അഭിപ്രായം മാറ്റണോ മാറ്റാതിരിക്കണോ?

HIGHLIGHTS
  • പെട്ടെന്നു മാറുന്നവരും ഒരിക്കലും മാറാത്തവരും ഒരുപോലെ അപകടകാരികളാണ്
  • മുന്നോട്ടൊഴുകേണ്ട പുഴയ്ക്കു ശിലയെ വലം വച്ച് ഒഴുകിയേ കഴിയൂ
opinion-success
SHARE

‘അഭിപ്രായം ഇരുമ്പുലക്കയല്ല’ എന്നത് ഏറെ പ്രചാരം നേടിയ ഒരു ചൊല്ലാണ്. രാഷ്ട്രീയമേഖലയിലാണ് ഈ പ്രയോഗം ആരംഭിച്ചതെങ്കിലും ഇപ്പോൾ പൊതുഭാഷയിൽ ഇതു വ്യാപകമായി.

ഒരിക്കൽ പറഞ്ഞ അഭിപ്രായം പിന്നീടു മാറ്റിപ്പറയേണ്ടി വരുമ്പോഴാണ്, അല്ലെങ്കിൽ ഒരിക്കൽ സ്വീകരിച്ച നിലപാടിന്റെ എതിർനിലപാടു സ്വീകരിക്കേണ്ടിവരുമ്പോഴാണ് ഈ ന്യായം ഉപയോഗപ്പെടുക. നിലപാടുകൾ കൂടെക്കൂടെ മാറ്റുന്ന സ്വഭാവം ചില സന്ദർഭങ്ങളിൽ പരിഹാസ്യമായേക്കാം. എന്നാൽ, ഒരിക്കൽ എടുത്ത നിലപാടിൽനിന്ന്, ന്യായമായ കാരണങ്ങൾകൊണ്ടു മാറുന്നത് അത്ര വലിയ പാതകമാണോ? ഇതിനു വിരുദ്ധമായ ആശയമാണ് ‘അഭിപ്രായസ്ഥിരത’. മികച്ച വ്യക്തിത്വത്തിന്റെ ലക്ഷണമായി അഭിപ്രായസ്ഥിരതയെ കരുതാറുമുണ്ട്.

ഈ രണ്ടു നിലപാടുകളിൽ ഏതാണ് നല്ലത്, ഏതാണു മോശം എന്നു കൃത്യമായി പറയാൻ കഴിയുമോ? സന്ദർഭങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസൃതമായി തീരുമാനമെടുക്കേണ്ടി വരുമ്പോൾ, പണ്ട് മറ്റൊരു നിലപാടു സ്വീകരിച്ചതുകൊണ്ട് അതിൽ മുറുകെപ്പിടിച്ചു നിൽക്കണമെന്നു ശഠിക്കുന്നയാൾ മികച്ച നേതാവാണോ? ദുരഭിമാനംകൊണ്ട് തന്റെ മുൻ തീരുമാനം മാറ്റാൻ വിസമ്മതിക്കുന്നയാൾ മറ്റുള്ളവർക്കു ദ്രോഹമാണു ചെയ്യുന്നതെങ്കിൽ, അത്തരം സന്ദർഭത്തിൽ ‘അഭിപ്രായം ഇരുമ്പുലക്കയല്ല’ എന്ന നിലപാടുതന്നെയാണു സ്വാഗതാർഹം.

മക്കൾ എന്തു പഠിക്കണമെന്നും ഏതൊക്കെ പരീക്ഷ എഴുതണമെന്നും എന്തു ജോലി നേടണമെന്നും മുൻ‌കൂർ തീരുമാനിക്കുന്ന മാതാപിതാക്കൾ ധാരാളമുണ്ട്. താൻ നിർദേശിച്ച പോലെയേ കാര്യങ്ങൾ ചെയ്യാവൂ എന്നു ശഠിക്കുന്ന ഓഫിസ് മേധാവിമാർ സുലഭം. കാലഹരണപ്പെട്ട ആശയങ്ങളിൽനിന്നു മാറാൻ വിസമ്മതിക്കുന്ന വ്യക്തികളെയും നമുക്കറിയാം. ഇവരെല്ലാം സ്വന്തം അഭിപ്രായങ്ങൾക്ക് അമിതപ്രാധാന്യം കൽപിച്ചു ബുദ്ധിമുട്ടുണ്ടാക്കുന്നവരാണ്. ഇത്തരക്കാർക്ക് മാറ്റങ്ങളോടു പൊരുത്തപ്പെടാൻ സാധിക്കില്ല. അവർ നയിക്കുന്ന സ്ഥാപനങ്ങൾ പുതിയ ആശയങ്ങൾക്കുനേരെ വാതിലുകൾ തുറന്നിടുന്നില്ല. ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അവർ യാന്ത്രികമായി ആവർത്തിച്ചുകൊണ്ടിരിക്കും. കാരണം, അവരുടെ അഭിപ്രായങ്ങൾ ‘ഇരുമ്പുലക്ക’കളാണ്. അവ വളയില്ല, സന്ദർഭത്തിനൊത്തു വഴങ്ങുകയുമില്ല.

ചെറിയ പ്രകോപനംകൊണ്ടോ പ്രേരണകൊണ്ടോ അഭിപ്രായങ്ങളും തീരുമാനങ്ങളും മാറ്റുന്ന വ്യക്തികളും ബാധ്യതയാണ്. അവരെ വിശ്വസിക്കാൻ കഴിയില്ല. ഓരോ സന്ദർഭത്തിന്റെയും സവിശേഷതകൾ കണക്കിലെടുത്തു മാത്രമേ അഭിപ്രായസ്ഥിരതയാണോ മാറാനുള്ള സന്നദ്ധതയാണോ നല്ലതെന്നു നിശ്ചയിക്കാൻ കഴിയൂ. പെട്ടെന്നു മാറുന്നവരും ഒരിക്കലും മാറാത്തവരും ഒരുപോലെ അപകടകാരികളാണ്.

മാറണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു സന്ദർഭമാണ്. തുറന്ന മനസ്സോടെയും യുക്തിചിന്തയോടെയും പൊതുനന്മയെക്കുറിച്ചുള്ള പരിഗണനയോടെയും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം അടിയറ വയ്ക്കാൻ ഇടവരരുത്. നമ്മുടെ നിലപാടുകൾ നമുക്കുതന്നെ ചങ്ങലയാവുമ്പോൾ, അതു ബുദ്ധിശൂന്യതയുടെ പ്രത്യക്ഷലക്ഷണമാകുന്നു.

മത്സരപ്പരീക്ഷയ്ക്കു തയാറെടുക്കുന്നവർ, തൊഴിൽ അന്വേഷിക്കുന്ന ചെറുപ്പക്കാർ, ഏതു വിഷയം പഠിക്കണമെന്നു തീരുമാനിക്കുന്ന വിദ്യാർഥികൾ എന്നിങ്ങനെയുള്ളവർ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ സ്വയം രൂപീകരിച്ച അഭിപ്രായങ്ങളുടെ തടവുകാരാകാതിരിക്കണം. നല്ലതിനും ഉയർച്ചയ്ക്കും ആവശ്യമായതെന്തോ, ആ തീരുമാനങ്ങൾ സ്വീകരിക്കാനുള്ള മാനസികമായ പ്രതിബന്ധങ്ങൾ സ്വയം മാറ്റിയെടുക്കണം. തടശ്ശില ഒരിടത്തുതന്നെ കിടക്കും. മുന്നോട്ടൊഴുകേണ്ട പുഴയ്ക്കു ശിലയെ വലം വച്ച് ഒഴുകിയേ കഴിയൂ. എന്നാൽ, അനിയന്ത്രിതമായി വെള്ളം വന്നു നാശമുണ്ടാവുമെങ്കിൽ ശിലകൾകൊണ്ടു തടയണ കെട്ടുന്നതു നല്ലതായിരിക്കും. ശിലയാകണോ പുഴയാകണോ എന്നു സ്വതന്ത്രമായും നിർഭയമായും തീരുമാനിക്കാനുള്ള വിവേകം വിജയവഴിയിൽ വിളങ്ങുന്ന വിളക്കായിരിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE STORIES FROM Vazhi Vilakku

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS