ADVERTISEMENT

ആലപ്പുഴ ∙ നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കെതിരായ നടപടി ജില്ലയിൽ ഊർജിതമാകുന്നു. മിക്കയിടങ്ങളിലും ഇന്നലെ പരിശോധന തുടങ്ങിയെങ്കിലും ആർക്കും പിഴയിട്ടിട്ടില്ല. ചിലയിടങ്ങളിൽ പരിശോധന പോലും നടന്നില്ല. നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായി കണ്ട സ്ഥാപനങ്ങളിൽ താക്കീതു മാത്രമായിരുന്നു ഇന്നലെ അധികൃതരുടെ നടപടി.

പിഴയിടുന്നതിനെപ്പറ്റി സർക്കാരിൽനിന്നു കർശന നിർദേശം ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഹെൽത്ത് ഇൻസ്പെക്ടർമാർ പൾസ് പോളിയോ പരിപാടിയുടെ തിരക്കിലായതും മറ്റു ചിലർ പരിശീലനത്തിലായതും കാരണം ചിലയിടങ്ങളിൽ ജീവനക്കാരുടെ കുറവുണ്ട്. നിരോധിച്ച പ്ലാസ്റ്റിക്കിനു ബദൽ സാമഗ്രികൾ ആവശ്യത്തിനില്ലാത്തതു പലയിടത്തും പ്രശ്നം സൃഷ്ടിക്കുന്നു.

നടപടികൾ ഇങ്ങനെ

ആലപ്പുഴ നഗരസഭയിൽ പരിശോധന തുടങ്ങി. ഇന്നു മുതൽ പിഴയിടും. മേൽക്കൂരയായി പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിക്കുന്ന വഴിയോര കച്ചവടക്കാരോട് അത് ഉടൻ നീക്കം ചെയ്യണമെന്നു നിർദേശിച്ചു. പകരം സാമഗ്രികൾ ഉപയോഗിക്കാനും വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനും നഗരസഭ ആലോചന തുടങ്ങി.

മാവേലിക്കര നഗരസഭയിൽ പരിശോധന നടത്തി. പിഴയിട്ടു തുടങ്ങിയില്ല.കായംകുളം നഗരസഭയിൽ പരിശോധന നടത്തി. നിരോധിച്ച ഉൽപന്നങ്ങളുള്ള സ്ഥാപനങ്ങൾക്കു താക്കീതു നൽകി. തിങ്കളാഴ്ച മുതൽ പിഴ ഈടാക്കുമെന്നാണു സെക്രട്ടറി പറയുന്നത്. ഹരിപ്പാട് നഗരസഭ 20 കടകളിൽ പരിശോധന നടത്തി. നിരോധിച്ച പ്ലാസ്റ്റിക് പിടിച്ചെടുത്തിട്ടില്ല. പിഴ ഇൗടാക്കിയില്ല.

ചേർത്തല നഗരസഭയിൽ പരിശോധന നടത്തി. പലയിടത്തും നേരത്തെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കിറ്റുകൾ കണ്ടെത്തി. ഉടൻ നീക്കം ചെയ്യണമെന്നു നിർദേശിച്ചു. അടുത്ത പരിശോധനയിൽ ഇവ കണ്ടെത്തിയാൽ പിഴയിടും.ചിങ്ങോലി പഞ്ചായത്തിൽ വന്ദികപ്പള്ളി ജംക്​ഷൻ, വായനശാല ജംക്‌ഷൻ എന്നിവിടങ്ങളിൽ പരിശോധന നടന്നു. ഒരു കടയിൽ പ്ലാസ്റ്റിക് ഇല കണ്ടെത്തിയെങ്കിലും പിഴയിട്ടില്ല. തുടർന്നു വിൽക്കരുതെന്നു താക്കീതു നൽകി.എടത്വ, തലവടി, മുട്ടാർ പഞ്ചായത്തുകളിൽ നിന്ന് നിരോധിച്ച ക്യാരിബാഗുകൾ പിടിച്ചെടുത്തു. ആദ്യ തവണയായതിനാൽ പിഴ ഈടാക്കിയില്ല.

 ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ പരിശോധന നടത്തി. ഇന്നു മുതൽ പിഴ ഈടാക്കും. പത്തിയൂർ ഗ്രാമപഞ്ചായത്തിൽ പരിശോധന നടത്തിയെങ്കിലും നിരോധിത ഉൽപന്നങ്ങൾ കണ്ടെത്തിയില്ല. കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ അടുത്ത ദിവസങ്ങളിൽ പരിശോധന കർശനമാക്കും, പിഴയിടും.

കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ പരിശോധന നടത്തി വ്യാപാരികൾക്കു താക്കീതു നൽകി. അടുത്ത ദിവസം മുതൽ പിഴയിടും. ചേപ്പാട് ഗ്രാമപഞ്ചായത്തിൽ പരിശോധന തുടങ്ങി. അടുത്തയാഴ്ച മുതൽ പിഴയിടും.തൈക്കാട്ടുശേരി, പാണാവള്ളി, പള്ളിപ്പുറം, തൈക്കാട്ടുശേരി, അരൂക്കുറ്റി, പെരുമ്പളം പഞ്ചായത്തുകൾ നോട്ടിസ് നൽകിത്തുടങ്ങി. മുന്നറിയിപ്പു ലംഘിച്ചാൽ കർശന നടപടി.

ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിൽ പരിശോധന തുടങ്ങി. നിരോധിച്ച ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയോ പിഴയിടുകയോ ഉണ്ടായില്ല.തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ പഞ്ചായത്തുകളിൽ പരിശോധന നടത്തി. ഇന്നു മുതൽ കർശന നടപടി. വയലാർ, കടക്കരപ്പള്ളി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക് പ‍ഞ്ചായത്തുകളിൽ പരിശോധനയും താക്കീതും തുടങ്ങി. തഴക്കര, തെക്കേക്കര, ചെട്ടികുളങ്ങര പഞ്ചായത്തുകളിൽ പരിശോധന നടന്നു.

പരിശോധന നടക്കാത്ത സ്ഥലങ്ങൾ

ചെങ്ങന്നൂർ നഗരസഭയിൽ പരിശോധന തുടങ്ങിയില്ല. 20 മുതൽ പിഴ ചുമത്തും.പഞ്ചായത്തുകൾ: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, മുതുകുളം, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com