ലവ് @ 140 KM

HIGHLIGHTS
  • എടാ രാഗവോ, ഇതിനു മുമ്പ് എത്ര പെൺപിള്ളേർ ഈ വീട്ടിൽ വന്നിട്ടുണ്ട് ?
  • ലോലിത ആദ്യമൊന്നു പതറി. പിന്നെ പറഞ്ഞു.. താങ്ക്യു..
love-story-of-lolitha-and-anurag
SHARE

വീട്ടിൽപ്പറയാതെയാണ് ലോലിത കൂട്ടുകാരന്റെ വീട്ടിലേക്കു പോന്നത്. 

നഗരത്തിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് അനുരാഗിന്റെ കൂടെ ബുള്ളറ്റിലെ യാത്ര സംഭവബഹുലമായിരുന്നു. 

മഴക്കാലമായിരുന്നു. ഒരു റെയിൻ കോട്ട് മാറി മാറി ഉപയോഗിച്ചതുകൊണ്ട് രണ്ടാളും നന്നായി നനഞ്ഞു. ഇടയ്ക്ക് ഒരിടത്തു നിന്നു കുടിച്ച ഫുൾ ജാർ സോഡ തണുത്ത കാറ്റടിച്ചപ്പോൾ തിരിച്ചടിച്ചു. 

അവൾ പറഞ്ഞു.. നിനക്ക് തണുപ്പുണ്ടെങ്കിൽ എന്നെയൊന്നു കെട്ടിപ്പിടിച്ചോ.. !

അനുരാഗ് അവളെ ലൂസായി ഒന്നു ഹഗ് ചെയ്തു. 

തട്ടുകടകളും റോഡരികിലെ സെൽഫികളുമൊക്കെയായി വൈകുന്നേരത്തോടെയാണ് രണ്ടാളും അനുരാഗിന്റെ തറവാട്ടിലെത്തിയത്. 

അവന്റെ വീട്ടിലെ ഗേറ്റിന്റെ മുകളിൽ രണ്ടു സിംഹങ്ങളുടെ പ്രതിമകളുണ്ടായിരുന്നു. 

അമ്മൂമ്മയുടെ അച്ഛൻ കാട്ടിൽ നിന്നു പിടിച്ചുകൊണ്ടു വന്ന് ഗേറ്റിന്റെ മുകളിൽ കാവൽ നിർത്തിയതാണെന്ന് അവൻ പറഞ്ഞു. 

അവളതു വിശ്വസിച്ചതായി ഭാവിച്ചു. സിംഹങ്ങൾക്ക് അതു കണ്ട് സന്തോഷമായി !

അനുരാഗിന്റെ അമ്മയും അച്ഛനും പൂച്ചയും പട്ടിയും പശുവും സൈക്കിളുമെല്ലാം പടിവരെ വന്ന് അവളെ സ്വീകരിച്ചു. 

ആട് രണ്ട് കുട്ടികളെ പ്രസവിച്ചതിന്റെ ആലസ്യത്തിൽ കൂട്ടിൽ നിന്നിറങ്ങാൻ കൂട്ടാക്കിയില്ല.  കോഴികൾ അയൽക്കൂട്ടത്തിൽ പങ്കെടുക്കുന്ന തിരക്കിലായിരുന്നു. 

മഴക്കാലമായിരുന്നു. നനഞ്ഞ അരഞ്ഞാണങ്ങൾ വെള്ളത്തിലേക്ക് ഊരിയിട്ട് കിണർ നിറവയറുമായി നിന്നു.  അവൾ കിണറ്റുവെള്ളത്തിൽ നന്നായി മുഖം കഴുകി.  കണ്ണിന് നല്ല കുളിർമ തോന്നി. 

ലോലിത ചെരിപ്പിടാതെ മുറ്റത്തിറമ്പിലൂടെ നടന്നു.  മഴയിൽ കുഴഞ്ഞ മണ്ണ് അവളുടെ പാദങ്ങളിൽ ഒരു പൂച്ചക്കുട്ടിയെപ്പോലെ ഇറുക്കിപ്പിടിച്ച് ഇക്കിളിയാക്കി.   

അനുരാഗിന്റെ അമ്മ ചോദിച്ചു.. ഈ കുട്ടി വെജാണോ, നോൺ വെജാണോ? 

ലോലിത പറഞ്ഞു.. മീനും ചിക്കനും കഴിക്കും. മുട്ട കഴിക്കില്ല. മുഖം നിറയെ പിംപിൾസ് വരും. 

ഈ പ്രായത്തിൽ മുഖക്കുരു കാണാൻ നല്ലതാണ്. ഒറ്റയക്കങ്ങളിൽ മുഖക്കുരു വരുന്നതും നക്ഷത്രങ്ങളെ കാണുന്നതും ഭാഗ്യമാണു കേട്ടോ.. ! എന്നായിരുന്നു അമ്മയുടെ മറുപടി.

ഒറ്റയക്കമെന്നു പറഞ്ഞത് അവൾക്കു പെട്ടെന്ന് മനസ്സിലായില്ല. അവൻ വിശദീകരിച്ചു.. ഒറ്റയക്കം എന്നുവച്ചാൽ ഓഡ് നമ്പർ.  ഒന്ന്, മൂന്ന്, അഞ്ച് അങ്ങനെ.. 

മുകളിലത്തെ നിലയിൽ അമ്മയും അച്ഛനും കിടക്കുന്ന മുറിയോടു ചേർന്നായിരുന്നു അവൾക്കു കിടക്കാനുള്ള മുറി. അനുരാഗ് താഴത്തെ നിലയിൽ, അതിഥികൾ വന്നാൽ വിശ്രമിക്കാൻ കൊടുക്കുന്ന മുറിയിലാണു കിടന്നത്.  പണ്ടെപ്പോഴോ ഹൗസ് വാമിങ്ങിനു സമ്മാനം കിട്ടിയ കുറെ കാസറോളുകൾ കവർ പൊട്ടിക്കാതെ ആ മുറിയിലെ കട്ടിലിൽ കൂട്ടി വച്ചിരുന്നു. അവ കട്ടിലിന്റെ ഒരു വശത്തേക്ക് ഒതുക്കി വച്ച് ബാക്കി വന്ന സ്ഥലത്ത് അവൻ അനുസരണയോടെ ചരിഞ്ഞു കിടന്നു. 

അത്ര പരിചിതമല്ലാത്ത ആ വീട്ടിലെ രാത്രിയിൽ ചുറ്റുമുള്ളതെല്ലാം പുതുമയുള്ളതാണെന്നു ലോലിതയ്ക്ക് തോന്നി. 

ഇരുട്ടിന് ഭയങ്കര കറുപ്പ്. സ്ട്രീറ്റ് ലൈറ്റുകളുടെയും അണയ്ക്കാത്ത ഗേറ്റ് ലാമ്പുകളുടെയും വാഹനങ്ങളുടെയും വെളിച്ചം ചേരുമ്പോൾ കടുപ്പംകുറഞ്ഞ ലൈം ടീയുടെ നിറമാണ് നഗരങ്ങളിലെ രാത്രികൾക്ക്.  നഗരങ്ങളിൽ എല്ലാം കടുപ്പം കുറഞ്ഞതാണെന്ന് അവൾക്കു തോന്നി. 

തൊട്ടടുത്ത മുറിയിൽ കിടക്കുന്ന അനുരാഗിന്റെ അച്ഛനും അമ്മയും എന്താണ് സംസാരിക്കുന്നത് എന്ന് അറിയാൻ അവൾ ചുമരിനോടു ചേർന്നു നിന്ന് ചെവിയോർത്തു. 

അവർ തന്നെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടാവുമോ ! കരിങ്കല്ലു കൊണ്ട് കെട്ടിയ ചുമരുകൾ അപ്പുറത്തു നടക്കുന്ന സംഭാഷണം ശബ്ദം കുറച്ച് അവളുടെ ചെവിയിലെത്തിച്ചു. 

അനുരാഗിന്റെ അമ്മ.. ഇത്രയും ദൂരം യാത്ര ചെയ്തിട്ടും രണ്ടാൾക്കും ഒരു ക്ഷീണവുമില്ല ! നമ്മുടെ മോൻ നന്നായി ബൈക്ക് ഓടിക്കും, അതുകൊണ്ടാ.. 

അച്ഛന്റെ മറുപടി..  ബുള്ളറ്റല്ലേ ബൈക്ക്. അതിന്റെയാണ്. പണ്ട് ഞാനും ബുള്ളറ്റാ ഓടിച്ചിരുന്നത് ! 

അമ്മയുടെ പ്രതികരണം.. അതൊന്നുമല്ല.. അവരുടെ പ്രായത്തിന്റെയാണ് ! 

ലോലിത ശബ്ദമുണ്ടാക്കാതെ ജനാല തുറന്നു. രാത്രിയിലെ മഴക്കാറിന്റെ പുതപ്പ് ഇടയ്ക്കിടെ കീറിയിരിക്കുന്നു. കീറലുകളിൽ അവിടവിടെ നക്ഷത്രങ്ങൾ. ഓഡ് നമ്പറാണോ എന്ന് അവൾ വെറുതെ എണ്ണാൻ തുടങ്ങി. 

തന്റെ മുഖം നിറയെ ഒറ്റയക്കങ്ങളിൽ ഇതുപോലെ മൊട്ടുകൾ വിടരുന്നത് അവൾ ആലോചിച്ചു. ആകാശത്തെ നക്ഷത്രങ്ങളെപ്പോലെ, മുല്ലച്ചെടിയിലെ പൂക്കളെപ്പോലെ നിറയെ നിറയെ! 

അനുരാഗിന്റെ അച്ഛനും അമ്മയും ഒട്ടും അപരിചിതരെപ്പോലെയല്ല തന്നോടു പെരുമാറിയതെന്ന് അവൾക്കു തോന്നി.  മകന്റെ ഒപ്പം ഒരു പെൺകുട്ടി വീട്ടിൽ വന്നതിന്റെ അസ്വസ്ഥതയോ അസ്വഭാവികതയോ ഔപചാരികതയോ അവരുടെ ചലനങ്ങളിലോ വാക്കുകളിലോ ലോലിത കണ്ടില്ല. 

അവൾ അന്നേരം തന്നെ അനുരാഗിനു ടെക്സ്റ്റ് ചെയ്തു.. എടാ രാഗവോ,  ഇതിനു മുമ്പ് എത്ര പെൺപിള്ളേർ ഈ വീട്ടിൽ വന്നിട്ടുണ്ട് ? 

അവന്റെ മറുപടി വന്നു.. മൂന്ന് 

അവൾ മറുപടി അയച്ചു.. അതും ഓഡ് നമ്പർ ! ഭാഗ്യമായി.. ! 

പിറ്റേന്നു രാവിലെ അനുരാഗ് ഉണരാൻ വൈകി. 

അവൻ പറഞ്ഞു.. അമ്മ പതിവില്ലാത്ത പോലെ പുറത്തു നിന്ന് കുറ്റിയിട്ടു. ഞാൻ കിടന്ന മുറിയിൽ വാഷ്റൂം പോലുമില്ല.  രാത്രിയിൽ പെട്ടുപോയി. 

എന്നിട്ടു നീ എന്തു ചെയ്തു ? 

അവൻ കൂളായി പറഞ്ഞു.. ജനൽ തുറന്നിട്ട് പുറത്തേക്ക് ഒഴിച്ചു. നല്ല മഴയായിരുന്നു. ആരും ശബ്ദം കേട്ടില്ല.. ! 

രാവിലെ അമ്പലത്തിൽ പോകണമെന്ന് പറഞ്ഞത് ലോലിതയാണ്. അതിനു വേണ്ടി അവൾ കസവുകരയുള്ള സെറ്റുമുണ്ടും ബ്ളൗസും അതിനു ചേരുന്ന മാലയും ബാക്ക്പാക്കിൽ കരുതി വച്ചിരുന്നു. 

കുളി കഴിഞ്ഞ് ഈറൻ പിന്നലിട്ട് സെറ്റുടുത്ത് സ്റ്റെയർ കേസ് ഇറങ്ങി വരുമ്പോൾ അനുരാഗിന്റെ അച്ഛൻ എതിരെ കയറി വന്നു. 

സ്റ്റെപ്പുകൾ കയറി തൊട്ടടുത്തു വന്നപ്പോൾ അദ്ദേഹം പറഞ്ഞു..  ക്യൂട്ട് ! 

ലോലിത ആദ്യമൊന്നു പതറി. പിന്നെ പറഞ്ഞു.. താങ്ക്യു.. 

അനുരാഗിന്റെ ഒപ്പം അമ്പലത്തിലേക്ക് ബൈക്കിൽപോകുമ്പോൾ തന്റെ സൗന്ദര്യത്തെക്കുറിച്ച് എപ്പോഴൊക്കെയോ കേട്ട കമന്റുകളെപ്പറ്റി അവൾ ആലോചിക്കാൻ തുടങ്ങി. 

ഏറ്റവും വെറൈറ്റിയുള്ളത് ഇന്റേണലിനു മാർക്കിടുന്ന സാറിന്റെ കമന്റായിരുന്നു... നീ മോളിക്യൂലാർ ബയോളജി പോലെ ബ്യൂട്ടിഫുളാണ് ! 

ആ കമന്റ് അന്ന് അവൾക്കു നന്നായി ഇഷ്ടപ്പെട്ടു. അതിൽ മൂന്നു ള ഉണ്ട് !

സിൽവർ ലൈൻ എന്ന ബസിലെ കണ്ടക്ടർ ചേട്ടൻ ഒരു കിളിയായിരുന്നു ! അയാൾ പെൺകുട്ടികൾക്കു കൊടുക്കുന്ന ടിക്കറ്റിൽ ഉമ്മ എന്ന് എഴുതിക്കൊടുക്കുമായിരുന്നു. കുറെ ഉമ്മകളായപ്പോൾ ലോലിത പ്രതികരിച്ചു. വളവെടുക്കുന്ന ബസിൽ മുല്ലവള്ളി പോലെ ബാലൻസ് ചെയ്തു നിന്ന് അയാൾ വിശദീകരിച്ചു..  ഞാനെഴുതിയത് രണ്ടുരൂപ എന്നാണ്. ഒന്നു വായിച്ചു നോക്കൂ, രണ്ട്, പൂജ്യം പൂജ്യം ! കറക്ടല്ലേ.. ! 

അവൾക്ക് ആ മറുപടിയും ഇഷ്ടപ്പെട്ടു.. 

അങ്ങനെ ആലോചിച്ച് ആലോചിച്ച്  അനുരാഗിന്റെ അച്ഛന്റെ കമന്റിൽ അവൾ എത്തി സ്റ്റക്കായി. പുള്ളി അങ്ങനെ പറയേണ്ടായിരുന്നു.  അത് ഒരു ഓഡ് നമ്പർ പോലെ അവൾക്കു തോന്നി. 

അമ്പലമുറ്റത്തു നിൽക്കെ അവൾ വെറുതെ അനുരാഗിനോടു ചോദിച്ചു.. ഇപ്പോൾ എന്റെ വേഷം എങ്ങനെയുണ്ട് ? 

അവൻ പറഞ്ഞു.. നല്ല സുന്ദരിയായിട്ടുണ്ട്. എന്റെ അമ്മ ചെറുപ്പത്തിലെ ഫോട്ടോകളിൽ ഇങ്ങനെയിരിക്കുമായിരുന്നു. 

അവരുടെ ഫാമിലി ഫോട്ടോയിലേക്കു താൻ കൂടി കയറി നിന്നാൽ വളരെ ക്യൂട്ടായിരിക്കുമെന്ന് അന്നേരം ലോലിതയ്ക്കു തോന്നി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA