ADVERTISEMENT

‘അവൾ ബൈപോളാർ ഡിസോർഡറിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്.. തീരുമാനങ്ങൾ എടുക്കാനുള്ള ശേഷിയില്ല. കൗൺസലിങ് പോര. സൈക്യാട്രിസ്റ്റ് നിർദേശിക്കുന്ന മരുന്നുകൾ കഴിക്കേണ്ടി വരും.’തൊട്ടടുത്തെത്തിയ സർക്കാർ ജോലി മുതൽ ശാലിനിയുടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം തകർത്തൊരു റിപ്പോർട്ടിലെ വരികളാണിത്. പ്രണയവിവാഹിതയായ യുവതിയുടെ വിവാഹം റദ്ദാക്കാൻ വേണ്ടി ബന്ധുക്കളിൽ ചിലർ കോടതിയിൽ നൽകിയ കേസിനു ബലം കിട്ടാൻ കണ്ടുപിടിച്ച എളുപ്പവഴിയായിരുന്നു അവളെ മനോരോഗിയാക്കുക എന്നത്.

കഷ്ടപ്പെട്ടു പഠിച്ച് എംഎയും ബിഎഡും സെറ്റും ടെറ്റുമൊക്കെ പാസായതും പിഎസ്‌സി ലിസ്റ്റുകളിൽ ഇടംപിടിച്ചതുമൊക്കെ ഒരു വ്യാജ റിപ്പോർട്ട് കൊണ്ടു പാഴാകുന്നതു നോക്കിനിൽക്കാൻ പക്ഷേ, ശാലിനി ഒരുക്കമല്ലായിരുന്നു. പൊരുതി, കേരള ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചു. ഇല്ലാത്ത മാനസികരോഗമുണ്ടെന്നു വരുത്തിയവർക്കെതിരെ നിയമയുദ്ധത്തിന് ഒരുങ്ങുകയാണു ചേർത്തല വാരനാട് മേലേപൊക്കാട്ട് എം.എൻ.പ്രസാദിന്റെ ഭാര്യയായ ശാലിനി(34) .

ശാലിനി പറയുന്നു, സ്വന്തം കഥ

ഒന്നരവർഷം മുൻപാണു ഞങ്ങളുടെ വിവാഹം. അയൽക്കാരും ചെറുപ്പം മുതലേ പരിചയക്കാരുമാണ്. പ്രസാദിനു മരപ്പണിയാണ്. വീട്ടുകാരുടെ സമ്മതം ഇല്ലായിരുന്നു. വിവാഹം കഴിഞ്ഞ് 3 മാസത്തിനു ശേഷമാണു ഞാൻ മാനസിക രോഗിയാണെന്നും എന്നെ പ്രസാദ് തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്താണെന്നും കോടതിയിൽ പരാതിയെത്തുന്നത്. എനിക്കു രോഗമുണ്ടെന്ന് ഒരു കൗൺസലറുടെ റിപ്പോർട്ട് അവർ ഹാജരാക്കിയതിനാൽ മാനസികാരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്കു കോടതി ഉത്തരവിട്ടു.ഞങ്ങൾ പരിശോധനയ്ക്കു പോയില്ല.

പകരം ഹൈക്കോടതിയെ സമീപിച്ചു.  വസ്തുതകളുടെ പിൻബലമില്ലാതെ ഒരാളെ മാനസിക രോഗിയായി ചിത്രീകരിക്കുന്നതു ഭരണഘടന നൽകുന്ന അവകാശങ്ങളുടെ നിഷേധമാണെന്ന് എന്റെ കേസിൽ ഹൈക്കോടതി വിധി പറഞ്ഞു. അതിനിടെ പിഎസ്‌സി നടത്തിയ ഹൈസ്കൂൾ അധ്യാപക പരീക്ഷയുടെ ഷോർട്ട് ലിസ്റ്റിൽ ഞാൻ ഇടം നേടിയിരുന്നു. ഇന്റർവ്യൂവിനു ഹാജരാകാൻ സന്ദേശവും കിട്ടി. അപ്പോൾ കോടതിയിൽ കേസ് നടക്കുകയാണ്. പിഎസ്‌സിക്കു പൂരിപ്പിച്ചു നൽകേണ്ട ഫോമിൽ, മാനസിക രോഗത്തിനു ചികിത്സതേടിയിട്ടുണ്ടോ, നിയമ നടപടികൾ നേരിട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഉണ്ടാകുമെന്ന് കേട്ടിരുന്നു.

അതിൽ എന്തു മറുപടി എഴുതുമെന്ന ഉത്കണ്ഠ കൊണ്ട് ഇന്റർവ്യൂവിനു പോയില്ല.സ്ഥിരമായി കേസിനു പോകേണ്ടി വന്നതു കൊണ്ട്, പ്രസാദിനു ഒരു സ്വകാര്യ കമ്പനിയിൽ താൽക്കാലിമായി ലഭിച്ച ജോലിയും നഷ്ടപ്പെട്ടു. ഞാൻ അധ്യാപക ജോലിക്ക് അപേക്ഷിച്ച സ്കൂളൂകിലും മറ്റും എന്റെ ബന്ധുക്കൾ തന്നെ വിളിച്ചു പറഞ്ഞു, എനിക്ക് രോഗമുണ്ടെന്ന്. കുട്ടികൾ ഉണ്ടാകാൻ വേണ്ടി ഞങ്ങൾ തുടർന്നുവന്ന ഹോർമോൺ ചികിത്സ മുടങ്ങി. സ്നേഹിച്ചു വിവാഹം കഴിച്ചതിന് എനിക്കു ലഭിച്ച മുറിവുകളാണ് ഇതെല്ലാം.

പക്ഷേ, പ്രസാദും അമ്മയും പൂർണപിന്തുണയോടെ ഒപ്പം നിന്നു. വീണ്ടും നിയമനടപടിയിലേക്കു കടക്കുന്നത് എന്തിനെന്നും ശാലിനി വ്യക്തമാക്കുന്നു. ‘എന്നെ ഒരിക്കൽപോലും കാണാതെ എനിക്കു മനോരോഗമുണ്ടെന്ന് എഴുതിയ കൗൺസലർ, ഒരുപാട് പെൺകുട്ടികളെ മനോരോഗികളാക്കി റിപ്പോർട്ട്  എഴുതിയിട്ടുണ്ടത്രെ...  എന്റെ അനുഭവം മറ്റാർക്കും ഉണ്ടാകരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com