വീണ മീട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

HIGHLIGHTS
  • ഞാനിന്നലെ ഫുൾ നേരം ഇയാളെത്തന്നെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു.
  • എന്റെ പിന്നാലെ നടക്കുന്നത് വേഗം നിർത്തിക്കോ..
penakathy-column-malini-teacher-and-veena
SHARE

വീണയുടെ അമ്മ മാലിനി കണക്കു ടീച്ചറാണ്. 

വീണ അരീപ്പറമ്പിലെ ശിവന്റമ്പലത്തിൽ ദീപാരാധന തൊഴാൻ വരുമ്പോഴുള്ള പ്രധാന തടസ്സം മാലിനി ടീച്ചർ കൂടെയുള്ളതാണ്. 

നാട്ടിലെ പയ്യന്മാരുടെ മനസ്സിലിരുപ്പിന്റെ അലോഗരിതം പുള്ളിക്കാരിക്കു കാണാപ്പാഠമാണ്.  ബ്ളാക്ക് ബോർഡിലെ അക്ഷരത്തെറ്റു പോലെ ഒറ്റ നോട്ടത്തിൽ മുഖത്തു നിന്നു വായിച്ചെടുക്കും അവർ !

നെയ്‍വിളക്കിനെ കാറ്റു വന്നു തൊട്ടുലയ്ക്കാതിരിക്കാനുള്ള മറ പോലെ മകളെ ആൺനോട്ടങ്ങളിൽ നിന്ന് പൊതിഞ്ഞു പിടിക്കും ആ അമ്മ..

എന്റെ യൗവന സങ്കൽപങ്ങളിൽ വീണയെന്ന പ്രീഡിഗ്രിക്കാരി പെൺകുട്ടി സത്യത്തിൽ ജീവനുള്ള ഒരു ജലഛായാചിത്രമോ,  സംഗീതമോ, കാറ്റലയോ, ചാറ്റൽ മഴയോ, മുയൽച്ചാട്ടമോ, പുതുവെള്ളപ്പാച്ചിലിലെ വെള്ളിമീൻചാട്ടമോ, സന്ധ്യയ്ക്കു വിരിഞ്ഞ മഴവില്ലോ, പുലരാൻ നേരത്തെ പൂമണമോ ഒക്കെയായിരുന്നു. 

അവൾ സ്കൂളിലും കോളജിലും കണ്ണുകൾക്കു പ്രതീക്ഷയും നിരാശയുമായിരുന്നു.

സ്കൂൾ കലോൽസവ വേദിയിൽ നിന്ന് അവൾ,  ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി എന്നൊക്കെയുള്ള കവിതകൾ ഈണത്തിൽ പാടുന്നതു കേൾക്കുമ്പോൾ സ്റ്റേജിന്റെ അരികിലെ നീലവിരിയിട്ട കർട്ടനിൽ ഊഞ്ഞാൽ കെട്ടിയാടാൻ തോന്നുമായിരുന്നു എനിക്ക്. പാടിത്തീർന്ന് അവൾ പോയിക്കഴിയുമ്പോഴുള്ള ശൂന്യതയിൽ അതേ കർട്ടനിൽ കെട്ടിത്തൂങ്ങിച്ചാകാനും തോന്നും. 

അമ്പലനടയിൽ അവൾ തൊട്ടു മുന്നിൽ നിൽക്കുമ്പോൾ അവൾക്കെത്ര മുടിയിഴകളുണ്ടെന്ന് എണ്ണി നോക്കി വട്ടായിട്ടുണ്ട്. ഓരോ ദിവസവും കിട്ടുന്നത് ഓരോ കണക്ക് ! അതെല്ലാം പരീക്ഷയിലെ ഉത്തരക്കടലാസിൽ ലസാഗു കണ്ടുപിടിക്കാനുള്ള ചോദ്യത്തിന് ഉത്തരമായി എഴുതി വച്ചിട്ടുണ്ട്. അതിന് ചില അധ്യാപകർ പാതിമാർക്കു തന്നിട്ടുമുണ്ട് !

മുടിയുടെ എണ്ണമല്ല, എന്റെ പ്രശ്നം. അവൾ എന്റെ മടിയിൽ ഉറങ്ങിക്കിടക്കുന്നു. ഞാൻ ഒരറ്റത്തുനിന്ന് അവളുടെ മുടിയുടെ കടലിലേക്കിറങ്ങുന്നു. വിരലുകൾ കൊണ്ട് മുടിയിഴകൾ എണ്ണാൻ തുടങ്ങുന്നു. തെറ്റുന്നു. മറുവശത്തൂടെ ഞാൻ വീണ്ടും കരിമുടിക്കടലിലേക്കിറങ്ങുന്നു. പിന്നെയും എണ്ണം തെറ്റുന്നു. ഇങ്ങനെ എണ്ണിത്തീർക്കാൻ എത്ര രാത്രികൾ ഉണർന്നിരിക്കേണ്ടി വരുമെന്ന് ഭ്രാന്തമായി ആലോചിക്കുന്നു. അതോർത്ത് ഉന്മാദിയായി ഞാൻ രാത്രിയിലെപ്പോഴോ വാതിൽ തുറന്ന് മുറ്റത്തിറമ്പിലേക്കു നടക്കുന്നു. മുറ്റത്തരികിലെ പച്ചമരത്തിൽ ഉറങ്ങാതിരുന്ന രാക്കുയിൽ  എന്റെ അവസ്ഥ കണ്ട് കൂവുന്നു.. കൂ.. കൂ... 

അതു കൂട്ടെന്നോ കൂടെന്നോ കൂടെയെന്നോ വ്യാഖ്യാനിച്ച് ഞാൻ കണ്ണടച്ച് അവളെ ധ്യാനിച്ചു നിൽക്കെ എന്റെ കൺപീലികളിൽ നിലാവിന്റെ ഭസ്മത്തരികൾ തണുതണെ വന്നു വീഴുന്നു. 

ദീപാരാധന നേരത്ത് അവൾ പ്രാർഥിച്ചു നിൽക്കുമ്പോൾ അടുത്തു ചെന്ന് നെറ്റിയിലെ ഭസ്മക്കുറിയിലെ അധികമുള്ള തരികൾ ഊതിക്കളയാൻ മോഹിച്ചിട്ടുണ്ട്.  എന്റെ മനസ്സു വായിച്ച് ദേഷ്യം പിടിച്ച് എന്നെ നോക്കുന്ന മാലിനി ടീച്ചറുടെ മുഖത്തേക്ക് ഇടംകൈയിൽ നിന്ന് ഒരുപിടി ഭസ്മം ഊതിപ്പറത്തണം. ആ പുകമറയിൽ ഓടിമറയണം.

ഇതൊന്നും കഴിയില്ല. കാരണം പ്രണയം മനുഷ്യനു പറ്റിയ സംഗതിയല്ല.

അതിനു ദൈവങ്ങൾക്കേ കഴിയൂ.

അവർക്ക് ആഗ്രഹിക്കുന്നത് അനായാസം നേടാൻ കഴിയും. 

പൂവാകാനും പൂമ്പാറ്റയാകാനും വീണയുടെ ചുണ്ടിലെ മുത്തമാവാനും അവർക്കു പറ്റും.  പ്രണയത്തിൽപ്പെട്ടാൽ മനുഷ്യന് ആകെ പറ്റുന്നത് വേട്ടമൃഗമാകാൻ മാത്രം !

പ്രണയത്തിനു പഠിക്കുന്നവർക്ക് ഏറ്റവും വലിയ തലവേദന മുരളിച്ചേട്ടന്മാരാണ്. 

അരീപ്പറമ്പിലെ മുരളിച്ചേട്ടൻ എന്നെക്കാൾ ആറേഴു വർഷം സീനിയറാണ്. പ്രണയത്തിൽ എക്സ്പീരിയൻസ്ഡാണ്. നിലീന ചേച്ചിയെ സംഭവബഹുലമായി പ്രണയിച്ചു വിവാഹം കഴിച്ചയാളാണ്. മൂകാംബികയിലെ കുങ്കുമം പതിവായി നെറ്റിയിൽ തൊടുന്നയാളാണ്.  എഴുത്തുകാരെല്ലാം കുങ്കുമം തൊടും. ലോഹിയേട്ടനും കൈതപ്രവും ആർ. കെ ദാമോദരനും  എംജി ശ്രീകുമാറും തൊടും. അതുകണ്ട് മുരളിച്ചേട്ടനും തൊടും. 

ഒരിക്കൽ അമ്പലത്തിൽ വന്നപ്പോൾ പുള്ളിക്കാരന്റെ കവിളിൽ നിറയെ കുങ്കുമപ്പാടം. 

എന്തു പറ്റി ?

മുരളിച്ചേട്ടൻ പറഞ്ഞു..  ഒന്നുമില്ല. കുങ്കുമം തൊട്ടുകൊടുമ്പോൾ നിലീന ഒന്നു തുമ്മി. ഞാനതു തുടച്ചു കളയുന്നില്ലെന്നു തീരുമാനിച്ചു. പ്രണയത്തിന് അടയാളങ്ങളും ശേഷിപ്പുകളും നല്ലതാണ്.

അവിടെയും തീർന്നില്ല. മുരളിച്ചേട്ടൻ ആ സംഭവം വിശദീകരിച്ചു. എന്നും നിലീന ചേച്ചി ആദ്യം നെറ്റിയിൽ കുങ്കുമം തൊടും. പിന്നെ മുരളിച്ചേട്ടന്റെ നെറ്റിയിലേക്കും പകരും.  

അതെങ്ങനെയെന്നു മാത്രം മുരളിച്ചേട്ടൻ പറഞ്ഞില്ല. 

പ്രണയകാലത്ത് കാണുന്നതും കേൾക്കുന്നതുമെല്ലാം ഇതുപോലെയുള്ള കാന്തങ്ങളെയാണ്. വലിച്ചടുപ്പിക്കുന്ന, ആകർഷിക്കുന്ന കാന്തങ്ങൾ, ചന്ദ്രകാന്തങ്ങൾ ! ആക്രാന്തങ്ങൾ !

മഴക്കാലം അരീപ്പറമ്പിൽ ചക്കയുടെ കാലമാണ്. ഉപ്പേരിക്കും തോരനും മെഴുക്കുവരട്ടിക്കും വരിക്കച്ചക്ക. പുഴുക്കിനും അടയ്ക്കും അപ്പത്തിനും കൂഴച്ചക്ക. തീയലിനും എരിശേരിക്കും ചകിണിത്തോരനും പച്ചച്ചക്ക.  

മാലിനി ടീച്ചറുടെ വീട്ടിൽ നിന്ന് ഒരിക്കൽ ചോറ്റുപാത്രത്തിൽ ചക്കപ്പുഴുക്കും കുരുമുളകു തീയലും കൊണ്ടു വന്നു. 

സ്റ്റീൽ ചോറ്റുപാത്രത്തിന്റെ വക്കോളം കുറുകിയിരിക്കുന്ന ചൂടു ചക്കപ്പുഴുക്ക് !  ആ ചോറ്റു പാത്രം അവളുടേതാണ്. അതിന്റെ വക്കിൽ ഇംഗ്ളീഷ് അക്ഷരങ്ങളിൽ വീണ എസ് എന്ന് പേരെഴുതിയിട്ടുണ്ട്. 

ഞാൻ ഈ ചോറ്റുപാത്രത്തിൽ നിന്നു കഴിച്ചോളാം. ചക്കപ്പുഴുക്കും മോരും തീയലും ചോറും ചേർത്ത് കുഴച്ചാൽ നല്ല രുചിയാണമ്മേ.. എന്നു ഞാൻ നിലപാട് സ്വീകരിച്ചു.

നിനക്കെന്താ ആ ചോറ്റുപാത്രത്തോട് ഇത്ര സ്നേഹം എന്ന് അമ്മ അർഥം വച്ചു ചോദിച്ചു.

ഞാൻ പുതിയ പ്ളേറ്റെടുത്താൽ അതു കൂടി അമ്മ കഴുകേണ്ടി വരുമല്ലോ, അല്ലെങ്കിൽത്തന്നെ അമ്മയ്ക്ക് ആവശ്യത്തിലധികം വീട്ടുജോലിയാ എന്നു ഞാൻ പറഞ്ഞതു കേട്ട് അമ്മ ചിരിച്ചു.

ചക്കപ്പുഴുക്കു കഴിച്ചു തീർത്ത് ഞാൻ അവളുടെ ചോറ്റുപാത്രം നിറയെ മോരുംവെള്ളവും കുടിച്ചു. അന്ന് ആദ്യമായി മോരുംവെള്ളം പനങ്കള്ളാണെന്ന ഭാവത്തിൽ എന്റെ തലയ്ക്കു പിടിച്ചു !

ഒന്നാം ഓണത്തിനും രണ്ടാം ഓണത്തിനും ഒരിക്കൽ കസവു സെറ്റുടുത്താണ് വീണ അരീപ്പറമ്പിലെ അമ്പലത്തിൽ വന്നത്.

സെറ്റുടുക്കാൻ പ്രായമായില്ല അവൾക്കെന്ന് ഓരോ ഓണക്കാലവും ഉറക്കെ വിളിച്ചു പറയുന്നുണ്ട്.  കസവു സെറ്റിനെക്കാൾ ഇളയതാണ് അവളുടെ പ്രായമെന്ന് അയഞ്ഞ പച്ച ബ്ളൗസുകൾ സാക്ഷ്യം പറയുന്നുണ്ട്. താമര മൊട്ടുകൾക്കു മുകളിൽ ഉണങ്ങാനിട്ട പട്ടുതുണി പോലെ പച്ച ബ്ളൗസുകൾ.

അവൾക്കു ചേരുന്നത് പഫ് വച്ച നീളൻ ബ്ളൗസും ഞൊറികളുള്ള പട്ടുപാവാടയുമാണ്. ഇക്കാര്യം അവളുടെ അമ്മ മാലിനി ടീച്ചറോടു പറഞ്ഞു കൊടുക്കണമെന്നു തോന്നിയിട്ടുണ്ട്. എന്തു ചെയ്യാം. ആരാധകരുടെ ശബ്ദങ്ങൾക്കു വിലയില്ലാത്ത ജനാധിപത്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. പ്രണയം കൂടുതൽ സ്വതന്ത്രമാകേണ്ട കാലമായി. 

തൊഴിൽ അല്ലെങ്കിൽ‌ ജയിൽ എന്ന മുദ്രാവാക്യങ്ങൾ‌ മാറ്റി പ്രണയം അല്ലെങ്കിൽ ജയിൽ എന്നാക്കേണ്ട കാലമായി.

ധനുമാസത്തിൽ അരീപ്പറമ്പിൽ ഉൽസവം കൊടിയേറും. തിരുവാതിരയ്ക്കാണ് ആറാട്ട്. ആറാട്ട് തിരിച്ചെത്തിയാലുടൻ വെടിക്കെട്ട്.

വെടിക്കെട്ടിനു തീ കൊളുത്തിയതു മുതൽ രണ്ടു ചെവിയും പൊത്തി നിൽക്കുകയാണ് അവൾ.

പിറ്റേന്ന്, ഉൽസവം കഴിഞ്ഞ് ആനകൾ തിരിച്ചു പോയ ശൂന്യതയിൽ അവളെ അമ്പലത്തിൽ തനിച്ചുകണ്ടപ്പോൾ ചോദിച്ചു.. ടീച്ചറെവിടെ?

വീണ പറഞ്ഞു.. വീട്ടിലുണ്ട്. വിളിക്കണോ ?

ഞാൻ പറഞ്ഞു.. വേണ്ട. മാത്ത്സ് എനിക്ക് ഒട്ടും ഇഷ്ടമല്ല. ഇയാൾക്കു വെടിക്കെട്ട് ഇത്രയും പേടിയാണോ ?

അവൾ ചോദിച്ചു.. എങ്ങനെ മനസ്സിലായി?

ഞാനിന്നലെ ഫുൾ നേരം ഇയാളെത്തന്നെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു. 

ഫുൾ നേരം ശ്രദ്ധിക്കാൻ ഞാനെന്താ കമ്പിത്തിരിയാണോ ?

ഞാനൊന്നും മിണ്ടിയില്ല. അവൾ‌ വീണ്ടും മിണ്ടി..  എനിക്കു പേടിയൊന്നുമില്ല. അമ്മയ്ക്കാണ് പേടി. 

മാലിനി ടീച്ചർക്ക് പേടിയുള്ള ഒരു വസ്തുവെങ്കിലും ഈ ലോകത്ത് ഉണ്ടല്ലോ എന്നു കേട്ട് എനിക്കു സന്തോഷം തോന്നി. 

വീണ ചോദിച്ചു.. എന്റെ അമ്മയുടെ അടി കിട്ടിയിട്ടുണ്ടോ ?

ഞാൻ പറ‍ഞ്ഞു.. ഇല്ല. 

എങ്കിൽ എന്റെ പിന്നാലെ നടക്കുന്നത് വേഗം നിർത്തിക്കോ.. ഇല്ലെങ്കിൽ ഞാൻ അമ്മയോടു പറഞ്ഞു കൊടുക്കും എന്നു പറഞ്ഞ് അവൾ വേഗം കുറച്ച് എന്റെ മുന്നിലൂടെ നടന്നു.  അവൾ കാൽ തൊടുന്നിടത്തെല്ലാം മന്ദാരപ്പൂക്കൾ വിടരുന്നതു ഞാൻ കണ്ടു വിസ്മയിച്ചു. അതേ പൂക്കളിൽ മാത്രം ചവിട്ടി ചവിട്ടി ഞാൻ അവളുടെ പിന്നാലെ നടപ്പു തുടർന്നു.

അവൾ ടീച്ചറോട് ഒരിക്കലും പറയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ