ഇനിയും കേൾക്കണോ ‘ഇലയും മുള്ളും’ കഥ?

pink-rose-090922
Photo Credit : Roman Samborskyi / Shutterstock.com
SHARE

‘ആണും പെണ്ണും ഒരുമിച്ചിരിക്കാനോ? അതും ക്ലാസ്മുറിയിൽ? എന്നാ ഒരു വർത്തമാനമാന്നേ? ഇതിനാന്നോ പെൺമക്കളെ നമ്മൾ സ്കൂളിൽ വിടുന്നേ? രണ്ടിച്ചിരുത്തിയിട്ടുപോലും വല്ലാത്ത പുകിലാണ്. അപ്പോഴാണ് ഇനി ഒന്നിച്ചിരിപ്പ്. അത്ര പരിഷ്കാരമൊന്നും നമ്മക്കു വേണ്ടായേ...’

മേരിക്കുട്ടിക്ക് അരിശം അടങ്ങിയില്ല. ടിവിയിൽ ഏതോ ചാനലിൽ ചർച്ച തകർക്കുകയാണ്. വിദ്യാലയങ്ങളിൽ ഇനി ആണും പെണ്ണും വേർതിരിഞ്ഞിരിക്കുന്നതിന്റെ ആവശ്യമില്ലെന്നുംപറഞ്ഞ് ഒരു പച്ചപ്പരിഷ്കാരിപ്പെണ്ണുമ്പിള്ള ഘോരഘോരം പ്രസംഗിക്കുന്നതുകേട്ട് മേരിക്കുട്ടിക്കു ചൊറിഞ്ഞുകേറി വരുന്നുണ്ട്. കൂട്ടാൻ വയ്ക്കാനുള്ള കൂർക്ക കയ്യിലുണ്ടായിരുന്നതിനാൽ മേരിക്കുട്ടി ആ അരിശമൊക്കെ നല്ല മൂർച്ചയുള്ള കത്തിയൊരെണ്ണമെടുത്ത് കൂർക്കയിൽ തീർത്തെന്നു പറഞ്ഞാൽ മതിയല്ലോ. 

–അല്ല ജോണിക്കുട്ടി... നമുക്ക് പിള്ളേരെ അടുത്ത വർഷം മഠത്തിലെ അമ്മമാരുടെ സ്കൂളിൽ ചേർക്കാം. അവിടാവുമ്പോ പെൺപിള്ളേരു മാത്രമല്ല്യോ ഉള്ളൂ. 

–എന്റമ്മച്ചീ, പെൺപള്ളിക്കൂടങ്ങളൊക്കെ വൈകാതെ മിക്സ്ഡ് ആക്കാൻ പോവുന്ന കാര്യം അറിഞ്ഞില്ല്യോ?

–അത് ശരി. അപ്പോ പിന്നെ പെൺമക്കളുള്ള അപ്പനമ്മമർ ഇനി എന്തോ ചെയ്യും?  ഇല വന്നു മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലയ്ക്കാണെന്ന കാര്യം മറക്കണ്ട..

ഈ ഇലയുടെയും മുള്ളിന്റെ കഥ കേൾക്കാത്ത ഏതെങ്കിലും പെൺപിള്ളേരുണ്ടാവുമോ? പെൺമക്കളെ ഈ കഥ പറഞ്ഞ് ഉപദേശിക്കാത്ത ഏതെങ്കിലും അപ്പനമ്മമാർ ഉണ്ടാകുമോ? ഏതോ വേലിപ്പുറത്തിരിക്കുന്നൊരു കാരമുള്ളിന്റെ കാര്യം പറഞ്ഞു പേടിപ്പിച്ച് എത്ര പെൺതളിരിലകളെയാണ് നമ്മൾ വിടരാൻ അനുവദിക്കാതെ, വസന്തങ്ങളറിയിക്കാതെ ഇലക്കുമ്പിളിൽ പൊതിഞ്ഞുവച്ചത്? വിരൽത്തുമ്പത്ത് അറിയാതെയെങ്ങാനുമൊരു ആൺവിരൽതൊട്ടാൽ വ്രീളാവിവശയായി ശൃംഗാരവതിയായി മാറുന്ന പഴയകാല ബ്ലാക് ആൻഡ് വൈറ്റ് നായികമാരെ ഓർമിക്കുന്നില്ലേ? ദോഷം പറയരുതല്ലോ, കാലം പുരോഗമിച്ചെങ്കിലും ‘നോക്കി ഗർഭമുണ്ടാക്കുന്ന’  ഇന്ദുചൂഡന്മാരുടെയും ‘പച്ചമാങ്ങ തീറ്റിക്കുമെന്നു’ ഭീഷണിപ്പെടുത്തുന്ന ചോക്ലേറ്റ് നായകന്മാരുടെയും മുന്നിൽ പിന്നെയും നമ്മുടെ നായികമാർ മൂക്കുംകുത്തിവീണുകൊണ്ടേയിരുന്നു. അപ്പോഴൊക്കെ നമ്മൾ വീണ്ടും വീണ്ടും ‘ഇലയുടെയും മുള്ളിന്റെയും’ കഥ പെൺമക്കളെ ഓർമപ്പെടുത്തിക്കൊണ്ടുമിരുന്നു. ഇലയുടെയും മുള്ളിന്റെയും ഇടയിൽ കൃത്യമായ ഒരു സുരക്ഷിത അകലം എല്ലാക്കാലവും സമൂഹം വരച്ചുവച്ചു. ആ വര മറികടന്ന പെണ്ണുങ്ങളെയെല്ലാം വേലിചാടിയെന്നോ മതിലുചാടിയെന്നോ വിളിച്ചു പരിഹസിച്ചുകൊണ്ടുമിരുന്നു. 

ആണുങ്ങൾക്ക് അവന്റെ ആണത്തത്തിന്റെ വർധിതവീര്യമനുസരിച്ച് ഏതു മതിലും ചാടാം.. മുള്ളിനെപ്പേടിച്ചു മാറിനിൽക്കേണ്ടത് പെണ്ണിന്റെ മാത്രം ബാധ്യത. അങ്ങനെ വളരെ സദാചാരപരമായി ‘നല്ല കുടുംബത്തിൽ പിറന്നൊരു’ പെൺസ്പീഷിസിനെ വാർത്തെടുക്കുന്നതിനു കുലതലമുറ ബദ്ധശ്രദ്ധ പുലർത്തി ജാഗരൂകമായിരിക്കുമ്പോഴാണ് പരിഷ്കാരികളുടെ ഈ പുതിയ ആലോചന; ആണും പെണ്ണും ഒരുമിച്ചിരുന്നാൽ എന്താണെന്ന്. പെൺപള്ളിക്കൂടങ്ങളിൽ ആണുങ്ങളെക്കൂടി പ്രവേശിപ്പിച്ചാൽ എന്താണെന്ന്? സമ്മതിച്ചുകൊടുക്കാൻ കഴിയുമോ? ഇത്രകാലം പൂർവപിതാക്കന്മാർ പടുത്തുയർത്തിയ നമ്മുടെ സദാചാരത്തിനും സന്മാർഗത്തിനും നിരക്കുന്നതാണോ ഈ ആഹ്വാനം? അല്ലെങ്കിലും നിങ്ങളൊന്ന് ചിന്തിച്ചുനോക്കൂ.. ക്ലാസ്മുറിയിലും കന്റീനിലും സ്കൂൾ വരാന്തയിലുമൊക്കെ ആൺകുട്ടികളും പെൺകുട്ടികളും തോളോടുതോൾ ചേർന്നിരിക്കുന്നു. കൈകോർത്തു നടക്കുന്നു. വൈകുന്നേരത്തെ പോക്കുവെയിലിന്റെ മടക്കനേരങ്ങളിൽ ഒരുമിച്ചു മിണ്ടിപ്പറയുന്നു. ഇതിൽപരം ഒരു സാമൂഹിക ദുരന്തം വേറെന്തു വരാനിരിക്കുന്നു. 

ഇങ്ങനെ ഇടകലർന്നു പരസ്പരം അറിഞ്ഞു വളർന്നാൽ, സൗഹൃദത്തിന്റെയും സഹജീവനത്തിന്റെയും മധുരമറിഞ്ഞാൽ പിന്നെ നമുക്കവരെ സാമ്പ്രദായികതയിലേക്കു തിരികെ കുടിയിരുത്താൻ കഴിയുമോ? ആണെന്നാൽ അധികാരിയും പെണ്ണ് അടിമയുമാണെന്നു പറയാൻ കഴിയുമോ? പെണ്ണ് എപ്പോഴും ആണിനു പിന്നിൽ നിൽക്കേണ്ടവളാണെന്ന് അതുവരെ ഒപ്പം നടന്നവളോട് പറയാനൊക്കുമോ? അവന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും അവന്റെ ജീവിതസൗകര്യത്തിനും വേണ്ടി പെണ്ണിന്റെ സന്തോഷങ്ങൾ വേണ്ടെന്നുവയ്ക്കണമെന്ന് ശഠിക്കാൻ കഴിയുമോ? ഒരേ ബഞ്ചിലിരുന്ന് ഒരേ പുസ്തകം പഠിച്ച് ഒരേ പരീക്ഷയെഴുതി ഒരേ മാർക്ക് വാങ്ങിയ ആണിനും പെണ്ണിനും രണ്ടു നീതിയെന്തുകൊണ്ടെന്ന് അവൾ തിരിച്ചുചോദ്യം ചെയ്താൽ തച്ചുടയാനുള്ളതല്ലേയുള്ളൂ പാവം പൂർവികതലമുറ കെട്ടിപ്പടുത്ത നമ്മുടെ സംസ്കാരത്തിന്റെ സ്ഫടികസൗധങ്ങൾ? അതുകൊണ്ടല്ലേ നമ്മൾ ഇപ്പോഴും ആണിനെയും പെണ്ണിനെയും പരസ്പരമറിയാത്ത രണ്ടു ഭൂഖണ്ഡങ്ങൾ പോലെ അകലങ്ങളിലേക്ക് വേർതിരിച്ചുനിർത്തുന്നത്. പൊതു ഇടങ്ങളിൽ ഒന്നിച്ച് ഇടപഴകാൻ അവർക്കു ബുദ്ധിമുട്ടില്ലെങ്കിൽ പിന്നെ മറ്റുള്ളവർ എന്തിന് അതോർത്ത് കുണ്ഠിതപ്പെടണം? തലമുറകൾ കൈമാറിവന്ന ‘ഇലയുടെയും മുള്ളിന്റെയും’ കഥയെ എവിടെയെങ്കിലും ആണിയടിച്ചു തളച്ചിട്ടു മതി എന്തായാലും... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}