ന വിഷയത്തിൽ ക്ലാസെടുക്കാൻ ഫ്രാൻസിസച്ചൻ ക്ഷണിച്ചതും ബേബിക്കൊച്ചമ്മയെത്തന്നെയായിരുന്നു. ക്ലാസെടുത്തു കഴിഞ്ഞതും ബേബിക്കൊച്ചമ്മേടെ സ്വന്തം മാത്തുച്ചായൻ സ്റ്റേജിലേക്കു കയറിവന്ന് കെട്ട്യോളെ അങ്ങ് വട്ടംകെട്ടിപ്പിടിച്ച് ഒരു അഭിനന്ദനം. ആ കാഴ്ച കണ്ട്, ക്ലാസിനു വന്നിരുന്ന പല അതിയാന്മാരുടെയും കൊച്ചമ്മമാരുടെയും തലയിൽനിന്ന്  കിളിപോയി. അവരൊക്ക സ്യൂട്ടിൽനിന്നും കോട്ടിൽനിന്നും ജ്യൂട്ട്സിൽക് സാരിയിൽനിന്നുമൊക്കെ ഇറങ്ങിവന്ന് അതുപോലെയെ‍ാന്ന് കെട്ടിപ്പിടിച്ചിട്ട് കാലമെത്രയായിരിക്കണം! അടിച്ചുപൊളിക്കും ആഘോഷങ്ങൾക്കും മാത്രമല്ല റൊമാൻസിനും പ്രായമില്ലെടോ എന്നും പറഞ്ഞ് മൈക്ക് പിടിച്ചുവാങ്ങിയ മാത്തുച്ചായനോട് ‘മതി മനുഷ്യാ.. ബാക്കി വീട്ടിൽചെന്നിട്ടാകാം’ എന്നുംപറഞ്ഞ് ബേബിക്കൊച്ചമ്മ അങ്ങേരെ സ്റ്റേജിൽനിന്നു പിടിച്ചിറക്കുകയായിരുന്നത്രേ. സദസ്സിന്റെ ഇടംവലംനിരകളിലിരുന്ന അച്ചായന്മാരും അച്ചായത്തികളും പരസ്പരം നോക്കിനെടുവീർപ്പിടുന്നുണ്ടായിരുന്നു അന്നേരം.  പ്രായം കെട്ടിയേൽപിച്ച ഭാരങ്ങളൊഴിഞ്ഞ് ചിത്രശലഭച്ചിറകുകളാകാനും പാറിപ്പറക്കാനും കഴിയുന്നില്ലല്ലോയെന്ന വ്യസനം അവരുടെ കണ്ണുകളിൽ നിറഞ്ഞിരിക്കണം. 

തലയിൽ വെള്ളിവരവീണു തുടങ്ങുമ്പോഴേ മനസ്സിൽ ആധിയുടെ വെള്ളിടിവെട്ടുന്നവരാണ് നമ്മൾ. കണ്ണാടിനോട്ടങ്ങൾപോലും പിന്നെ വല്ലപ്പോഴുമാക്കും. സെൽഫിക്കു പോസ് ചെയ്യാൻപോലും മടിക്കും. കവിളത്തും കഴുത്തിലും വീണ ചുളിവുകൾ മേയ്ക്കപ്പുകൊണ്ടു നികത്തിയാൽ മാത്രം മതിയോ, ജീവിതത്തിനും വേണ്ടേ ചില ടച്ചപ്പുകൾ? ശരീരത്തിനും മനസിനും പ്രിയംതോന്നുന്ന വേഷങ്ങൾ ധരിക്കാൻ, ഇഷ്ടമുള്ള ഇടങ്ങളിലേക്കു യാത്രകൾ പോകാൻ, അങ്ങനെ ജീവിതത്തിന്റെ ഉല്ലാസങ്ങൾ തുടരാൻ കഴിയുകകൂടി വേണ്ടേ? അതുമാത്രമോ, പ്രണയത്തിനും സൗഹൃദങ്ങൾക്കും മാത്രമാകുന്ന സാധ്യതകളിലേക്കുകൂടി നമ്മുടെ ജീവിതത്തിന്റെ ജാലകങ്ങൾ തുറന്നുവയ്ക്കണ്ടേ? അതുവഴി കടന്നുവരുന്ന കാറ്റുംവെളിച്ചവുമല്ലേ ജീവിതത്തിന്റെ നിറസായംസന്ധ്യകൾക്ക് ഫോട്ടോഫിനിഷ് നൽകുക? ‘ഇനി ഈ വയസ്സാംകാലത്താണോ...’ എന്നു പതിവുപോലെ ആ വക്രിച്ച ചിരി ചിരിക്കാതെ... ആരു പറഞ്ഞു നമുക്കു വയസ്സായെന്ന്.. അല്ലെങ്കിലും നമുക്ക് അത്രയ്ക്കൊക്കെ വയസ്സായോ... 

Content Summary: Pink Rose, Column by Riya Joy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
FROM ONMANORAMA