പെൺകുട്ടിയുടെ കാൽ ഒരു മേജർ പ്രശ്നമാണോ?

penakathiiii-t
SHARE

കാലിനു വേദനയുള്ള പെൺകുട്ടിയെ പാട്ടിലാക്കാൻ എളുപ്പമാണ്.

ഒരു കഥ പറഞ്ഞു കൊടുത്താൽ മതി.

കഥ കേട്ടിരിക്കെ,  വേദനയുള്ള കാലിൽ ആർദ്രമായൊന്നു തൊട്ടാൽ മതി. 

ഇതൊക്കെ സാഗർ ചന്ദ്രയ്ക്ക് അറിയാം. പക്ഷേ സാഗർ ഇപ്പോൾ നിസ്സഹായനാണ്. കാരണം കാലിൽ നീരുവച്ച് വീങ്ങി, വേദനിച്ച്, കരഞ്ഞ് സാഗർ ചന്ദ്രയുടെ മുന്നിലിരിക്കുന്നത് അപരിചിതയായ ഒരു പെൺകുട്ടിയാണ്. 

ഈ സംഭവം നടക്കുമ്പോൾ തൃശൂർ റയിൽവേ സ്റ്റേഷനിൽ സാഗർ ചന്ദ്രയുടെയും ആ പെൺകുട്ടിയുടെയും അടുത്ത് മേജർ ഹരി എന്ന പട്ടാള ഉദ്യോഗസ്ഥനുമുണ്ട്. അദ്ദേഹം ഓരോ കാര്യത്തിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ്. 

സാഗർ ചന്ദ്ര പെൺകുട്ടിയോടു ചോദിച്ചു.. വേദനയുണ്ടോ ?

ഉത്തരം പറഞ്ഞത് മേജർ ഹരിയാണ്..  ഞങ്ങൾ സൈനികർ പൊതുവേ ബോഡിയിലെ വേദനകൾ കാര്യമാക്കാറില്ല.  പക്ഷേ രാജ്യത്തിന്റെ മനസ്സിനേൽക്കുന്ന വേദനകൾക്ക് ഉടൻ മറുപടി കൊടുത്തേ പറ്റൂ..

പെൺകുട്ടി പറഞ്ഞു.. എന്റെ കാലിനു നല്ല വേദനയുണ്ട്.  ചെറുവിരൽ ഒടിഞ്ഞെന്നു തോന്നുന്നു. വിരലിൽ ഒന്നു പിടിക്കാമോ, പ്ളീസ്.

മേജർ ഹരി പറഞ്ഞു.. തീരെ ചെറുതായതുകൊണ്ടാണ് അതിനെ ചെറുവിരൽ എന്നു പറയുന്നത്. ഉദാഹരണത്തിന് മിനിക്കോയ് ദ്വീപ്. അത്രയും വലുപ്പമേയുള്ളൂ ചെറു വിരലിന്. നീരുവയ്ക്കുന്നതോടെ അതിന്റെ വലുപ്പം കൂടിക്കൊണ്ടിരിക്കുകയാണ്. വൈകാതെ അതിന് ചെറുവിരൽ എന്ന പദവി നഷ്ടപ്പെട്ടേക്കും. സഹോദരിയുടെ വിരലിൽ  ഞങ്ങൾ രണ്ടാളും ചേർന്നു പിടിക്കണോ, അതോ ഇയാൾ തനിയെ പിടിച്ചാൽ മതിയോ ?

പെൺകുട്ടി കരയാൻ തുടങ്ങി.. എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല. തലകറങ്ങുന്നതുപോലെ.. 

സാഗർ ചന്ദ്ര വല്ലാതെ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു..  സോറി. ഞാൻ അറിയാതെ പറ്റിയതാണ്. ഇത്രയും വലിയ അപകടം ഉണ്ടാവുമെന്ന് കരുതിയില്ല. 

വേണാട് എക്സ്പ്രസിൽ തൃശൂർ റയിൽ വേ സ്റ്റേഷനിൽ വന്നിറങ്ങിയതാണ് ഇവർ മൂന്നു പേരും. ഈ സംഭവം ഉണ്ടാകുന്നതിനു മുമ്പു വരെ പരസ്പരം പരിചയമില്ല. 

ട്രെയിൻ തൃശൂർ സ്റ്റേഷനിലേക്ക് എത്തുന്നതിനു മുമ്പേ എസ് 11 കംപാർട്ട്മെന്റിന്റെ വാതിൽക്കൽ വന്നു നിൽക്കുകയായിരുന്നു മൂന്നു പേരും. 

ആദ്യമിറങ്ങിയത് ദേവിക വിഷ്ണുനാഥ് എന്ന ആ പെൺകുട്ടിയാണ്. അവളുടെ തൊട്ടുപിന്നിൽ സാഗർ ചന്ദ്ര. അയാളുടെ പിന്നിൽ മേജർ ഹരി. 

പ്ളാറ്റ് ഫോമിൽ വണ്ടി എത്തി വട വട വടേയ് എന്ന് കേട്ടതോടെ ദേവിക  ശടപടേന്ന്  ചാടിയിറങ്ങി. അത് അവളുടെ ഹോബിയാണ്. ടാപ്പു തുറക്കുമ്പോൾ ആദ്യം പുറത്തു ചാടുന്ന  വെള്ളത്തുള്ളിയെപ്പോലെ ട്രെയിൻ നിർത്തുംമുമ്പേ ചാടിയിറങ്ങുക. 

ദേവിക ഇറങ്ങിയപ്പോൾ സാഗർ ചന്ദ്ര അറിയാതെ അവളുടെ ചെരിപ്പിൽ ചവിട്ടി. അതോടെ അവൾക്കു ബാലൻസ് പോയി. അവൾ കാൽവഴുതി പ്ളാറ്റ്ഫോമിൽ വീണു. 

തൊട്ടുപിന്നാലെ ഇറങ്ങിയ സാഗർ ചന്ദ്രയും മേജർ ഹരിയും ചേർന്ന് അവളെ പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കിയെങ്കിലും അതിനു മുന്നെ അവൾ എഴുന്നേറ്റു.  പ്രാഞ്ചി പ്രാഞ്ചി പ്ളാറ്റ് ഫോമിലെ ചാരുബഞ്ചിൽ പോയി ഇരുന്നു. 

ദേവികയുടെ ചെരിപ്പിന്റെ വള്ളി പൊട്ടി. കാൽ ഉളുക്കി. നടക്കാൻ നല്ല ബുദ്ധിമുട്ടായി. 

സാഗർ പറഞ്ഞു.. സോറി. ഇറങ്ങാനുള്ള തിരക്കിനിടെ അറിയാതെ ചെരുപ്പിൽ ചവിട്ടിയതാണ്.

ദേവിക പെട്ടെന്നു തിരുത്തി.. നിങ്ങൾ ചവിട്ടിയതൊന്നുമല്ല. എന്റെ കാലുതെന്നിപ്പോയതാണ്. 

സാഗർ പറഞ്ഞു.. അല്ല. ഞാൻ ചവിട്ടിയതാണ്. അപ്പോഴാണ് ചെരുപ്പിന്റെ വള്ളി പൊട്ടിയത്. 

ഇതു കേട്ടു നിന്ന മേജർ ഹരി, ഇതിന്റെ സത്യാവസ്ഥ കണ്ടെത്തിയേ തീരൂ, ഞാൻ ഉടനെ വരാം എന്നു പറഞ്ഞ് എങ്ങോട്ടോ ഓടി. 

പ്ളാറ്റ്ഫോമിലെ ബഞ്ചിൽ സാഗറും ദേവികയും തനിച്ചായി. പെയ്ത്തുവെള്ളം പോലെ ട്രെയിനിൽ നിന്നിറങ്ങിയവർ സ്റ്റേഷനിൽനിന്ന് വേഗം ഒഴുകിപ്പോയിത്തുടങ്ങി.

സാഗർ ചോദിച്ചു..  പെയിൻ ബാം വാങ്ങിത്തരട്ടേ.. ?

ദേവിക പറഞ്ഞു.. നിങ്ങൾക്ക് അതൊക്കെ ബുദ്ധിമുട്ടാവില്ല. മാത്രമല്ല, പെയിൻ ബാമിന്റെ സ്മെൽ എനിക്ക് അലർജിയാണ്. ഞാൻ വൊമിറ്റ് ചെയ്യും. 

എന്നിട്ടും സാഗർ പ്ളാറ്റ്ഫോമിലെ മെഡിക്കൽ സ്റ്റോറിൽപ്പോയി പെയ്ൻ ബാം വാങ്ങി. സ്മെൽ ഒഴിവാക്കാൻ സ്വന്തം ബാക്ക് പാക്കിൽ നിന്ന് പെർഫ്യൂം കുപ്പി എടുത്ത് രണ്ടും ചേർത്ത് ദേവികയുടെ കാലിൽ സ്പ്രേ ചെയ്തു. 

അതോടെ ദേവിക പറഞ്ഞു.. ഛേ.. ഇതിപ്പോൾ മുല്ലപ്പൂ ചാണകത്തിൽ വീണതുപോലെയായി !

അപ്പോഴേക്കും മേജർ ഹരി തിരിച്ചു വന്നു കഴിഞ്ഞു. അയാൾ പറ‍ഞ്ഞു.. ഞാൻ സ്റ്റേഷൻ മാസ്റ്ററുടെ റൂമിൽപ്പോയി. സിസി ടിവി ദൃശ്യങ്ങൾ ചെക്ക് ചെയ്തു. നിങ്ങൾ രണ്ടു പേരും ഇറങ്ങുന്നതിന്റെ വിഷ്വൽ ഉണ്ട്. ഇയാൾ ചവിട്ടുന്നതു കാണാൻ പറ്റില്ല. ക്യാമറകൾ ടോപ് ആംഗിളിലാണ് വച്ചിരിക്കുന്നത്. ഗ്രൗണ്ട് ലെവലിലെ വിഷ്വൽ കിട്ടില്ല. തള്ളിയിട്ടിരുന്നെങ്കിൽ കണ്ടെത്താമായിരുന്നു.

സാഗർ നിസ്സഹായനായി ചോദിച്ചു.. ഇനി എന്തു ചെയ്യും ?

മേജർ ഹരി പറഞ്ഞു.. രണ്ടു കാര്യങ്ങൾ ഉടനെ ചെയ്യണം. ഒന്ന് ഈ പെൺകുട്ടിയുടെ വീട്ടിൽ വിവരം അറിയിക്കണം. രണ്ട് മുരളി തുമ്മാരുകുടിക്ക് ഒരു മെയിൽ അയയ്ക്കണം.

ദേവിക പറഞ്ഞു.. യ്യോ.. ! വീട്ടിൽ അറിയിക്കാനോ.. എങ്കിൽ ഞാൻ ട്രെയിനിനു മുന്നിൽച്ചാടും. വീട്ടിൽ പറയാതെയാണ് ഇങ്ങോട്ടു വന്നത്.

മേജർ ഹരി പറഞ്ഞു.. വീട്ടിൽ അറിയിച്ചാലും സ്വന്തം ഐഡിന്റിറ്റി വെളിപ്പെടുത്താതിരിക്കുന്നാൽപ്പോരേ..?  വീട്ടുകാരോടു ട്രിനിറ്റി എന്നു പേരു പറഞ്ഞോളൂ. ജലന്ധറിലെ എന്റെ കാമുകിയുടെ പേരാണ്.  പിന്നെ മുരളി തുമ്മാരുകുടിയെ അറിയിച്ചാൽ അദ്ദേഹം ഉടൻ തന്നെ ഇതെപ്പറ്റി ഒരു പോസ്റ്റിടും. ട്രെയിനിൽ നിന്നിറങ്ങുമ്പോൾ വീഴാതെ കാലിൽ ചവിട്ടാനുള്ള വഴികൾ... !

സാഗർ ചോദിച്ചു.. വീട്ടിൽപ്പറയാതെ കുട്ടി എവിടെപ്പോവുന്നു?

ദേവിക പറഞ്ഞു.. ഗുരുവായൂർ‌ക്ക്. 

മേജർ ഹരി ഇടപെട്ടു.. എന്താ, കുട്ടിയുടെ വിവാഹമാണോ ?

ദേവിക പറഞ്ഞു.. എന്റെ ബോയ്ഫ്രണ്ടിന്റെ വിവാഹം. ഞാൻ ചെല്ലണമെന്ന് അവനു നിർബന്ധമാണ്. ഞാനുണ്ടെങ്കിൽ അവന് ഒരു സപ്പോർട്ടാണ്. 

മേജർക്കു സംശയം : ഇനി പെങ്ങളെപ്പോലെ കാണാമെന്ന് അയാൾ പറഞ്ഞോ  ?!

സാഗർ ചിരിച്ചു... സാർ, അതൊക്കെ പണ്ടത്തെ രീതിയാണ്. ഇപ്പോൾ ബ്രേക്ക് അപ്പിനു ശേഷം ആരും അങ്ങനെ ചെയ്യാറില്ല. ഒരാളെ സഹോദരിയാക്കുന്നത് സൈന്യത്തിൽ ചേരുന്നതുപോലെ വളരെ ഉത്തരവാദിത്തത്തോടെ എടുക്കേണ്ട തീരുമാനമാണ്. 

മേജർ ഹരി പറഞ്ഞു.. ഇതിൽ യുദ്ധത്തിനുള്ള ഒരു സാഹചര്യവുമില്ല. സൈന്യത്തിന്റെ ഇടപെടൽ ആവശ്യമില്ല. ഞാൻ ഗുരുവായൂർക്കു വരുന്നില്ല.

സാഗർ ദേവികയോടു ചോദിച്ചു..  ഞാൻ വരണോ ? 

ദേവിക പറഞ്ഞു.. വേണ്ട. സ്റ്റേഷന്റെ ഗേറ്റു വരെ ഒന്നു കൂടെ വന്നാൽ നന്നായി. എന്റെ കാലിനു നല്ല പെയ്നുണ്ട്. 

അവർ രണ്ടുപേരും ദേവികയുടെ ഇടത്തും വലത്തും നിന്നു. രണ്ടു തോളുകൾ അവളുടെ കൈകൾക്കു താങ്ങായി. അവർ ഒരു മനസ്സും മൂന്ന് ഉടലുകളുമായി പ്ളാറ്റ്ഫോമിലൂടെ നടക്കാൻ തുടങ്ങി.

സാഗർ ചോദിച്ചു.. ഗുരുവായുരിൽ വച്ച് കാലിന് എന്തു പറ്റിയെന്ന് പഴയ കാമുകൻ ചോദിച്ചാൽ എന്തു പറയും ?

ദേവിക പറഞ്ഞു..   ഒരുത്തനെ ചവിട്ടിയപ്പോൾ ഉളുക്കിയതാണെന്നു പറയും. 

ദേവികയെയും കയറ്റി ഓട്ടോ റയിൽവേ സ്റ്റേഷന്റെ ഗേറ്റു കടന്ന് തിരക്കിൽ മറഞ്ഞു.

മേജർ ഹരി പെട്ടിയും തൂക്കി നടന്നു പോകുന്നതുകണ്ട് സാഗർ പിന്നാലെ ഓടിച്ചെന്നു ചോദിച്ചു.. മേജർ സാബ്, നമ്മൾക്കു കൂടി പോയാലോ, ഗുരുവായൂർക്ക് ?

മേജർ ചിരിയോടെ പറഞ്ഞു.. വേണ്ട മോനേ, കല്യാണവും യുദ്ധവും ഒരുപോലെയാണ്. ആർക്കാണ് നഷ്ടം, ആർക്കാണു നേട്ടം എന്നു തിരിച്ചറിയാൻ വൈകും ! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ