പാടുവാനായ് വന്നു നിന്റെ പടിവാതിലിൽ... എന്ന പാട്ടിലെ ഈ വരികൾ ഒന്നുമൂളിയാലും. എന്നിട്ടുവായിച്ചാലോ?
നിമിഷപാത്രത്തിൽ...
ആരീ അമൃത് പകരുന്നു...
എന്നും ഇവിടെ നിൽക്കാൻ
അനുവദിക്കൂ...
പാടുവാൻ മാത്രം...
മരിക്കും മുൻപ് പൂർത്തിയാക്കണമെന്നു വച്ചിരുന്ന ടാസ്കിൽ ആ 2 കാര്യങ്ങളുണ്ടായിരുന്നു. ഒന്ന് യേശുദാസിന്റെ ഒരു ഇന്റർവ്യൂ, രണ്ട്. സംഗീത സംവിധായകൻ രവീന്ദ്രനുമായൊരു കൂടിക്കാഴ്ച...
ഒന്ന്, ഒരു നിമിഷപാത്രത്തിൽ അമൃത് നിറയ്ക്കുന്നതുപോലെ ദൈവം നടത്തിത്തന്നു. യേശുദാസുമായി ഒരു അഭിമുഖം. രണ്ടാമത്തെ ആഗ്രഹത്തിന്റെ നിമിഷപാത്രം കാലത്തിന്റെ പൂച്ച തട്ടിമറിച്ചു കളഞ്ഞു. രവീന്ദ്രനുമായൊരു കൂടിക്കാഴ്ച. മരണം വരെ ഓർത്തുവയ്ക്കേണ്ടൊരു ഹരിമുരളീ...‘രവി’ക്കേൾവി.. അതു നടന്നില്ല. പൂച്ചയോട്, കാലത്തോട് പരിഭവമില്ല.
യേശുദാസ് അന്നുമിന്നും മനസ്സിൽ നിമിഷ പാത്രത്തിൽ അമൃത് നിറയുന്ന അത്ഭുതമാണ്, അനുഭൂതിയാണ്. പാത്രം തുളുമ്പിമറിയുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ പോകുന്നൊരു നിമിഷം അതല്ലേ ജീവിതം. അതല്ലേ എന്നല്ല അതാണ്... ജീവിതം. അതോർമ്മിപ്പിക്കുന്നത് യേശുദാസാണ്. കാരണം, യേശുദാസിന്റെ എല്ലാ പാട്ടും കേട്ടു തീർത്ത് മരിക്കാൻ ഒരു മലയാളിക്കു കഴിയില്ല. അത്രമേലുണ്ട് ഓരോ പാട്ടും കേൾക്കാൻ, അറിഞ്ഞു കേൾക്കാൻ പല ആയുസ്സുവേണം.
യേശുദാസ് !. ആ ശബ്ദം ആദ്യം കേൾക്കുന്നത് റേഡിയോയിലൂടെയാണ്. ഇതു കുറേ കേട്ടതാണല്ലോ എന്നു പറയാൻ വരട്ടെ. ഇടുക്കിയുടെ മലനിരകളിലൊന്നിൽ, തൂവലെന്നു പേരുള്ളൊരു മലയോര ഗ്രാമത്തിൽ, റബർ വെട്ടാനായി അപ്പൻ രാവിലെ കുന്നുകയറുമ്പോൾ, ഒപ്പം പോകുമ്പോൾ, അപ്പന്റെ റബർ വെട്ടുകത്തിയും ഒട്ടുപാലിടാനുള്ള കൂടയ്ക്കുമൊപ്പം ഉറപ്പിച്ച കൊച്ചു റേഡിയോയിൽ നിന്ന്....
അല്ലെങ്കിൽ കുരുമുളകു പറിക്കാൻ ആറാൾ ഉയരമുള്ള മുള്ളുമുരിക്കിൽ പടർന്നുകയറിയ കുരുമുളകുചെടിയിൽ മുളങ്കമ്പിന്റെ എണി ചാരി നിൽക്കുമ്പോൾ എതിർ മലയോരത്തെ ഏതെങ്കിലും വീട്ടിൽ നിന്നുള്ള റേഡിയോയിൽ നിന്ന്.
നല്ല കാറ്റുവീശുമ്പോൾ ചിലപ്പോൾ ഈ കൊടിമരം (പാർട്ടിയുടേതല്ല കേട്ടോ, കുരുമുളകുചെടിക്ക് കൊടി എന്നുമുണ്ട് വിളിപ്പേര്). വട്ടംകറങ്ങും. അപ്പോൾ നല്ല മുള്ളുള്ള മുരിക്കിൽ രണ്ടു കൈപ്പത്തികൊണ്ടും മുറുകെപ്പിടിക്കും. കാൽ ഏണിയിൽ ഉറപ്പിച്ചൊരു നിൽപാണ്.
അപ്പോൾ അക്കരെ മലയോരത്തെ ഏതെങ്കിലുമൊരു ‘ പച്ചമനുഷ്യന്റെ ’ വീട്ടിലെ റേഡിയോയിൽ യേശുദാസ് പാടും.
‘‘ചുംബനപ്പൂ കൊണ്ടുമൂടി
തമ്പുരാട്ടീ നിന്നെ ഉറക്കാം..
ഉമ്മ തൻ ഉൺമയാം കണ്ണുനീർ
അനുരാഗ തേനെന്നു ചൊല്ലി ഞാനൂട്ടാം..’
അന്നൊരു നാളിൽ ചെരിപ്പിടാത്ത കാലുകൊണ്ട് ഏണിക്കമ്പിൽ താങ്ങിനിൽക്കുമ്പോൾ അക്കരെ മലച്ചെരുവിൽ നിന്ന് യേശുദാസ് പാടി.
‘പാടുവാനായ് വന്നു നിന്റെ പടിവാതിലിൽ..’ എന്ന പാട്ട്.
നിമിഷപാത്രത്തിൽ ആരീ അമൃത്
പകരുന്നു എന്നും
ഇവിടെ നിൽക്കാൻ അനുവദിക്കൂ..
പാടുവാൻ മാത്രം...
എന്ന വരി കേട്ടപ്പോൾ ആ ഏണിക്കൊമ്പിൽ, ലോകത്ത് ‘കുരുമുളകിനേക്കാൾ എരിവുള്ള ഏക സുഗന്ധവ്യഞ്ജനമായ പാട്ടി’നൊപ്പം ഒരു ജന്മം നിൽക്കാൻ തോന്നി. ഇതൊക്കെ നേരനുഭവങ്ങളാണ്.
അതിൽ അവിശ്വസനീയയുടെ രാഗം എന്നൊന്നുണ്ടെങ്കിൽ അതിനുചേർന്നൊരു അനുഭവം പറയാം.
ചെറുപ്പകാലത്ത് മുളകിന്റെയും ഉപ്പിന്റെയും ഡബ്ബകൾ കൂട്ടിവച്ച് താളം പിടിച്ചു തുടങ്ങിയപ്പോൾ അപ്പൻ കൊണ്ടുപോയി തബല പഠിക്കാൻ ചേർത്തു. 60 ദിവസത്തെ ക്ലാസ് കഴിഞ്ഞപ്പോൾ ആശാൻ കുറച്ചു പൈസ കടം വാങ്ങി അതുമായി മുങ്ങി.
പണം പോയതല്ല പ്രശ്നം.
ഗുരു എന്റെ വായിൽ ഒരു പിടി മണ്ണു വാരിയിട്ട് യാത്ര തുടരുകയായിരുന്നു.(!)
അതായത് തബല പഠനം വഴിയോരത്ത് വലിച്ചെറിഞ്ഞതു പോലെയായി. 60 ദിവസത്തെ ആ ക്ലാസുകൾ ഉള്ളിലിരുന്ന് നീറി.
പിന്നീട് പഠിച്ചതൊക്കെ തനിയെ. ഗുരുവിനെ മനസ്സിൽ ധ്യാനിച്ച്. ഏകലവ്യന് വിരൽ മുറിച്ചു ദക്ഷിണ നൽകാം. ഏകലവ്യൻ തബലിസ്റ്റ് അല്ലല്ലോ. തബല പഠിക്കുന്നവന് പറ്റില്ല. ചൂണ്ടുവിരലില്ലാതെ തബല കൊട്ടാനാവില്ലല്ലോ.
അങ്ങനെ പ്രീഡിഗ്രിക്ക് വട്ടപ്പാറ എംഇഎസ് കോളജിൽ സയൻസിനു പഠിക്കുമ്പോൾ കോളജ് ദിനത്തിൽ വേദിയിൽ പാട്ടുപരിപാടിക്കു പേര് ചേർത്തു. ഞാനും എഴുകുംവയലിലെ ബാൻഡ് സെറ്റിൽ ക്ലാർനെറ്റ് വായിച്ചിരുന്ന സീനിയർ വിദ്യാർഥി ബെന്നിയും ചേർന്ന് ഒരു സംഗീതപരിപാടി. അങ്ങേർ ഓടക്കുഴലിൽ പാട്ടുവായിക്കും. ഞാൻ തബലയിൽ താളമിടും.
2 പാട്ടുകൾ.
അതിലൊന്ന് സംഗമം.. സംഗമം... ത്രിവേണി സംഗമം... എന്ന പാട്ട്.. അന്ന് ആ പാട്ട് അതുവരെ ഞാൻ കേട്ടിട്ടേയില്ല.
ഇതിന്റെ താളം എങ്ങനെയെന്നു കേൾക്കാൻ കഴിഞ്ഞിട്ടില്ല. പരിശീലനസമയത്ത് ഏകദേശ താളത്തിൽ ദർബാർ രാഗത്തിൽ (!) ഒരു കാച്ചങ്ങു കാച്ചി.
പക്ഷേ, വേദിയിൽ അതു പോരല്ലോ.
മൊബൈലിൽ ആദ്യ വരി ടൈപ്പ് ചെയ്താൽ പാട്ടുവരുന്ന കാലമല്ല. മൊബൈലില്ല, വർഷം 1996.
ഒടുവിൽ വേദിയിൽ പാട്ടുവായിക്കേണ്ട ദിവസമായി. തൂവൽ ഗ്രാമത്തിൽ നിന്ന്, മലകൾ നടന്നുകയറി കോളജിലേക്ക് ഒരു വശത്തേക്കുമാത്രം ഏകദേശം 14 കിലോമീറ്റർ നടക്കണം.
തിരിച്ചും 14 കിലോമീറ്റർ. ആകെ 28.
പ്രോഗ്രാം അവതരിപ്പിക്കേണ്ട ദിവസം വീട്ടിൽ നിന്നു രാവിലെ ഏഴിനു യാത്ര തുടങ്ങുമ്പോൾ മനസ്സ് നിറയെ സങ്കടമാണ്. സംഗമം പാട്ടിന്റെ താളം എങ്ങനെ കൃത്യമായി വായിക്കും. ഒരുതവണയെങ്കിലും പാട്ടു കേൾക്കാൻ പറ്റിയെങ്കിൽ.
വീട്ടിലോ പരിചയക്കാരുടെ കയ്യിലോ ടേപ്പ് റെക്കോർഡറോ, കസെറ്റോ ഇല്ല. പാട്ടുകേൾക്കാൻ വഴിയില്ല. 14 കിലോമീറ്റർ നടന്നു തള്ളുകയാണ്. അതിവേഗം നടക്കുമ്പോൾ കാല് ‘രാമകഥാ ഗാനലയം മംഗളമെൻ തംബുരുവിൽ..’ എന്ന താളത്തിൽ ചലിക്കുന്നു. ഹൃദയം ‘മാമാങ്കം പലകുറി കൊണ്ടാടി...’ താളത്തിൽ മിടിക്കുന്നു.
അങ്ങനെ ഏകദേശം പത്തുകിലോമീറ്ററോളം നടന്നു കഴിയുമ്പോൾ എതിരെയുള്ള മലഞ്ചെരുവിൽ നിന്നൊരു റേഡിയോ പാടുന്നു. നിങ്ങൾ വിശ്വസക്കില്ല പക്ഷേ, ആ പാട്ട് ഇങ്ങനെയാരുന്നു...
‘സംഗമം..., സംഗമം.. ത്രിവേണീ സംഗമം’
ഞാനൊന്നു നിന്നു, തലകുടഞ്ഞു, കേട്ടതു ശരിയോ എന്നു ചെവിയിൽ നുള്ളി, സ്വപ്നമല്ലെന്നുറപ്പിക്കാൻ തുടയിലും നുള്ളി.
സ്വപ്നമല്ല. യേശുദാസ് അങ്ങേ മലഞ്ചെരുവിൽ നിന്നു പാടുകയാണ്. റേഡിയോയിലൂടെ.
അത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്. കാലിൽ ലാടം തറച്ചതുപോലെ ഞാൻ അവിടെ നിന്നു പോയി. ആ നേരത്ത് ഒരു കാറ്റ് പോലും വീശിയില്ല. തബലയുടെ താളംകേട്ടുറപ്പിച്ചു. ഇന്നും പറയാം, ഇത്രമേൽ വിസ്മയകരമായി ദൈവം എന്റെ മുന്നിൽ ഇതുവരെ വന്നു നിന്നിട്ടില്ല. ആ റേഡിയോയ്ക്ക് അതിനുപകരം എത്രപാട്ട് ആ സമയത്ത് പാടാമായിരുന്നു.? ഞാൻ അതിന് 5 മിനിറ്റു മുൻപോ പിൻപോ അതുവഴി പോകാമായിരുന്നില്ലേ?
‘നിമിഷ പാത്രത്തിൽ
ആരോ പകർന്ന അമൃത്’
അതല്ലേ ജീവിതം. അതെ അതാണ് ജീവിതം.
ഇവിടെ നിൽക്കാൻ അനുവദിക്കൂ.. പാടുവാൻ മാത്രം എന്ന വരിമാത്രം തിരുത്തുന്നു.
അനുവദിക്കൂ.., ഗന്ധർവന്റെ പാട്ടു കേൾകാൻ മാത്രം..
അവിടെ നിന്നില്ല. ആ പാട്ട് സംഗീതം ചെയ്ത വിദ്യാധരൻ മാഷിനൊപ്പം പിന്നീട് എത്രയോ നിമിഷങ്ങൾ ചെലവിടാൻ കഴിഞ്ഞു. അദ്ദേഹം അതു പാടുന്നതു േനരിട്ടു കേൾക്കാൻ കഴിഞ്ഞു. ആ പാട്ടിൽ അഭിനയിച്ച നെടുമുടി വേണു ലൈവായി മുന്നിലിരുന്ന് പാടുന്നതു കേൾക്കാൻ കഴിഞ്ഞു.
‘ഇടയ്ക്കു കണ്ണീരുപ്പു കലർത്താ–
തെങ്ങനെ ജീവിത പലഹാരം..’ എന്ന വരികൾ നെടുമുടിയിൽ നിന്നു പാടിക്കേട്ടു.
2004ലാണ്. പത്രപ്രവർത്തനം തുടങ്ങിയകാലം. യേശുദാസ് ഒരു ഹൈപിച്ചായി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
യേശുദാസിന്റെ സുവർണകാലമാണ്. കാണണം, കാണണം.. മനസ് പിച്ചി നോവിച്ചുകൊണ്ടിരുന്നു.
കൊച്ചിയിലാണ് അന്നു ജോലി.
യേശുദാസിന് 65 വയസ്സ് തികയുന്നു. ഒരു ഇന്റർവ്യൂ തരപ്പെടുമോ എന്ന് അന്ന് കൊച്ചിയിൽ ന്യൂസ് എഡിറ്ററായ പി.ജെ. ജോർജ് ചോദിക്കുന്നു. ഗന്ധർവൻ അന്നു ഗോകുലത്തിലുണ്ടത്രേ.
ഗോകുലം ഗോപാലന്റെ ഗോകുലം പാർക്ക് ഇൻ ഹോട്ടലിൽ.
മനോരമയിലെ ഫൊട്ടോഗ്രഫർ ജാക്സൺ ആറാട്ടുകുളം അന്നു കൊച്ചിയിലുണ്ട്. ഞങ്ങൾ പോകാൻ തീരുമാനിച്ചു. അങ്ങനെ ഗോകുലം പാർക്ക് ഇൻ ഹോട്ടലിന്റെ മുകൾ നിലയിലെ മുറിയിലേക്കു കയറുമ്പോൾ ഏതോ വലിയ മരത്തിനു മുകളിലെ ഗന്ധർവന്റെ കൂട്ടിലേക്ക് നിലാവത്ത് പറന്നു കയറുന്നതുപോലെയായിരുന്നു മനസ്സ്.
കണ്ടു, തൊഴുതു, സംസാരിച്ചു. അന്ന് യേശുദാസിനെ കാണാൻ കിട്ടാത്ത കാലമാണ്.
ഇന്റർവ്യൂവിനാണ് ചെന്നതെന്നു പറഞ്ഞപ്പോൾ ഗന്ധർവശബ്ദം വിലക്കി.
‘പത്രക്കാർ ചിലപ്പോൾ, പറയാത്തതൊക്കെ എഴുതിക്കളയും’ എന്നായി മറുപടി.
‘എടുത്തലക്കാൻ ദർബാർ രാഗ’ത്തിലൊന്നും കയ്യിൽ ഇല്ല. പത്രപ്രവർത്തനത്തിലെ തുടക്കക്കാരന്റെ ഓട്ടക്കീശയിൽ അധികം അനുഭവവുമില്ല. എങ്കിലും ‘ഒന്നു സംസാരിച്ചാൽ മതി’യെന്നു മാത്രം പറഞ്ഞു.
കുചേലന്റെ തോളിലെ സഞ്ചിപോലൊരു കുഞ്ഞുബാഗ് എന്റെ തോളിലുണ്ട്. ഞാൻ കറുത്ത ഉടുപ്പ്, യേശുദാസ് വെള്ളയുടുപ്പ്. യേശുദാസിന്റെ മുഖത്ത് കറുത്ത് തഴച്ച താടിയും മീശയും. എനിക്കു മീശ കാര്യമായി മുളച്ചിട്ടുമില്ല.
അദ്ദേഹം ഓരോന്നു പറഞ്ഞു തുടങ്ങി. ചുറ്റും ആജ്ഞാനുവർത്തികളെപ്പോലെ കുറേപ്പേർ നിൽക്കുന്നു. അദ്ദഹത്തിന്റെ തമാശകൾക്കു ചിരിക്കുന്നു.
അങ്ങനെ സംസാരിച്ചു തുടങ്ങിയപ്പോൾ അതൊരു ഇന്റർവ്യൂ ആയി മാറി.
എന്റെ കുഞ്ഞു ബാഗിൽ ഒരു റെക്കോർഡറുണ്ട്. അതു പുറത്തെടുക്കണോ എന്നു ഞാൻ പലവട്ടം ആലോചിച്ചു. മനസ്സ് വിലക്കി. അതു കണ്ട് അദ്ദേഹം സംസാരം നിർത്തിയാലോ? കയ്യിലെ ചെറിയ കുറിബുക്കിൽ ചിലത് കുറിച്ചു. ബാക്കി മനസ്സിലും.
ഒരു മണിക്കൂറോളം നീണ്ട ആ സംഭാഷണത്തിനിടെ യേശുദാസ് പറഞ്ഞു:
‘രവി എനിക്കു വേണ്ടി ഒരു പുതിയ പാട്ടു ചെയ്തിട്ടുണ്ട്. 18 സെക്കൻഡ് നീട്ടിപ്പാടുന്നൊരു സംഗതി. ഹരിമുരളീരവത്തിലെ മധുമൊഴിരാധേ.. നിന്നെ തേടീ... യെ തോൽപിക്കുന്നത്.. പാട്ട് പുറത്തിറങ്ങിയിട്ടില്ല, എങ്കിലും പാടാം... അത് ഇങ്ങനെയാണ് ഗന്ധർവൻ പാടിത്തുടങ്ങി.... ഗംഗേ.......’ 18 സെക്കന്റോളം ആ ഹമ്മിങ് നീണ്ടു... .
ദൈവമേ! യേശുദാസ് എനിക്കുവേണ്ടി മാത്രം ആ വരികൾ പാടുന്നു...
പ്രീഡിഗ്രിക്കാലത്ത് മലഞ്ചെരുവിലെ നടപ്പാതയിലൂടെ കുന്നുകയറുമ്പോൾ അങ്ങേച്ചെരുവിലെ ഓടിട്ട വീട്ടിൽ നിന്നു റേഡിയോയിലൂടെ എന്നെ കേൾപ്പിക്കാൻ മാത്രം പാടിയ അതേ യേശുദാസ്...
നിമിഷ പാത്രത്തിൽ... ആരോ അമൃത് നിറയ്ക്കുന്നു...
ഉൾക്കൊള്ളാവുന്നൊരു വലിയ പാത്രം ഞാൻ തിരഞ്ഞു; ഇല്ല, എന്റെ കയ്യിലില്ല. അന്നും ഇന്നും.
തിരിച്ചിറങ്ങുമ്പോൾ ഒരു ചെറിയ ഇന്റർവ്യൂ കൊടുക്കുമെന്നു ഞാൻ പറഞ്ഞു. അപ്പോൾ ആ ‘ഗന്ധർവപഹയൻ’ പറഞ്ഞു.
അങ്ങനെയെങ്കിൽ റെക്കോർഡ് ചെയ്തു കൂടായിരുന്നോ. അതാണ് എനിക്കിഷ്ടം. പറയുന്നത് മാറ്റിപ്പറയില്ലല്ലോ...
എന്റെ ബാഗിലിരുന്ന് ആ റെക്കോർഡർ കരഞ്ഞോ എന്നറിയില്ല. എന്റെ ഉള്ളു കരഞ്ഞു...
ഉണ്മതൻ ഉമ്മയാം കണ്ണുനീർ....
യേശുദാസ് എനിക്കുവേണ്ടി മാത്രം പാടിയ ആ വരികൾ എനിക്കു റെക്കോർഡ് ചെയ്തു സൂക്ഷിക്കാൻ ആയില്ലല്ലോ....
ഇന്റർവ്യൂ അന്ന് വെള്ളിയാഴ്ച എന്ന പേരിൽ ഉണ്ടായിരുന്ന സപ്ലിമെന്റിൽ അച്ചടിച്ചു വന്നു. അതിന്റെ കോപ്പി പോലും കയ്യിലില്ല. ഇൻട്രോ ഓർമയുണ്ട്. ‘ഗന്ധർവന്മാർക്ക് കാലവും പ്രായവുമില്ല. എങ്കിലും ഗാനഗന്ധർവന് 65 തികയുന്നു’ എന്നായിരുന്നു അത്. അന്ന് ഞാൻ ഇന്റർവ്യൂചെയ്യുന്ന പടം ജാക്സൺ ആറാട്ടുകുളം എടുത്തു. പ്രിന്റ് അടിച്ച് എനിക്കു തന്നു.
അന്നുമുതൽ അത് ഫ്രെയിം ചെയ്തു വീട്ടിൽ സൂക്ഷിക്കുന്നു. ഫ്രെയിം ചെയ്യാതെ മനസ്സിലും.
ഇപ്പോൾ എനിക്കറിയാം, എന്തുകൊണ്ടാണ് എനിക്ക് ആ സംഭാഷണം റെക്കോർഡ് ചെയ്യാൻ കഴിയാതെ പോയതെന്ന്.
‘നിമിഷ പാത്രത്തിൽ നിറച്ച അമൃതാണ് അത്’
നിമിഷ പാത്രമാണ്.. ആ നിമിഷം കഴിഞ്ഞാൽ അതു കഴിഞ്ഞു. വീണ്ടും കേൾക്കാൻ, അനുഭവിക്കാൻ കഴിയാത്ത അമൃത്.
ആദ്യറെക്കോർഡിങ്ങിന് യേശുദാസിന് 60 വയസ്സ് ആയിരിക്കുന്നു. എന്റെ മനസ്സിൽ ഇപ്പോഴും റെക്കോർഡ് ചെയ്യപ്പെട്ടുകിടക്കുന്ന, എനിക്കുവേണ്ടി മാത്രം അന്നൊഴുകിയ ‘ഗംഗ’യ്ക്ക് വെറും 17 വയസ്സേയുള്ളു പ്രായം. മധുരപ്പതിനേഴ്!
ആ ഗംഗ ഇപ്പോഴും മനസ്സിൽ നിന്നു പോയിട്ടില്ല. മണിച്ചിത്രത്താഴിൽ നകുലൻ പറഞ്ഞതുപോലെ മനസ്സും പറയുന്നു: ‘ഗംഗ ഇപ്പോൾ പോവണ്ട’!
Content Summary: Pen Konthan Column - K.J. Yesudas completes 60 years as playback singer