ADVERTISEMENT

ആലപ്പുഴ ∙ പുതുവർഷത്തിലും ആഘോഷരാവുകളെ ലഹരിയിൽ മുക്കാൻ മയക്കുമരുന്ന് മാഫിയകളുടെ ശ്രമം തുടരുകയാണ്. യുവാക്കളടക്കമുള്ളവരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടുന്നു.2020 തുടങ്ങിയിട്ട് 17 ദിവസം. കഞ്ചാവ് അടക്കമുള്ള 19 ലഹരിമരുന്ന് കേസുകളാണ് ഇതു വരെ ജില്ലയിൽ പിടിച്ചത്. ഓരോ ഡിവൈഎസ്പിമാരുടെയും പരിധിയിൽ ഈ 17 ദിവസം കണ്ടെത്തിയ കേസുകൾ. 

∙ ചെങ്ങന്നൂർ   

ചെങ്ങന്നൂരിൽ ഡിവൈഎസ്പി ഓഫിസ് പരിധിയിൽ 6 കഞ്ചാവ് കേസുകളാണു ജനുവരിയിൽ ഇതുവരെ റജിസ്റ്റർ ചെയ്തത്. വലിയ കേസുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് 5 പേർ ഈമാസം ആദ്യം പിടിയിലായത്. വിദ്യാർഥികളാണ് കൂടുതലും. സ്കൂൾ പരിസരത്തു നിന്നാണു പിടികൂടിയത്. 

∙ ആലപ്പുഴ 

ആലപ്പുഴയിൽ എഎസ്പിയുടെ പരിധിയിൽ 4 കഞ്ചാവ് കേസുകളാണു റിപ്പോർട്ട് ചെയ്തത്. കഞ്ചാവ് ഉപയോഗത്തിനിടെയായിരുന്നു ഇവർ പിടിയിലായത്. വൻകിട കേസുകളൊന്നും ഈമാസം ഇതുവരെ ഇല്ല. 

∙ ചേർത്തല 

ചേർത്തല ഡിവൈഎസ്പിയുടെ കീഴിലുള്ള സ്റ്റേഷനുകളിലെ കേസ് വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്നും അടുത്ത മാസം ആദ്യമേ ഈ മാസത്തെ കണക്ക് ലഭിക്കൂ എന്നും അധികൃതർ അറിയിച്ചു.

∙ കായംകുളം 

ഡിവൈഎസ്പിയുടെ പരിധിയിൽ വരുന്ന തൃക്കുന്നപ്പുഴ, കനകക്കുന്ന് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കഞ്ചാവ് വലിച്ചതിനു ജനുവരിയിൽ ഓരോ കേസുകൾ. രണ്ടിടത്തും അറസ്റ്റിലായവരെ ജാമ്യത്തിൽ വിട്ടു. കായംകുളം ഡിവൈഎസ്പിയുടെ കീഴിലുള്ള ഹരിപ്പാട്,  വീയപുരം പൊലീസ് സ്റ്റേഷനുകളിൽ  ക‍ഞ്ചാവ് പരിശോധന നടക്കുന്നുണ്ട്. ഹരിപ്പാട്ട് കഞ്ചാവ് വലിച്ചതിന് ഒരാൾക്കെതിരെ കേസുണ്ട്. വീയപുരത്ത് ഇതുവരെ കേസ് ഒന്നും എടുത്തിട്ടില്ല. 

കായംകുളത്ത് ‘എംഡിഎംഎ’

കായംകുളം സ്റ്റേഷൻ പരിധിയിൽ 5 കഞ്ചാവ് കേസുകളാണ് ഉള്ളത്. ഇതിൽ എംഡിഎംഎ പിടിച്ച ഒരു കേസുമുണ്ട്. കഴിഞ്ഞ 13ന് ആണ് എംഡിഎംഎ ഇനത്തിൽപ്പെട്ട  മാരക ലഹരി മരുന്നുമായി ദേശത്തിനകം ഇടയോടിക്കാവ് ക്ഷേത്രത്തിനു സമീപം കൃഷ്ണപുരം പാലസ് വാർഡിൽ വെമ്പാലിൽ വയലിൽ വീട്ടിൽ  ബിനേഷിനെ (32) അറസ്റ്റ് ചെയ്തത്.750 മില്ലിഗ്രാം ലഹരിമരുന്നും ഇയാളിൽ നിന്നു കണ്ടെടുത്തു. കഞ്ചാവ് പൊതികളുമായി പിടികൂടിയ കീരിക്കാട് തെക്ക് കുളങ്ങരേത്ത് പുതുവൽ വീട്ടിൽ മുഹമ്മദ് അസ്‌ലമിനെ (22) ചോദ്യം ചെയ്തപ്പോഴാണു ബിനേഷിനെക്കുറിച്ചു വിവരം ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com