ക്ഷമ ശക്തരുടെ ആയുധം

SHARE

പ്രതികാരത്തിനു മുതിരുന്നവരാരും നേതൃസ്ഥാനത്തിന് അര്‍ഹരല്ല. അപ്പോള്‍ ക്ഷമ ശക്തരുടെ ഗുണമാണ്, ശക്തരുടെ ആയുധമാണ്. വാശിയുടേയും മത്സരത്തിന്റെയും ഒക്കെ പിന്നില്‍‌ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? എല്ലാവരുടെയും സ്വന്തമാകാനും എല്ലാവരെയും മുന്നോട്ട് നയിക്കുവാനുമുള്ള പൂര്‍ണ ചുമതല നമ്മളില്‍ നിക്ഷിപ്തമാണെന്നു തിരിച്ചറിയണം. ക്ഷമയെകുറിച്ച് എപ്പോഴും നമ്മള്‍ പറയാറുണ്ട്. പക്ഷേ എന്തെങ്കിലുമൊരു പ്രശ്നം വരുന്ന സമയത്ത് പലര്‍ക്കും ക്ഷമിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്. ക്ഷമ ഒരു കുറവായിട്ടാണ് എല്ലാവരും കാണുന്നത്. ക്ഷമ തോല്‍വിയാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. അതല്ല, അതു പ്രശ്ന പരിഹാരമാണ്. നമ്മുടെയൊക്കെ ജീവിതത്തിലേക്കുള്ള പുതിയൊരു തയാറെടുപ്പാണ്.

ഒരിക്കല്‍ ഒരു സൂഫിഗുരുവിനോട് ഒരാള്‍ ചോദിച്ചു: ഈ ക്ഷമയുടെ അർഥമെന്താണ്, അല്ലെങ്കില്‍ ക്ഷമിക്കേണ്ടത് എങ്ങനെയാണ്? അപ്പോള്‍ ഗുരു പറഞ്ഞത് ഇങ്ങനെയാണ്, ‘ഒരു പൂവിനെ ഞെരിച്ചമര്‍ത്തുമ്പോഴും അത് തിരിച്ചു നല്‍കുന്ന സുഗന്ധമാണ് ക്ഷമ’. സ്നേഹത്തിന്റെ ആഴങ്ങളില്‍ ക്ഷമയുടെ വേരുകള്‍ പടരും. നമ്മള്‍ ഒന്നു മനസ്സിലാക്കിയാല്‍ മതി, നിസ്വാർഥ സ്നേഹത്തില്‍ ഒരിക്കലും ക്ഷമയുടെ വില ഇടിയുകയില്ല. ചിലർ പറയില്ലേ ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്ന്. നമ്മള്‍ ചെറുതാകാന്‍ ശ്രമിക്കുന്നുവെങ്കില്‍ നമുക്ക് ക്ഷമിക്കാന്‍ കഴിയും, മറക്കാനും കഴിയും. വാശിയുടെയും മത്സരത്തിന്റെയും ഒക്കെ പിന്നില്‍ എന്താണെന്നു ചിന്തിച്ചിട്ടുണ്ടോ, ചെറുതാകാനുള്ള വിഷമമാണ്. കേട്ടിട്ടില്ലേ, ദുര്‍ബലര്‍ക്ക് ഒരിക്കലും ക്ഷമിക്കുവാന്‍ സാധിക്കുകയില്ല. അപ്പോള്‍ ക്ഷമ ശക്തരുടെ ഗുണമാണ്. ശക്തരുടെ ആയുധമാണ്. 

ക്ഷമിക്കുന്നത് കീഴടങ്ങല്‍ ആണെന്നാണോ വിചാരം, അനുസരണ എന്നു പറയുന്നത് അടിമത്തമാണ്. തെറ്റുകള്‍ ഏറ്റു പറഞ്ഞ് ആരോടും ക്ഷമ ചോദിക്കുന്നതില്‍ യാതൊരു ജാള്യവും ആവശ്യമില്ല. നമ്മളോട് ഒരാള്‍ തെറ്റു ചെയ്തു. അയാള്‍ നമ്മളോട് വന്നു തുറന്നു പറഞ്ഞു ഇങ്ങനെ സംഭവിച്ചുപോയി, നമ്മള്‍ അയാളോട് ക്ഷമിക്കുന്നു. യഥാര്‍‍ഥത്തിലുള്ള തെറ്റെന്താണെന്ന് മറച്ചുവച്ച് നമ്മളെ ഒരാള്‍ കബളിപ്പിച്ചാല്‍ അവിടെ നമ്മുടെ മൗനം ആവശ്യമാണ്. ചില ആളുകള്‍ പറയുന്നു: നിന്നോട് ഞാന്‍ ക്ഷമിച്ചു, ഇനി എന്റെ മനസ്സില്‍ ഒന്നുമില്ല. പക്ഷേ അവരുടെ ഉള്ളില്‍ പക സൂക്ഷിച്ചു വയ്ക്കും. ആ പകയും വിദ്വേഷവുമൊക്കെയാണ് പിന്നീടവരെ പ്രതികാരദാഹികളാക്കുന്നത്. ക്ഷമിക്കുന്നതിന്റെ ഒരു ഉദാഹരണം നമ്മുടെ ഇടയിലുള്ള ആളുകളിൽ കാണാന്‍ സാധിച്ചെന്നു വരില്ല. അപ്പോള്‍ നമ്മള്‍ ചരിത്രത്തിലേക്ക് പോകാറുണ്ട്. 

എബ്രഹാം ലിങ്കന്റെ ചരിത്രം തന്നെ എടുക്കാം. അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റായിരുന്ന സമയം. ലിങ്കന്റെ ശത്രുവെന്ന് എല്ലാവരും കരുതിയിരുന്ന ഒരാളെക്കുറിച്ച് അദ്ദേഹം വളരെ നല്ലതുമാത്രം സംസാരിക്കുമായിരുന്നു. അയാള്‍ എത്ര നല്ലവനാണ്, എത്ര മനുഷ്യസ്നേഹിയാണെന്നൊക്കെ പറയും. ഇതു കേട്ട അനുയായികളിലൊരാള്‍ക്ക് ബുദ്ധിമുട്ടു തോന്നി. അയാള്‍ ലിങ്കനോടു ചോദിച്ചു: ‘അങ്ങയെ ഇത്രയും ദ്രോഹിച്ച, ഇത്രയും ബുദ്ധിമുട്ട് ഉണ്ടാക്കിയ, കുറ്റം പറഞ്ഞ് തേ‍ജോവധം ചെയ്ത ആ വ്യക്തിയെ എന്തിനാണിത്ര പുകഴ്ത്തി സംസാരിക്കുന്നത്? അങ്ങയ്ക്കിപ്പോള്‍ അധികാരമില്ലേ. ഇപ്പോള്‍ പകരം വീട്ടാന്‍ പറ്റിയ സമയമാണ്.’

അപ്പോള്‍ ലിങ്കണ്‍ മറുപടി പറഞ്ഞു: ‘എനിക്ക് ഈ സമയത്ത് ശത്രുക്കളെ അമര്‍ച്ച ചെയ്യാനല്ല ഇഷ്ടം, സുഹൃത്തുക്കളാക്കാനാണ്. മാത്രമല്ല സുഹൃത്തുക്കളുടെ എണ്ണം കൂട്ടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത് അങ്ങനെ ശത്രുക്കളുടെ എണ്ണം കുറയ്ക്കാനും.’

നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ടത്, നമുക്ക് എല്ലാവര്‍ക്കും ഓരോ സ്ഥാനമുണ്ട്. വീട്ടില്‍, നാട്ടില്‍, ജോലി ചെയ്യുന്ന സ്ഥലത്ത്, പല മേഖലകളിലും. ചെറുതായാലും വലുതായാലും എന്തെങ്കിലുമൊക്കെ സ്ഥാനം എല്ലാവര്‍ക്കുമുണ്ട്. ഉത്തരവാദിത്വമുണ്ട്, ആ സമയത്ത് നമ്മള്‍ എന്താ ചെയ്യേണ്ടത്. എല്ലാവരുടെയും സ്വന്തമാകാനും എല്ലാവരെയും മുന്നോട്ട് നയിക്കുവാനുമുള്ള പൂര്‍ണ ചുമതല നമ്മളില്‍ നിക്ഷിപ്തമാണെന്നു തിരിച്ചറിയണം. നമുക്ക് വലിയൊരു അധികാരം കിട്ടുന്നുവെന്ന് വിചാരിക്കുക. ആ സമയത്ത് പലരും എന്താ ചെയ്യുന്നത്. ആരൊക്കെയാണോ നമ്മളെ നേരത്തേ ആക്രമിച്ചത്, ഇല്ലാതാക്കാന്‍ ശ്രമിച്ചത്, മത്സരിച്ചത്, അങ്ങനെയുള്ള പ്രതിയോഗികളുടെ ഒരു പട്ടിക തയ്യാറാക്കും.  എന്നിട്ടവരെ ടാർഗറ്റ് ചെയ്യും. 

പ്രതികാരത്തിന് മുതിരുന്നവരാരും നേതൃസ്ഥാനത്തിന് അര്‍ഹരല്ല. പ്രതിയോഗികളുടെ ലിസ്റ്റ് തയ്യാറാക്കി അവരെ തേടിപ്പോയി തേജോവധം ചെയ്ത് ഇല്ലാതാക്കുന്നത് വലിയ വീരകൃത്യമൊന്നുമല്ല, അതൊക്കെ അതി വൈകാരികതയും അധികാര ഭ്രമം കൊണ്ടുള്ള ഉന്മത്തതയുമായിരിക്കും. ചില മത്സരങ്ങള്‍ കഴിയുമ്പോള്‍ ഫലപ്രഖ്യാപനം ഉണ്ടാകാറുണ്ട്. ആ സമയത്ത് അത് അവസാനിക്കണം. ഫലപ്രഖ്യാപനവും ആഹ്ലാദാരവങ്ങളും കഴിഞ്ഞിട്ട് പിന്നീടാണ് മത്സരബോധം ഉണ്ടാവുന്നതെങ്കിലോ? അത് ഏറ്റവും അനാരോഗ്യപരവും ആപത്കരവുമായിട്ടുള്ള കാര്യമല്ലേ. കളിക്കളത്തിന് പുറത്തൊരിക്കലും സ്പര്‍ദ്ധ ഉണ്ടാകാന്‍ പാടില്ല. ജയിച്ചതിന്റെയോ തോറ്റതിന്റെയോ വാശിയും വാഴ്ത്തലുമൊക്കെ അവിടെ തീരണം. അല്ലാത്തതൊക്കെ വികലമായ വ്യക്തിത്വത്തിന്റെ അടയാളങ്ങളായിട്ടേ കാണുവാന്‍ കഴിയൂ. 

അധികാരം കിട്ടുന്ന സമയത്ത് പക പോക്കുവാന്‍ തുടങ്ങുമ്പോള്‍ നമ്മള്‍ ദുര്‍ബലരാകും. പ്രതികാരം ചെയ്യുവാനുള്ള കരുത്തും സാഹചര്യവും ഉണ്ടായിട്ടും എതിരാളികളെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്നവരെ തോല്‍പിക്കാന്‍ ആര്‍ക്കാണു കഴിയുക. മ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഒരു ശത്രുവിനെ ഉണ്ടാക്കാന്‍ എളുപ്പമാണ്. എന്നാല്‍ കൂട്ടുകാരുണ്ടാകുന്നതും സൗഹൃദമുണ്ടാകുന്നതുമൊക്കെ എങ്ങനെയാണ്. അതൊക്കെ നമ്മുടെ നിരന്തരമായ പരിശ്രമത്തില്‍ നിന്നും കഷ്ടപ്പാടില്‍ നിന്നുമൊക്കെ ഉണ്ടായിത്തീരുന്നതാണ്. ഒരു മിത്രം ശത്രുവാകാന്‍ നിമിഷങ്ങള്‍ മതി. പക്ഷേ ഒരു ശത്രു മിത്രമാകാന്‍ എത്ര കാലത്തെ കാത്തിരിപ്പുും പ്രയത്നവുമൊക്കെ ആവശ്യമാണ്. അതിനു വേണ്ടി എന്തൊക്കെ വില നമ്മള്‍ കൊടുക്കേണ്ടി വരും. അതുകൊണ്ട് നമ്മളൊന്നും പ്രതികാരത്തിന്റെ പാതയിലൂടെ നടക്കേണ്ടതില്ല, നമുക്ക് ക്ഷമയുടെ പാതയിലൂടെ നടക്കാം. ഇന്നത്തെ ഈ സംഘര്‍ഷഭരിതമായ ലോകത്ത് മനുഷ്യനെ നേരിടാനുള്ള ഏറ്റവും വലിയ ആയുധം മറ്റൊന്നുമല്ല, ക്ഷമയാണ്.

ലേഖകൻ  

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,  

ജനറൽ സെക്രട്ടറി 

ശാന്തിഗിരി ആശ്രമം.

English Summary : Positive thoughts by Swami Gururethnam Jnana Thapaswi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA