അച്ഛൻ – മകൻ ഒരു പ്രണയസംവാദം

HIGHLIGHTS
  • സൂര്യനാണ് ലോകത്തെ ഏറ്റവും പ്രാക്ടിക്കലായ അച്ഛൻ.
  • കാമുകിയും ഭാര്യയും തമ്മിലുള്ള വ്യത്യാസം എന്താണ് അച്ഛാ.. ?
penakathi-father-son-love-conversation
SHARE

ഹരിശങ്കർ എന്ന അച്ഛനും ആദിത്യ ശങ്കർ എന്ന മകനും സ്കൂട്ടറിൽ ലുലുമാളിൽ പോകുമ്പോൾ...

തൊട്ടു മുന്നിൽ സ്കൂട്ടിയിൽ ഒരു പെൺകുട്ടി.  ചെറിയ കാറ്റിൽ ഒരു അപ്പൂപ്പൻ താടി പോലെ എംജി റോഡിലൂടെ അവൾ ഒഴുകുകയാണ്..

ഹരിശങ്കർ ബൈക്കിന്റെ വേഗം കുറച്ചു... അവൾ മുന്നിൽ പോകട്ടെ.. മാളിൽ അൽപം വൈകിച്ചെന്നാലും കുഴപ്പമില്ല.

ആദിത്യൻ ആലോചിച്ചു..  സെന്റ് തെരേസാസോ മാർ ഈവാനിയോസോ.. അതോ ഗാർഗി ടെക്നോളജീസോ.. എന്തായാലും ഇവളെ ഫോളോ ചെയ്യാം..

കുറച്ചു ദൂരം കൂടി അതേ പോലെ പോയപ്പോൾ ആദിത്യൻ ചോദിച്ചു.. എന്താ അച്ഛാ ഇത്രയും സ്ളോ ആയിട്ടു പോകുന്നത് ?

ഹരിശങ്കറുടെ മറുപടി.. നീയെന്താ അങ്ങനെ ചോദിക്കാൻ കാരണം ?

ആദിത്യൻ പറഞ്ഞു.. ഒന്നുമില്ല. വെറുതെ..

പെൺകുട്ടിയും സ്കൂട്ടറും കൃഷ്ണമേനോൻ റോഡിലേക്കു തിരിഞ്ഞു. എംജി റോഡ് വീണ്ടും പഴയതുപോലെയായി. ശ്വാസകോശ രോഗം ബാധിച്ച ഓട്ടോകളുടെ ചുമ, സ്വകാര്യ ബസുകളുടെ മരണവെപ്രാളം, ടിപ്പർ ലോറികളുടെ ഇരതേടിപ്പാച്ചിൽ, ആംബുലൻസുകളുടെ അന്ത്യശ്വാസം ! ഇതിനിടയിലൂടെ ഹരിശങ്കർ വീണ്ടും വാഹനം പറപ്പിക്കാൻ തുടങ്ങി. 

ആയിരം കണ്ണാടികളിൽ മുഖം നോക്കുന്ന ലുലുമാൾ !

തിരക്കിനിടയിലൂടെ അലയുമ്പോൾ ഹരിശങ്കർ മകനോടു ചോദിച്ചു.. നിനക്ക് എന്തൊക്കെയാണ് വാങ്ങാനുള്ളത് ?

ആദിത്യൻ പറഞ്ഞു.. മുഖക്കുരുവിനുള്ള ക്രീം, സ്പോർട്സ് ഷൂ, ബോഡി ലോഷൻ, ഹൈദരാബാദി ബിരിയാണി.. പിന്നെ നെറ്റിയിൽ ഒട്ടിക്കുന്ന ബിന്ദി..

ഹരിശങ്കർ ചോദിച്ചു.. മുഖക്കുരുവിനുള്ള ക്രീം ആർക്കാണ് ?

ആദിത്യൻ പറഞ്ഞു.. എന്റെ മുഖം നിറയെ പിംപിൾസ് വരുന്നുണ്ട്. കണ്ടില്ലേ.. ?

ഹരിശങ്കർ പറഞ്ഞു.. അതൊക്കെ ഈ പ്രായത്തിന്റെയാണ്. എനിക്കും പണ്ട് വന്നിട്ടുണ്ട്. അന്നേരം കണ്ണാടി നോക്കിയിട്ട് ഞാനൊരു കവിതയെഴുതി.. പിമ്പിൾ.. പിമ്പിൾ ലിറ്റിൽ സ്റ്റാർ..  ഒട്ടിക്കുന്ന ബിന്ദി ആർക്കുവേണ്ടിയാ ?

ആദിത്യൻ പറ‍ഞ്ഞു.. ഒരു ഫ്രണ്ടിന്..

ഹരിശങ്കറിന് ആകാംക്ഷ പെരുകി.. പേരില്ലേ ?

അവൻ പറഞ്ഞു.. പേരുണ്ട്, ആരാധിക.

ഹരിശങ്കർ മൂളിപ്പാട്ടിലൂടെ നടന്നുകൊണ്ടു ചോദിച്ചു.... ആരാധികേ.. മഞ്ഞുരുകും വഴിയരികിൽ.. നാളേറെയായി.. ആ പാട്ടിൽ നിന്ന് നീ കുറുക്കിയെടുത്ത കള്ളപ്പേരല്ലേ അത് ?

മകൻ ചിരിച്ചു.. എങ്ങനെ മനസ്സിലായി ?

ആ കമന്റ് മൈൻഡ് ചെയ്യാതെ ഹരിശങ്കർ ചോദിച്ചു.. റെഡും ബ്ളാക്കും ഏതു കാലത്തും പെൺകുട്ടികൾക്കു മാച്ചാണ്. എന്നാലും നീയെന്തിനാ അവളുടെ പേരു മാറ്റിപ്പറഞ്ഞത് ?

ആദിത്യൻ പറഞ്ഞു.. ശരിക്കുള്ള പേര് പറഞ്ഞാലുടനെ അത് അമ്മയറിയും. നിങ്ങൾ രണ്ടാളും കൂടി എന്റെ ഫെയ്സ്ബുക്കിൽ കയറി ഫെയ്സസ് സേർച്ച് ചെയ്യും. എന്തിനാ വെറുതെ..? 

ഹരിശങ്കർ ചോദിച്ചു.. ആരാധിക കാണാൻ എങ്ങനെ?

കാവിലെ ഭഗവതിയെപ്പോലെ..

അമ്മയെക്കാൾ സ്മാർട്ടാണോ?

അത്രയും ക്യൂട്ട് അല്ല. പക്ഷേ മോഡേൺ ആണ്.  ഗ്രാഫിക്സ് ചെയ്യാൻ എന്നെ ഹെൽപ് ചെയ്യും. ഞാൻ അവൾക്ക് ബോയ്സിന്റെ കന്റീനിൽ നിന്ന് ജ്യൂസ് വാങ്ങിക്കൊടുക്കും. 

ഹരിശങ്കർ ചോദിച്ചു.. അതെന്താ, ജെൻഡർ ഇക്വാളിറ്റിയാണോ?

ആദിത്യൻ പറഞ്ഞു.. ഗേൾസിന്റെ ഹോസ്റ്റലിലെ ജ്യൂസ് ഉണ്ടാക്കുന്ന ബംഗാളികൾ കൈ കഴുകാറേയില്ല. 

ചുവന്ന പൊട്ടു സെലക്ട് ചെയ്യുന്നതിനിടെ ഒരെണ്ണം ആദിത്യൻ സ്വന്തം നെറ്റിയിൽ ഒട്ടിച്ചിട്ട് കണ്ണാടിക്കു മുന്നിൽ നിന്ന് പെണ്ണായി അഭിനയിച്ചു നോക്കി. എന്നിട്ടു ചോദിച്ചു.. ഞാൻ ഒരു പെൺകുട്ടിയെ പ്രേമിക്കുന്നതിനെപ്പറ്റി അച്ഛന്റെ അഭിപ്രായമെന്താണ് ?

ഹരിശങ്കർ പറഞ്ഞു.. കേൾക്കുമ്പോൾത്തന്നെ എനിക്ക് എതിർക്കാൻ തോന്നുന്നുണ്ട്.

അത് അച്ഛന്റെ കുശുമ്പല്ലേ.. ?

ഹരിശങ്കർ സമ്മതിച്ചു.. ആണെങ്കിൽ.. 

ആദിത്യൻ ചിരിച്ചു.. എങ്കിൽ മകനെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. 

അച്ഛനെന്ന നിലയിൽ എന്നിൽ നിന്ന് എന്തൊക്കെയാണ് നീ പ്രതീക്ഷിക്കുന്നത് എന്നായി ഹരിശങ്കറുടെ ചോദ്യം.

നനയാൻ ഇഷ്ടമില്ലാത്ത മഴകൾ പെയ്യുമ്പോൾ മാത്രം അച്ഛൻ‌ എനിക്കു കുടയാവണം. നടക്കാൻ ഇഷ്ടമില്ലാത്ത വഴികളിൽ അച്ഛൻ എനിക്കു പ്രിയപ്പെട്ട സൈക്കിൾ ആവണം.

എല്ലാ സമയവും എന്റെ മുന്നിൽ വന്നു നിൽക്കരുത്. സൂര്യനെപ്പോലെ ദൂരെ നിന്ന് എന്നെ നോക്കിക്കോളൂ. സൂര്യനാണ് ലോകത്തെ ഏറ്റവും പ്രാക്ടിക്കലായ അച്ഛൻ. 

ഹരിശങ്കർ ആ ഉത്തരം കേട്ടു ചിരിച്ചു. 

ആദിത്യൻ ചോദിച്ചു.. കാമുകിയും ഭാര്യയും തമ്മിലുള്ള വ്യത്യാസം എന്താണ് അച്ഛാ.. ?

ഹരിശങ്കർ പറഞ്ഞു.. ഞാൻ തുറന്നു പറയട്ടേ..

ആദിത്യൻ പറഞ്ഞു.. പറഞ്ഞില്ലെങ്കിൽ ഞാൻ ഗൂഗിളിൽ സേർച്ച് ചെയ്യും. 

ഹരിശങ്കർ പറഞ്ഞു.. വ്രതം നോൽക്കുമ്പോൾ ഭാര്യ നിനക്ക് വെജിറ്റേറിയൻ ഭക്ഷണമായി മാറണം. വ്രതമില്ലാത്ത കാലത്ത് നോൺവെജുമാകും. അല്ലെങ്കിൽ നീ അവളോടു വഴക്കിടും. കാമുകി എങ്ങനെയായാലും കുഴപ്പമില്ല. നീ അതനുസരിച്ച് മാറിക്കോളും. 

ആദിത്യൻ‌ ചോദിച്ചു.. അച്ഛൻ എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് ?

നീ എന്നെ ഓരോ ദിവസവും കൂടുതൽ ചെറുപ്പമാക്കണം. നിന്റെ സാമീപ്യം എന്നെ ജീവിതത്തോടു മോഹമുള്ള ആളാക്കണം. പെരുന്തച്ചന്റെ മകൻ ചെയ്തതുപോലെ പരസ്യമായി എന്റെ മുഖത്തടിക്കരുത്. 

ഒട്ടിപ്പോ ബിന്ദി സെലക്ട് ചെയ്യാൻ ഹരിശങ്കറും കൂടി... ഇത് നല്ലതാ.. ഓവൽ ഷേപ്പുണ്ട്.

ആദിത്യൻ രണ്ടു ഡിസൈനും വാങ്ങി. എന്നിട്ടു പറഞ്ഞു.. അച്ഛൻ സെലക്ട് ചെയ്ത ബിന്ദി ആദ്യം അവൾക്കു കൊടുക്കാം. പിന്നെയേ ഞാൻ സെലക്ട് ചെയ്തതു കൊടുക്കൂ കേട്ടോ..

ഹരിശങ്കറിനു സന്തോഷം തോന്നി. അയാൾ വിചാരിച്ചു. ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വസ്തുക്കൾ തിരഞ്ഞെടുക്കാൻ തനിക്കു കഴിയുന്നുണ്ട്. ഠമാർ, പടാർ !

ആദിത്യൻ പറഞ്ഞു.. ആദ്യം കൊടുക്കുന്നതിന് അവൾ ആയിരം കുറ്റം കണ്ടു പിടിക്കും. ഞാൻ സെലക്ട് ചെയ്തത് അതു കഴിഞ്ഞു കൊടുക്കാം. അതല്ലേ അച്ഛാ ഐഡിയ !

ഹരിശങ്കർ ചിരിച്ചു... ഇതിപ്പോൾ രണ്ടും നീ സെലക്ട് ചെയ്തതാണെന്നല്ലേ അവൾ കരുതൂ.. അവൾ ഇഷ്ടപ്പെടുന്ന ഒരേയൊരെണ്ണം ഇതിൽ നിന്നു നിനക്കു കണ്ടു പിടിക്കാമോ? അതാണു മകനേ ഐഡിയ !

ആദിത്യൻ മടിച്ചു മടിച്ചു ചോദിച്ചു..  അച്ഛാ, പഴയ ലവ് ലെറ്ററുകൾ‌ എന്തെങ്കിലും സൂക്ഷിച്ചു വച്ചിട്ടുണ്ടോ ? വെറുതെ വായിച്ചു നോക്കാനാണ്. 

അമ്മയോടു പറയില്ലെങ്കിൽ തരാം എന്നു പറയണോ എന്ന് ആലോചിച്ച് ഹരിശങ്കർ ഒരു നിമിഷം മിണ്ടാതെ നിന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA