ഒടുവിൽ, കണ്ണാടി കണ്ടെ‍ാരു റോസാപ്പൂവിന്റെ കഥ!

HIGHLIGHTS
  • ഒരുമിച്ചു ജീവിച്ച ഇരുപതുവർഷക്കാലത്ത് ഒരിക്കൽപോലും ഒരു റോസാപ്പൂ പൊട്ടിച്ചു തന്റെ നേർക്കു നീട്ടിയതായി ഓർമയില്ല. എന്നോ പടിയിറങ്ങിപ്പോയ യൗവനം കൊണ്ടുപോയത് എത്രയെത്ര മോഹങ്ങൾകൂടിയായിരുന്നുവെന്ന് ആരറിയാൻ..
Elderly woman
Representative Image Photo By: South_agency/istockphoto.com
SHARE

‘‘മുടിയിങ്ങനെ നീളംകുറച്ചുവെട്ടി കളർ ചെയ്തശേഷം ആന്റിക്ക് ഒരു പത്തിരുപതു വയസ്സ് പ്രായം കുറവു തോന്നിക്കുന്നുണ്ട്...’’

തറ തുടയ്ക്കുന്നതിനിടയിൽ സാറാമ്മ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു. ആനിയമ്മ ബാൽക്കണിയിലെ ബോഗൻവില്ലകൾക്കു വെള്ളമൊഴിക്കുകയായിരുന്നു. സാറാമ്മ പറഞ്ഞതിനു മറുപടി പറയാൻ നിൽക്കാതെ ആനിയമ്മ മുറിക്കകത്തേക്കു കയറി. കിടപ്പുമുറിയിലെ വലിയ നിലക്കണ്ണാടി കഴിഞ്ഞ ദിവസം സാറാമ്മയോടു പറഞ്ഞു തൂത്തുതുടച്ചു വെടിപ്പാക്കിവച്ചിരുന്നു. ആനി കണ്ണാടിനോട്ടം നിർത്തിയിട്ട് എത്രയോ വർഷങ്ങളായി. മുറിയിൽ അലമാരയോടു ചേർന്നുറപ്പിച്ച കണ്ണാടിയിലേക്ക് അറിയാതെയെങ്ങാനും പാളി നോക്കിയാൽപോലും മുൻപൊക്കെ ആനിയമ്മയ്ക്ക് ആ ദിവസത്തേക്കു വിഷമിക്കാൻ അതു മതിയായിരുന്നു. 

വർഷങ്ങളായി തനിച്ചുള്ള ജീവിതം തുടങ്ങിയിട്ട്. വീടിനു പുറത്തേക്കിറങ്ങാറേയില്ല. ജോണിച്ചൻ പോയതോടെ പള്ളിയിലേക്കുള്ള ഞായറാഴ്ചപ്പോക്കും നിർത്തി. ജോണിച്ചന്റെ ഓർമദിവസം കല്ലറയിൽ ഒരു റോസാപ്പൂ വയ്ക്കാൻ പോയെങ്കിലായി. വർഷം ഇരുപതു കഴിഞ്ഞിരിക്കുന്നു. ജോണിച്ചന് ഇനി റോസാപ്പൂകൊണ്ടൊന്നും കാര്യമില്ലെന്നു തോന്നിത്തുടങ്ങിയതോടെ ആനിയമ്മയുടെ ആ പോക്കും അവസാനിച്ചു. അല്ലെങ്കിലും ജോണിച്ചന് റോസാപ്പൂക്കൾ ഇഷ്ടമേയല്ലായിരുന്നു. ഒരുമിച്ചു ജീവിച്ച ഇരുപതുവർഷക്കാലത്ത് ഒരിക്കൽപോലും ജോണിച്ചൻ ഒരു റോസാപ്പൂ പൊട്ടിച്ചു തന്റെ നേർക്കു നീട്ടിയതായി ആനിയമ്മയ്ക്ക് ഓർമയില്ല. മൂത്തമകൻ ഡെന്നിസ് അടുത്തിടെ അമേരിക്കയിൽനിന്ന് അവധിക്കു വന്നപ്പോൾ അമ്മയുടെയും അപ്പയുടെയും പഴയ കല്യാണ ആൽബം പൊടിതട്ടിയെടുത്ത് അതിൽനിന്നൊരു ഫോട്ടോ സ്വീകരണമുറിയിൽ ഫ്രെയിം ചെയ്തുവച്ചിട്ടുണ്ട്. പണ്ട് മനസ്സമ്മതത്തിന്റെയന്ന് ജോണിച്ചൻ ഒരു റോസാപ്പൂ ആനിയമ്മയ്ക്കു തരുന്ന ഫോട്ടോയായിരുന്നു അത്. ഫോട്ടോഗ്രഫർ പറഞ്ഞ് പോസ് ചെയ്ത ചിത്രം. ബ്ലാക് ആൻഡ് വൈറ്റ് ചിത്രമായതുകൊണ്ടായിരിക്കാം, റോസാപ്പൂവിനു ഭംഗി പോരാ. പക്ഷേ ആനിയമ്മ ഇപ്പോഴും ഓർക്കുന്നു; കടുംകടും ചുവന്ന നിറമുള്ളൊരു റോസാപ്പൂവായിരുന്നു അത്.

ഫോട്ടോയ്ക്കുവേണ്ടി നീട്ടിപ്പിടിച്ചതല്ലാതെ ജോണിച്ചൻ ആ റോസാപ്പൂ തന്നതായി ഓർക്കുന്നില്ല. മനസ്സമ്മതവും ഫോട്ടോയെടുപ്പും കഴിഞ്ഞ് തിരികെപ്പോകാൻനേരം യാത്ര ചോദിക്കാൻ ചെന്നപ്പോൾ സെമിത്തേരിമതിലിനോടു ചേർന്നുള്ള മാവിൻചോട്ടിൽ നിന്നു സിഗരറ്റ് വലിക്കുകയായിരുന്നു ജോണി. പെണ്ണുകാണാൻ വന്നപ്പോൾ നേരേചൊവ്വേ കാണാൻകൂടി കഴി‍ഞ്ഞിരുന്നില്ല. എന്തെങ്കിലും രണ്ടുവാക്ക് മിണ്ടിപ്പറഞ്ഞുനിൽക്കാമല്ലോ എന്നുകൂടി കരുതിയാണ് മാവിൻചോട്ടിലേക്ക് ആനിയമ്മ മടിച്ചുമടിച്ചു ചെന്നത്. 

‘‘മഴക്കോളുണ്ട്. വൈകിക്കണ്ട.. പുറപ്പെട്ടോളൂ..’’ ജോണിച്ചൻ സംസാരിക്കാൻകൂട്ടാക്കാതെ മുഖംതിരിച്ചു. ആനിയമ്മ മുഖംകുനിച്ചുതിരിച്ചുനടന്നു. വണ്ടിയിൽ കയറാൻനേരം ഒരിക്കൽകൂടി സങ്കടത്തോടെ തിരിഞ്ഞുനോക്കിയത് ആനിയമ്മ ഓർക്കുന്നു. വലിച്ചുതീർത്ത സിഗരറ്റ് മണ്ണിലേക്കെറിഞ്ഞ് ജോണിച്ചൻ അത് കാലുകൊണ്ടു ചവിട്ടിഞെരിക്കുന്നതാണ് കണ്ടത്. അപ്പോൾ ആ ചെരിപ്പിനടിയിൽ ഒരു റോസാപ്പൂവിന്റെ കടുംചുവപ്പുനിറംകൂടി  ഒരു മിന്നായം പോലെ കണ്ടു. ജോണിച്ചന്റെ മരണശേഷം ആനിയമ്മ വീട്ടിനു മുന്നിൽ വലിയൊരു റോസാപ്പൂന്തോട്ടം നട്ടുനനച്ചുണ്ടാക്കിയെടുത്തത് സത്യത്തിൽ മനസ്സമ്മതത്തിന്റെയന്നു ചവിട്ടിഞെരിഞ്ഞുപോയ ആ കടുംചുവന്ന റോസാപ്പൂവിനോടുള്ള കടംവീട്ടലായിരുന്നു. സാറാമ്മയാണ് അവളുടെ വീട്ടിൽനിന്നു ചാരവും പശുവിന്റെ ചാണകവുമെല്ലാം സമയാസമയം എത്തിച്ചുകൊടുത്തത്. ആദ്യം മുറ്റംനിറയെ റോസാച്ചെടികൾ, പിന്നെ ബാൽക്കണിനിറയെ ബോഗൻവില്ലകൾ... വീട്ടകം നിറയെ മണിപ്ലാന്റുകൾ... ഇപ്പോൾ ഒരു പൂന്തോപ്പിലെ രാജകുമാരിയാണ് ആനിയമ്മ, എഴുപതുവയസ്സു കഴിഞ്ഞ രാജകുമാരി.

‘‘കോളജുകുമാരിയാകാനുള്ള പരിപാടിയാണോ ആന്റി?’’

സാറാമ്മ വീണ്ടും കളിയാക്കാനുള്ള പരിപാടിയാണ്. ഇന്നലെ മുടിവെട്ടി കളർ ചെയ്തു സുന്ദരിയായതിന്റെ കുശുമ്പാണ് അവൾക്ക്. മൂത്തുനരച്ചു മതിയായി ആനിയമ്മയ്ക്ക്. എങ്ങുനോക്കിയാലും നരച്ച കാഴ്ചകൾ... എന്നോ പടിയിറങ്ങിപ്പോയ യൗവനം കൊണ്ടുപോയത് ആനിയമ്മയുടെ എത്രയെത്ര മോഹങ്ങൾകൂടിയായിരുന്നുവെന്ന് ആരറിയാൻ. ജോണിച്ചനുള്ള കാലത്തും ഇടവകപ്പള്ളിയിലേക്കല്ലാതെ എങ്ങും പോകാറില്ല. സ്വന്തം അപ്പച്ചനെയും അമ്മച്ചിയെയുംപോലും കാണാൻ എത്ര കൊതിച്ചുകാത്തിരുന്നിട്ടുണ്ട്. ഒരിക്കലും പുറംലോകം കാണാതെ നല്ല സാരിയൊക്കെ അലമാരയ്ക്കുള്ളിൽ കർപ്പൂരംമണത്തു ശ്വാസംമുട്ടിമരിച്ചിരിക്കണം. അല്ലെങ്കിലും എന്നും ഏതെങ്കിലും മുഷിഞ്ഞ കോട്ടൺനൈറ്റിക്കുള്ളിൽകഴിഞ്ഞ് ആനിയമ്മയുടെ സാരി മോഹങ്ങളൊക്കെ പണ്ടേ അസ്തമിച്ചുകഴിഞ്ഞിരുന്നു. ഡെന്നിസ് അമേരിക്കയിൽ സ്ഥിരതാമസമാക്കിയപ്പോൾ ഒരുതവണയെങ്കിലും ഒന്നു വിമാനത്തിൽ കയറി അവിടംവരെ പോകണമെന്നുണ്ടായിരുന്നു. മേൽനോട്ടത്തിന് ആരുമില്ലെങ്കിൽ എസ്റ്റേറ്റിലെ റബർ കടുംവെട്ടിനു പാട്ടത്തിനെടുന്ന ജിൻസണും കൂപ്പിലെ പണിക്കാരും കാശുവെട്ടിച്ചെടുക്കുമെന്നു പറഞ്ഞ് ജോണിച്ചൻ അമേരിക്കൻയാത്രയുടെയും ചീട്ട് കീറി. ജോണിച്ചനെ തനിച്ചാക്കി പോകാനും ആനിയമ്മയ്ക്കു മനസ്സുവന്നില്ല. തനിയെ ഒരു ഗ്ലാസ് വെള്ളം ചൂടാക്കിക്കുടിക്കാൻ അറിയാത്തൊരാളെ എങ്ങനെ തനിച്ചാക്കി പോകാൻ? അങ്ങനെ ഓരോരോ കാരണങ്ങളുണ്ടായിക്കൊണ്ടേയിരുന്നു എപ്പോഴും. ആനിയമ്മയുടെ പുറംലോകത്തേക്കുള്ള വാതിലുകളടഞ്ഞുപോകാൻ.

അടുത്തിടെ ഡെന്നിസ് തന്നെയാണ് പറഞ്ഞത്, ഇനിയെങ്കിലും അമ്മ ഈ പുറംലോകമൊക്കെ ഒന്നു കാണൂ എന്ന്...അവൻ തന്നെയാണ് ഈ യാത്രയ്ക്കു ടിക്കറ്റെടുത്ത് അയച്ചുതന്നതും... ആനിയമ്മയുടെ ആദ്യ വിനോദയാത്ര. നല്ല പൂക്കളുടെ ഡിസൈനുള്ള ചില ഉടുപ്പുകൾ അതിനുവേണ്ടിമാത്രം ആനിയമ്മ തയ്ച്ചെടുത്തു. അതിൽ പിങ്ക് നിറമുള്ള ലില്ലിപ്പൂക്കൾ എബ്രോയ്ഡറി ചെയ്ത ഒരു ഫ്രോക്ക് നേരത്തെ എടുത്ത് ഇസ്തിരിയിട്ടുവയ്ക്കുകയും ചെയ്തു. അതിനു ചേരുന്ന കുറച്ചു കുപ്പിവളകൾകൂടി സാറാമ്മയെവിട്ട് വാങ്ങിപ്പിച്ചു. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ എത്രയോദിവസം മുൻപേ തുടങ്ങിക്കഴിഞ്ഞു ആനിയമ്മ. കിടപ്പുമുറിയിലെ നിലക്കണ്ണാടി സാറാമ്മയെക്കൊണ്ടു തൂത്തുതുടപ്പിച്ചെടുത്തപ്പോഴാണ് കുറെ വർഷങ്ങൾക്കുശേഷം ആനിയമ്മ വീണ്ടും കണ്ണാടിനോക്കിയത്. ‘ഓ ഈ വയസ്സാംകാലത്ത് ഇനി ഉടുത്തൊരുങ്ങി ആരെ കാണിക്കാനാണ്’എന്നു സാറാമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു. ‘‘ആരെയും കാണിക്കാനല്ല സാറാമ്മേ.. ഞാൻ തന്നെ എന്നെയൊന്നു കണ്ടോട്ടെ...’’ എന്നു മറുപടി പറയണമെന്നു തോന്നി ആനിയമ്മയ്ക്ക്. പക്ഷേ, പറഞ്ഞില്ല. പകരം യാത്രയ്ക്കു കൂടെക്കൊണ്ടുപോകാനുള്ളൊരു ഗോവൻതൊപ്പി പൊടിതുടച്ചെടുത്തുവച്ചു. കൂളിങ് ഗ്ലാസും ഷൂസും സ്കാർഫും അങ്ങനെ യാത്രയ്ക്കുള്ള സാധനങ്ങൾ ഓരോന്നായി പായ്ക്ക് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു ആനിയമ്മ. 

ബാൽക്കണിയിലെ ബോഗൻവില്ലകളെ താലോലിച്ചുകഴിഞ്ഞ് ആനിയമ്മ മുറ്റത്തേക്കിറങ്ങി. ചുവപ്പും വെളുപ്പും ഓറഞ്ചും പിങ്കും നിറങ്ങളിൽ റോസാപ്പൂക്കൾ അവളെ ചിരിച്ചുവരവേൽക്കുന്നതുപോലെ തോന്നി. ജീവിതത്തിന് ഇത്രയേറെ നിറങ്ങളുണ്ടെന്ന് ആദ്യം തോന്നുന്നതുപോലെ. അല്ല, ഇത്രനാൾ കാണാതിരുന്നപോലെ. കടുംചുവന്നൊരു റോസാപ്പൂവിനെ മാറോടു ചേർത്തുപിടിച്ചു പുന്നാരിച്ച്, ആനിയമ്മ മൊബൈൽഫോണിൽ നോക്കി ഒരു പുഞ്ചിരി, ആഹാ ആദ്യ സെൽഫി. വയസ്സാംകാലത്ത് ഓരോരോ പൂതികളെന്ന് ആരോ അടക്കം പറയുന്നതു കേൾക്കാൻ നിൽക്കാതെ ആനിയമ്മ അടുത്ത സെൽഫിക്കു പോസ് ചെയ്തു....

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS