മിന്നൽപ്പിണർപോലെ...

HIGHLIGHTS
  • ജയിൽവാസത്തോടെ ബിർസയുടെ പരിവേഷത്തിനു തിളക്കമേറി. കൂടുതൽ‌ ആളുകൾ അദ്ദേഹത്തിൽ ആകൃഷ്ടരായി
birsa-munda
SHARE

 ‘രാജ്ഞിയുടെ സാമ്രാജ്യം അവസാനിക്കട്ടെ, നമ്മുടെ സാമ്രാജ്യം വരട്ടെ’ എന്ന് തലയെടുപ്പോടെ പ്രഖ്യാപിച്ച്, ബ്രിട്ടിഷ് സാമ്രാജ്യത്തോടു പോരിനിറങ്ങിയ ആദിവാസി സമരനായകനാണ് ബിർസാ മുണ്ട. 25 വയസ്സുവരെ മാത്രം ജീവിച്ച ആ പോരാളിയുടെ പേരില്ലാതെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം പൂർണമാവില്ല.

പഠനം വിട്ട് പ്രകൃതിയിൽ

ജാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിൽ സുഗുണാ മുണ്ടയുടെയും കാർമിയുടെയും മകനായി 1875 നവംബർ 15നാണു ബിർസ ജനിച്ചത്. മുളന്തണ്ട് ഊതിയും കാലികളെ മേച്ചും നടന്ന ബിർസ, അപ്പർ പ്രൈമറി പാസായെങ്കിലും ആദിവാസികളോടുള്ള വിവേചനത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ പുറത്താക്കപ്പെട്ടു. ആദിവാസികളെ തനതു വിശ്വാസങ്ങളിൽനിന്നും ആചാരങ്ങളിൽനിന്നും അകറ്റുകയായിരുന്നു. സ്കൂളിൽനിന്നു പുറത്തായി ചാൽക്കഡിലെത്തിയ അദ്ദേഹം നെയ്ത്തുജോലിക്കാരായ ഒരു കുടുംബത്തോടൊപ്പം കഴിഞ്ഞു. മരുന്നുചെടികളുടെ ഉപയോഗം അറിയാമായിരുന്ന ബിർസ നല്ലൊരു ചികിത്സകനായി. വിളനാശം പ്രവചിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു.

വിനയായി വനനിയമം

ബ്രിട്ടിഷുകാർ ആദിവാസികളെ പിഴിഞ്ഞൂറ്റുകയായിരുന്നു. ജനിച്ചാലും മരിച്ചാലും കരമൊടുക്കണം. വനനിയമത്തിലൂടെ ആദിവാസികളുടെ സ്വാതന്ത്ര്യത്തിനുമേൽ വിലങ്ങുവച്ചു. വനവിഭവങ്ങൾ ശേഖരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടു.

ബ്രിട്ടിഷുകാർക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ ആ ചെറുപ്പക്കാരൻ ആഹ്വാനം ചെയ്തു. ബിർസ വെല്ലുവിളിയായി മാറുകയാണെന്നു മനസ്സിലാക്കിയ ബ്രിട്ടിഷുകാർ അദ്ദേഹത്തെ രണ്ടു വർഷം തുറുങ്കിലടച്ചു. 40 രൂപ പിഴയും വിധിച്ചു. ഈ ജയിൽവാസത്തോടെ ബിർസയുടെ പരിവേഷത്തിനു തിളക്കമേറി. കൂടുതൽ‌ ആളുകൾ അദ്ദേഹത്തിൽ ആകൃഷ്ടരായി.

ദൃഢനിശ്ചയത്തോടെയാണു ബിർസ ജയിലിനു പുറത്തിറങ്ങിയത്. തടിച്ചുകൂടിയ ജനക്കൂട്ടത്തിനു മുന്നിൽനിന്ന് വിരലിലെ രക്തം നെറ്റിയിൽ തൊട്ട് ബിർസ ആദിവാസി സ്വയംഭരണം പ്രഖ്യാപിച്ചു. ബ്രിട്ടിഷ് നിയമങ്ങളെ അനുസരിക്കേണ്ടെന്നും കരമൊടുക്കേണ്ടെന്നും പ്രഖ്യാപിച്ചു. മരണംവരെ പോരാടാൻ ഒരുക്കമാണെന്നു പ്രതിജ്ഞയെടുത്തു. ‘നിങ്ങൾ എനിക്കൊപ്പം വരൂ, വിദേശപ്പരിഷകളുടെ വെടിയുണ്ടകളെ ഞാൻ വെള്ളമാക്കി മാറ്റാം’ എന്ന വാക്കുകൾ ആദിമജനതയ്ക്കു വീര്യം പകർന്നു.

അണയാത്ത ജ്വാല

ആയിരങ്ങൾ ബിർസാ മുണ്ടയ്ക്കു പിന്നിൽ അണിനിരന്നു. 1899ലെ ക്രിസ്മസ് ദിവസം ബ്രിട്ടിഷ് സൈന്യത്തിനു നേരേ ബിർസയുടെ നേതൃത്വത്തിൽ ആക്രമണം തുടങ്ങി. ഇതിനു പകരം വീട്ടാനായി ജനുവരി ഒന്നിനു ബ്രിട്ടിഷുകാർ ആദിവാസി ഗ്രാമങ്ങൾ വളഞ്ഞ് കൂട്ടക്കൊല നടത്തി. തോക്കുകളെ പ്രതിരോധിക്കാൻ ആദിവാസികളുടെ കയ്യിൽ വില്ലും കവണയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വനത്തിലേക്കു പോയെങ്കിലും ബിർസയെയും കൂട്ടാളികളെയും പിടികൂടി ജയിലിൽ അടച്ചു. 1900 ജൂൺ 9നു ജയിലിൽ ബിർസ മരിച്ചു. കോളറ പിടിപെട്ടു മരിച്ചെന്നാണ് അധികാരികൾ പുറത്തുപറഞ്ഞതെങ്കിലും വിഷം കൊടുത്തതാണെന്നു ജനം വിശ്വസിച്ചു. അദ്ദേഹത്തിന്റെ മൃതദേഹത്തോടുപോലും ബ്രിട്ടിഷുകാർ അനാദരവു കാണിച്ചതായും ചാണകംകൊണ്ടു ചിതയൊരുക്കിയതായും കരുതുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Vaakkum Velichavum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS