വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം

innathe-chintha-vishayam-column-about-donation
Photo Credit : sarayut / Shutterstock.com
SHARE

ശീർഷകത്തിലുള്ള വാക്യം യേശുക്രിസ്തു അരുൾ ചെയ്തിട്ടുള്ളതാണ്. നാലു സുവിശേഷങ്ങളിലും അതു കാണ്മാനില്ല. ക്രിസ്തുവിന്റെ ഉത്തമശിഷ്യനും ശക്തനായ സാക്ഷിയുമായ പൗലോസ് അപ്പോസ്തോലൻ ഒരു പ്രസംഗമധ്യേ ക്രിസ്തുവിന്റെ ഈ വാക്കുകൾ ഉദ്ധരിക്കുകയായിരുന്നു. (അ:പ്ര: 20:35) ക്രിസ്തു തന്റെ ജീവിതകാലത്തു നിരവധി ശിഷ്യരെ തിരഞ്ഞെടുത്ത് ആ ശിഷ്യർക്ക് അനുഗ്രഹങ്ങൾ നൽകി വിവിധ ദേശങ്ങളിലേക്കു പ്രേഷിതവൃത്തിക്കായി അയച്ചു. അന്ധരും ബധിരരും അവശത അനുഭവിക്കുന്നവരുമായ ജനങ്ങൾക്ക് ആശ്വാസം പകർന്നുകൊടുക്കാനുള്ള വരവും ശക്തിയും അവിടുന്നു പ്രദാനം ചെയ്തുകൊണ്ട് ഉച്ചരിച്ച വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്. ഈ വാക്കുകൾ യേശുവിന്റെ ജീവിതത്തിൽ വ്യക്തമായി പ്രതിഫലിച്ചിരുന്നു. വരദാനങ്ങൾ പകുത്തുകൊടുക്കുക മാത്രമല്ല സ്വജീവൻകൂടി നൽകിക്കൊണ്ടാണു കൊടുക്കുന്നതിന്റെ ഔന്നത്യം ഉയർത്തിപ്പിടിച്ചത്.

സാധാരണക്കാർ എന്നല്ല സാമാന്യം ധനസ്ഥിതിയുള്ളവർപോലും തങ്ങൾ കോടീശ്വരന്മാരായിരുന്നെങ്കിൽ എന്ന് ആശിക്കാറുണ്ട്. ഭൗതിക സമ്പത്തിലും സുഖസൗകര്യങ്ങളിലും ആരെക്കാളും ഉന്നതസ്ഥാനം തങ്ങൾക്കുണ്ടാകണമെന്ന് പലരും ചിന്തിക്കാറുണ്ട്. ലോകത്തിലെ ഏതു സമ്പത്തിനെക്കാളും വലുതും ശ്രേഷ്ഠവും ഔദാര്യനിർഭരമായ ഒരു ഹൃദയം ഉണ്ടായിരിക്കുക എന്നതാണ് എന്ന വസ്തുത നാമൊക്കെ വിസ്മരിച്ചുപോകുന്നു. ഹൈദബാദിന്റെ അധീശനായിരുന്ന നൈസാമിനെപ്പറ്റി വായിച്ചത് ഓർക്കുന്നു. അദ്ദേഹം മറ്റു നാട്ടുരാജാക്കന്മാരെക്കാൾ ഏറ്റവും വലിയ സമ്പന്നൻ ആയിരുന്നു. രത്നക്കല്ലും സ്വർണക്കട്ടികളും മറ്റും ചാക്കുകളിൽ നിറച്ച് നിലവറയിൽ സൂക്ഷിച്ചിരുന്നുപോലും! അവിടെ പ്രവേശിക്കാൻ മറ്റാരെയും അദ്ദേഹം അനുവദിച്ചിരുന്നില്ല. ഇടയ്ക്കിടയ്ക്ക് അവ പുറത്തെടുത്ത് കാണുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ആനന്ദവും സംതൃപ്തിയും.

അതിഥിയുമൊരുമിച്ച് ചായ കഴിക്കുകയാണെങ്കിൽ ആകെ രണ്ടു ബിസ്കറ്റ് മാത്രമായിരിക്കും മേശയിൽ വയ്ക്കുക. ഒന്ന് അതിഥിക്കും ഒന്ന് നൈസാമിനും. വിലകുറഞ്ഞ ഷർട്ടും മുട്ടുവരെയിറക്കമുള്ള പൈജാമയുമായിരുന്നു നൈസാം ഒസ്മാൻ അലിഖാന്റെ വേഷം. തൊപ്പിക്കു 35 വർഷം പഴക്കമുണ്ടായിരുന്നു. വില കുറഞ്ഞ സിഗരറ്റേ വലിക്കൂ; അതും തീരെ കുറ്റിയാകുന്നതുവരെ. ആരെങ്കിലും വിലകൂടിയ സിഗരറ്റു നീട്ടിയാൽ ആ പായ്ക്കറ്റിൽനിന്ന് നാലഞ്ചു സിഗരറ്റെടുത്ത് പോക്കറ്റിലാക്കും. അൻപതു കോടി രൂപയുടെ ആഭരണങ്ങൾ നൈസാമിന് ഉണ്ടായിരുന്നു എന്നാണ് ഒരു കണക്കു പറയുന്നത്. അവയുടെ ലിസ്റ്റ് സദാ പോക്കറ്റിൽ സൂക്ഷിക്കും. മുറി വൃത്തിയാക്കേണ്ടി വരുമ്പോൾ ആഭരണപ്പെട്ടികൾ മാറ്റിവയ്ക്കേണ്ടി വന്നാൽ അതു ചെയ്ത ആൾ എന്തിനു മാറ്റിയെന്നും എങ്ങനെ മാറ്റിയെന്നും നൈസാമിന്റെ മുന്നിൽവന്ന് പലപ്രാവശ്യം പറയേണ്ടിവരും. ആരെയും വിശ്വാസമില്ലായിരുന്ന അദ്ദേഹത്തിനു ശരിയായി ഒന്നുറങ്ങാൻപോലും കഴിഞ്ഞിരുന്നില്ല. ഒരു വലിയ കോടീശ്വരന്റെ അവസ്ഥയാണെന്നോർക്കണം.

തന്റെ സ്വത്ത് എങ്ങനെ സൂക്ഷിക്കണം എന്ന ചിന്തകൊണ്ട് ആകുലമായിരുന്നു നൈസാമിന്റെ മനസ്സ്. നാട്ടുരാജ്യങ്ങളുടെ സംയോജനവേളയിൽ ഇന്ത്യാ ഗവൺമെന്റ് നൈസാമിന്റെ വസ്തുവകകൾ കണ്ടുകെട്ടി. തന്റെ നിധികളടങ്ങിയ പെട്ടികൾ കയറ്റിയ വണ്ടികൾ കൊട്ടാരത്തിൽനിന്നു നീങ്ങിയപ്പോൾ നൈസാം ഒരു പിഞ്ചുപൈതലിനെപ്പോലെ വാവിട്ടു കരയുകയായിരുന്നു.

ഒൗദാര്യമില്ലാത്തവനു സ്വയം ശാന്തി കണ്ടെത്താനാവില്ല. അന്യർക്കു സൗഭാഗ്യം പകർന്നുകൊടുക്കാനുമാവില്ല. സ്വാർഥതകൊണ്ട് സ്വരുക്കൂട്ടുന്ന ധനം നമുക്കും നമ്മോട് ഇടപെടുന്ന സകലർക്കും ദുഃഖമേ നൽകൂ.

പലസ്തീനിലെ രണ്ടു ജലാശയങ്ങളാണു ഗലീലത്തടാകവും (തിബര്യോസ് കടൽ) ചാവുകടലും (Dead Sea). ജറുസലമിൽ താമസിച്ചിരുന്ന ഒരുവർഷക്കാലത്ത് ഈ രണ്ടു ജലാശയങ്ങളും പലവട്ടം കാണുവാൻ ഈ ലേഖകന് അവസരമുണ്ടായിട്ടുണ്ട്. ‘ഗലീലക്കടൽ’ ജോർദാൻ നദിയിൽനിന്നു സമൃദ്ധിയായി ജലം സ്വീകരിക്കുന്നു. പക്ഷേ, അതു സ്വയമായി സംഭരിച്ചുവയ്ക്കാതെ, ലഭിക്കുന്ന ഓരോ തുള്ളിയും പ്രദാനം ചെയ്യുകയാണ്. സ്വീകരിക്കുകയും നൽകുകയും ചെയ്യുന്ന പ്രക്രിയകൾ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്നു. മറ്റേ ജലാശയം കുറുക്കൂടി ബുദ്ധിപൂർവം, ഒരു തുള്ളിയും നഷ്ടമാക്കാതെ സംഭരിച്ചുവയ്ക്കുന്നു. അതിന് ഒൗദാര്യത്തിന്റെ വികാരമൊന്നും ഉണ്ടാകാറില്ല. ഗലീലത്തടാകം സ്വീകരിക്കുകയും അതോടൊപ്പം മുഴുവൻ നൽകുകയും ചെയ്യുന്നു. തന്മൂലം അതു ചൈതന്യമുള്ളതായി മത്സ്യസമ്പത്തുള്ളതും ശുദ്ധജലം നിറഞ്ഞതുമായി സ്ഥിതിചെയ്യുന്നു. മറ്റേ ജലാശയം ഒരുതുള്ളിപോലും പകർന്നുകൊടുക്കുന്നില്ല. അതിന്റെ പേര് ചത്തകടൽ (ചാവുകടൽ) എന്നാണ്. ഈ ജലാശയങ്ങൾ കൊടുക്കുന്നതിന്റെയും കൊടുക്കാത്തതിന്റെയും അനുഭവം വ്യക്തമാക്കുന്നു. ഇത് പ്രകൃതി നമ്മെ പഠിപ്പിക്കുന്ന പാഠമാണ്.

നമ്മുടെ സ്നേഹത്തിന്റെ തെർമോമീറ്ററാണ് നമ്മുടെ ദാനങ്ങൾ. എമികാർ മൈക്കിൾ പറയുന്നു: സ്നേഹിക്കാതെ നിങ്ങൾക്കു ജീവിക്കാം; എന്നാൽ ദാനം ചെയ്യാതെ നിങ്ങൾക്കു സ്നേഹിക്കാൻ സാധ്യമല്ല.

ദാനം സ്വീകരിക്കുന്നതിനെക്കാൾ ദാനം നൽകുന്നവൻ ശ്രേഷ്ഠനാകുന്നുവെന്ന പ്രബോധനം തനിക്കു യേശുവിൽനിന്നു നേരിട്ടു ലഭിച്ചതാണെന്ന് വി. പൗലോസ് ഉദ്ധരിക്കുന്നതായി നാം മുകളിൽ കണ്ടു.

ഈ പ്രപഞ്ചത്തിലെ ചരാചരങ്ങളെല്ലാം നമ്മുടെ പേരിൽ പതിച്ചുകിട്ടിയെന്നിരിക്കട്ടെ. വൈജ്ഞാനിക, കലാ–സാംസ്കാരിക രംഗങ്ങളിൽ കറയറ്റ പ്രാഗത്ഭ്യം കൈവന്നു എന്നിരിക്കട്ടെ. സഹജരുടെ ജീവിതം ധന്യമാക്കുവാൻ പോരുന്ന വിശാലഹൃദയവും ഒൗദാര്യസമ്പന്നമായ മനസ്സും നമുക്കില്ലെങ്കിൽ ആ നേട്ടങ്ങളെല്ലാം നിരർഥകമാണ്.

ടിജെജെ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS