പങ്കാളിയുടെ പ്രോത്സാഹനം വിജയപ്രദം

chintha-vishayam-1248
SHARE

ജീവിതത്തിന്റെ വിവിധ രംഗങ്ങളിൽ നേട്ടം കൈവരിച്ചിട്ടുള്ള മഹദ് വ്യക്തികളുടെ ജീവിതം പരിശോധിക്കുക. അവർക്കു ലഭിച്ച പ്രോത്സാഹനങ്ങളും പിന്തുണയും ആ നേട്ടത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നു മനസ്സിലാക്കാം. പ്രോത്സാഹനം, സ്വന്തം കുടുംബാംഗങ്ങളിൽ നിന്നോ, ആത്മസുഹൃത്തുക്കളിൽ നിന്നോ, ഗുരുജനങ്ങളിൽ നിന്നോ ഒക്കെയാകാം. ശരിയായ പ്രോത്സാഹനവും അഭിനന്ദനവും ലഭിക്കാതെ വന്നതിനാൽ മുരടിച്ചുപോയ പ്രതിഭകളും ഇല്ലാതില്ല.

ജീവിത പങ്കാളിയുടെ നിരന്തര പ്രോത്സാഹനവും പിന്തുണയും ഭർത്താവിനെ ഉന്നതനായ ഒരു സാഹിത്യകാരനായി മാറ്റിയ കഥ പറയാം. സോഫിയ എന്ന ഭാര്യ തന്റെ ഭർത്താവിന് എന്നും ഒരു പ്രചോദനമായിരുന്നു. ജീവിത പങ്കാളിയെപ്പറ്റി പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്. ഭർത്താവായ നഥാനിയേൽ ഹാതോൺ ഒരു ദിവസം ഓഫിസിൽ നിന്നു മടങ്ങിയെത്തിയത് വാടിയ മുഖത്തോടും, തളർന്ന ശരീരത്തോടുമാണ്. രോഗമൊന്നുമായിരിക്കില്ല എന്നു സോഫിയ കരുതി. രാവിലെ ഉന്മേഷവാനായിട്ടാണു വീട്ടിൽനിന്നു പോയത്.

ഞാൻ ഒരു പരാജയമാണ്! താൻ ഒരു പരാജയമാണെന്നു പറഞ്ഞ് ഉന്നതാധികാരികൾ എന്നെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. ആരു കേട്ടാലും ഞെട്ടിപ്പോകുന്ന വാർത്ത! പക്ഷേ സോഫിയ പൊട്ടിച്ചിരിച്ചുകൊണ്ട് ഏതോ വമ്പിച്ച നേട്ടം കൊയ്ത മനോഭാവത്തോടെ പറഞ്ഞു. ‘‘നല്ല കാര്യം! നിങ്ങൾ എന്തിനു നിരാശപ്പെടുന്നു. ദൈവം നിങ്ങൾക്കു ശ്രേഷ്ഠമായ ഒരു വരദാനം നൽകിയിട്ടുണ്ട്. ഇതുവരെ അതു ശരിയായി വിനിയോഗിക്കാൻ അവസരം കിട്ടിയില്ല. ഇപ്പോൾ അതിനാണ് ദൈവം വഴിതുറന്നിരിക്കുന്നത്. നിങ്ങൾക്കു സാഹിത്യപരമായ കഴിവ് ദൈവം നൽകിയിട്ടുണ്ട്. ഒരു പുസ്തകം എഴുതണമെന്നുള്ള ആഗ്രഹം പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ടല്ലോ. അതിനുള്ള സമയമാണ് ദൈവം നൽകിയിരിക്കുന്നത്.’’

നഥാനിയേൽ: ‘‘ശരിയാണ്, ഞാൻ സമ്മതിക്കുന്നു. എനിക്ക് എഴുതിത്തുടങ്ങാം. പക്ഷേ ഒരു പ്രശ്നമുണ്ട്. ഭക്ഷണത്തിനുള്ള മാർഗമെന്താണ്? നിനക്കു ജോലിയില്ല. എനിക്കുള്ളതു പോകുകയും ചെയ്തു. അവൾ പെട്ടിയുടെ അടിയിൽ സൂക്ഷിച്ചിരുന്ന ഒരു വലിയ സിഗരറ്റു പെട്ടി തുറന്ന് പണം മേശയിൽ വച്ചു. നഥാനിയേൽ ആശ്ചര്യത്തോടെ ചോദിച്ചു: ‘‘നീ ഇത് എങ്ങനെ സംഘടിപ്പിച്ചു?’’ എണ്ണി നോക്കിയപ്പോൾ ഒരു വർഷം അവർക്കു ജീവിക്കാൻ ആവശ്യം വരുന്ന പണമുണ്ട്.

‘‘എനിക്കു നന്നായിട്ടറിയാമായിരുന്നു, നിങ്ങൾ ഒരു അസാധാരണ പ്രതിഭ ആണെന്ന്. ഒരു ദിവസം നിങ്ങൾ ഒരു മാസ്റ്റർ പീസ് എഴുതുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഇവിടത്തെ ചെലവിനു നിങ്ങൾ തരുന്ന തുകയിൽനിന്ന് ഒരു ഭാഗം ഞാൻ മാറ്റിവച്ചു. ബാക്കിയുള്ളതുകൊണ്ട് ചെലവുകൾ നിറവേറ്റി. ഇപ്പോൾ ഇതാ ഒരു വർഷത്തെ ചെലവിനുള്ളത് നമ്മുടെ മുന്നിലുണ്ട്.

അങ്ങനെ നഥാനിയേൽ ഹാതോൺ പുസ്തക രചനയിൽ മുഴുകി. അതിന്റെ ഫലമായി വിശ്വപ്രസിദ്ധമായ ‘‘The Scarlet Letter” എന്ന നോവൽ പിറന്നു.

നഥാനിയേൽ ദമ്പതികളുടെ കഥ വായിച്ചപ്പോൾ ഇന്നുള്ള നമുക്കു പ്രസക്തമായ പല സന്ദേശങ്ങളുമുള്ളതായി തോന്നി. വിവാഹിതർക്കുള്ള പത്തു പ്രമാണങ്ങൾ എന്ന ശീർഷകത്തിൽ ഈ പംക്തിയിൽ നിന്ന് ചില കാര്യങ്ങൾ ഉദ്ധരിക്കട്ടെ.

പങ്കാളികൾ പരസ്പരം ആദരിക്കുകയും അംഗീകരിക്കുകയും വേണം. പങ്കാളിയുടെ വ്യക്തിത്വം സമാദരിക്കപ്പെടണം. നല്ല വശങ്ങൾ അംഗീകരിക്കാനും പ്രശംസിക്കാനും കഴിയണം. എല്ലാവർക്കും അവരുടെ നല്ല വശങ്ങളെപ്പറ്റി പറയുന്നത് ഇഷ്ടമാണ്. എപ്പോഴും കുറ്റപ്പെടുത്തുന്ന സ്വഭാവം പാടില്ല. വികാരങ്ങൾ പ്രകടിപ്പിക്കുവാനും പങ്കുവയ്ക്കുവാനും കഴിയണം. സ്നേഹം, സഹതാപം, കരുതൽ എന്നിവ മനസ്സിൽ സൂക്ഷിച്ചാൽ പോരാ. അവ വാക്കിലും പ്രവൃത്തിയിലും യഥാസമയം പ്രകടമാക്കണം.

ഉത്തമയായ ഒരു ഭാര്യയുടെ റോൾ സോഫിയ നിർവഹിക്കുന്നതായി കാണാം. പങ്കാളി നിരാശനും ഉൽകണ്ഠാകുലനായിത്തീരുമ്പോൾ ധൈര്യപ്പെടുത്താനും ആശ്വാസത്തിന്റെ വഴികൾ ചൂണ്ടിക്കാണിക്കുവാനും കഴിയണം.

മറ്റൊന്ന്, സാമ്പത്തിക കാര്യമാണ്. കിട്ടുന്നതു മുഴുവനും പിന്നെ കടമെടുത്തും ധൂർത്തടിക്കുന്ന ഗൃഹനായികമാരുണ്ട്. സോഫിയ ഉചിതമായി ഓരോ മാസവും ചെറിയ ഒരു തുക മാറ്റി വയ്ക്കാൻ ശ്രദ്ധിച്ചതുകൊണ്ടാണ് പ്രതിസന്ധി വന്നപ്പോൾ അതു സഹായകമായത്. പല കുടുംബങ്ങളുടെയും തകർച്ച സാമ്പത്തിക കാര്യങ്ങൾ സൂക്ഷ്മതയോടും കരുതലോടും കൈകാര്യം ചെയ്യാത്തതാണ്.

ഇനി നഥാനിയേൽ നമ്മോടു പറയുന്ന ഒരു കാര്യമുണ്ട്. ജീവിതത്തിൽ ഗുരുതരമായ പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാകാം. പ്രശ്നങ്ങൾ ഇല്ലാത്ത ഒരു ജീവിതവുമില്ല. എന്റെ പ്രതിസന്ധിയാണ് എന്റെ താലന്തുകൾ പ്രകാശിപ്പാൻ സന്ദർഭമായത്. ആ പ്രതിസന്ധി നേരിട്ടില്ലായിരുന്നു എങ്കിൽ നഥാനിയേൽ തന്റെ ഔദ്യോഗിക രംഗത്തുതന്നെ തുടരുമായിരുന്നു. ജോലി നഷ്ടമായെങ്കിലും എല്ലാം നന്മയിലേക്കു വരുത്തുന്നവനായി ദൈവം അത്ഭുതം പ്രവർത്തിച്ചു. അദ്ദേഹത്തിൽ ലീനമായിരുന്ന സാഹിത്യവാസനയെ പുഷ്ടിപ്പെടുത്താനും മൂല്യവത്തായ ഒരു സാഹിത്യകൃതി രൂപപ്പെടുത്താനും ദൈവം സഹായിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS