അച്ഛനും മകള്‍ക്കും ഇടയില്‍ ഒരാൾ..

HIGHLIGHTS
  • എന്നോടു ചോദിച്ചിട്ട് പ്രണയിക്കാമായിരുന്നില്ലേ നിനക്ക്.
  • നീ ഇവനെ വിളിച്ചു വരുത്തിയതാണോ?
penakathy-aambal-and-her-father
SHARE

മകൾ പ്രണയത്തിലാണെന്നറിയുമ്പോൾ ഒരു അച്ഛന്റെ പെട്ടെന്നുള്ള പ്രതികരണം മൂന്നു ഭാഗങ്ങളായി തിരിക്കാം.

അതു വേണ്ടായിരുന്നു.

എന്നോടു ചോദിച്ചിട്ട് പ്രണയിക്കാമായിരുന്നില്ലേ നിനക്ക്.

നിന്റെ ഈ കള്ളത്തരം നേരത്തെ കണ്ടു പിടിക്കാൻ എനിക്കു പറ്റിയില്ലല്ലോ. 

ഇതേ മട്ടിൽ‌ത്തന്നെയായിരുന്നു ആമ്പലിനോട് അവളുടെ അച്ഛൻ രമേശന്റെ പ്രതികരണവും.

പുരോഗമന സാംസ്കാരിക സംഘത്തിന്റെ പ്രവർത്തകൻ കൂടിയാണ് സർക്കാർ ജീവനക്കാരനായ രമേശൻ കുന്നുമ്മൽ. ഏക മകൾ ആമ്പൽ രമേശ്.

സജീവമായ ഈശ്വരവിശ്വാസിയല്ലെങ്കിലും രമേശൻ ശബരിമലയ്ക്ക് പോകാറുണ്ട്. കഴിഞ്ഞ മണ്ഡലക്കാലത്തു മാത്രം പോയില്ല.

മകളും  ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ് അവളെ ഒരു മുറിയിലിട്ട് വാതിലടച്ച് പുറത്ത് വാലിനു തീപിടിച്ച പൂച്ചയെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരിക്കുകയാണ് രമേശൻ കുന്നുമ്മൽ.  

മകളുടെ ഫോണിൽ നിന്ന് ഉമ്മ എന്നൊരു ഇംഗ്ളീഷ് സന്ദേശം മൂന്നു തവണ അബദ്ധത്തിൽ രമേശന്റെ ഫോണിലേക്ക് ഫോർവേഡ് ചെയ്യപ്പെട്ടതോടെയാണ് സംഭവങ്ങൾക്കു തുടക്കം. 

ആമ്പലിന്റെ അമ്മ രശ്മി ആ സമയത്ത് വീട്ടിലില്ല. കാർഷിക വികസന ബാങ്കിൽ മാനേജരായ അവർ മഴക്കാലത്തെ കൃഷിപ്പണികളും നെതർലാൻഡിന്റെ കാർഷിക സംസ്കാരവും തമ്മിൽ എന്ന വിഷയത്തെപ്പറ്റി  കൃഷിമന്ത്രി വിളിച്ച ചർച്ചയ്ക്കായി തിരുവന്തപുരത്താണ്. 

ഇത് നീ ആർക്ക് അയച്ചു കൊടുത്തതാണ് എന്നു രമേശൻ പലതവണ ചോദിച്ചെങ്കിലും  ആമ്പൽ ഒന്നും മിണ്ടാതെ കൂമ്പി നിൽക്കുകയാണ്. രമേശനാകട്ടെ സൂര്യനെപ്പോലെ തിളയ്ക്കുന്നു. 

ചോദ്യങ്ങൾക്ക് എതിർത്തു പറയുന്നതിനെക്കാൾ രമേശനെ ദേഷ്യം പിടിക്കുന്നത് ഒന്നും മിണ്ടാതിരിക്കുന്നതാണ്.  പുരോഗമന സംഘത്തിന്റെ പ്രാദേശിക ഭാരവാഹി എന്ന നിലയിൽ എതിർ സ്വരങ്ങൾ അയാളെ അത്ര ദേഷ്യം പിടിപ്പിക്കാറില്ല. മകൾ എതിർക്കുന്നതായിരുന്നു നിസ്സഹകരിക്കുന്നതിനെക്കാൾ നല്ലത്.  നിസ്സഹകരിക്കുമ്പോൾ മറുവശത്തെ ആളെ നിസ്സാരവൽക്കരിക്കുകയും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്ന നിഷേധ നിലപാട് പരസ്യമാക്കുകയും ചെയ്യും. അമേരിക്കയുടെ ചില നയപരിപാടികളെപ്പറ്റി കേരളം പുലർത്തുന്ന വിമർശനാത്മക പ്രതികരണ സമീപനമാണ് രമേശന് പഥ്യം.

എത്ര ചോദിച്ചിട്ടും പിന്നെയും ആമ്പൽ മിണ്ടാതിരുന്നപ്പോൾ രമേശന് ദേഷ്യം അടക്കാനായില്ല. അയാൾ ഒരു തവണ ഖസാക്കിന്റെ ഇതിഹാസം കൊണ്ട് മകളെ എറിയുകയും ആടുജീവിതം കൊണ്ട് അടുത്തു ചെന്ന് അവളുടെ തലയിൽ രണ്ടു തവണ ശക്തിയിൽ അടിക്കുകയും ചെയ്തു. 

രമേശൻ ഇടയ്ക്കിടെ വായിക്കുന്ന നാലഞ്ച് പുസ്തകങ്ങളിൽ ഇവ രണ്ടും ഉൾപ്പെടും. അതുകൊണ്ടു തന്നെ എപ്പോഴും അവ അയാളുടെ കൈയകലത്തിൽ ഉണ്ടാകാറുണ്ട്. 

ആമ്പൽ അത് ഒട്ടും പ്രതീക്ഷിച്ചതല്ല. രമേശൻ പൊതുവേ സ്ത്രീകളെയും പെൺകുട്ടികളെയും ബഹുമാനിക്കുന്നയാളാണ്. രഥരഥ്യ എന്ന മാസികയിൽ കഴിഞ്ഞ ലക്കത്തിൽ അയാൾ എഴുതിയ ലേഖനം ഗ്രേറ്റ ട്യൂൻബർഗുകളേ കേരളത്തിൽ ജനിക്കൂ എന്നതായിരുന്നു. അങ്ങനെയുള്ള അച്ഛനിൽ നിന്ന് ആമ്പൽ ഈ സമീപനം തെല്ലും പ്രതീക്ഷിച്ചില്ല. അവൾ കരയാൻ തുടങ്ങി. വലിയ ശബ്ദത്തിൽ ആമ്പൽ കരയുകയാണ്.

രമേശനാകട്ടെ അവളെ ആശ്വസിപ്പിക്കുന്നതിനെക്കാൾ സ്വയം മുറിവേൽപ്പിക്കാനാണ് തോന്നിയത്. അയാൾ നാലോ അഞ്ചോ മുടിയിഴകൾ സ്വയം വലിച്ചു പറിക്കുകയും വലിയ തലവേദന എന്ന ഭാവത്തിൽ മുറിക്കുള്ളിലൂടെ കുറുകെയും നെടുകയും നടക്കുകയും ചെയ്യാൻ തുടങ്ങി.  കീ കൊടുത്ത കരടിപ്പാവയെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയി‍ൽ ഇടയ്ക്കൊരു തവണ അയാൾ തെറ്റി ഭിത്തിയിൽ ചെന്ന് ഇടിക്കുകയും ചെയ്തു. അതൊന്നും അയാൾ അറിയുന്നതേയില്ല.

ചോദിച്ചാൽ നിനക്കൊന്നു പറഞ്ഞാലെന്താ ? ഇത്ര അഹങ്കാരം പാടില്ല. ഇതൊന്നും ഞാൻ അനുവദിക്കാൻ പോകുന്നില്ല. എന്തായിത് വെള്ളരിക്കാപ്പട്ടണമോ എന്നൊക്കെ രമേശൻ വിളിച്ചു പറയുന്നുമുണ്ട്.

ആമ്പലിനെ അച്ഛൻ ഒരിക്കൽക്കൂടി തല്ലിയേക്കുമെന്ന ഒരു പിരിമുറുക്കം വീടിനുള്ളിൽ നിറഞ്ഞ അതേ സമയത്ത് കോളിങ് ബെൽ അടിച്ചു. 

ഒരു നിമിഷം സംശയിച്ചു നിന്നിട്ട് വേഗം രമേശൻ പോയി മുൻവാതിൽ തുറന്നു. 

ഒരു കൈയിൽ ഹെൽമറ്റും മറ്റെ കൈയിൽ മൊബൈൽ ഫോണുമായി ഒരു ചെറുപ്പക്കാരൻ വാതിലിനു തൊട്ടുമുന്നിൽ നിൽക്കുന്നു. ഓടി വന്ന ബൈക്കിന്റെ അക്ഷമ പോലെ അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു. 

രമേശൻ ചോദിച്ചു.. ആരാണ് ?

ഇനി ആമ്പലിനെ തല്ലരുത്... അതായിരുന്നു ആ ചെറുപ്പക്കാരന്റെ പെട്ടെന്നുള്ള മറുപടി.

ഓ അതുശരി. അപ്പോൾ താനാണല്ലേ ആ കഥാപാത്രം. ഇത്ര പെട്ടെന്നു വരുമെന്ന് കരുതിയില്ല. കയറി വരൂ, ഇരിക്കൂ.. എന്നൊക്കെ തെല്ല് പരിഹാസരൂപേണ രമേശൻ പറഞ്ഞു. അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഇത്ര പെട്ടെന്ന് ഇങ്ങനെയൊരാൾ രംഗത്തു വരുമെന്ന് രമേശൻ തീരെ പ്രതീക്ഷിച്ചതേയില്ല. അതിന്റെ അമ്പരപ്പോടെ അയാൾ ആമ്പലിന്റെ നേരെ നോക്കി.  അവളാകട്ടെ പ്രത്യേകിച്ച് ഞെട്ടലൊന്നുമില്ലാതെ നിൽക്കുകയാണ്. 

കയറി വന്ന ചെറുപ്പക്കാരനെ ആമ്പലിന് നന്നായി അറിയാമെന്ന് രമേശനു മനസ്സിലായി.  ഇങ്ങനെയൊരു സാഹചര്യത്തിൽ കയറി വരേണ്ടത് ഈ ചെറുപ്പക്കാരന്റെ ഉത്തരവാദിത്തമാണ് എന്ന ഒരു ഭാവം കൂടി ആമ്പലിന്റെ ഇതളുകളിലുണ്ടോയെന്ന് രമേശനു സംശയം തോന്നി.

രമേശൻ ആ ചെറുപ്പക്കാരനോടു പറഞ്ഞു.. എന്റെ മകളാണ് ആമ്പൽ. അവളുടെ കാര്യത്തിൽ ഇടപെടാൻ നിനക്കെന്താ അധികാരം ?

പയ്യൻ വളരെ കൂളായിരുന്നു. അവൻ പറഞ്ഞു.. നിങ്ങളുടെ മകളാണെങ്കിലും അവളെപ്പറ്റി നിങ്ങളെക്കാൾ കൂടുതൽ അറിയാവുന്നത് ഇപ്പോൾ എനിക്കാണ്. നിങ്ങളോടു സംസാരിക്കുന്നതിലും കൂടുതൽ അവൾ ഇപ്പോൾ എന്നോടു സംസാരിക്കുന്നുണ്ട്. 

രമേശൻ ഒന്നു പതുങ്ങി. അയാൾ മകളോടു ചോദിച്ചു.. നീ ഇവനെ വിളിച്ചു വരുത്തിയതാണോ?

മകൾ ഒന്നും മിണ്ടുന്നില്ല. ആ ചെറുപ്പക്കാരനാണ് മറുപടി പറഞ്ഞത്.. അല്ല. പക്ഷേ ഈ സമയത്ത് ഞാൻ വരണമെന്ന് ആമ്പൽ ആഗ്രഹിച്ചിരുന്നു. അത് അവളുടെ മുഖത്തു നിന്ന് എനിക്ക വായിച്ചെടുക്കാം. അതുകൊണ്ടു തന്നെയാണ് ഞാൻ വന്നത്.  നിങ്ങൾ അവളെ വഴക്കു പറഞ്ഞോളൂ. പക്ഷേ ശരീരവും മനസ്സും വേദനിപ്പിക്കരുത്.

രമേശൻ ചോദിച്ചു.. എങ്ങനെയാണ് ഈ വീട് കൃത്യമായി കണ്ടു പിടിച്ചത്. ഇവിടെ നേരത്തെ വന്നിട്ടുണ്ടോ ?

പയ്യൻ പറഞ്ഞു..  ഞാൻ കടവന്ത്രയിൽ ഊബറിന്റെ സെയിൽസ്മാനാണ്. എനിക്ക് ഒരു വീടു കണ്ടുപിടിക്കാൻ എത്ര എളുപ്പം പറ്റുമെന്ന് ഇനി പറയണോ?

രമേശൻ ചോദിച്ചു.. നീ എന്തിനാണ് വന്നത് ? ഇവളെ വിളിച്ചു കൊണ്ടുപോകാനാണോ ? 

ഞാൻ രണ്ടു ഹെൽമെറ്റുകളുമായിത്തന്നെയാണ് ഞാൻ ബൈക്കിൽ വന്നത്. എപ്പോൾ വേണമെങ്കിലും വിളിച്ചു കൊണ്ടുപോകാനും പറ്റും. പക്ഷേ ഇപ്പോളില്ല. എന്നെ സ്നേഹിക്കുന്നതിനെക്കാൾ കൂടുതൽ ആമ്പൽ നിങ്ങളെ സ്നേഹിക്കുന്നുണ്ട്. ഇപ്പോൾ നമ്മൾ ഒരു സീനുണ്ടാക്കിയാൽ അതു നഷ്ടപ്പെടും. 

ആമ്പൽ വിളിച്ചതല്ലെന്നും കൊച്ചിയിൽ നിന്ന് 45 മിനിറ്റുകൊണ്ടാണ് ബൈക്കോടിച്ച് കോട്ടയം വരെ എത്തിയതെന്നും ആമ്പലിന്റെ അമ്മ അവിടെയില്ലെന്ന് അറിയാമെന്നും ആ ചെറുപ്പക്കാരൻ പറഞ്ഞതോടെ രമേശൻ ആശയക്കുഴപ്പത്തിലായി.  അയാൾ മകളോടു ചോദിച്ചു.. നിനക്ക് ഒന്നും പറയാനില്ലേ.. ?

എന്നിട്ടും ആമ്പൽ ഒന്നും മിണ്ടിയില്ല. 

എന്റെ പേര് നിമിഷ് എന്നാണ്. രണ്ടു വർഷമായി ആമ്പലിന് എന്നെ അറിയാം എന്നു പറഞ്ഞ് ആ ചെറുപ്പക്കാരൻ റോഡിലേക്കിറങ്ങി. 

ആമ്പലിന്റെ നോട്ടം വാതിൽ കടന്ന് അയാളെ അനുഗമിക്കുന്നതു കണ്ട് രമേശൻ പറഞ്ഞു.. ആളെക്കണ്ടു പിടിക്കാൻ ആർക്കും കഴിയും. നല്ല ആളെ കണ്ടുപിടിക്കുന്നതാണ് പ്രധാനം. അതു നീ മറക്കരുത്..

അതു കേട്ട് ആദ്യമായി ആമ്പൽ മിണ്ടി.. നല്ലത് ആർക്കാണ് അച്ഛാ ? അച്ഛനോ, അമ്മയ്ക്കോ, അതോ എനിക്കോ.. !

രമേശൻ കുന്നുമ്മൽ എന്ന അച്ഛൻ പിന്നെ ഒന്നും പറഞ്ഞില്ല.  നിലത്തു തെറിച്ചു വീണു കിടന്ന ആടുജീവിതം എന്ന പുസ്തകം എടുത്ത് അയാൾ പേജുകൾ മറിക്കാൻ തുടങ്ങി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ